കോഴിക്കോട്: ഇടതു അധ്യാപക പ്രമുഖനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പീഡനക്കേസ്. കോഴിക്കോട് വടകരയിലെ ചൊമ്പാല പോലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകനാണ് ഡോ. ജിനീഷ് പി എസ്. കോളേജ് അധ്യാപകരുടെ ഇടത് സംഘടനയായ എകെജിസിടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു ഈ അധ്യാപകന്‍. സംസ്ഥാന ഭാരവാഹിയുമായിരുന്നു. എന്നാല്‍ പിന്നീട് ഈ സ്ഥാനത്ത് നിന്നും നീക്കി. നിലവില്‍ മഹാരാജാസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ്. വേടന്റെ ബലാത്സംഗ കേസിനൊപ്പം ഇടത് ബുദ്ധി ജീവികളെ വെട്ടിലാക്കുന്നതാണ് ഈ അധ്യാപകനെതിരായ പീഡനവും. വേടനെതിരായ പീഡനം ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് മറ്റൊരു ഇടതു പ്രമുഖന്‍ കൂടി പീഡനത്തില്‍ കുടുങ്ങുന്നത്.

കോഴിക്കോട്ടെ കോളേജില്‍ പഠിപ്പിക്കുമ്പോഴായിരുന്നു പീഡനം നടന്നത് എന്നാണ് പരാതി. ഐഎഎസ് മോഹമുള്ള വിദ്യാര്‍ത്ഥിനി ഹിസ്റ്ററി വിഷയത്തിലെ സംശയ ദൂരീകരണത്തിന് ഈ അധ്യാപകനെ സമീപിക്കാറുണ്ടായിരുന്നു. ഇത് മുതലെടുത്തായിരുന്നു പീഡനം. അന്ന് തന്നെ ഇതിന്റെ സൂചനകളുമായി സോഷ്യല്‍ മീഡിയാ കുറിപ്പ് അടക്കം യുവതി ഇട്ടിരുന്നു. പലതവണ ഇത്തരം ഫെയ്‌സ് ബുക്ക് കുറിപ്പുകള്‍ പൊതു സമൂഹത്തിലെത്തി. അതിലെല്ലാം സൂചനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇടത് അധ്യാപക സംഘടനയും തിരിച്ചറിഞ്ഞിരുന്നു. ഭാവിയിലുണ്ടാകാന്‍ ഇടയുള്ള നൂലാമാലകള്‍ കണിക്കിലെടുത്ത് സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ജിനീഷിനെ മാറ്റി. വിവാദം ഉണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് മഹാരാജാസ് കോളേജിലേക്കും പോയത്. അക്കാദമിക് തലത്തില്‍ ഇടതു മുഖമാകാന്‍ ശ്രമിച്ച അധ്യാപകന്‍ കൂടിയാണ് ജിനീഷ്. സിപിഎം നേതൃത്വത്തിലെ പല പ്രമുഖരുമായും ആത്മ ബന്ധവുമുണ്ട്.

പരാതിക്കാരി ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലൂടെ വിഷയം പൊതുസമൂഹത്തില്‍ വീണ്ടും വീണ്ടും ചര്‍ച്ചയായപ്പോള്‍ പല ഭീഷണികളും യുവതിയ്ക്ക് നേരിടേണ്ടി വന്നു. വിവാഹിത കൂടിയായ അവര്‍ ഭീഷണികളെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ കേസെടുക്കുകയും ചെയ്തു. നിലവില്‍ ഇയാള്‍ ജോലി ചെയ്യുന്ന കോളേജിലേക്കും എഫ് ഐ ആര്‍ പോലീസ് കൈമാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖരുടെ സുഹൃത്തു കൂടിയായ അധ്യാപകനെതിരെ വകുപ്പ് തല നടപടികള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ പോലീസ് കേസ് അട്ടിമറിക്കാനും പല ഭാഗങ്ങളില്‍ നിന്നും ശ്രമമുണ്ട്. പോലീസ് എഫ് ഐ ആര്‍ ഇട്ട സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്.

കേസുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇയാള്‍ മഹാരാജാസ് കോളേജിലേക്ക് മാറിയെന്നും സൂചനകളുണ്ട്. ഇതിനെ നടപടിയുടെ ഭാഗമായ സ്ഥലം മാറ്റം എന്നും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെയാണ് പരാതി പോലീസില്‍ എത്തുന്നതും അതിവേഗം കേസെടുക്കുന്നതും. ഇയാള്‍ക്കെതിരെ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങള്‍ നടക്കുന്നുണ്ട്. അധ്യാപകനോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിശ്വാസത്തെ ദുരുപയോഗം ചെയ്ത് അവരുടെ മാനസികാവസ്ഥയെ സ്വാധീനിച്ച് അര്‍ഹതയില്ലാത്ത ബന്ധങ്ങളില്‍ ഉള്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നത് ഭയാനകവും അപകടകരവുമായ പ്രവണതയാണ്. ഇത്തരം വ്യക്തികളെ തിരിച്ചറിയാനും തടയാനും സമൂഹം ഗൗരവപൂര്‍വ്വം ഇടപെടേണ്ട സമയമാണിത്. നമ്മുടെ പെണ്‍മക്കളുടെ സുരക്ഷയ്ക്ക് വേണ്ടി ക്ലാസ്സറൂമുകള്‍ വിശ്വസനീയമായ ഇടങ്ങളായിരിക്കണം. ഇത്തരം ആളുകള്‍ക്ക് അധ്യാപകനെന്ന പേര് നല്‍കുന്നതാണ് ഏറ്റവും വലിയ അപമാനം. വിദ്യാര്‍ത്ഥികളുടെ വിശ്വാസം ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.ഇത്തരക്കാരെ തിരിച്ചറിയാനും പുറത്താക്കാനും വിദ്യാഭ്യാസ മേഖലയും സാമൂഹവും ദ്രുതഗതിയില്‍ ഇടപെടണം...-ഇതാണ് സോഷ്യല്‍ മീഡിയയുടെ പൊതു വികാരം.

ഇങ്ങനെയുള്ള അധ്യാപകരെ സമൂഹത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കുന്നതോടൊപ്പം ഗവര്‍മെന്റ് തലത്തില്‍ വേണ്ടപ്പെട്ട അധികാരികളെ അറിയിച്ചുകൊണ്ട് സര്‍വീസില്‍ നിന്നും പുറത്താക്കി കൊണ്ട് നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് ഇദ്ദേഹത്തെപ്പറ്റി അറിഞ്ഞടത്തോളം ഒരു കാരണവശാലും അധ്യാപനവൃത്തി നടത്താന്‍ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് എന്നാണ് മനസ്സിലാവുന്നത് സമൂഹത്തില്‍ നല്ല വ്യക്തി ചമഞ്ഞ് തന്റെ പദവി ഉപയോഗിച്ചുകൊണ്ട് മുന്നില്‍ വരുന്ന പെണ്‍ വിദ്യാര്‍ത്ഥികളെ തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ വേണ്ടി പ്രേരിപ്പിക്കുന്ന ഈ വൃത്തികെട്ടവന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ആവശ്യം അതിക്രമിച്ചിരിക്കുകയാണ് മാത്രവുമല്ല മുകളില്‍ സൂചിപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ മുന്നില്‍ വരുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട കടമ നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട് എന്നുള്ള നിലക്ക് അധികാരികളെ കണ്ണുതുറപ്പിച്ചു എത്രയും പെട്ടെന്ന് ഇദ്ദേഹത്തിനെതിരെയുള്ള നടപടി എടുപ്പിക്കേണ്ടതുണ്ട്.-ഇതാണ് മറ്റൊരു കമന്റ്.