- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ പോർച്ചിൽ ഇപ്പോഴുള്ളത് സാൻട്രോയും ബുള്ളറ്റും ഫാസിനോയും; ഭാര്യയേയും മകളേയും കൊണ്ട് രായ്ക്കുരാമാനം അബ്ദുൽ റഷീദ് രക്ഷപ്പെട്ടത് സെൽത്തോസിൽ; പ്രതിയാക്കേണ്ടയാളെന്ന് ബോധ്യമുണ്ടായിട്ടും രക്ഷപ്പെടൽ തടയാത്ത പൊലീസും; ആ കുടുംബം ഗൾഫിലേക്ക് മുങ്ങുമോ?
കൊല്ലം: കരുനാഗപ്പള്ളിയിലെ കോഴിക്കോടുള്ള ഇടയില വീട് പൂട്ടിയ നിലയിൽ. ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ റുവൈസിന്റെ വീടും അത്യാഡംബരത്തിന്റേതാണ്. പൂട്ടിക്കിടക്കുന്ന വീട്ടിന്റെ കാർപോർച്ചിൽ ഇപ്പോഴുള്ളത് സാന്ട്രോ കാർ മാത്രം. ഈ കാറിനൊപ്പം ഒരു ബുള്ളറ്റും ഫാസിനോ എന്ന ഇരുചക്ര വാഹനവും ഉണ്ട്. കിയാ സെൽത്തോസ് വണ്ടിയും ഈ വീട്ടിലുണ്ട്. ഈ സെൽത്തോസിലാണ് കുടുംബത്തേയും കൊണ്ട് ഡോ റുവൈസിന്റെ ബാപ്പ അബ്ദുൽ റഷീദ് മുങ്ങിയത്. സിസിടിവി ദൃശ്യ പരിശോധനയിലൂടെ ഈ കാറിന്റെ യാത്രാ വഴി കണ്ടെത്താവുന്നതേയുള്ളൂ. കോഴിക്കോട്ടെ ഇടയില വീട്ടിൽ ഇപ്പോൾ ആരുമില്ല. പൂട്ടിക്കിടക്കുന്ന ആ വീടിനെ കുറിച്ച് നാട്ടുകാർക്കും പലവിധ അഭിപ്രായങ്ങളുണ്ട്.
ഡോ റുവൈസിനെ കുറിച്ച് നാട്ടുകാർക്കെല്ലാം നല്ല അഭിപ്രായമാണ്. എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു. എന്നാൽ അച്ഛന്റെ പണക്കൊതി എല്ലാവർക്കും അറിയാം. ഇടയില വീട്ടിൽ നിന്നാണ് ഡോ റുവൈസിനെ പൊലീസ് പിടികൂടിയത്. അന്ന് തന്നെ ഷഹ്നയുടെ ആത്മഹത്യാ കുറിപ്പും പൊലീസിന് കിട്ടിയിരുന്നു. ഷഹ്നയുടെ വീട്ടുകാർ മൊഴിയും നൽകി. അതുകൊണ്ട് തന്നെ ബാപ്പയും കേസിൽ പ്രതിയാകുമെന്ന് പൊലീസിന് അറിയാമായിരുന്നു. റുവൈസിനൊപ്പം ബാപ്പയേയും അറസ്റ്റു ചെയ്യേണ്ടതായിരുന്നു. എന്നാൽ തൽകാലത്തേക്ക് വിവാദം ഒതുക്കാൻ റുവൈസിനെ മാത്രം അറസ്റ്റു ചെയ്തു പൊലീസ്. ഇടതുപക്ഷ സ്വാധീനമുള്ള പിജി മെഡിക്കൽ അസോസിയേഷൻ നേതാവായ മകനെ രക്ഷിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബാപ്പ പുറത്തു നിന്നു.
എന്നാൽ സ്ഥിതി അതിവേഗം മാറി. ഇതോടെ അറസ്റ്റിലാകുമെന്ന് മനസ്സിലായ അബ്ദുൽ റഷീദും മുങ്ങി. ഭാര്യ ആരിഫയേയും മകൾ ആലിയയേയും കുട്ടിയാണ് കാറിൽ മുങ്ങിയത്. തൃശൂരിലെ ഏതോ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ആലിയ എന്ന് മാത്രമേ നാട്ടുകാർക്ക് അറിയാമായിരുന്നുള്ളൂ. റുവൈസ് അറസ്റ്റിലായപ്പോൾ ത്ന്നെ വീട്ടിന് കാവൽ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ ഈ മുങ്ങൽ ഒഴിവാക്കാമായിരുന്നു. മുൻ പ്രവാസിയായിരുന്ന റഷീദ് കുടുംബ സമേതം വിദേശത്ത് കടക്കാനും സാധ്യതയുണ്ട്. നിലവിൽ ഇവർ കേരളത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിവേഗം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയില്ലെങ്കിൽ കുടുംബം നാടു വിടാനും സാധ്യത ഏറെ.
ഡോക്ടർ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തായ ഡോക്ടർ റുവൈസിന്റെ പേര് പരാമർശിച്ചിരുന്നതായി പൊലീസ് ഇപ്പോൾ സമ്മതിക്കുന്നു. റുവൈസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് പറയുന്നത്. ഒ.പി ടിക്കറ്റിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും ഷഹ്നയുടെ മാതാവിന്റെ മൊഴിയും പരിഗണിച്ചാണ് റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറ് കണക്കിനു ഭൂമിയും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലായെന്നുള്ളത് സത്യമാണ്...' ആത്മഹത്യാക്കുറിപ്പിലെ ഈ പരാമർശമാണ് റുവൈസിനെ കുരുക്കിയത്.
ഇതേക്കാര്യം റുവൈസിന്റെ ഫോണിലേക്ക് ഷഹ്ന അയച്ചിരുന്നു. ഈ സന്ദേശങ്ങൾ പക്ഷേ റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ താൻ പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് റുവൈസ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തത്. ഇത് വീണ്ടെടുക്കാനായി റുവൈസിന്റെ ഫോൺ പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്ന കാര്യങ്ങൾക്ക് സമാനമായ മൊഴിയാണ് മാതാവും സഹോദരിയും പൊലീസിൽ നൽകിയത്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി റുവൈസിനെ പൊലീസ് പ്രതിചേർക്കുകയായിരുന്നു. പിന്നീട് ബാപ്പയേയും പ്രതിയാക്കിയെന്നാണ് റിപ്പോർട്ട്.
ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനായി ഇരുവീട്ടുകാരും തമ്മിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ ഷഹ്നയുടെ വീട്ടുകാർ നൽകാമെന്ന് പറഞ്ഞതിൽ കൂടുതൽ സ്വത്ത് റുവൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെ വിവാഹം പ്രതിസന്ധിയിലായി. റുവൈസ് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷ ഷഹ്നയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ സ്ത്രീധനക്കാര്യത്തിൽ വീട്ടുകാരെ ധിക്കരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് റുവൈസ് കൈമലർത്തിയതോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായി. ഇതോടെ ഷഹ്ന കടുത്ത മനോവിഷമത്തിലായി ആത്മഹത്യ ചെയ്യുകയായിരുന്നു.
സ്ത്രീധനം നൽകാൻ കഴിയാത്തതിനെത്തുടർന്ന് വിവാഹം മുടങ്ങിയതിനാൽ ആത്മഹത്യചെയ്ത യുവ ഡോക്ടർ ഷഹ്നയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചിരുന്നു. ഷഹ്നയുടെ ഉമ്മയെയും സഹോദരനെയും അദ്ദേഹം ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞതുപോലെ, സ്ത്രീധനം ചോദിക്കുന്നവരെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്കുണ്ടാവണമെന്ന് ഗവർണർ പറഞ്ഞു. ഈ സംഭവം നടന്നത് കേരളത്തിലാെണന്നത് വളരെയേറെ ദുഃഖിപ്പിക്കുന്നു. സ്ത്രീധനത്തിനെതിരേ പെൺകുട്ടികൾക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ട്. പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുകയെന്നത് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ് -ഗവർണർ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.