കൊച്ചി: ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ നടന്ന കസ്റ്റംസ് പരിശോധന വിശദീകരിക്കുന്നതിനിടെ ഫോണ്‍ വന്നതിന് പിന്നാലെ വാര്‍ത്തസമ്മേളനം അവസാനിപ്പിച്ച കസ്റ്റംസ് കമ്മീഷണര്‍ ഡോ ടി. ടിജു. അസാധരണ ധൈര്യവുമായാണ് ഈ ഉദ്യോഗസ്ഥന്‍ അതി രഹസ്യ റെയ്ഡുകള്‍ നടത്തിയത്. ഇതില്‍ മലയാള സിനിമാ ലോകം അടക്കം അമ്പരന്നു. ചില വ്യവസായികളും മൂക്കത്ത് കൈവച്ചു. ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടന്നിരുന്നു. വമ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിഞ്ഞിട്ടും എല്ലാം പൊതു ജനങ്ങളെ അറിയിച്ചു. അഴിമതിയ്‌ക്കെതിരെ എന്നും യുദ്ധ പ്രഖ്യാപിച്ച ഐ ആര്‍ എസുകാരനാണ് ഈ മലയാളി. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറാണ് നിലവില്‍ ടിജോ തോമസ് എന്ന ടി ടിജു.

ഫോണ്‍ വന്നതിന് പിന്നാലെ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നതിന് പിന്നില്‍ വന്‍ തട്ടിപ്പുസംഘമാണെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്ത്യന്‍ ആര്‍മിയുടെയും അമേരിക്കന്‍ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജ രേഖചമച്ചുമാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നതെന്നും പരിവാഹന്‍ വെബ് സൈറ്റിലും ഇവര്‍ തിരിമറി നടത്തുന്നുണ്ടെന്നും ടി. ടിജു പറഞ്ഞു. ഇതെല്ലാം കേട്ട് മലയാളി ഞെട്ടി. പ്രമുഖ നടന്മാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതു സമൂഹത്തില്‍ ടിജു അവതരിപ്പിക്കുമോ എന്ന് ചിലര്‍ ഭയക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ മെഡല്‍ അടക്കം നേടിയ ടിജുവിന് ദുബായിലെ കോണ്‍സുല്‍ ആയി പ്രവര്‍ത്തിച്ച പരിചയം അടക്കമുണ്ട്. ഡോക്ടറായ ശേഷം പൊതു സമൂഹത്തെ സേവിക്കാന്‍ ഐ ആര്‍ എസ് എടുത്ത ആലുവക്കാരന്‍.

ഐആര്‍എസ് 1999 ബാച്ച് ഉദ്യോഗസ്ഥനാണ് ടിജു. 2017 മുതല്‍ കേരളത്തിന്റെ കസ്റ്റംസ്, ജിഎസ്ടി അഡിഷനല്‍ കമ്മിഷണര്‍ ആയിരുന്നു . കേരളം, ആന്ധ്ര , മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഡിആര്‍ഐ, കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് വകുപ്പുകളില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷനില്‍ ദുബായ് കോണ്‍സല്‍ ആയും പ്രവര്‍ത്തിച്ചു. 2019ല്‍ രാഷ്ട്രപതിയുടെ അതി വിശിഷ്ടസേവാ മെഡല്‍ നേടി. കേരള ലക്ഷദ്വീപ് മേഖലയുടെ ജിഎസ്ടി ഓഡിറ്റ് കമ്മിഷണറായും ഡോ ടി.ടിജു പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്ന ടിജു എംബിബിഎസ് നേടിയ ശേഷമാണ് സിവില്‍ സര്‍വ്വീസില്‍ ചേരുന്നത്. ദുബായ് കോണ്‍സുല്‍ ആയിരിക്കെ ഗള്‍ഫ് മേഖലയില്‍ രക്തദാനത്തിന്റെ പ്രാധാന്യം ചര്‍ച്ചയാക്കിയ വ്യക്തി കൂടിയാണ് ടിജു. ഓണ്‍ലൈനിലൂടെ രക്ത ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക തയ്യാറാക്കേണ്ടതിന്റെ ആവശ്യകത അടക്കം യുഎഇയെ ബോധ്യപ്പെടുത്തുകയും ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗവുമാണ്. എം.ജി.ഒ.സി.എസ്.എം. ഗ്ലോബല്‍ സ്റ്റുഡന്റ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. മുന്‍ ആലുവ യു.സി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.ജെ. തോമസിന്റെയും വിരമിച്ച ഹെഡ്മിസ്ട്രസ് ലീലമ്മ മാത്യുവിന്റെയും മകനാണ്. നിരണം രൂപതയിലെ പാലക്കാട് തകിടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സഭയിലെ അംഗമാണ്. ഭാര്യ ഡോ. സോണു മേരി വര്‍ഗീസ് ഒരു ഡെന്റല്‍ സര്‍ജന്‍ ആണ്. മൂന്ന് മക്കളുണ്ട് സോണാ, സോജിത്, സാന്‍ഷിയ.

ഓപ്പറേഷന്‍ നുംഖോറില്‍ വലിയ ഇടപെടലാണ് ടിജു നടത്തിയത്. 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജിഎസ്ടി തട്ടിപ്പും കണ്ടെത്തി. നടന്‍മാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടര്‍ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം. പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്നതെന്നും ടിജു പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നീ നടന്‍മാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പൃഥിരാജിന്റെ വാഹനങ്ങള്‍ ഒന്നും നിലവില്‍ പിടികൂടിയിട്ടില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു. 2014-ല്‍ നിര്‍മിച്ച വാഹനം 2005-ല്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ഒന്നാമത്തെ യൂസറായി കാണിച്ചിട്ടുണ്ട്. ഇന്‍ഡോ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കാറുകളില്‍ സ്വര്‍ണവും മയക്കുമരുന്നുകളും കൊണ്ട് വരുന്നുണ്ടെന്ന് വിവരങ്ങളും ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം വാങ്ങിയതും വിറ്റിട്ടുള്ളതും പൂര്‍ണ്ണമായും നിയമവിരുദ്ധമായ ഇടപാടുകളിലൂടെയാണ്. പരിശോധന നടത്തിയ ഇടങ്ങളില്‍ പലയിടത്തും ജിഎസ്ടി തട്ടിപ്പും കണ്ടെത്തി. കേരളത്തിലേക്ക് ഒരു വാഹനം കൊണ്ടുവന്നാല്‍ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ ഭൂട്ടാന്‍ വഴി കടത്തിയ 150 മുതല്‍ 200 വാഹനങ്ങളുണ്ട്. അറിഞ്ഞും അറിയാതെയും വാഹനങ്ങള്‍ വാങ്ങിയവരുണ്ട്. താരങ്ങള്‍ക്ക് ഇതില്‍ എത്ര പങ്കുണ്ട് എന്നതില്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂവെന്നും ടിജു വിശദീകരിച്ചിരുന്നു.

നടന്‍മാരടക്കമുള്ളവര്‍ക്കെല്ലാം സമന്‍സ് കൊടുക്കും. മൊഴിയെടുക്കുകയും ചെയ്യും. ഉടമകള്‍ നേരിട്ട് ഹാജരായി രേഖകള്‍ കാണിക്കേണ്ടി വരും. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് പിഴയടച്ച് രക്ഷപ്പെടാനാകില്ലെന്നും കമ്മിഷണര്‍ അറിയിച്ചു.