- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ച് പൊടിയെനെ കൊന്നു; പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ കൊല നടന്നത് 2018 ജനുവരി ഒന്നിന്; കരുനാഗപ്പള്ളിയിലെ 'റിപ്പർ മോഡൽ' പ്രതിയെ കുടുക്കി; ജയിലിലുള്ള തുളസീധരനിലേക്ക് അറസ്റ്റ് എത്തിച്ചത് ഡി വൈ എസ്് പി വിദ്യാധരന്റെ കരുതൽ; ഇത് നാലു കൊല്ലത്തിന് ശേഷം കേസെടുത്ത ഉദ്യോഗസ്ഥൻ തന്നെ പ്രതിയെ കണ്ടെത്തുന്ന അപൂർവ്വത
പത്തനംതിട്ട: 2018 ലെ പുതുവൽസര ദിനത്തിൽ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പർ മോഡൽ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. സമാനരീതിയിൽ നടത്തിയ കൊലക്കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും. എന്നാൽ ഇതൊന്നുമല്ല ഈ കേസിനെ വ്യത്യസ്തമാക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ലോക്കൽ ഡി വൈ എസ് പിയായിരുന്ന കെഎ വിദ്യാധരൻ നടത്തിയ ഫോളോ അപ്പാണ് പ്രതിയിലേക്ക് ചെന്നെത്തിയിരിക്കുന്നത്. നിലവിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പിയായ വിദ്യാധരൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസിന്റെ ചുവട് പിടിച്ച് ചെന്നപ്പോഴാണ് നാലു വർഷം മുൻപ് താൻ അന്വേഷിച്ച് പത്തനംതിട്ട കേസിലെ പ്രതിയെ കണ്ടെത്തുന്നത്.
ഒക്ടോബർ ഒന്നിന് കരുനാഗപ്പള്ളിയിൽ ആക്രി പെറുക്കുകാരനെ തലയ്ക്ക് അടിച്ചു കൊന്ന കേസിലെ പ്രതി കുളത്തൂപ്പുഴ കല്ലുവെട്ടാം കോളനിയിൽ താമസിക്കുന്ന വിജയനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പത്രവാർത്ത ശ്രദ്ധയിൽപ്പെട്ട ഡിവൈ.എസ്‌പി വിദ്യാധരന് സംശയം തോന്നി അദ്ദേഹം നേരെ സിപിഓ സുജിത്തിനെയും കൂട്ടി കരുനാഗപ്പള്ളിക്ക് വിട്ടു. മുൻപ് കരുനാഗപ്പള്ളി എസ്എച്ച്ഓ ആയി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് വിദ്യാധരൻ.
അവിടെ ചെന്ന് വിശദമായ അന്വേഷണം നടത്തിയപ്പോൾ പത്തനംതിട്ടയിലും പ്രതി ഉപയോഗിച്ച അതേ രീതി തന്നെയാണ് കരുനാഗപ്പള്ളിയിലെ കൊലപാതകത്തിനുമുള്ളത്. പത്തനംതിട്ടയിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ നിലവിലെ ചിത്രങ്ങളുമായി ഒത്തു നോക്കി രണ്ടും കിറുകൃത്യം. വിവരം ഉറപ്പിച്ച ശേഷം വിദ്യാധരൻ പത്തനംതിട്ട എസ്‌പിക്ക് റിപ്പോർട്ട് നൽകി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം നടത്താൻ പത്തനംതിട്ട ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി.
പത്തനംതിട്ട കൊലക്കേസിൽ പ്രതിയെ പൊലീസ് അന്നു തന്നെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അലഞ്ഞു നടക്കുന്ന സ്വഭാവക്കാരനായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. വിജയൻ എന്നുള്ളത് പ്രതിയുടെ കള്ളപ്പേരാണെന്ന് ഡിവൈഎസ്‌പി നേരത്തേ കണ്ടെത്തിയിരുന്നു. കുന്നിക്കോട്ടുകാരൻ തുളസീധരനാണ് ഇയാൾ. പത്തനംതിട്ട എസ്‌പിയായിരുന്ന സതീഷ് ബിനോയും ഡിവൈഎസ്‌പി വിദ്യാധരനും എസ്‌പിയുടെ ഷാഡോ പൊലീസും അന്ന് പ്രതിയുടെ വിവരങ്ങൾ എല്ലാം ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട സ്ഥിരം സാമൂഹിക വിരുദ്ധരെ ചോദ്യം ചെയ്തിരുന്നു. അതിനിടയിൽ പരിചിതമില്ലാത്ത ഒരു മുഖം ശ്രദ്ധയിൽപ്പെട്ടു.
കൊല നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങളിൽ നഗരത്തിൽ ഇയാളെ പലയിടത്തും കണ്ടു. വലിയൊരു കരിങ്കല്ലും കൈയിലേന്തി നിൽക്കുന്ന ഇയാളുടെ ദൃശ്യം കൊലപാതകി എന്നുറപ്പിക്കാൻ പര്യാപ്തമായിരുന്നു. ഒടുവിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് ഇയാളെ കുറിച്ച് ചെറിയ സൂചന കിട്ടിയത്. സമീപ നാളുകളായി ഇവിടെ ചുറ്റിക്കറങ്ങുന്ന ഇയാളുടെ വീട് കുളത്തൂപ്പുഴ ആണെന്ന് സെക്യൂരിറ്റി പറഞ്ഞു കൊടുത്തു. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനി വരെ പൊലീസ് സംഘമെത്തി. പക്ഷേ, പ്രതി വഴുതിപ്പോയി.
2018 ജനുവരി ഒന്നിന് പത്തനംതിട്ടയിൽ നടന്നത്
പുതുക്കുളം മുക്കുഴി അഞ്ചു സെന്റ് കോളനിയിൽ ആയിക്കുന്നത്തു വടക്കേതിൽ പൊടിയനാണ് കൊല്ലപ്പെട്ടത്. മിനി സിവിൽ സ്റ്റേഷനു പിന്നിൽ എവി എസ് എന്റർ്രൈപസസ് സ്ഥാപനത്തിന്റെ വരാന്തയിലാണ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ മൃതദേഹം കണ്ടത്. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റായിരുന്നു മരണം. മൃതദേഹത്തിനരികിൽ നിന്ന് വലിയ പാറക്കല്ലും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി.
രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പുതുവർഷരാത്രിയിൽ കടത്തിണ്ണയിൽ ഇരുന്നു മദ്യപിച്ച ശേഷം ഒപ്പമുണ്ടായിരുന്നവരുമായി വാക്കുതർക്കം നടന്നിരുന്നതായി പറയുന്നു. തുടർന്നാകണം കൊലപാതകമെന്നു കരുതുന്നു. പൊടിയൻ പത്തുവർഷം മുൻപ് മകൻ ഷാജിയുടെ വിവാഹത്തിനു ശേഷം വീട് വിറ്റ് ചെങ്ങന്നൂരിൽ പോവുകയും പിന്നീട് കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സ കഴിഞ്ഞ് അമ്പലങ്ങളുടെ സമീപത്തു കഴിയുകയായിരുന്നു. പൊടിയനെ വീട്ടുകാർ തഴഞ്ഞതായിരുന്നു അതു കൊണ്ടു തന്നെ മൃതദേഹം ഏറ്റുവാങ്ങാനും ആരുമെത്തിയില്ല. പൊടിയന്റെ കൊലപാതകം പൊലീസിനൊരു തീരാക്കളങ്കമായി. ഇപ്പോൾ ലഭിച്ച തുമ്പ് പൊലീസിന്റെ മികവിന് തെളിവായി.
2022 ഒക്ടോബർ ഒന്നിന് കരുനാഗപ്പള്ളിയിൽ സംഭവിച്ചത്
ആക്രി പെറുക്കി ജീവിക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ അമ്പതിനും അമ്പത്തഞ്ചിനും മധ്യേ പ്രായമുള്ള ഒരാൾക്ക് പരുക്കേൽക്കുന്നു. ചികിൽസയിലിരിക്കേ മരിക്കുന്നു. കേസിൽ പ്രതിയായ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി കോളനിയിൽ താമസിക്കുന്ന വിജയനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുന്നു. കരുനാഗപ്പള്ളി പുതിയകാവ് ജങ്ഷിനിലെ കടത്തിണ്ണയിൽ അബോധാവസ്ഥയിലാണ് പരുക്കേറ്റയാളെ കണ്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വിജയന്റെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടു പോയി എന്നാരോപിച്ച് രണ്ടു പേരും തമ്മിൽ അടിയുണ്ടായിരുന്നുവെന്ന് മനസിലായി. അങ്ങനെയാണ് വിജയൻ പിടിയിലാകുന്നത്. തർക്കത്തിനൊടുവിൽ കല്ലു കൊണ്ട് വിജയൻ അപരനെ തലയ്ക്ക് അടിക്കുകയായിരുന്നു.