- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ സിനിമാക്കാരുടെ ഉറ്റമിത്രം; ദുബായിലെയും കേരളത്തിലെയും വാര്‍ത്താതാരം; ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍; വ്യാജരേഖകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ വിസ എടുത്ത കേസില്‍ മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന് ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
മലയാളിയായ സെലബ്രിറ്റി ബിസിനസ്സുകാരന് ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസ് കസ്റ്റഡിയിലെന്ന് സൂചന
ദുബായ്: മലയാളം സിനിമാക്കാരുടെയും സെലബ്രിറ്റികളുടെയും പ്രിയങ്കരനായ ബിസിനസുകാരന്‍ ഇക്ബാല്‍ മാര്‍ക്കോണി യുഎഇ പോലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന. എമിഗ്രേഷന്‍ ഇടപാടുകളിലെ ക്രമക്കേടും വ്യാജരേഖ ഉണ്ടാക്കി ഗോള്‍ഡന്‍ വിസയെടുത്തു തുടങ്ങിയ പരാതികള്‍ എത്തിയതോടെയാണ് ഇക്ബാല്‍ മാര്‍ക്കോണിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഇസിഎച്ച് എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയായ ഇക്ബാല്‍ സെലബ്രിറ്റികളുടെ സ്വന്തം ബിസിനസുകാരന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയാണ്.
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് ഇകബാല്‍ മാര്‍ക്കോണി. യുഎഇയിലെ വിസിറ്റിംഗ് വിസകള്‍ക്ക് നേരത്തെ ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഓരോ തവണയും പോകുമ്പോള്‍ പേപ്പര്‍വര്‍ക്കുകള്‍ ചെയ്യേണ്ട സാഹചര്യമായിരുന്നു. ഇതിന് പരിഹാരം എന്ന നിലയില്‍ പ്രമുഖ വ്യക്തികള്‍ക്കായി ദ്വീര്‍ഘകാലം വിസിറ്റിംഗ് വിസ കൊടുക്കാന്‍ ഗോള്‍ഡന്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയത്. സിനിമാ, ബിസിനസ് രംഗത്തുള്ള പ്രമുഖര്‍ക്ക് ആശ്വാസമായിരുന്നു. ഇതോടെ പത്ത് വര്‍ഷത്തെ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും യുഎഇയില്‍ വന്നുപോകാന്‍ അവസരം ലഭിക്കും. ഇന്ത്യന്‍ സിനിമാക്കാര്‍ ഈ സംവിധാനം ശരിക്കും ഉപയോഗിച്ചിരുന്നു.
ഇങ്ങനെ സെലബ്രിറ്റികള്‍ക്ക് ഗോള്‍ഡന്‍ വിസ എടുത്തു കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് ഇസിഎച്ച് ഡിജിറ്റലിന്റെ ഉടമസ്ഥനായ ഇക്ബാല്‍ മാര്‍ക്കോണിയായിരുന്നു. നിരവധി സെലിബ്രിറ്റികള്‍ ഇസിഎച്ചും ഇക്ബാലും വഴി ഗോള്‍ഡന്‍ വിസ നേടിയെടുത്തിരുന്നു. ഇത് ദുബായിലെ പ്രമുഖ മാധ്യമങ്ങളില്‍ അടക്കം പലതവണ വാര്‍ത്തകളില്‍ നിറഞ്ഞു. ഗോള്‍ഡന്‍ മാന്‍ ഓഫ് യുഎഇ എന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ പലതും. മലയാളത്തില്‍ നിന്നും നിരവധി സിനിമാക്കാര്‍ ഇഖ്ബാല്‍ മാര്‍ക്കോണി വഴി ഗോള്‍ഡന്‍ വിസ തരപ്പെടുത്തിയിരുന്നു.
ഏതാനും ദിവസം മുമ്പ് ഇക്ബാലിന്റെ ഇ.സി.എച്ച് ഓഫീസില്‍ എമിഗ്രേഷന്‍ റെയ്ഡ് നടന്നിരുന്നു. ഇതോടെ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു. ദുബായ് പോലീസും എമിഗ്രേഷന്‍ വിഭാഗവും ട്രേഡ് വിഭാഗവുമാണ് കേസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത ഇക്ബാല്‍ മാര്‍ക്കോണി ഇന്നും കസ്റ്റഡിയില്‍ ആണെന്നാണ് ലഭിക്കുന്ന വിവരം. വ്യാജ രേഖകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ വിസാ പദ്ധതിയെ ദുരുപയോഗപ്പെടുത്തി എന്നതാണ് ഇതില്‍ ഇക്ബാലിനെതിരെ ഉയര്‍ന്ന ആരോപണം.
അനേകം പേര്‍ക്ക് വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ഗോള്‍ഡന്‍ വിസ കൊടുത്തുവെന്നും വിസ എളുപ്പത്തില്‍ തരപ്പെടുത്താന്‍ വേണ്ടി യുഎഇയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്നും ആരോപണം ഉയര്‍ന്നിരുന്നു. വിസ വാങ്ങിയവരും ഇസിഎച്ചിലെ ചില ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണത്തിന് വേണ്ടി മലയാളി വ്യവസായിയെ കസ്റ്റഡിയില്‍ എടുത്തു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഔദ്യോഗികമായി ഇക്കാര്യം യുഎഇ പോലീസോ എമിഗ്രേഷന്‍ വകുപ്പോ ഇതുവരെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടത്താന്‍ അതിന്റെ എല്ലാ നിയമമവഴികളും പൂര്‍ത്തിയാക്കിയ ശേഷമാകും ഈ വിവരം പുറത്തുവിടുക. ഇതാണ് യുഎഇയിലെ ശൈലി. അതുകൊണ്ട് ഇക്ബാലിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരേണ്ടതുണ്ട്. അദ്ദേഹത്തെ കസ്റ്റയില്‍ എടുത്ത വിവരം അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് അറിവുള്ളത്. ഇ.സി.എച്ചിന്റെ അറബി സ്‌പോണ്‍സറുടെ പരാതിയും ഇക്ബാലിനെ വെട്ടിലാക്കിയെന്ന സൂചനകളുണ്ട്.
ജീവനക്കാരുടെ ഗ്യാരണ്ടി ചെക്ക് ദുരുപയോഗിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ഇക്ബാല്‍ മാര്‍ക്കോണിയുമായി ബന്ധപ്പെട്ട് മറ്റ് പല ആരോപണങ്ങളും ഇതോടെ ഉണ്ടായിട്ടുണ്ട്. മറ്റൊരു വ്യവസായിയുമായി ഉണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് മുമ്പ് അദ്ദേഹം വിവാദത്തില്‍ പെട്ടത്. ഇന്ത്യന്‍ മര്‍ചന്റ് നേവിയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത ശേഷമാണ് ഇക്ബാല്‍ യുഎഇയില്‍ എത്തുന്നത്. 12 വര്‍ഷം മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുമായാണ് ബിസിനസില്‍ ഇറങ്ങിയത്.
തൊണ്ണൂറു കളില്‍ സാമൂഹിക ജീവിതത്തെയാകെ മാറ്റിമറിച്ചുകൊണ്ട് ഉദയം കൊണ്ട കംപ്യൂട്ടര്‍ വിപ്ലവത്തില്‍ ആകൃഷ്ടനായി 'മാര്‍ക്കോണി' എന്നപേരില്‍ കോഴിക്കോട് ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുറന്നു. തുടര്‍ന്നാണ് ഐടി സംബന്ധമായ ബിസിനസിലേക്ക് ചുവടുവെച്ചത്. 2016 ല്‍ എമിറേറ്റ്സ് കമ്പനി ഹൗസ് (സിഎച്ച്) എന്ന സ്ഥാപനം ദുബായ് ഖിസൈസ് 'അല്‍ തവാര്‍ സെന്ററി' തുടങ്ങി. ഉദ്ദേശിച്ചതിനേക്കാള്‍ വേഗത്തില്‍ കമ്പനി വളര്‍ന്നുകയറി. ഒന്നിനു പിറകെ ഒന്നായി ബ്രാഞ്ചുകള്‍ പിറന്നു. ഒരു ദിവസം 300 ട്രേഡ് ലൈസന്‍സ് വരെ ഇഷ്യു ചെയ്തു. ഇതിനിടെ സ്‌പോണ്‍സറുമായുള്ള പ്രശ്‌നത്തില്‍ ഈ സ്ഥാപനം തകര്‍ന്നു. അവിടെ നിന്നും രണ്ടാമത് കെട്ടിപ്പടുത്ത സ്ഥാപനമാണ് ഇ.സി.എച്ച് ഡിജിറ്റല്‍.
ഈ സ്ഥാപനത്തിലൂടെ 34,000ത്തോളം ഗോള്‍ഡന്‍ വീസയുടെ നടപടിക്രമങ്ങളില്‍ പങ്കാളിയായി എന്നാണ് ഇക്ബാല്‍ മാര്‍ക്കോണി അവകാശപ്പെടുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലെ പല താരങ്ങള്‍ക്കും പ്രമുഖ സംവിധായകര്‍ക്കും ഗായകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും യുഎഇ ഗോള്‍ഡന്‍ വീസ ഏര്‍പ്പാടാക്കി നല്‍കിയിരുന്നു ഇക്ബാല്‍ മാര്‍ക്കോണി.
ഹുസൈന്‍ കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനായി വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ഇഖ്ബാലിന്റെ ജനനം. അവിടെ നിന്നുമാണ് മര്‍ച്ചന്റ് നേവിയില്‍ എത്തിയതും ബിസിനസ് ലോകത്ത് തന്റെ ഇടം കണ്ടെത്തിയതും. ഒരു ബിസിനസിന്റെ തകര്‍ച്ചയില്‍ നിന്നു കരകയറിയ ശീലമുള്ള അദ്ദേഹത്തിന് ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്. നേരത്തെ കേരളത്തിലും ദുബായിലും ആശുപത്രി ശൃംഖലയുള്ള ഒരു മലയാളി ബിസിനസുകാരന്‍ യുഎഇയില്‍ നിന്നും നാടുകടത്തപ്പെട്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ ഇക്ബാലിനെയും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്കും ആശങ്ക ഉണ്ടാക്കുന്നതാണ്.