കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അർബൻ നിധി, സമാന്തരസ്ഥാപനമായ എനി ടൈംമണി എന്നിവിടങ്ങളിൽ വൻതോതിൽ ഹവാലപണമിടപാട് നടന്നുവെന്ന സൂചനയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക് അർബൻ നിധിയിൽ നിന്നും പണം ഒഴുകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയും അന്വേഷണവുമായി രംഗത്തുവന്നത്. വൈകാതെ കണ്ണൂർ അർബൻനിധി നിക്ഷേപ തട്ടിപ്പു പൂർണമായും കേന്ദ്രഅന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുമെന്നാണ് വിവരം.

ഇതുവരെ അന്വേഷണം നടത്തിവരുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കൈയിൽ ഒതുങ്ങുന്നതല്ല കേസെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഹവാല പണമിടപാടു വിവരങ്ങളെ കുറിച്ചു ഇ.ഡി കണ്ണൂർ ജില്ലാ പൊലിസ് മേധാവിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വച്ചാണ് അന്വേഷണം ശക്തമാക്കിയത്. അർബൻനിധി ഡയറക്ടർമാരായ ഷൗക്കത്തലി, ഗഫൂർ, ആന്റണി എന്നിവർക്ക് വിദേശരാജ്യങ്ങളിൽ നിക്ഷേപമുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം ശക്തമാക്കിയത്.

ഇവർ ഹവാലപ്പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നുവോ എന്ന കാര്യവും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഗൾഫ് കേന്ദ്രീകരിച്ചു ഡയറക്ടർമാരിൽ ചിലർക്കുണ്ടായ ബിസിനസ് ബന്ധങ്ങളാണ് ഹവാല ഇടപാടുകളുടെ സാധ്യതയിലേക്ക് അന്വേഷണത്തിന്റെ ദിശ മാറ്റിയത്. ഇതോടെ കേസ് അന്വേഷണം പൂർണമായി ഇ.ഡി ഏറ്റെടുക്കാനും സാധ്യതയേറിയിട്ടുണ്ട്. അഞ്ഞൂറ് കോടിയുടെ നിക്ഷേപതട്ടിപ്പു അർബൻനിധിയുമായി ബന്ധപ്പെട്ടു നടന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. അതുകൊണ്ടു തന്നെ ഈ കേസ് ഇനിയും മുൻപോട്ടുകൊണ്ടു പോകാൻ പൊലിസിന് പരിമിതികളുണ്ട്. നാൾക്കു നാൾ പരാതികൾ വർധിച്ചുവരുന്നതും പൊലിസിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

അർബൻ നിധിക്കെതിരെ മയ്യിൽ പൊലിസ് സ്റ്റേഷനിൽ പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റിയാട്ടൂരിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി വത്സരാജിന്റെ പരാതിയിലാണ് കേസെടുത്തത്. 13.30ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. 2022- മെയ് മാസമാണ് പണം നൽകിയത്. ആദ്യം പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്ന് ചെറിയ തുക നിക്ഷേപിച്ചതെങ്കിലും പിന്നീട് 13.5ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്ന് കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പയ്യന്നൂർ വെള്ളൂരിലെ ഭർതൃമതിയിൽ നിന്നും എട്ടുലക്ഷം രൂപ വാങ്ങിയ ശേഷം തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ പൊലീസും അർബൻ നിധി ഡയറക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒഴക്രോം സ്വദേശിനിയായ പി.വി ഗിരിജയുടെ 36,000രൂപ വാങ്ങിയതിനു ശേഷം തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കണ്ണപുരം പൊലിസും കുറ്റിയാട്ടൂർ സ്വദേശി കെ.വി വത്സരാജിന്റെ 13,31,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മയ്യിൽ പൊലിസും അർബൻ നിധിക്കെതിരെ പുതുതായി കേസെടുത്തിട്ടുണ്ട്.

പിണറായി കാപ്പുമ്മൽ സ്വദേശി കൃഷ്ണദീപത്തിൽ കെ.വി സുധിയുടെ പതിനേഴുലക്ഷം നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ പിണറായി പൊലീസും കഴിഞ്ഞ ദിവസം അർബൻനിധിക്കെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇതിനകം അർബൻ നിധിക്കെതിരെ നിരവധി നിക്ഷേപ തട്ടിപ്പുകളാണ് പരാതികളായി വന്നുകൊണ്ടിരിക്കുന്നത്. അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു മയ്യിൽ പൊലിസ് ഇതുവരെ നാലുകേസുകളാണ് രജിസ്റ്റർ ചെയ്തത്.

നാലുപരാതികളിലായി അരക്കോടിയിലേറെ രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. കരിങ്കൽകുഴിയിലെ പി. ആതിരയിൽ നിന്നും പതിനഞ്ചുലക്ഷം രൂപയും കണ്ണാടി പറമ്പിലെ ശബരിനിവാസിൽ മുരളിയിൽ നിന്നും 15.20ലക്ഷം രൂപയും കണ്ണാടിപറമ്പ് പൂളുക്കൽ നിഷയിൽ നിന്നും ഏഴരലക്ഷം രൂപയും തട്ടിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം മയ്യിൽ പൊലിസ് കേസെടുത്തിരുന്നു.

മയ്യിൽ പൊലിസ് ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. ഇതിനിടെ അർബൻ നിധിയുടെ സമാന്തരസ്ഥാപനമായ എനി ടൈം മണിയിലൂടെ ഹവാലപണമിടപാട് നടന്നുവെന്ന സൂചനയെ തുടർന്ന് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ കൈമാറിയിട്ടുണ്ട്. നൂറ്റി അൻപതുകോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഇതുവരെ പരാതിയായി വന്നിട്ടുള്ളത്. ഇതിൽ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ മാത്രം നിക്ഷേപകർക്ക് നാൽപതുകോടി നഷ്ടപ്പെട്ടിട്ടുണ്ട്.