- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു എന്ന് കരഞ്ഞ് കാല് പിടിച്ചിട്ടും ഒരലിവും കാട്ടിയില്ല; പട്ടിക ജാതി വിഭാഗത്തിൽ പെട്ട വീട്ടമ്മയുടെ സ്ഥലം ഒറ്റ ദിവസം കൊണ്ട് കൈയേറി സിപിഎം ഭരിക്കുന്ന പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്ത്; വീട് ഇടിച്ചുനിരത്തി കെട്ടിടവും നിർമ്മിച്ചു; നിയമപോരാട്ടമെന്ന് സൂസമ്മ
പത്തനംതിട്ട: 30 വർഷം താമസിച്ച കിടപ്പാടം ആദ്യം പ്രളയമെടുത്തു. ഇപ്പോഴിതാ ഗ്രാമപഞ്ചായത്ത് അധികൃതരും. പിതാവ് തന്ന ഭൂമി റീസർവേയിൽ ഉണ്ടായ പിഴവ് മാറ്റുന്നതിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സ്ഥലം കൈയേറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇതോടെ പത്തനംതിട്ട അടൂർ എളമണ്ണൂർ ഞെക്കാട്ട്കരമേൽ സൂസമ്മ ദുരിതത്തിലായി. ഭർത്താവിന്റെ മരണശേഷം ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് രണ്ടു മക്കളെയുമായി സൂസമ്മ സ്വന്തം വീട്ടിലേയ്ക്ക് പോയത്.
എന്നാലും തന്റെ പിതാവിന്റെ പേരിലുള്ള ഭൂമിയിൽ വാഴയും കപ്പയും കമുങ്ങുമൊക്കെ നട്ട് ആദായമെടുത്തിരുന്നു. ആ വരുമാനം കൂടിയാണ് പഞ്ചായത്ത് ഇല്ലാതാക്കിയത്. തങ്ങൾ വോട്ട് നൽകിയവർ തന്നെയാണ് തങ്ങളോട് ഇത് ചെയ്തതെന്ന് സൂസമ്മ പറയുന്നു. വൈദ്യുതി ബിൽ, ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, വീട്ടു നമ്പർ, റേഷൻ കാർഡ് എന്നിവയെല്ലാം ഈ വീട്ടിലെ മേൽവിലാസമാണ്. ഈ മേൽവിലാസത്തിൽ 2021 ലാണ് റേഷൻ കാർഡ് പുതുക്കിയത്. സമീപത്തായി ധാരാളം പുറമ്പോക്ക് ഭൂമിയുണ്ടെങ്കിലും പട്ടികജാതി വിഭാഗക്കാരിയായ തന്റെ ഭൂമി മാത്രം കൈയേറി പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത് എന്തിനെന്നാണ് സൂസമ്മയുടെ ചോദ്യം. വസ്തുവിലുണ്ടായിരുന്ന വിലപിടിപ്പുള്ള മരങ്ങൾ ഉൾപ്പെടെ മുറിച്ചു മാറ്റി.
എന്നാലും തങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന പറഞ്ഞ് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് പി. രാജഗോപാലൻ നായരോട് കരഞ്ഞപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ജീവിക്കാൻ വേറെ മാർഗമൊന്നുമില്ല സൂസമ്മയ്ക്ക്. ഭർത്താവിന്റെ മരണ ശേഷം കൂലിവേല ചെയ്ത് മക്കളെ പഠിപ്പിച്ചു. മകളെ വിവാഹം ചെയ്തയച്ചു. ഇപ്പോൾ മകന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. പുനലൂരിൽ താമസിക്കുന്ന ഇവർ ഇടയ്ക്ക് സ്ഥലത്ത് എത്തി കൃഷി ചെയ്യുമായിരുന്നു. ഇവരുടെ സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ ഉൾപ്പെടെയുള്ള ആദായമെല്ലാം പഞ്ചായത്ത് അധികൃതർ വെട്ടിയെടുത്തു. അവിടെയുണ്ടായിരുന്ന കിണർ മൂടിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും ഇവർ ഇവിടെ താമസിച്ചിരുന്നതായി അറിയില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ അറിയിച്ചത്. പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിലുള്ള മിനി എം. സി. എഫ്. യൂണിറ്റിനായി പ്ലാസ്റ്റികുകൾ വേർതിരിക്കുന്നതിനാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഞൊടിയിടയിൽ പൂർത്തിയാക്കി പഞ്ചായത്ത് വിധവയായ വീട്ടമ്മയോട് കൊടുംചതിയാണ് ചെയ്തത്.
സി. പി. എമ്മിന്റെ നേതൃത്വത്തിലാണ് ഏനാദിമംഗലം പഞ്ചായത്ത് ഭരണം. പരാതിയുമായി പോകും മുൻപെ നിർമ്മാണം പൂർത്തിയാക്കി. സർക്കാർ ഓഫീസുകളിൽ പരാതിയുമായി എത്തിയെങ്കിലും അവരെല്ലാം കൈമലർത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ പക്കൽ ഒരു മാസം മുൻപ് പോയപ്പോൾ യാതൊരു പ്രശ്നവും ഉണ്ടാകില്ലായെന്നാണ് അറിയിച്ചത്. ഇത് വിശ്വസിച്ചിരിക്കുന്നതിനിടയിലാണ് കെട്ടിടം നിർമ്മിച്ചത്. റീ സർവേയിൽ വന്ന പിഴവ് തിരുത്തുന്നതിനായി വില്ലേജ് ഓഫീസറുടെ അനുകൂല റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ വസ്തു ആരും കൈയേറുമന്ന് കരുതിയില്ല.
1975 ലാണ് സൂസമ്മയുടെ പിതാവ് പി. ഡി. ജോണിന്റെ പേരിൽ ഏഴ് സെന്റ്് വസ്തു എഴുതുന്നത്. പി. ഡി. ജോണിന്റെ മരണശേഷം വസ്തു സൂസമ്മയുടെ കൈകളിലായി. വിവാഹം കഴിഞ്ഞതോടെ ഇവിടെ വീട് വച്ച് താമസിച്ചു വരുന്നു. രണ്ടു മക്കളും ഭർത്താവുമായി കഴിയുന്നതിനിടയിൽ ഭർത്താവ് പീതാംബരൻ മരണപ്പെട്ടു. പിന്നീടുള്ള ജീവിതം ദുരിതത്തിലായി. കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ട എന്നു പറഞ്ഞ് മാതാവ് സഹോദരനും ചേർന്ന സൂസമ്മയെയും കുട്ടികളെയും അവരുടെ വീട്ടിലേയ്ക്ക് കൊണ്ടു പോയി.
ഇവർ താമസിച്ചിരുന്ന വീട് ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ നിലയിലായിരുന്നു. പുനലൂരിൽ സഹോദരന്റെ വീട്ടിൽ താമസിക്കുമ്പോഴും എളമണ്ണൂരുള്ള വസ്തുവിലെത്തി വാഴയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയതോടെ വീട് അനുവദിച്ചെങ്കിലും സാങ്കേതിക തടസത്തെ തുടർന്ന് റദ്ദ് ചെയ്തു. ഇവർ താമസിച്ചിരുന്ന സ്ഥലത്ത് 1996 മുതൽ കരം അടക്കാൻ കഴിയാതെ വന്നതോടെയാണ് റദ്ദ് ചെയ്തത്.
2018 ലുണ്ടായിരുന്ന പ്രളയത്തിൽ എളമണ്ണൂർ തോട്ടിൽ നിന്നും പത്ത് മീറ്റർ അകലെയുള്ള സൂസമ്മയുടെ വസ്തുവിൽ വെള്ളം കയറി. വീടിന്റെ മേൽക്കൂരയും മൺഭിത്തിയും തകർന്നു. ഇത് സൂസമ്മയുടെ പിതാവിന്റെ പേരിലുള്ള ഭൂമിയാണെന്നും റീ സർവേയിൽ വന്ന പിഴവ് തിരുത്തി നൽകേണ്ടതാണെന്നും വില്ലേജ് ഓഫീസർ റിപ്പോർട്ട് ആർ. ഡി. ഒയ്ക്ക് സമർപ്പിച്ചതാണ്. ഇതിനിടയിലാണ് പഞ്ചായത്ത് അധികൃതർ ഇവരുടെ സ്ഥലം കൈയേറി കെട്ടിടം നിർമ്മിച്ചത്. മുൻ പഞ്ചായത്ത് മെമ്പറോ ഇവരോട് വിവരങ്ങൾ പറഞ്ഞില്ല. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി വസ്തു തങ്ങളുടേതാണെന്ന് തെളിയിച്ച് തിരികെ പിടിക്കുന്നതിനായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വീട്ടമ്മ.