തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ എൽഎൻജി ഗ്യാസ് സ്റ്റോറേജിന് ഫയർഫോഴ്‌സിന്റെ എൻഒസിയിലില്ലെന്ന വസ്തുത മറുനാടൻ പുറത്തു വിട്ടതിന് പിന്നാലെ നടക്കുന്നത് അതിവേഗ നീക്കങ്ങൾ. എങ്ങനേയും എൻഒസി അനുവദിക്കാനാണ് കളികൾ. തോന്നയ്ക്കലിൽ വില്ലേജിൽ തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള എൽഎൻജി ഗ്യാസ് സ്റ്റോറേജ് നിലകൊള്ളുന്നത് നിലവിൽ പ്രവർത്തിക്കുന്ന അംഗനവാടിക്കും ഹെൽത്ത് സെന്ററിനോടും ചേർന്നാണ് എന്നാണ് ആക്ഷേപം. കൂടാതെ ജനങ്ങൾ താമസിക്കുന്ന വീടുകളും ഇതിനോട് ചേർന്നുണ്ടെന്നും പറയുന്നു. ഫയർഫോഴ്‌സിന്റെ എൻഒസി ഇല്ലാത്തതാണ് ജനങ്ങളുടെ ഭീതി കൂട്ടുന്നത്. ഇത് പരാതിയായി മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. അന്വേഷണത്തിന് മുഖ്യമന്ത്രി നടപടികളും എടുത്തു. ഇതിനിടെയാണ് കമ്പനിയും ഫയർഫോഴ്‌സും ചേർന്ന് എൻഒസി നടപടികൾ വേഗത്തിലാക്കിയത്.

ഫയർഫോഴ്‌സിൽ നിന്നും വിവരാവകാശ രേഖ പുറത്തു വന്നതാണ് നിർണ്ണായകമായത്. ഇതോടെയാണ് എൽഎൻജി ഗ്യാസ് സ്റ്റോറേജിന് അനുമതിയില്ലെന്ന് വ്യക്തമായത്. അംഗനവാടിയും ഹെൽത്ത് സെന്ററും മാറ്റി സ്ഥാപിക്കാമെന്ന ഉറപ്പിന്മേലാണ് പാരിസ്ഥിതിക സമിതിയിൽ നിന്നും പ്ലാന്റിനുള്ള അനുമതി കമ്പനി നേടിയത് എന്നാണ് സൂചന. എന്നാൽ തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ഫാക്ടറിക്ക് അടുത്തുള്ള ഈ സ്ഥാപനങ്ങൾ ആരും മാറ്റിയില്ല. ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലെന്ന വിവരാവകാശത്തോടെ സ്റ്റോറേജ് പ്ലാന്റ് നിയമ വിരുദ്ധമാണെന്ന് തെളിയുകാണ്. ഈ വിവരാവകാശത്തിന്റെ പകർപ്പ് മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതോടെ കമ്പനിയുടെ പ്രവർത്തനം തന്നെ സംശയത്തിലായി. ഇതോടെയാണ് എങ്ങനേയും എൻഒസി നൽകാനുള്ള നീക്കം.

തൃപ്പുണ്ണിത്തുറ ക്ഷത്രത്തിൽ നടന്ന വെടിമരുന്ന് അപകടത്തിന്റെ അന്വേഷണം എത്തിച്ചേർന്നത് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പരിധിയിൽ വരുന്ന പോത്തൻകോട് എന്ന സ്ഥലത്താണ്. അവിടെ നിന്നും ഉഗ്രസ്‌ഫോടന ശേഷിയുള്ള വെടിമരുന്ന് ശേഖരമാണ് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. അതേ സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി അതിന്റെ ആരംഭകാലമായ 23 വർഷം മുൻപു മുതൽ ഇന്നുവരെ ഫയർ ആൻഡ് സേഫ്റ്റി എൻഒസി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് മറുനാടൻ പുറത്ത് വിട്ടത്.

18 മീറ്ററിന് കൂടുതൽ ഉയരമുള്ള ഒന്നിൽകൂടുതൽ കെട്ടിടങ്ങൾ ഉള്ള ഫാക്ടറിക്ക് അനുയോജ്യമായ സുരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചാൽ മാത്രമേ ഫയർ ആൻഡ് സേഫ്റ്റി എൻഒസി അനുവദിക്കാൻ പാടുള്ളൂ. പല തവണ ഫാക്ടറി മാനേജ്‌മെന്റ് അപേക്ഷ നൽകിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നതിനാൽ എൻഒസി അനുവദിച്ചിട്ടില്ല. എന്നാൽ ഫയർ ആൻഡ് സേഫ്റ്റി എൻഒസി ഇല്ലാത്ത ഫാക്ടറിയിൽ ആറ്റിങ്ങൽ ഫയർ‌സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാർഷിക പരിശോധന നടത്തുകയും , പ്രവർത്തനാനുമതി നൽകുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

എൻഒസി ഇല്ലാതെ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വാർഷിക പരിശോധന നടത്തുന്നതു തന്നെ നിയമ വിരുദ്ധമാണ്. ഇത്രയും വലിയ ഫാക്ടറി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെടാത്തത് ആറ്റിങ്ങൽ, ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരവും നിരുത്തരവാദപരമായ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. രണ്ട് പ്രാവശ്യം വലിയ അഗ്നിബാധയുണ്ടായതാണ്. കൂടാതെ കഴിഞ്ഞ ദിവസം രാവിലെയും കമ്പനിക്കകത്ത് എൻജിനീയറിങ് വർക്‌ഷോപ്പിനടുത്ത് അഗ്നിബാധയുണ്ടായി. ചില തൊഴിലാളികൾക്ക് നിസ്സാര പരിക്കും പറ്റിയിട്ടുണ്ട്. ഇതൊന്നും പുറംലോകത്ത് എത്താറില്ല.

എൻഒസി നേടുന്നതിന്റെ ഭാഗമായി അനുയോജ്യമായ ഫയർ വാട്ടർ ടാങ്ക് നിബന്ധനകളനുസരിച്ച് സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ കമ്പനിയുടെ ആരംഭത്തിൽ നിർമ്മിച്ച പ്രൊഡക്ഷന്റെ ഭാഗമായി 4-ാം ടാങ്ക് എന്ന് അറിയപ്പെടുന്ന ടാങ്ക് ഇതിനായി ഉപയോഗിക്കുന്നുവെന്നാണ് മറുനാടന് മനസ്സിലായത്. ഈ ടാങ്കിന്റെ 75% ഉം വളരെ കട്ടിയായ ചെളികെട്ടികിടക്കുകയാണ്. അത് പൂർണ്ണമായും വൃത്തിയാക്കിയാലും ഒന്ന് രണ്ട് ആഴ്ചകൊണ്ട് പൂർവ്വസ്ഥിതിയിലാകും. ഇത് അവിടത്തെ പ്രോസസിംഗിന്റെ സ്വഭാവമാണ്. കൂടാതെ മാനദണ്ഡങ്ങൾക്കനുസരിച്ച് രീതിയിലല്ല ഈ ടാങ്ക് സ്ഥിതി ചെയ്യുന്നത്. മാനദണ്ഡങ്ങളനുസരിച്ച് പുതിയ ടാങ്ക് നിർമ്മിക്കുക മാത്രമാണ് ഇതിന് ഏകപോംവഴി

ഫാക്ടറിയുടെ വളരെ കുറച്ച് ഭാഗത്ത് മാത്രം സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ച് എൻഒസി നേടാനാണ് മറ്റൊരു ശ്രമം എന്നും ആരോപണമുണ്ട്. കമ്പനിയുടെ ഏറ്റവും പുറകിൽ പ്രവർത്തിക്കുന്ന ഫ്‌ളാഷ് ഡ്രയർ പ്ലാന്റിൽ 9000 ഇ ഉള്ള ഫർണസ് ഉണ്ട്. മാത്രമല്ല ഈ പ്ലാന്റ് മുഴുവൻ പ്രവർത്തിക്കുന്നത് വളരെ കാലഹരണപ്പെട്ട കെട്ടിടങ്ങളിലാണെന്ന് പരിശോധിച്ചാൽ ബോദ്ധ്യപ്പെടും. കമ്പനിയിലെ കോൺക്രീറ്റ് ബീമുകളും , ഐ ബീമുകളും വളരെ കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലാണ്. ഇവിടെയൊന്നും ഉദ്യോഗസ്ഥർ തിരിഞ്ഞ് പോലും നോക്കാറില്ല.

1200 എം3 സംഭരണശേഷിയുള്ള 15 ടാങ്കുകളാണ് ഈ ഫാക്ടറിയിലുള്ളത്. 20 അടി താഴ്ചയുള്ള ഈ ടാങ്കുകളിൽ 1.200 ഡെൻസിറ്റിയുള്ള ക്ലേ ദ്രവരൂപത്തിൽ സൂക്ഷിക്കുകയാണ്. ടാങ്കിനുള്ളിലേക്ക് വീണാൽ ഉയർന്ന ഡെൻസിറ്റി കാരണം തിരികെ ഉയർന്ന് വരാൻ കഴിയില്ല. നിർഭാഗ്യവശാൽ ആരെങ്കിലും ടാങ്കിനുള്ളിൽ വീണാൽ തന്നെ തിരിച്ചെടുക്കാൻ 2 ദിവസമെങ്കിലും ആവശ്യമാണ്. അര ആൾ പൊക്കം പോലും കൈവരിയില്ലാത്ത ഈ ടാങ്കുകളിൽ ആവശ്യത്തിന് സുരക്ഷയുള്ള കൈവരി നിർമ്മിക്കാൻ നിർദ്ദേശിക്കാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല.

4500 ആർപിഎമ്മിൽ പ്രവർത്തിക്കുന്ന രണ്ട് സെന്റിഫ്യൂജും ഒരു സെന്റി സൈസറും പത്തോളം വൈബ്രോ സ്‌ക്രീനുമുള്ള പ്ലാനിന്റെ കെട്ടിടം വളരെ അപകടാവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ പരിശോധന ദിവസങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആ ദിവസങ്ങളിൽ പ്ലാന്റ് ഓടിക്കാതിരിക്കലാണ് ഇവരുടെ രീതി. എല്ലാ മിഷ്യനുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നവയാണ്. ഈ മിഷനുകൾ സാധാരണയെന്നപോലെ ഒരുമിച്ച് പ്രവർത്തിപ്പിച്ച് പരിശോധന നടത്തുകയാണെങ്കിൽ ഇതിന്റെ ഗൗരവം മനസ്സിലാക്കാം. ാക്ടറിയുടെ മുൻവശത്ത് തന്നെ ഉൽപ്പന്നങ്ങൾ ചാക്കുകളിൽ നിറച്ച് സൂക്ഷിക്കുന്നത് പോലും യാതൊരു സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെയാണ്. ചാക്കുകൾ മറിഞ്ഞ് വീണാൽ ആളപായത്തിനും സാദ്ധ്യതയേറെയാണ്.

മംഗലാപുരം പഞ്ചായത്ത് അനുമതി കൊടുത്ത സ്ഥലത്തല്ല ഈ ഗ്യാസ് സ്റ്റോറേജ് പ്രവർത്തിക്കുന്നത് എന്നാണ് പരാതി. ഈ കമ്പനിയിൽ നിർഭാഗ്യവശാൽ എന്തെങ്കിലും സംഭവമുണ്ടായാൽ സർക്കാരിന്റെ സൽപേരിനെ ബാധിച്ചേക്കാമെന്ന ആശങ്കയും പരാതിക്കാർ ഉയർത്തുന്നു. അതുകൊണ്ട് എൽഎൻജി ഗ്യാസ് സ്റ്റോറേജ് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.

എൽഎൻജി സംഭരണ കേന്ദ്രവും അംഗനവാടിയും തമ്മിൽ നൂറ് മീറ്റർ പോലും അകല വ്യത്യാസമില്ല. ഇതിനെ വേർതിരിക്കാൻ നല്ലൊരു മതിൽ പോലും ഇല്ല. വേലി കെട്ടിയാണ് ഇവിടെ വേർതിരിച്ചിരിക്കുന്നത്. മതിയായ സുരക്ഷയുണ്ടോയെന്ന് ഉറപ്പ് വരുത്തിയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് അനുമതി നൽകേണ്ടത്. ഇതിന്റെ ഫയർഫോഴ്‌സ് എൻഒസി അനിവാര്യമാണ്. അതുകൊണ്ടാണ് ഇതില്ലെന്നത് നാട്ടുകാരിൽ ആശങ്കയായി മാറുന്നത്. പരാതിയിൽ നടപടികളുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.