- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപിയുടെ മകനെതിരെ പരാതിയുമായി രമേശ് ആദ്യമെത്തിയത് കോടിയേരിക്ക് മുമ്പിൽ; വിഷയം പരിഹാരത്തിലേക്ക് അടുക്കുന്നതിനിടെ കോടിയേരിയുടെ രോഗവും മരണവും സംഭവിച്ചപ്പോൾ ചർച്ചകളും പരിഹാര നടപടികളും നിലച്ചു; പിന്നീട് സെക്രട്ടറിയായ ഗോവിന്ദന് മുന്നിലും പരാതി എത്തി; പിജെ വെടിപൊട്ടിച്ചത് 'മൂന്ന് വട്ട' ചർച്ചകൾ പൊളിഞ്ഞ തിരിച്ചറിവിൽ; ചെന്താരകം പൊട്ടിച്ച റിസോർട്ട് വെടിക്ക് പിന്നിലെ കഥ
കണ്ണൂർ : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ സ്വന്തം സ്ഥലമായ മൊറാഴിൽ ഒരില അനങ്ങിയാൽ അദ്ദേഹം അറിയും. പിന്നല്ലേ അവിടുത്തെ വൈദേകം റിസോർട്ട്. ഇ പി ജയരാജന്റെ കുടുംബത്തിന് പങ്കുള്ള റിസോർട്ടിന്റെ സമ്പൂർണ ജാതകം എം വി ഗോവിന്ദൻ മാസ്റ്റർക്ക് അറിയാം. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സണുമായ പി കെ ശ്യാമളയ്ക്കും ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. ഇവരുടെ കാലത്താണ് റിസോർട്ടിന് നിർണായകമായ അനുമതികൾ ലഭിച്ചതെന്നാണ് വിവരം.
ഇവർക്ക് മാത്രമല്ല കണ്ണൂരിലെ നേതാക്കൾക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. അന്തരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ കൃത്യമായി ധാരണയുണ്ടായിരുന്നു. റിസോർട്ടിന്റെ മുൻ എം ഡി രമേശ് കുമാറാണ് ഇക്കാര്യം ആദ്യം കോടിയേരിയ്്ക്ക് മുന്നിലെത്തിക്കുന്നത്. ജയരാജന്റെ മകൻ ജയ് സണ് പങ്കാളിത്തമുള്ള റിസാർട്ടാണ് വൈദേകം ആയുർവേദ വില്ലേജെന്നും വൻ തുക തനിക്ക് ജയ് സൺ നൽകാനുണ്ടെന്നുമുള്ള പരാതിയാണ് കോടിയേരിക്ക് മുന്നിലെത്തിയത്. വിഷയത്തിലിടപെട്ട കോടിയേരി മൂന്ന് വട്ടം ജെയ്സൺ ഉൾപ്പെടെയുള്ളവരുമായി മൂന്നു വട്ടം ചർച്ചയും നടത്തി.
വിഷയം പരിഹാരത്തിലേക്ക് അടുക്കുന്നതിനിടെയായിരുന്നു കോടിയേരിയുടെ രോഗവും മരണവും. അതോടെ ചർച്ചകളും പരിഹാര നടപടികളും നിലച്ചു. റിസോർട്ട് ബിസിനസിലെ സാമ്പത്തിക തർക്കമാണ് വിഷയം പുറത്തേക്ക് എത്തിച്ചത്. കോടിയേരിക്ക് പിന്നാലെ വിഷയം പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററുടെ അടുത്തേക്കും എത്തി. പിന്നാലെയാണ് പി ജയരാജൻ വടിപൊട്ടിച്ചത്. നേരത്തെയും ജയരാജൻ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം അറിയാമായിരുന്നു. കോടിയേരിയുടെ അടുത്തേക്ക് വിഷയം എത്തിയ ഘട്ടത്തിലൊന്നും യാതൊന്നും മിണ്ടാതിരുന്ന ജയരാജൻ ഇപ്പോൾ രംഗത്തെത്തിയതിന്റെ ലക്ഷ്യമാണ് ഉന്നത പാർട്ടി നേതാക്കൾ പോലും തിരയുന്നത്.
അന്ന് ജയരാജൻ ഇത്തരം കാര്യം പറഞ്ഞിരുന്നെങ്കിൽ കിട്ടുന്നതിനേക്കാൾ പിന്തുണ ഇന്ന് പാർട്ടിക്കുള്ളിൽ ലഭിക്കുമെന്ന തിരിച്ചറിവാണ് കാരണമെന്ന് ചില നേതാക്കൾ പറയുന്നു. കോടിയേരിക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ അപ്പാടെ മാറി മറിഞ്ഞിരിക്കുകയാണ്. പിണറായിയും കോടിയേരിയും തമ്മിലുണ്ടായിരുന്ന രസതന്ത്രമല്ല ഇപ്പോൾ പിണറായിയും എം വി ഗോവിന്ദനും തമ്മിലുള്ളത്. മാറിയ സാഹചര്യത്തിൽ കണ്ണൂരിൽ ഒറ്റപ്പെട്ടിരുന്ന പി ജയരാജൻ ഇപ്പോൾ എം വി ഗോവിന്ദനൊപ്പമാണ്. കണ്ണൂരിൽ എന്തിനും പോന്ന പി ജെ ആർമിയുടെ കരുത്ത് എം വി ഗോവിന്ദൻ മാസ്റ്ററുടെ മുന്നോട്ടുള്ള യാത്രയിൽ ഇരട്ടികരുത്താകുമെന്നാണ് കണ്ണൂരിലെ സഖാക്കളുടെ വിലയിരുത്തൽ.
ഇപ്പോൾ ഇ പി ജയരാജന്റെ വിഷയം ഇളക്കിവിട്ട് അതിലൂടെ പാർട്ടിക്കുള്ളിൽ വിലപേശലുകൾ നടത്തി പി ജയരാജനെ താക്കോൽ സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ നടക്കുന്ന നീക്കം നടക്കുന്നതായാണ് വിവരം. രണ്ടാം പിണറായി മന്ത്രിസഭയിൽ താൻ ഉണ്ടാകുമെന്ന് ഉറപ്പിച്ച ഇ പി ജയരാജൻ അത് ലഭിക്കാതെ വന്നപ്പോൾ നേരിയ അസ്വസ്ഥനായിരുന്നു. പാർട്ടിക്ക് സുവർണകാലം വന്നപ്പോൾ അതിന്റെ ഗുണഫലം തനിക്ക് കിട്ടിയില്ലെന്നാണ് പരിഭവമായിരുന്നു അദ്ദേഹത്തിന്. ഇതോടെ പിണറായിയുമായി മാനസികമായി ചെറിയ തെറ്റലുണ്ടായി.
എന്നാൽ കോടിയേരിക്ക് ശേഷം ഇ പിയെ പാർട്ടി സെക്രട്ടറിയാക്കാൻ പിണറായി ശ്രമിച്ചെങ്കിലും അത് നടക്കാതെ പോയി. ഇതോടെയാണ് ഇപി ആകെ നിരാശനായിമാറിയത്. എന്നാൽ പുതിയ വിവാദത്തിൽ പിണറായിക്ക് ഇപിയെ ഉപേക്ഷിക്കാനാകില്ല. എല്ലാ പ്രതിന്ധിഘട്ടത്തിലും ഒപ്പം നില്ക്കുന്ന ഇപിക്ക് വേണ്ടി പിണറായി വിട്ടുവീഴ്തചകൾക്ക് തയ്യാറാകും. പാർട്ടിക്കും ഇപിക്കും വേണ്ടി പിണറായി നടത്തുന്ന വിട്ടുവീഴ്ച അതും എംവി ഗോവിന്ദന്മാസ്റ്ററുടെ ഇടനിലയിൽ. അതിന്റെ ഗുണം പി ജയരാജന് ലഭിക്കുമെന്നും സിപിഎം രാഷ്ട്രീയത്തിൽ പി ജയരാജനെ അത് കൂടുതൽ കരുത്തനാക്കുമെന്നുമാണ് വിലയിരുത്തൽ.
2014ൽ ഇപി ജയരാജന്റെ മകൻ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡയറക്ടർമാരായാണ് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിർമ്മാണത്തിനെതിരെ തുടക്കത്തിൽ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പക്ഷെ ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങൾ തണുത്തു.ആന്തൂർ നഗരസഭയിൽ നിർമ്മാണത്തിനുള്ള അനുമതിയും കിട്ടി.
30 കോടിയാണ് റിസോർട്ടിന്റെ ആകെ നിക്ഷേപം. ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബറിൽ വൈദേകം ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല. റിസോർട്ടിൽ പ്രദേശത്തെ സിപിഎം അനുഭാവികൾക്ക് ജോലികൂടി നൽകി വിവാദങ്ങൾ അവസാനിപ്പിച്ച നേരത്താണ് പി ജയരാജൻ സംസ്ഥാനകമ്മറ്റിയിൽ ഇപിക്കെതിരെ ആഞ്ഞടിച്ചത്. തനിക്ക് റിസോർട്ടുമായും ബന്ധമില്ലെന്നും തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാറിന്റെ റിസോർട്ടാണെന്നുമുള്ള ഇപിയുടെ വാദം ദുർബലമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്