തിരുവനന്തപുരം: സംസ്ഥാനത്തെ അശരണരായ സാധാരണക്കാര്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തുകയും കുടിശിക തീര്‍ത്തു വിതരണം ചെയ്യുകയും ചെയ്യുമ്പോള്‍, കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു വിഭാഗം മുന്‍ ജീവനക്കാര്‍ ഇന്നും ഇരുട്ടില്‍. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വിരമിക്കേണ്ടി വന്നവര്‍ക്കും നല്‍കുന്ന എക്സ്ഗ്രേഷ്യ പെന്‍ഷന്‍ ഇപ്പോഴും വെറും 1,800 രൂപയില്‍ തന്നെ തങ്ങിനില്‍ക്കുകയാണ്. ഒരു വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ആര്‍ക്കും ലഭിക്കുന്ന ക്ഷേമ പെന്‍ഷനേക്കാള്‍ താഴെയാണ് വര്‍ഷങ്ങളോളം ആനവണ്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരുടെ പെന്‍ഷന്‍ തുക എന്ന വൈരുദ്ധ്യമാണ് ഇവിടെ നിഴലിക്കുന്നത്.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന കാലത്ത് പ്രതിമാസം 1,800 രൂപ ലഭിക്കുന്ന ഒരാള്‍ക്ക് ഒരു ദിവസം ചെലവാക്കാന്‍ കിട്ടുന്നത് വെറും 60 രൂപയാണ്. ഒരു നേരത്തെ ആഹാരത്തിന് പോലും തികയാത്ത ഈ തുക നല്‍കി സര്‍ക്കാര്‍ തങ്ങളെ പരിഹസിക്കുകയാണെന്നാണ് വിരമിച്ച ജീവനക്കാര്‍ പരാതിപ്പെടുന്നത്. 65 വയസ്സ് പിന്നിട്ട ഈ വിഭാഗത്തിലെ ഭൂരിഭാഗം പേരും പ്രമേഹവും രക്തസമ്മര്‍ദ്ദവും അടക്കമുള്ള വാര്‍ദ്ധക്യകാല രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരാണ്. ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പോലും ഈ തുച്ഛമായ തുക തികയുന്നില്ല. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ്. ജീവനക്കാര്‍ക്കൊപ്പം ആനവണ്ടിയെ കരകയറ്റാന്‍ ശ്രമിക്കുന്ന മന്ത്രി. ഈ വിഭാഗത്തിന്റെ കൂടി കണ്ണീര് നീക്കിയാകണം ആനവണ്ടിയുടെ മുമ്പോട്ടുള്ള കുതിപ്പ്. അതിന് മുന്‍കൈയ്യെടുക്കേണ്ടത് മന്ത്രി തന്നെയാണ്.

സാധാരണ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത (DA) വര്‍ദ്ധനവോ മറ്റ് ക്ഷേമ ആനുകൂല്യങ്ങളോ എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. ഇതിനെല്ലാം പുറമെ 'ഈ തുക കൈപ്പറ്റുന്നവര്‍ക്ക് മറ്റ് യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല' എന്ന വിചിത്രമായ നിബന്ധന കൂടി നിലനില്‍ക്കുന്നതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുന്നു. മറ്റ് പെന്‍ഷന്‍കാരുടെ തുകയില്‍ കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ വരുത്തുമ്പോഴും ഈ പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ മാനേജ്‌മെന്റ് കടുത്ത പിശുക്കാണ് കാട്ടുന്നത്. നിലവില്‍ കെ എസ് ആര്‍ ടി സി ലാഭത്തിലാണെന്ന് മന്ത്രി അടക്കം പറയുന്നു. അങ്ങനെ എങ്കില്‍ ഇവരുടെ ദുരിതവും പരിഹരിക്കപ്പെടണം.

സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചതായും കുടിശിക വിതരണം ചെയ്യുന്നതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുമ്പോഴാണ്, തൊട്ടടുത്തുള്ള പൊതുഗതാഗത വകുപ്പിലെ മുന്‍ ജീവനക്കാര്‍ ഈ ദുരവസ്ഥ നേരിടുന്നത്. പെന്‍ഷന്‍ തുക കുറഞ്ഞത് 5,000 രൂപയെങ്കിലും ആക്കണമെന്നാവശ്യപ്പെട്ട് പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും 'പരിഗണനയിലാണ്' എന്ന സ്ഥിരം മറുപടിയില്‍ അധികൃതര്‍ ഒളിച്ചുകളിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഈ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാരുടെ കാര്യത്തില്‍ മാനുഷികമായ പരിഗണന ഉണ്ടാകണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. വരും ദിവസങ്ങളില്‍ ഈ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എക്സ്ഗ്രേഷ്യ പെന്‍ഷന്‍ സംഘടനകള്‍.

പെന്‍ഷന്‍ തുക കുറഞ്ഞത് 5,000 രൂപയെങ്കിലും ആക്കിയാല്‍ മാത്രമേ ഇവര്‍ക്ക് ജീവിക്കാന്‍ പറ്റുകയുള്ളു. പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം. നിയമസഭയിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും 'പരിഗണനയിലാണ്' എന്ന സ്ഥിരം മറുപടിയില്‍ ഒതുങ്ങുകയാണ് സര്‍ക്കാര്‍.

ആരാണ് ഈ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍?

കെ.എസ്.ആര്‍.ടി.സിയില്‍ പത്ത് വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ളവര്‍ക്കും മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവര്‍ക്കുമാണ് എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍ അനുവദിക്കുന്നത്. സര്‍വീസിലിരിക്കെ അപകടം സംഭവിച്ചും ആരോഗ്യപരമായ കാരണങ്ങളാലും ജോലി ഉപേക്ഷിക്കേണ്ടി വന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തിനായി ജീവിതത്തിലെ ഏറ്റവും നല്ല കാലം മാറ്റിവെച്ചവരാണിവര്‍. എന്നാല്‍, വിരമിച്ച ശേഷം മാന്യമായ ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ തുക നല്‍കാന്‍ മാനേജ്മെന്റോ സര്‍ക്കാരോ തയ്യാറാകുന്നില്ല. മറ്റ് സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും കെ.എസ്.ആര്‍.ടി.സിയിലെ തന്നെ റെഗുലര്‍ പെന്‍ഷന്‍കാര്‍ക്കും കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ നല്‍കുമ്പോള്‍, എക്‌സ്‌ഗ്രേഷ്യ വിഭാഗത്തെ പാടെ തഴയുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

അതുപോലെ, ഒരു മാസം വെറും 1,800 രൂപ കൊണ്ട് എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. ഇതിനെ ഒന്നു വിശകലനം ചെയ്താല്‍ ഒരു ദിവസം ഈ പെന്‍ഷന്‍കാരന് ലഭിക്കുന്നത് വെറും 60 രൂപയാണ്. ഇന്നത്തെ കാലത്ത് ഒരു നേരത്തെ ആഹാരത്തിന് പോലും ഈ തുക തികയില്ല. ഈ വിഭാഗത്തിലുള്ള ഭൂരിഭാഗം പേരും ഇന്ന് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് വാങ്ങേണ്ടവരാണ് ഇവര്‍. ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പോലും ഈ 1,800 രൂപ തികയുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

സാധാരണ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത (DA) വര്‍ദ്ധനവോ മറ്റ് ക്ഷേമ ആനുകൂല്യങ്ങളോ എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. 'ഈ തുക കൈപ്പറ്റുന്നവര്‍ക്ക് മറ്റ് യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല' എന്ന വിചിത്രമായ നിബന്ധന ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്.