- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിർത്തി തർക്കം വൈരാഗ്യമായപ്പോൾ അയൽവാസിയുടെ പകപോക്കൽ; 11 വയസുള്ള മകളെ മുന്നിൽ നിർത്തിയുള്ള പരാതിയിൽ ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ്; വ്യാജ കേസിൽ അഴിക്കുള്ളിൽ കിടന്നത് 16 ദിവസം; 'നേരെ എഴുനേറ്റ് നിൽക്കാൻ കഴിയാത്ത ഞാനെങ്ങനെ ആ കുഞ്ഞിനെ പീഡിപ്പിക്കും' എന്ന് ഹൃദയം പൊട്ടിയുള്ള വേലായുധന്റെ ചോദ്യം
കൊച്ചി: 'ജയിലിലെ ഇരുട്ടുമുറിയിലിരുന്ന് ചോറുരുട്ടി വായിലേക്ക് വയ്ക്കുമ്പോൾ അവളുടെ മുഖം ഓർമ്മ വരും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നപോലെ ഒരു വേദന. അവൾ കഴിച്ചിട്ടുണ്ടാകുമോ? അവളുടെ അവസ്ഥ എന്തായിരിക്കും'എന്നൊക്കെയായിരുന്നു ചിന്തകൾ. വ്യാജ പോക്സോ കേസിൽ നിന്നും കുറ്റവിമുക്തനായ ശേഷം പെരുമ്പാവൂർ മൗലൂദ് പുര സ്വദേശി വേലായുധൻ(65) പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വേലായുധൻ അയൽക്കാരൻ നൽകിയ പോക്സോ കേസിൽ അറസ്റ്റിലായി ജയിലാകുന്നത്. 16 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യം ലഭിക്കുകയും പിന്നീട് 9 മാസങ്ങൾക്ക് ശേഷം കുറ്റ വിമക്തനാവുകയും ചെയ്തു.
ഭിന്നശേഷിക്കാരനായ വേലായുധൻ അയൽവാസിയുമായി വസ്തുവിന്റെ അതിർത്തിയിൽ നിൽക്കുന്ന മരച്ചില്ല മുറിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഫെബ്രുവരിയിൽ തർക്കം രൂക്ഷമാവുകയും വേലായുധനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. മർദ്ദനത്തെതുടർന്ന് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്ന് ഡോക്ടർ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം അയൽവാസിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പിന്നീടാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
വേലായുധനെ മർദ്ദിച്ചതിൽ അകത്തുപോകുമെന്ന് മനസ്സിലായ അയൽവാസി തന്റെ 11 വയസ്സ് മാത്രം പ്രായമുള്ള മകളെ മുൻ നിർത്തി പൊലീസിൽ ഒരു പരാതി നൽകി. വേലായുധൻ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടിയെന്നും നഗ്‌നതാ പ്രദർശനം നടത്തിയെന്നുമായിരുന്നു പരാതി. 2021 ഡിസംബറിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വേലായുധനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
40 ശതമാനത്തോളം ഭിന്നശേഷിക്കാരനായ വേലായുധൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിച്ചിരുന്ന സഹോദരൻ അയ്യപ്പൻ കുട്ടി അഭിഭാഷകനായ കെ.എം ഷംസുദ്ദീനെ കണ്ട് വിവരങ്ങൾ പറഞ്ഞു. എഴുന്നേറ്റ് നടക്കാൻ പോലുമാവാത്ത വേലായുധൻ ഒരിക്കലും ഇത്തരം ഒരു കുറ്റം ചെയ്യില്ലെന്നും അതിർത്തി തർക്കം തന്നെയാണ് പരാതിയുടെ പിന്നിലെന്നും അഭിഭാഷകൻ മനസ്സിലാക്കി. തുടർന്നായിരുന്നു ജാമ്യാപോക്ഷ നൽകിയത്. ജാമ്യാപേക്ഷയിൽ അതിർത്തി തർക്കമുണ്ടായതും മർദ്ദനമേറ്റ് ആശുപത്രിയിൽ കിടന്നതിന്റെ രേഖകളും ഹാജരാക്കി. മർദ്ദനമേറ്റ് ആശുപത്രിയിലായ ശേഷമാണ് വേലായുധനെതിരെ പരാതി ഉയർന്നത് എന്ന് കോടതിയെ ബോധിപ്പിച്ചു. കൂടാതെ ജയിൽ അധികൃതർ ശാരീരിക അവശതകളുള്ള വേലായുധന് പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നും കോടതിയെ അറിയിച്ചു. ഇതോടെയാണ് പോക്സോ കോടതി ജാമ്യം നൽകുന്നത്.
16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ വേലായുധന് പിന്നെ നാട്ടിൽ ഇറങ്ങി നടക്കാൻ ഭയമായിരുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു ഭാര്യ അമ്മിണിക്കും. ഭർത്താവിനെ അറസ്റ്റ് ചെയ്ത അന്ന് തന്നെ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയി. ആരെങ്കിലും അക്രമിക്കുമോ എന്നായിരുന്നു ഭയം. ജാമ്യം കിട്ടിയതിന് ശേഷമാണ് അമ്മിണിയും മൗലൂദ് പുരയിലെ വീട്ടിലേക്ക് തിരികെ എത്തിയത്. പത്രത്തിലൊക്കെ വാർത്ത വന്നപ്പോൾ വല്ലാത്ത ഭയമായിരുന്നു. ഒരു തെറ്റും ചെയ്യാത്ത എന്റെ ഭർത്താവിനെ പറ്റി ഇങ്ങനെയൊക്കെ വാർത്ത വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു പോയി. വീട്ടിൽ നിന്നാൽ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ എന്ന ഭയംമൂലം ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു- ; അമ്മിണി പറഞ്ഞു.
എനിക്ക് സാധാരണ പോലെ നടക്കാൻ കഴിയില്ല. ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ പോലും പരസഹായം വേണം. അങ്ങനെയുള്ള ഞാൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ എന്തൊരു നീതികേടാണ്. എന്റെ സഹോദരനാണ് എന്നെ രക്ഷിച്ചത്. സഹോദരൻ അഭിഭാഷകനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ജയിലറക്കുള്ളിൽ തന്നെ കിടക്കേണ്ടി വന്നേനെ. എന്റെ നിരപരാധിത്വം തെളിയിക്കാനും കഴിയില്ലായിരുന്നു. സർക്കാർ നൽകുന്ന പെൻഷൻ കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ. മക്കൾ ഇല്ല. ലൈഫ് പദ്ധതിപ്രതാരം ലഭിച്ച വീടാണ്. വൈദ്യുതി സൗജന്യമാണ്. 1600 രൂപ കൊണ്ട് ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങളും ആശുപത്രി ചെലവുകളും നടന്നു പോകുന്നു. ഇത് മനസ്സിലാക്കി ഷംസുദ്ദീൻ വക്കീൽ ഫീസു പോലും വാങ്ങിയില്ല. അതിന് തീർത്താൽ തീരാത്ത നന്ദിയുണ്ട്-: വേലായുധൻ കൈകൂപ്പി പറഞ്ഞു.
പോക്സോ കേസുമായി വന്നാൽ അപ്പോൾ തന്നെ കേസെടുത്ത് എഫ്.ഐ.ആർ ഇടണമെന്നാണ് വകുപ്പിൽ വിശദമാക്കുന്നത്. അങ്ങനെ കേസെടുത്തില്ലെങ്കിൽ സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടാവും. അതിനാലാണ് വ്യാജ പോക്സോ കേലാണെന്ന് മനസ്സിലായാലും പൊലീസിന് കേസെടുക്കേണ്ടി വരുന്നത്. അതിനാൽ നിയമത്തിൽ ചില ഭേദഗതികൾ വരേണ്ടത് അത്യാവശ്യമാണെന്ന് അഡ്വ. കെ.എം ഷംസുദ്ദീൻ പറയുന്നു. തന്റെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാൻ വേലായുധന് കഴിഞ്ഞതിനാൽ അദ്ദേഹം കുറ്റവിമുക്തനായി. പക്ഷേ ഇപ്പോഴും പല നിരപരാധികളും പോക്സോ കേസിൽ ജയിലിൽ കഴിയുന്നുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.