തിരുവനന്തപുരം: ഫിഷറീസ് സര്‍വകലാശാലയിലെ ഇടതു വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് വകുപ്പിലെ ഗസറ്റഡ് തസ്തികയില്‍ കൂട്ടത്തോടെ നിയമനം. മറ്റു സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ തഴഞ്ഞു കൊണ്ടുള്ള കൂട്ട നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഫിഷറീസ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം. അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഫിഷറീസ് ഡയറക്ടര്‍ നല്‍കിയ കത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. നിയമനങ്ങളില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ആരോപണം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്ക് മുന്‍പ്, പി.എസ്.സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയതിനു സമാനമായ ക്രമക്കേട് ഫിഷറീസ് സര്‍വകലാശാലയില്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയരുന്നത്. ഫിഷറീസ് വകുപ്പിലെ ഗസറ്റഡ് തസ്തികയായ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി നിയമനം ലഭിച്ച 42 പേരില്‍ 38 പേരും ഫിഷറീസ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഉടന്‍ ആദ്യമായി പി.എസ്.സി പരീക്ഷ എഴുതിയവരായിരുന്നു. ഉയര്‍ന്ന റാങ്ക് നേടി നിയമനം ലഭിച്ചവരില്‍ എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍, സെക്രട്ടറി, യൂണിവേഴ്സിറ്റി കൗണ്‍സിലര്‍ എന്നിവരും ഉള്‍പ്പെടുന്നു.

ഏഴായിരത്തോളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. സുവോളജി, അക്വാട്ടിക് ബയോളജി, മറൈന്‍ ബയോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ബിഎഫ്എസ്സി ബിരുദമോ ആണ് യോഗ്യത. ഒ.എം.ആര്‍ പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പ്രസിദ്ധീകരിച്ച 110 പേരുടെ റാങ്ക് പട്ടികയില്‍ 42 പേര്‍ക്കാണ് ഇതിനകം നിയമനം ലഭിച്ചത്. കേരള, കാലിക്കറ്റ്, എംജി കുസാറ്റ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷകര്‍ ആയിരുന്നുവെങ്കിലും നിയമനം ലഭിച്ച 38 പേര്‍ കുഫോസില്‍ നിന്നും അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയവരാണ്. റാങ്ക് പട്ടികയില്‍ ഇടംനേടിയ 110 പേരില്‍ 93 പേരും കുഫോസിലെ വിദ്യാര്‍ത്ഥികളാണ്. കുഫോസിലെ മുന്‍ രജിസ്ട്രാര്‍, നിലവിലെ രജിസ്ട്രാര്‍, കേരള സര്‍വകലാശാലയിലെ സി.പി.എം അധ്യാപക സംഘടന സെക്രട്ടറി കൂടിയായ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍.

എഴുത്തു പരീക്ഷയില്‍ കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയും റാങ്കില്‍ മുന്നിലെത്തുകയും ചെയ്തതോടെ ആരോപണങ്ങള്‍ക്ക് തുടക്കമാകുകയായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കുഫോസിലെ തന്നെ അധ്യാപകരായിരുന്നു. കുഫോസിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളായ ഫിഷറീസ് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും സര്‍വകലാശാല അധ്യാപകരും എഴുത്തു പരീക്ഷക്ക് മുന്‍പ് തന്നെ ഉത്തരങ്ങള്‍ എഴുതാനുള്ള പ്രത്യേക പരിശീലനം നല്‍കിയതായുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു. മറ്റ് സര്‍വകലാശാലകളെ അപേക്ഷിച്ച് കുഫോസിലെ ബിരുദക്കാര്‍ മാത്രമാണ് ജോലി ലഭിക്കാന്‍ കൂടുതല്‍ യോഗ്യരെന്ന പ്രചരണം ഫിഷറീസ് വകുപ്പിലെ ഇടത് അനുഭാവി സംഘടനകളൂടെ ഗ്രൂപ്പില്‍ നടന്നിരുന്നു.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ പരാതി വ്യാപകമായതിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഫിഷറീസ് ഡയറക്ടറായിരുന്ന അദീല അബ്ദുള്ള സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഫിഷറീസ് വകുപ്പ് മേല്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല അന്വേഷണം ആവശ്യപ്പെട്ട ഡയറക്ടറെ പദവിയില്‍ നിന്നും മാറ്റുകയും ചെയ്തു. അന്വേഷണം സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ, സര്‍ക്കാര്‍ മറ്റൊരു ഡയറക്ടറെ നിയമിച്ച്, വിവാദ പട്ടികയില്‍ നിയമനം ലഭിച്ച എല്ലാപേരുടെയും പ്രോബേഷന്‍ അംഗീകരിക്കുകയും ചെയ്തു.