കോഴിക്കോട്: ഷിരൂരില്‍ അപകടത്തില്‍ പൊലിഞ്ഞ അര്‍ജുന്‍ മലയാളികളെ ഏറെ വൈകാരികമായി സ്പര്‍ശിച്ച വ്യക്തത്വമായിരുന്നു. അര്‍ജുനെ തിരച്ചില്‍ നടത്തി വീണ്ടെടുക്കാന്‍ വേണ്ടി അന്ന് ലോറിയുടമ നടത്തി ശ്രമങ്ങളാണ് മനാഫിനെ ഹീറോയാക്കി മാറ്റിയത്. എന്നാല്‍, അര്‍ജുന്റെ ഭൗതികദേഹം ലഭിച്ചതിന് ശേഷം ആ കുടുംബം മനാഫിനെതിരെ ആരോപണം ഉയര്‍ത്തിയതും ഏറെ ചര്‍ച്ചയായി. അര്‍ജുന്റെ വൈകാരിക മുന്‍നിര്‍ത്തി മനാഫ് യുടൂബ് ചാനല്‍ തുടങ്ങിയെന്നും പണപ്പിരിവിന് ശ്രമിക്കുന്നു എന്നുമായിരുന്നു അര്‍ജുന്റെ കുടുംബം ആരോപിച്ചത്. ഇത് തര്‍ക്കമായി മാറിയെങ്കിലും ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്തു.

ഇതിനിടെയാണ് മനാഫിന്റെ തടി ബിസിനസും മില്ലുമായും ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉടലെടുത്തത്. മനാഫ് മറ്റൊരു വ്യക്തിയുടെ മില്ല് തട്ടിയെടുത്തു എന്നതായിരുന്നു ഈ ആരോപണം. എന്നാല്‍, അര്‍ജുനുമായി ബന്ധപ്പെട്ട വൈകാരികതയില്‍ ഈ വിഷയത്തില്‍ അധികം ചര്‍ച്ച ചെയ്യാതെ വിടുകയായിരുന്നു മാധ്യമങ്ങളും. അമിതമായി ലഭിച്ച പബ്ലിസിറ്റി കൊണ്ടാണ് ഇത്തരം വിവാദം ഉണ്ടായതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിനോടകം തന്നെ സൈബറിടത്തില്‍ താരമായ മനാഫിനെ ചാരിറ്റി പ്രവര്‍ത്തകനായി ഏറ്റെടുക്കാന്‍ ചിലരുമെത്തി.

ഏറ്റവും ഒടുവില്‍ മനാഫ് ലോറി വില്‍ക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ട് രംഗത്തുവന്നത് ഒരിക്കല്‍ മനാഫിനെ പുകഴ്ത്തിപ്പാടി അതേ ആള്‍ക്കാരുടെ പുരികം ചുളിക്കുന്ന കാര്യമായി പോയി. മൂന്ന് തലമുറയ്ക്കുള്ള പണം തനിക്കുണ്ടെന്ന് പറഞ്ഞ മനാഫ് എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ രംഗത്തുവന്നത് എന്നതാണ് ഉയര്‍ന്ന ചോദ്യം. പണത്തിന് ആവശ്യമുള്ളതിനാല്‍ തന്റെ ലോറി വില്‍ക്കാന്‍ പോകുന്നു, ആവശ്യക്കാര്‍ക്ക് വാങ്ങാമെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ്. പണം അത്യാവശമാണെന്നും അതുകൊണ്ടാണ് 12 വീല്‍ വണ്ടി വില്‍ക്കുന്നതെന്നും മനാഫ് പറഞ്ഞത്.




'അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXÂ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ' മനാഫ് പറയുന്നു. നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് മനാഫ് രംഗത്ത് എത്തിയിരുന്നു . ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറയുന്നു. ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറയുന്നു. ഇതിനിടെ ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ് ഇപ്പോള്‍. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്. ഇതോടെ ഓണ്‍ലൈനില്‍ മറ്റൊരു ചാരിറ്റി പ്രവര്‍ത്തകന്‍ പിറവിയെടുക്കുന്നു എന്ന വാദമാണ് ശക്തമായത്.

നേരത്തെ ഇതിനിടെ അര്‍ജുന്‍ ഓടിച്ച ലോറിയും തടി കച്ചവടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മനാഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രോപ്പര്‍ട്ടി മാര്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍. ഇത് റദ്ദാക്കപ്പെട്ടിരുന്നു എന്നതായിരുന്ന ഉയര്‍ന്ന വിഷയം. എന്നാല്‍, വിഷയത്തില്‍ മറുനാടനോട് പ്രതികരിച്ചപ്പോള്‍ പ്രോപ്പര്‍ട്ടി മാര്‍ക്ക് ലൈസന്‍സ് റദ്ദു ചെയ്തത് കാലവധി കഴിഞ്ഞാണെന്നുമായിരുന്നു മനാഫിന്റെ ആ വാദം കള്ളമാണെന്നാണ് ഇപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ വിഷയത്തില്‍ മനാഫിന് നോട്ടീസ് നല്‍കിയിരുന്നെന്നും തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയതെന്നുമാണ് രേഖകളില്‍ വ്യക്തമാകുന്നത്.

ഇങ്ങനെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടിട്ടും തടിയെടുക്കാന്‍ അര്‍ജുനെ അയക്കുകയാണ് മനാഫ് ചെയ്തത്. ഇത് സംബന്ധിച്ച വിവരാവകാശ രേഖയാണ് മറുനാടന് ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയായ ശ്രീജയന്‍ എം എം എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ സമാഹാരിച്ചത്. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം നല്‍കിയ വിവരങ്ങളാണ് പുറത്തുവന്നത്.




pmr number 29/2021-2026 എന്ന പോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ ആരുടെ പേരില്‍ ഉള്ളതാണെന്നതായിരുന്നു ആര്‍.ടി.ഐ നല്‍കിയ ആള്‍ ഉന്നയിച്ച ആദ്യ ചോദ്യം. ഇതിന് മറുപടിയായി സാഗര്‍ കോയ ടിമ്പേഴ്‌സിന്റേതാണെന്നും ചാലപ്പുറം മൂരിയാടാണ് ഈ സ്ഥാപനമെന്നും മറുപടി ലഭിക്കുന്നു. തുടര്‍ന്ന് ബില്ലുകളോ വൗച്ചറുകളോ കൂടാതെ സാഗര്‍ കോയ ടിമ്പേഴ്‌സ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് നികുതി നഷ്ടം ഉണ്ടായതായി പറയുന്നു. എത്രകോടിയുടെ നഷ്ടം ഉണ്ടായെന്നും ഇതിന്റെ കണക്കെടുത്തു എന്നുമാണ് അടുത്ത ചോദ്യം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ ആന്‍ഡ് ഇ ) വിഭാഗത്തെ സമീപിക്കാം എന്നുമാണ് ലഭിച്ച മറുപടി.

മനാഫ് എന്ന വ്യക്തിക്കെതിരെ ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ എന്താണ് കൈക്കൊള്ളുക എന്ന ചോദ്യവും ഉണ്ടായിരുന്നു. ഇതിന് മറുപടിയായി മനാഫിന്റെ സാഗര്‍ കോയ ടിമ്പേഴ്‌സ് രജിസ്‌ട്രേഷന്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് നിയമ നടപടിയുടെ ഭാഗമായാണ് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദു ചെയ്തത് എന്നും വ്യക്തമാക്കുന്നു.

എത്രകോടി രൂപ പിഴയാണ് ഈ കോടിക്കണക്കിന്ന രൂപയുടെ അനധികൃത വില്‍പ്പന നടത്താന്‍ ശ്രമിച്ചതിന് മനാഫ് എന്ന വ്യക്തിക്കെതിരെ നടപടിയുടെ ഭാഗമായി നില്‍കിയിട്ടുള്ളത് എന്നും വിവരാവകാശ ചോദ്യത്തില്‍ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി ഈ ഓഫീസില്‍ നിന്നും നല്‍കിയിട്ടില്ലെ എന്നതാണ് ലഭിച്ചത്. പി.എം.ആര്‍ റദ്ദു ചെയ്താല്‍ സാഗര്‍ കോയ ടിമ്പേഴ്‌സിന് പ്രവര്‍ത്തിക്കാന്‍ നിയമപരമായി സാധിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഫോറസ്റ്റ് ഓഫീസ് നല്‍കിയ മറുപടി. ഇത് മനാഫിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം വ്യക്തമാക്കുന്നതാണ്.




മനാഫിന്റെ സ്ഥാപനത്തില്‍ എപ്പോഴാണ് ഇത്തരം ക്രമക്കേട് ശ്രദ്ധയില്‍ പെട്ടു അന്വേഷണം നടത്തിയത് എപ്പോഴാണെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. ഇതിന് ഉത്തരമായി പ്രേപ്പര്‍ട്ടിമാര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ച സ്ഥാപനങ്ങള്‍ സമര്‍പ്പിക്കേണ്ട മാസാവലോകന റിപ്പോര്‍ട്ടുകള്‍ യഥാസമയത്ത് സമര്‍പ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തിയത് മൂലം കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയുടെ 09/02/2024 തീയ്യതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന് മുമ്പാണ് അന്വേഷണം നടന്നിട്ടുള്ളത് എന്നാണ് ലഭിച്ച മറുപടി. ഇതോടെ ഈ സ്ഥാപനത്തില്‍ ഫെബ്രുവരിയില്‍ തന്നെ അറിഞ്ഞിരുന്നു എന്ന് വ്യക്തം.

നിയമവിരുദ്ധ പ്രവര്‍ത്തനം ഉള്ളതായി മനാഫിനെ പിഎംആര്‍ റദ്ദ് ചെയ്യുന്നതിന് മുമ്പ് അറിയിച്ചിരുന്നോ എന്ന ചോദ്യവും വിവരാവകാശ അപേക്ഷകന്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി ഇങ്ങനെയാണ്: പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട നിബന്ധനകളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാല്‍ ആയത് റദ്ദ് ചെയ്യാവുന്നതാണെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യുന്നതിന് മുമ്പ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(I&E) നിയോഗിച്ച് അന്വേഷണം ഉദ്യോഗസ്ഥന്‍ നേരിട്ട് പരിശോധന നടത്തിയിട്ടള്ളതും രേഖകള്‍ ഹാജറാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതുമാണ്. ഇവിടയാണ് മനാഫ് താന്‍ ഒന്നും അറിഞ്ഞിലെന്ന് പറഞ്ഞത്. അത് മനപ്പൂര്‍വ്വം പറഞ്ഞ കള്ളമായി കരുതേണ്ടി വരും.

പിഎംആര്‍ 29/2021-2026 നമ്പര്‍ പിഎംആര്‍ നമ്പര്‍ സാഗര്‍കോയ ടിമ്പേഴ്‌സിന് ലഭിച്ച വര്‍ഷവും അതിന്റെ കാലാവധിയും എത്രയാണെന്ന ചോദ്യത്തിന് മറുപടിയില്‍ 07/03/2022, കാലാവധി 31/03/2026 വരെയാണെന്നും വ്യക്തമാക്കുന്നു. അതായത് കാലവധി ഒരു വര്‍ഷമാണെന്നും ഓരോ വര്‍ഷവും പുതുക്കുന്നു എന്നുമുള്ള മനാഫിന്റെ മറുപടിയെ വീണ്ടും സംശയിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉരുത്തിരിയുന്നത്.

ജൂലായ് 18, 2024 തിയ്യതിയില്‍ സാഗര്‍കോയ ടിമ്പേഴ്‌സിന്റെ പിഎംആര്‍ നമ്പര്‍ ലൈസന്‍സ് റദ്ദു ചെയ്തതിന് ശേഷം സാഗര്‍ കോയ ടിമ്പേഴ്‌സ് മരങ്ങള്‍ ഉള്ള ലോഡ് അവരുടെ ഉടമസ്ഥതയിലുള്ള ഉള്ള വാഹനങ്ങളില്‍ കയറ്റികൊണ്ടു പോയി മരത്തിന്റെ ബിസിസന് നടത്തുന്നത് നിയമവിരുദ്ധമാണോ എന്നതായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിലാണ് നിര്‍ണായകമായ ഉത്തരം ലഭിച്ചത്. പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്റ്റര്‍ചെയ്ത സാഹചര്യത്തില്‍ ആയത് പ്രകാരം തടികളുടെ വിപണനം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് മറുപടി. അര്‍ജുന്റെ ലോറി അപകടത്തില്‍ പെടുമ്പോള്‍ നിയമവിരുദ്ധമായ കാര്യമാണ് ചെയ്തത് എന്ന് വ്യക്തം.


പിഎആര്‍ നമ്പര്‍ ലൈസന്‍സ് റദ്ദു ചെയ്തതിന് ശേഷം പ്രസ്തുത ലൈസന്‍സ് പുതുക്കാന്‍ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് സാഗര്‍ കോയ ടിമ്പേഴ്‌സ് ചെയ്യേണ്ടതായി ഉള്ളത്? ഏതെങ്കിലും രീതിയില്‍ ഉള്ള പിഴയോ നിയമ നടപടികളോ ഇതിന്റെ ഭാഗമായി മനാഫിനെതിരെ സ്വീകരിച്ചോ എന്നതായിരുന്നു അവസാനത്തെ ചോദ്യം. ഇതിന് മറുപടി ഇങ്ങനെയാണ്: പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്ത ഉത്തരവ് കൈപ്പറ്റിയ തീയ്യതി മുതലുള്ള 45 ദിവസത്തിനുള്ളില്‍ അപ്പീല്‍ അധികാരിയായ ബഹു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(നോര്‍ത്തേണ്‍ സര്‍ക്കിള്‍) കണ്ണൂര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

ഈ വിഷയത്തില്‍ മനാഫ് നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാകുന്നതാണ് വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാകുന്ന കാര്യം. സോഷ്യല്‍ മീഡിയയില്‍ നന്‍മമരമായി ആഘോഷിച്ച മനാഫ് മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ കള്ളങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് ഇതോടെ വ്യക്തമാകുന്ന കാര്യം. നേരത്തെ മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി ശശിധരന്‍ എന്നയാളും രംഗത്തുവന്നിരുന്നു. രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശി ശശിധരന്റെ പരാതി.

ഇതിനിടെ അര്‍ജുന്‍ രക്ഷാപ്രവര്‍ത്തന കാലത്ത് മലയാളം സൈബര്‍ ലോകം ഏറെ ആഘോഷിച്ച കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും അടുത്തിടെ അറസ്റ്റിലായിരുന്നു. ബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിലാണ് സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റിലായത്. 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സതീഷ് സെയില്‍ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി വിധിച്ചിരുന്നു.

കേസില്‍ ഉള്‍പ്പെട്ട മല്ലികാര്‍ജുന ഷിപ്പിങ് കോര്‍പ്പറേഷന്‍ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെയും കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിയ്ക്കല്‍ സ്വദേശി അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് സതീഷ് സെയില്‍. അര്‍ജുന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സതീഷ് സെയിലിനെ സ്‌നേഹാദരവോടെയാണ് കോഴിക്കോട് കണ്ണാടിയ്ക്കല്‍ ഗ്രാമം അന്ന് വരവേറ്റത്.