- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് നിരപരാധി തന്നെയാണെന്നാണ് വിശ്വാസം; പിന്നില്‍ കൃത്യമായ പൊളിടിക്സ്; ഉണ്ണി മുകുന്ദന് മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമായത് എങ്ങനെ? മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട്; അനുഭവങ്ങളും രാഷ്ട്രീയവും; നിലപാടുകള്‍ വ്യക്തമാക്കി ജി സുരേഷ് കുമാര്‍
അനുഭവങ്ങളും രാഷ്ട്രീയവും; നിലപാടുകള്‍ വ്യക്തമാക്കി ജി സുരേഷ് കുമാര്‍
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവന മലയാള സിനിമാ ലോകത്തെ തന്നെ പിടിച്ചുകുലുക്കി പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമ്പോള്‍ സജീവമാകുന്നത് മോഹന്‍ലാല്‍, പിയദര്‍ശന്‍ ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ ഒരു കാലത്തെ ശദ്ധേയ കൂട്ടുകെട്ടിനെക്കുറിച്ച് കൂടിയാണ്. സിനിമയിലേക്ക് ഒരുമിച്ചെത്തിയ തങ്ങളുടെ ആ കൂട്ടുകെട്ടിനെക്കുറിച്ച് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോട് മനസ് തുറക്കുകയാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ സുരേഷ് കുമാര്‍.
ചെന്നൈയിലേക്കുള്ള യാത്രകളും ആദ്യ സിനിമാ ശ്രമവും തന്റെ നിര്‍മ്മാണ കമ്പനിയുടെ തുടര്‍ വിജയങ്ങളുടെയും കഥ പറയുന്നതിനൊപ്പം രാഷ്ട്രീയത്തിലുള്‍പ്പടെയുള്ള വിഷയങ്ങളിലെ തന്റെ നിലപാട് കൂടി അദ്ദേഹം പങ്കുവെക്കുന്നുണ്ട്. താന്‍ നിര്‍മ്മിച്ച മഹാസമുദ്രം എന്ന സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചപ്പോള്‍ ഇല്ലാത്ത പ്രശ്നമാണ് സമീപകാലത്ത് സിനിമയില്‍ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ഒപ്പം നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും സുരേഷ് കുമാര്‍ പറയുന്നു.
അഭിമുഖത്തിന്റെ അവസാന ഭാഗം..
സിനിമാ ലോകത്തേക്കുള്ള പ്രവേശനം എങ്ങനെയാണ്
1975 ലാണ് സിനിമാ പ്രവേശനം. ഞാനും പ്രിയനും ശ്രീക്കുട്ടനും മോഹന്‍ലാലുമെല്ലാം മോഡല്‍ സ്‌കൂളിലെ പ്രൊഡക്ടുകളാണ്. അഞ്ചാം ക്ലാസ് മുതല്‍ ഞാനും ലാലും ഒരുമിച്ച് പഠിച്ചതാണ്. ഞങ്ങളുടെ രണ്ടാളുടെയും അച്ഛന്മാര്‍ക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. അങ്ങനെയാണ് തലസ്ഥാനത്തേക്കെത്തുന്നത്. എന്റെ അമ്മയുടെ നാട് തിരുവല്ലയും അച്ഛന്‍ പറവൂരുമാണ്. കോളേജില്‍ പഠിക്കുന്ന കാലത്താണ് സിനിമ മോഹം ഞങ്ങളിലുണ്ടാകുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ ശ്രീക്കുട്ടന്‍ അന്നേ പാടും.. മോഹന്‍ലാല്‍ അഭിനയിക്കും..സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ 90 വയസ്സുകാരനെ അവതരിപ്പിച്ച് ലാലിന് മികച്ച നടനുള്ള അവാര്‍ഡൊക്കെ കിട്ടിയിരുന്നു. അന്ന് ഞങ്ങളുടെ ഒരു സീനിയര്‍ ഉണ്ടായിരുന്നു അശോക് കുമാര്‍..സംവിധായകന്‍ രാജീവ് നാഥിന്റെ സഹോദരന്‍.
ഈ പരിചയം വച്ച് അദ്ദേഹത്തിന്റെ സിനിമകളുടെ ഷൂട്ടിങ്ങ് കാണാനൊക്കെ ഞങ്ങള്‍ പോകുമായിരുന്നു. അങ്ങനെ ഒരു സിനിമ ചെയ്താല്‍ കൊള്ളാമെന്ന മോഹം ഞങ്ങളിലുണ്ടായി. അശോക് കുമാര്‍ സംവിധാനം ചെയ്യാമെന്നായി. അമ്പതിനായിരം രൂപ മുടക്കാന്‍ ഒരു പ്രൊഡ്യൂസര്‍ കൂടി വന്നതോടെ ഞങ്ങള്‍ ഷൂട്ടിങ്ങ് തുടങ്ങി. പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ അന്നാര്‍ക്കും സിനിമയെപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. മോഹന്‍ലാലിന്റെ വീടായിരുന്നു പ്രധാന ലൊക്കേഷന്‍. ഞാനതില്‍ അസിസന്റ് ഡയറക്ടറായിരുന്നു. പക്ഷെ അ സിനിമ പണം തികയാത്തതിനാല്‍ ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ പറ്റിയിരുന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ തിരുവെങ്കിടം മുതലാളിയെ പോയി കാണുന്നത്. അദ്ദേഹമാണ് ശരിക്കും ഞങ്ങളുടെ ഗോഡ്ഫാദര്‍.
അദ്ദേഹത്തോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം നല്‍കിയ പിന്തുണയിലാണ് ഞങ്ങള്‍ ആ സിനിമ പൂര്‍ത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് വച്ച് രണ്ട് പാട്ടൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ പോസ്റ്റ് പ്രൊഡക്ഷനായി കോടമ്പാക്കത്തേക്ക് പോയി. അവിടെ വച്ചാണ് ഞങ്ങള്‍ ശരിക്കും സിനിമ എന്താണെന്ന് കാണുന്നത്. ഞങ്ങള്‍ ചെയ്തത് വെറും കുട്ടിക്കളിയായിരുന്നുവെന്ന് തിരിച്ചറിയുന്നത് അങ്ങനെയാണ്. ഞങ്ങളുടെ സിനിമയുടെ വര്‍ക്കൊക്കെ കംപ്ലീറ്റാക്കി പക്ഷെ ആറ്റിങ്ങലില്‍ ഒരു തിയേറ്ററില്‍ മാത്രമേ അത് റിലീസ് ചെയ്തുള്ളു. അതോടെ ആ സിനിമ തീര്‍ന്നു. പിന്നെ ഞങ്ങള്‍ വീണ്ടും കോളേജിലെത്തി. പിന്നീടാണ് ഈ സിനിമയില്‍ അസിസ്റ്റ് ചെയ്തതിന്റെ പരിചയത്തില്‍ പ്രിയദര്‍ശന്‍ സിനിമ സംവിധാനം ചെയ്യാമെന്ന് പറയുന്നത്.
അങ്ങിനെ ഓളവും തീരവും ആസ്പദമാക്കി തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അച്ഛന്റെ അനിയന്‍ കുറച്ച് പൈസ തന്നത് വച്ചത് ഞാന്‍ അതിന്റെ പ്രൊഡ്യൂസറുമായി.ഞങ്ങള്‍ ചെന്നൈയിലെത്തി താരങ്ങളെയൊക്കെ ബുക്ക് ചെയ്തെങ്കിലും ബാക്കി തുക എനിക്ക് തരാമെന്ന് പറഞ്ഞ ആള്‍ തന്നില്ല. ചിത്രം മുടങ്ങിയതോടെ ഓരോരുത്തരായി നാട്ടിലേക്ക് മടങ്ങി. എനിക്ക് നാട്ടില്‍ വരാന്‍ പോലും പറ്റാതായി. ഈ വിവരമറിഞ്ഞ വീട്ടുകാര്‍ അവിടെയുണ്ടായിരുന്ന എന്റെയോരു ബന്ധുവിനെ വിളിച്ച് എന്നെ നാട്ടിലേക്ക് വണ്ടി കയറ്റി. നാട്ടിലെത്തി അച്ഛനെക്കണ്ടതോടെ ഞാന്‍ പൊട്ടിക്കരഞ്ഞു. എന്റെ ചേട്ടന്‍ ആ സമയം ഐഎഎസ് പാസായി നില്‍ക്കുന്ന സമയമായിരുന്നു. എന്റെ വിഷമം കണ്ട് അച്ഛന്‍ പറഞ്ഞു.. നീ കരയാതെ പോയി ആദ്യം ബി കോം പൂര്‍ത്തിയാക്ക്.. എന്നിട്ട് നമുക്ക് സിനിമ നോക്കാമെന്ന്.ആ വാക്കുകള്‍ എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു.
അങ്ങനെ ബികോം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് മഞ്ഞില്‍ വിരിഞ്ഞ പുക്കളിലേക്ക് താരങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണുന്നത്. ലാലിന്റെ ഫോട്ടോ അയക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ പുതിയൊരു ഫോട്ടോയൊക്കെയെടുത്ത് അയക്കുകയായിരുന്നു. ഫോട്ടൊ കണ്ട് ലാലിന് തന്നെ വലിയ ആത്മവിശ്വാസം ഇല്ലായിരുന്നു. ഒടുവില്‍ എന്റെ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഫോട്ടോ അയക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്നൈയില്‍ എത്തണമെന്ന് പറഞ്ഞ് ലാലിന് കമ്പി വന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ലാലിന് അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. അപ്പോഴും ഞങ്ങള്‍ ഞങ്ങളുടെ സിനിമ മോഹവുമായി ഇങ്ങനെ നില്‍ക്കുകയാണ്. ആ ഇടയ്ക്കാണ് തേനും വയമ്പും എന്ന സിനിമ ചെയ്യാമെന്ന ധാരണ ഞങ്ങളിലുണ്ടാകുന്നത്. പ്രിയന്‍ തിരക്കഥയെഴുതുന്നു..ആശോക് കുമാര്‍ സംവിധാനം ചെയ്യുന്നു. പ്രേംനസീര്‍ സര്‍ ഒകെ പറയുന്നു.
അന്ന് മൂന്ന് നാല് ലക്ഷം രൂപയെയുള്ളു പ്രൊഡക്ഷന്‍ കോസ്റ്റ്. സിനിമ പുറത്തിറങ്ങിയെങ്കിലും വലിയ വിജയമായില്ല. പിന്നീട് ചമ്പല്‍ക്കാട് എന്നൊരു സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എനിക്കൊരവസരം ലഭിച്ചു. മമ്മൂട്ടിയെയൊക്കെ ഞാന്‍ കൂടുതല്‍ പരിചയപ്പെടുന്നത് ആ ലൊക്കേഷനില്‍ വച്ചാണ്. ആ ബന്ധത്തിന്റെ പുറത്ത് ഞാന്‍ പുതിയൊരു പടം ആലോചിച്ചു. കൂലി എന്ന സിനിമയായിരുന്നു അത്. പക്ഷെ ആ സിനിമയും പരാജയമായി. അതിന്റെ പിന്നില്‍ ഒരു രസകരമായ കഥയുണ്ട്.. കൂലി ഇറങ്ങിയശേഷം ഒരു തിയേറ്ററില്‍ വിളിച്ച് ഞാന്‍ ഷെയര്‍ എന്തായി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇവിടെ കുറച്ച് ചെയര്‍ അടിച്ചുപൊട്ടിച്ചിട്ടുണ്ട്.അതിന്റെ കാശ് തരണമെന്നാണ്.ഈ ചിത്രം പരാജയമായതോടെ വീണ്ടും ഞാന്‍ തിരുവെങ്കിടം മുതലാളിയെപ്പോയി കണ്ടു കാര്യം പറഞ്ഞു. ചിത്രത്തിന്റെ സബ്സിഡി കിട്ടിയില്ലെങ്കില്‍ അത് വാങ്ങിവരാനാണ് അദ്ദേഹം പറഞ്ഞത്.
അന്ന് സബ്സിഡി കിട്ടണമെങ്കില്‍ ആ ചിത്രം ഒരു കമ്മറ്റി കാണണം. ചിത്രം കണ്ടശേഷം അവര്‍ പറഞ്ഞത് സബ്സിഡി തരാം.പക്ഷെ ഇങ്ങനെയാണോ ഒരു പടം എടുക്കുന്നത് എന്നാണ്. ഒടുവില്‍ കാശ് കിട്ടി. ഞാന്‍ അതുമായി മുതലാളിയെപ്പോയി കണ്ട് ഫിനാന്‍സ് വാങ്ങി.അ പൈസയ്ക്ക് ചെയ്ത പടമാണ് പൂച്ചയ്ക്കൊരു മുക്കുത്തി..എന്റെ ആദ്യ വിജയ ചിത്രം അതായിരുന്നു. പിന്നീട് ഒരുപാട് ഹിറ്റുകള്‍ കിട്ടി..ഓടരുതമ്മാവാ ആളറിയാം,അക്കരെ നിന്നൊരു മാരന്‍,അയല്‍വാസി ഒരു ദരിദ്രവാസി,അരം പ്ലസ് അരം കിന്നരം തുടങ്ങിയ ഹിറ്റുകള്‍ ഉണ്ടായി.87 കാലഘട്ടമൊക്കെയായപ്പോഴേക്കും ലാലൊരു സ്റ്റാറായി.അങ്ങിനെയാണ് 90 ല്‍ ഞങ്ങള്‍ വിഷ്ണുലോകം ചെയ്യുന്നത്.ബട്ടര്‍ഫ്ലൈസ്,ആറാം തമ്പുരാനൊക്ക പിന്നാലെ വരുന്ന പടങ്ങളാണ്.
ഇത്രയും ഹിറ്റുകള്‍ വന്നിട്ടും എപ്പോഴാണ് നിര്‍മ്മാണത്തില്‍ ഒരു ഇടവേളയെടുത്തത്?
അങ്ങനെയല്ല.. 2013 വരെ ഞാന്‍ സജീവമായി തന്നെ സിനിമകള്‍ നിര്‍മ്മിച്ചു.ഇടക്കാലത്ത് കുറെ പഴയ ഹിറ്റുകള്‍ റീമേക്ക് ചെയ്തു.നീലത്താമര,ചട്ടക്കാരി,രതിനിര്‍വേദം ഒക്കെ അങ്ങിനെ ചെയ്തവാണ്.നീലത്താമര എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു.അങ്ങിനെയാണ് എംടി സാറിനോട് ചോദിച്ച് പടം വീണ്ടും ചെയ്തത്.അത് നല്ല വിജയമായി.അതിന്റെ ചുവട് പിടിച്ചാണ് മറ്റ് റീമേക്കുകള്‍ ചെയ്തത്.2013 ന് ശേഷം പിന്നെ 16 ലാണ് ഞാന്‍ സിനിമ ചെയ്യുന്നത് മാച്ച്ബോക്സ് എന്ന ചിത്രം.പിന്നെ ഒരു ഇടവേളക്ക് ശേഷമാണ് വാശി ചെയ്യുന്നത്.
എപ്പോഴാണ് സംഘടന ഭാരവാഹിത്വത്തിലേക്ക് വരുന്നത്?
2008 മുതലാണ് ഞാന്‍ ഭാരവാഹിയാകുന്നത്.പല പലസ്ഥാനങ്ങളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സ്വന്തമായി ഓഫീസ് ഉണ്ടാകുന്നത് ആ ടൈമിലാണ്. അതിന്റെ ഭഗമായി ഞങ്ങള്‍ക്ക് കുറച്ച് കടമൊക്കെയുണ്ടായിരുന്നു.. അമ്മ സംഘടനയാണ് അപ്പോള്‍ ഞങ്ങളെ സഹായിച്ചത്.2013 മുതല്‍ നിര്‍മ്മാണ രംഗത്ത് ഇടവേള വരാന്‍ കാരണം ഒന്ന് ഈ ഭാരവാഹിത്വവും പിന്നെ സാംസ്‌ക്കാരിക ക്ഷേമ നിധിയിലെ ഭാരവാഹി്ത്തവും കൂടിയായിരുന്നു.
എപ്പോഴായിരുന്നു വിവാഹം? അതിനെക്കുറിച്ച്?
1987 ലായിരുന്നു വിവാഹം..നടന്‍ ശങ്കര്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റിലേക്ക് ശങ്കറിനെ കാണാന്‍ പോകുമ്പോഴാണ് ഞാന്‍ ആദ്യമായി മേനകയെ കാണുന്നത്.അന്ന് ജസ്റ്റ് പരിചയപ്പെട്ട് പിരിഞ്ഞു.പിന്നീട് എങ്ങിനെ നീ മറക്കും എന്ന സിനിമയുടെ സെറ്റിലേക്ക് പോയപ്പോള്‍ സുകുമാരി ചേച്ചിയാണ് ഞങ്ങളെ പരസ്പരം ശരിക്കും പരിചയപ്പെടുത്തുന്നത്.പിന്നാലെ ഞാന്‍ നിര്‍മ്മിച്ച പൂച്ചയ്ക്കൊരു മുക്കുത്തിയില്‍ നായികയായി.ആ ബന്ധം വളരുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.
ഈ ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ ആദ്യം അമ്മയോട് പറഞ്ഞത് ഇവന്‍ ഈ കൊച്ചിനെയും വിളിച്ചോണ്ട് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്നാണ്.
മോള് എങ്ങിനെയാണ് സിനിമയിലേക്കെത്തിയത്?
മോള് കുട്ടിക്കാലം തൊട്ടേ ഞങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുമായിരുന്നു. അന്നേ മോള്‍ക്ക് ഭയങ്കര താല്‍പ്പര്യമായിരുന്നു.പിന്നീട് പഠിത്തമൊക്കെയായി ഇടവേള വന്നു.ഇടയ്ക്ക് എന്നോട് ചോദിക്കുമെങ്കിലും ഡിഗ്രി കഴിഞ്ഞു മതിയെന്നായിരുന്നു ഞാന്‍ പറഞ്ഞത്.പക്ഷെ ഞാനായിട്ട് ഒരാളോട് പോയി പറയില്ലെന്ന് പറഞ്ഞിരുന്നു.അ സമയത്താണ് പ്രിയന്‍ പുതിയ പടത്തിലേക്ക് നായികയെ തേടി വരുന്നത്.പ്രിയന്‍ വന്ന് എന്നോട് പറഞ്ഞു ഞാനൊരു കുട്ടിയെ കണ്ടിട്ടുണ്ട്..പക്ഷെ അവളുടെ അച്ഛന്‍ സമതിക്കില്ല എന്ന്.നീ ആളെ പറയു.. ഞാന്‍ പോയി സംസാരിക്കാമെന്നു ഞാനും പറഞ്ഞു. അപ്പോഴാണ് പ്രിയന്‍ പറയുന്നത് നീ ആണ് ആ അച്ഛനെന്ന്.
വനിതയില്‍ കവര്‍ പേജായി അവളുടെ ഒരു ഫോട്ടോ വന്നിരുന്നു. അങ്ങനെയാണ് പ്രിയന്‍ അവളെ ശ്രദ്ധിക്കുന്നത്.ഞാന്‍ നീലത്താരമ ചെയ്തപ്പോള്‍ ലാല്‍ ജോസ് ചോദിച്ചിരുന്നു, ബ്ലസി ഒരു ചിത്രത്തിന് ചോദിച്ചിരുന്നു പക്ഷെ അപ്പോഴൊക്കെയും പഠിത്തത്തെ ബാധിക്കുമെന്ന് പറഞ്ഞ് ഞാന്‍ സമ്മതിച്ചില്ല.അത് പ്രിയന്‍ അറിഞ്ഞിരുന്നു,അങ്ങിനെയാണ് ഇത്തരത്തിലൊരു മുഖവുര അവന്‍ ഇട്ടത്.അന്ന് അവള്‍ ലണ്ടനില്‍ ഇന്റെണ്‍ഷിപ്പ് ചെയ്യുകയായിരുന്നു.ഞാന്‍ പ്രിയനോട് പറഞ്ഞു നീ അവളോടൊന്ന് സംസാരിക്കുവെന്ന്.അങ്ങിനെയാണ് സിനിമയിലേക്ക് എത്തുന്നത്.ഡബിള്‍ റോളാണെന്ന് കൂടി പ്രിയന്‍ പറഞ്ഞതോടെ അവളെക്കൊണ്ട് പറ്റുമോ എന്ന ടെന്‍ഷനിലായിരുന്നു ഞാനും ഭാര്യയും.
പക്ഷെ ചിത്രം നന്നായി തന്നെ വന്നു.പിന്നീട് അവള്‍ നല്ലപോലെ തന്നെ ഫീല്‍ഡില്‍ തുടര്‍ന്നു.ദേശിയ പുരസ്‌കാരത്തിലേക്ക് വരെ എത്തിയതില്‍ സന്തോഷം.
സിനിമാ ജീവിതത്തിലെ മനോഹരമായ ഓര്‍മ്മകള്‍ എന്തൊക്കെയായിരുന്നു?
ഓര്‍മ്മകള്‍ എന്നു പറയുമ്പോള്‍ ഞങ്ങളുടെ ആദ്യത്തെ തമിഴ്നാട് യാത്ര..അന്ന് തിരുവങ്ങടം മുതലാളി 4 പേര്‍ക്കെ ടിക്കറ്റ് പറഞ്ഞിട്ടുണ്ടായിരുന്നുള്ളു.പക്ഷെ ഞങ്ങള്‍ കൂടുതല്‍ പേരുണ്ടായിരുന്നു.ഞാന്‍ ടിക്കറ്റ് വാങ്ങാന്‍ പോയപ്പോള്‍ മുതലാളിയുടെ ഒരു സഹായി പറഞ്ഞു സുരേഷെ .. സുരേഷ് വരണ്ട.. പ്രിയന്‍ വരുന്നുണ്ടെന്ന്..സിനിമയുടെ പ്രവര്‍ത്തനങ്ങളൊക്കെ കണാമല്ലോ വച്ച ഞാന്‍ അതോടെ ആകെ വല്ലാതായി.. അന്ന് മോഹന്‍ലാല്‍ എന്റെ ഒപ്പമുണ്ട്.ലാല്‍ പറഞ്ഞു നീ സ്വന്തം ടിക്കറ്റെടുത്ത് വ.അങ്ങിനെ ഞാന്‍ ടിക്കറ്റെടുത്ത് ഞാനും ലാലും ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിലത്ത് പേപ്പറൊക്കെ വിരിച്ച് ഇരുന്നാണ് ചെന്നൈയ്ക്ക് പോകുന്നത്.
സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്ന എന്നെയും ലാലിനെയും വിളിക്കാന്‍ പ്രിയനും അശോക് കുമാറും വന്നിരുന്നു.എന്നെ കണ്ടപാടെ ഇവര്‍ക്ക് ദേഷ്യമായി.എന്നെ കൂട്ടി വന്നതിന് ലാലിനും അശോകിന്റെ കൈയ്യില്‍ നിന്നും വഴക്ക് കിട്ടി.പ്രിയനായിരുന്നു അന്നെനിക്ക് പാരവച്ച്.പിന്നീട് അത് പ്രിയന്‍ സമ്മതിക്കുകയും ചെയ്തു.ഞാന്‍ വന്നാല്‍ അവന് ചെന്നൈയ്ക്ക് വരാന്‍ പറ്റില്ല.അതാണ് സംഭവം.ആകെ നാല് ടിക്കറ്റെ ഉണ്ടായിരുന്നുള്ളു.സ്വാമിസ് ലോഡ്ജിലായിരുന്നു താമസം.ഭക്ഷണം കിട്ടും.രാവിലെ എഡിറ്റിങ്ങിന് കൂട്ടിപ്പോകാന്‍ കാറ് വരും.അതായിരുന്നു രീതി.വെറെ വരുമാനമൊന്നുമില്ല.ഒടുവില്‍ അ സിനിമയില്‍ ഡബിങ്ങ് ആര്‍ട്ടിസ്റ്റായി വരെ ഞാന്‍ ചെയ്തിരുന്നു.
നടിയെ അക്രമിച്ച വിഷയത്തില്‍ ദിലീപിനെ പിന്തുണച്ചിരുന്നല്ലോ.. എന്താണ് നിലപാട്?
തീര്‍ച്ചയായും.. ഇപ്പോഴും പിന്തുണയ്ക്കുന്നു.ആ വിഷയത്തില്‍ ദിലീപ് നിരപരാധി തന്നെയാണെന്നാണ് എന്റെ വിശ്വാസം. നടിക്കെതിരെ അക്രമമുണ്ടായെന്നത് സത്യം. ആ കുട്ടിയും എന്റെ പരിചയക്കാരിയാണ്. പക്ഷെ ആ സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നില്‍ കൃത്യമായ പൊളിടിക്സുണ്ട്. ഞാന്‍ കൂടുതല്‍ അന്വേഷിക്കാന്‍ പോയില്ല.പക്ഷെ എന്റെയടുത്ത് ഒരു പോലീസ് ഓഫീസറാണ് പറഞ്ഞത് ദിലീപ് നിരപരാധിയാണെന്ന്.അങ്ങനെയാണ് ഞാന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത്. ഈ പ്രശ്നത്തില്‍ നിന്ന് ദിലീപ് അതിജീവിച്ച് വരുമെന്ന് തന്നെയാണ് എന്റെ വിശാസം.
അന്നത്തെ കാലത്ത് ശങ്കറും രതീഷുമൊക്കെയായിരുന്നു താരങ്ങള്‍.. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പിന്നീട് വന്നതാണ്.എന്താണ് സംഭവിച്ചത് ശരിക്കും?
രതീഷ് ഔട്ടായതല്ല.പല സിനിമകളിലേക്കും വിളിച്ചെങ്കിലും രതീഷ് പോകുമായിരുന്നില്ല. സിനിമയേക്കാള്‍ ഏറെ ബിസിനസ്സ് താല്‍പ്പര്യങ്ങളായിരുന്നു രതീഷിന്. ഞങ്ങള്‍ തന്നെ പല സിനിമകളിലേക്ക് വിളിച്ചെങ്കിലും വരുമായിരുന്നില്ല.കരിയറില്‍ അങ്ങിനെ ഇടവേള വന്നു.ഒരു തവണ ഞങ്ങളുടെ ഒരു സിനിമ നടക്കുമ്പോഴാണ് അന്ന് വിതരണരംഗത്തേക്ക് വരുന്ന ലിബര്‍ട്ടി ബഷീറിനെ രതീഷ് പരിചയപ്പെടുന്നത്.അങ്ങിനെ രണ്ടുപേരും ചേര്‍ന്ന് വിതരണക്കമ്പനിയൊക്കെ തുടങ്ങിയിരുന്നു. പക്ഷെ കമ്പനി നഷ്ടത്തിലായി.ആ കൂട്ടുകെട്ട് പിരിഞ്ഞു.എങ്കിലും പില്‍ക്കാലത്ത് രതീഷിന്റെ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സഹായിച്ചത് ലിബര്‍ട്ടി ബഷീര്‍ ആയിരുന്നു.
അങ്ങിനെ സിനിമയില്‍ ശ്രദ്ധിക്കാതെ തേനിയില്‍ സ്ഥലമൊക്കെ വാങ്ങി ബിസിനസ് തുടങ്ങി.അതും വിജയിച്ചില്ല.ആ സമയത്താണ് ഞാന്‍ നിര്‍ബന്ധിച്ച് വിളിച്ച് കാശ്മീരത്തില്‍ അഭിനയിക്കുന്നത്.അത് ഹിറ്റായതോടെ രതീഷിന് കമ്മീഷ്ണറില്‍ അവസരം ലഭിച്ചു.അ രണ്ടാം വരവില്‍ നേട്ടം തുടര്‍ന്നാമതിയായിരുന്നു.പക്ഷെ അപ്പോഴേക്കും അസുഖങ്ങളും രതീഷിനെ വേട്ടയാടിത്തുടങ്ങിയിരുന്നു.ഞങ്ങള്‍ വലിയ കൂട്ടായിരുന്നു.തേനിയിലെ ബിസിനസ്സാണ് അദ്ദേഹത്തിന് വലിയ തിരിച്ചടിയായത്.ആ ബിസിനസിലെ പങ്കാളിക്ക് പണം തിരികെ നല്‍കാനും രതീഷിന് കഴിഞ്ഞില്ല.മരണശേഷം സുരേഷ് ഗോപിയാണ് അ തുക നല്‍കി സെറ്റില്‍ ചെയ്തത്.
സുരേഷ്ഗോപിയുമായുള്ള ബന്ധം എങ്ങനെയാണ്?
87 കാലഘട്ടത്തില്‍ ഫാസിലിന്റെ പടം അഭിനയിച്ച് നില്‍ക്കുന്ന സമയത്താണ്് ഞാന്‍ സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്.അന്ന് മുതലുള്ള ബന്ധമാണ്.92 ല്‍ കാശ്മീരത്തിലാണ് എന്റെ സിനിമയില്‍ ആദ്യമായി സരേഷ് അഭിനയിക്കുന്നത്.പിന്നീട് നാല് ചിത്രങ്ങളില്‍ അഭിനയിച്ചു.സുരേഷ് പണ്ടുകാലത്തെ ആള്‍ക്കാരെ സഹായിക്കും.അന്നൊന്നും പക്ഷെ ആരുമറിഞ്ഞിരുന്നില്ല.
സുരേഷ് ഗോപിക്ക് അന്നേ രാഷ്ട്രീയം താല്‍പ്പര്യമുണ്ടായിരുന്നോ?
അന്ന് സുരേഷ് ഗോപിക്ക് ഈ രാഷ്ട്രീയമൊന്നുമായിരുന്നില്ല. അന്ന് കോണ്‍ഗ്രസ്സായിരുന്നു. ഞാന്‍ പക്ഷെ 84 മുതല്‍ ബിജെപിയിലായിരുന്നു.
പക്ഷെ ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ മുന്നില്‍ വരാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.അന്ന് പക്ഷെ രാഷ്ട്രീയം ഒരുവിഷയമല്ലായിരുന്നു. മമ്മൂക്കയടക്കം മുകുന്ദേട്ടനുമായിട്ടൊക്കെ നല്ല സൗഹൃദമായിരുന്നു. മമ്മൂക്ക എന്നെ കാണുമ്പോഴൊക്ക മുകുന്ദേട്ടന്റെ കാര്യം ചോദിക്കുമായിരുന്നു.പക്ഷെ എന്റെ ബന്ധങ്ങള്‍ക്കൊന്നും രാഷ്ട്രീയം വിഷയമല്ല.
സുരേഷ്ഗോപി അന്ന് കോണ്‍ഗ്രസ്സ് ആയിരുന്നു. കരുണാകരന്‍ സാറിന്റെ ആശയങ്ങളോട് വലിയ താല്‍പ്പര്യമായിരുന്നു.അന്ന് മുകുന്ദേട്ടന്‍ പറഞ്ഞിട്ട് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ സുരേഷിനോട് ചോദിച്ചിരുന്നു. അന്നൊന്നും അദ്ദേഹം സമ്മതിച്ചിരുന്നില്ല. പില്‍ക്കാലത്ത് പ്രത്യേകിച്ചും മോദി വന്നതിന് ശേഷമാണ് സുരേഷ് ബിജെപിയിലേക്കെത്തുന്നത്.
ചെറുപ്പം മുതലേ ഭക്തിയുണ്ടോ?കുംഭമേളയ്ക്ക് പോയ അനുഭവം എങ്ങനെയായിരുന്നു.
അതുണ്ട്..ഒരുകാലത്തും അത് വിട്ടിട്ടില്ല.വീട്ടില്‍ നാമജപവും കാര്യങ്ങളുമൊക്കെയുള്ള ആളാണ് ഞാന്‍.ഭാര്യയും അത്പോലെ തന്നെ. കുംഭമേളയിലേക്ക് വന്നാല്‍ ..നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല.വാഹനമിറങ്ങി അഞ്ച് കീലോമീറ്ററോളം നടക്കണം.എന്നാലെ സ്ഥലത്തെത്തു. ഞങ്ങളുടെ ഒരു ഗുരുവുണ്ട് മോഹന്‍ ജി എന്നു പറഞ്ഞ്.അദ്ദേഹം അവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹായത്തോടെ രണ്ടു തവണയെനിക്ക് ഗംഗയില്‍ സ്നാനം ചെയ്യാന്‍ പറ്റി.
രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പ്ലാനുണ്ടോ?
ഇപ്പോള്‍ ഞാന്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റിയംഗമാണ്. 2002 മുതല്‍ ഞാന്‍ കമ്മിറ്റിയിലുണ്ട്. പക്ഷെ അതാരുമറിഞ്ഞിട്ടില്ല.എന്റെ രീതി അതാണ്. അല്ലാതെ സജീവ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ല. ഞാന്‍ പണ്ട് മുതലേ ഒരു സംഘം പ്രവര്‍ത്തകനാണ്. അതെപ്പോഴും മനസിലുണ്ടാകും.
സിനിമയില്‍ രാഷ്്ട്രീയത്തിന്റെ പേരില്‍ ഹേറ്റ് ക്യാമ്പയിന്‍ ഉണ്ടാകുന്നുണ്ടോ?
എനിക്ക് അത്തരമൊരു അനുഭവമില്ല.പക്ഷെ ഉണ്ണി മുകുന്ദന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ കാര്യത്തില്‍ ചില സംഭവങ്ങള്‍ കാണുന്നു. മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചെന്ന വിവാദം ഇപ്പോള്‍ കണ്ടു.പക്ഷെ ഞാന്‍ മഹാസമുദ്രം എടുത്തപ്പോള്‍ അതിലുപയോഗിച്ചത് സേവഭാരതിയുടെ ആംബുലന്‍സ് തന്നെയായിരുന്നു.അവര്‍ക്കൊരു പബ്ലിസിറ്റി ആയിക്കോട്ടെന്ന് വച്ച് ഞാന്‍ മനപൂര്‍വ്വം ചെയ്തത് തന്നെയാണ്. പക്ഷെ ഒരു പ്രശ്നവും ഉണ്ടായില്ല. ഇന്ന് വലിയ വിവാദമായി.
എനിക്ക് മനസിലാകുന്നില്ല.. എന്താ പ്രശ്നം എന്ന്. ആര്‍എസ്എസിനെ എടുത്തു നോക്കു. ഈ രാജ്യത്ത് വല്ല പ്രശ്നവും അവരായിട്ട് ഉണ്ടാക്കിയിട്ടുണ്ടോ. ഇങ്ങോട്ട് വരുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതിരോധം മാത്രമാണ് ഉണ്ടായത്.
അവസാനിച്ചു.