- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി അജിത് കുമാറിനെ കുറ്റപ്പെടുത്തിയ ഏക ജില്ലാ സെക്രട്ടറി; സിപിഎമ്മുകാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കയറി ചെല്ലാന്‍ കഴിയില്ലെന്ന് പറഞ്ഞത് കരടാക്കി; 2017ലെ വിശ്വസ്തന് 2024ല്‍ ശത്രുവായി; ഗുണം കിട്ടിയത് റിയാസിന്റെ വിശ്വസ്തന്; ഗഗാറിനെ മാറ്റിയതിന് പിന്നില്‍ പിണറായിയുടെ എതിര്‍പ്പ്; വയനാട്ടിലെ സിപിഎമ്മില്‍ സംഭവിച്ചത്
കല്‍പ്പറ്റ: സംസ്ഥാനത്തെ പൊലീസിനെ കുറിച്ച് പി വി അന്‍വറിന് സമാനമായ അഭിപ്രായ പ്രകടനം നടത്തിയ സിപിഎം നേതതാവായിരുന്നു പി ഗഗാറിന്‍. വയനാട് ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും ഗഗാറിന്‍ മാറേണ്ടി വന്നതിന് കാരണവും ഈ വിമര്‍ശനം തന്നെയാണ്. എല്ലാ പൊലീസുകാരും സര്‍ക്കാര്‍ നയം നടപ്പാക്കുന്നവരല്ലെന്നായിരുന്നു ഗഗാറിന്റെ വിമര്‍ശനം. സിപിഎമ്മുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കയറി ചെയ്യാന്‍ കഴിയില്ലെന്നത് ശരിയാണ്. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിന്റെ ഹെഡ് ഓഫിസ് എഡിജിപിയാണെന്നും ഗഗാറിന്‍ പറഞ്ഞു. എഡിജിപിയുടെ പെരുമാറ്റത്തില്‍ തന്നെ പൊലീസ് സേനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും പ്രതികരിച്ചിരുന്നു. വിമര്‍ശനം അന്ന് ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എംആര്‍ അജിത് കുമാറിനെതിരെയായിരുന്നു. പക്ഷേ അത് ചെന്ന് തറച്ചത് മുഖ്യമന്ത്രി പിണറായി വിജയനിലും. അങ്ങനെ നിര്‍ണ്ണായക ഘട്ടത്തില്‍ പോലീസിനെ പരസ്യമായി വിമര്‍ശിച്ച ജില്ലാ സെക്രട്ടറി ഇനി വേണ്ടെന്ന് പിണറായി തീരുമാനിച്ചു. ഇതോടെ അദ്ദേഹം വയനാട്ടിലെ നേതൃത്വത്തില്‍ നിന്നും പുറത്താവുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനാണ് വയനാട്ടിലെ പുതിയ സെക്രട്ടറി കെ.റഫീഖ്. റഫീഖ് സംസ്ഥാന സമിതിയിലും എത്തും.
ഗഗാറിന്‍ സെക്രട്ടറിയായി ഒരുടേം കൂടി തുടരും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി റഫീഖ് ആ സ്ഥാനത്തേത്ത് എത്തിയത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കെ. റഫീഖ്. ഗഗാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സമ്മേളനകാലയളവിലേക്ക് വന്നപ്പോള്‍ ആ സാധ്യത അടയുകയും ഗഗാറിന്‍ തന്നെ തുടര്‍ന്നേക്കാമെന്നും സൂചനയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലയില്‍ പാര്‍ട്ടിയുടെ അമരത്തേക്ക് റഫീഖ് എത്തുന്നതോടെ വന്‍ മാറ്റമാണ് സിപിഎം നേതൃനിരയില്‍ സംഭവിച്ചത്. ഫലത്തില്‍ വയനാട്ടിലെ പാര്‍ട്ടി മുഹമ്മദ് റിയാസിന്റെ നിയന്ത്രണത്തിലാകും. കേരള ബാങ്ക് ഡയറക്ടറും സിഐടിയു ജില്ല ട്രഷററുമായിരിക്കെയാണ് ഗഗാറിന്‍ സിപിഎം ജില്ലാ സെക്രട്ടറിയായത്. സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ് ഗഗാറിന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനാകുന്നത്. ഈ നേതാവിനെയാണ് സിപിഎം മാറ്റുന്നത്. അതിരൂക്ഷമായ ഭാഷയില്‍ എഡിജിപിയെ വിമര്‍ശിച്ച ഏക ജില്ലാ സെക്രട്ടറിയാണ് ഗഗാറിന്‍.
മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയുമായിരുന്ന സികെ ശശീന്ദ്രന്റെ പിന്തുണയിലാതെയാണ് ഗഗാറിന്‍ 2017ല്‍ ജില്ലാ സെക്രട്ടറിയായത്. അന്ന് ഗഗാറിനെ തുണച്ചതാ പിണറായി പക്ഷം ആയിരുന്നു. ബത്തേരിയില്‍ നിന്നുള്ള കെ.ശശാങ്കന്റെ പേരായിരുന്നു സെക്രട്ടറി പദത്തിലേക്ക് 2017ല്‍ തുടക്കം മുതല്‍ സജീവമായത്. സി.കെ ശശീന്ദ്രന്റെ പൂര്‍ണ പിന്തുണയുള്ള ശശാങ്കനു തന്നെയായിരുന്നു സെക്രട്ടേറിയേറ്റിലും മുന്‍തൂക്കം. എന്നാല്‍ അധികാരം ചില നേതാക്കളിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നു എന്ന അഭിപ്രായം അന്നുണ്ടായി. പൊതു ചര്‍ച്ചയിലും ഇത്തരമൊരു വികാരം ഉയര്‍ന്നു വന്നിരുന്നു. ജില്ലാ കമ്മിറ്റിയിലും ശശാങ്കനെതിരെ എതിര്‍പ്പ് വന്നു. അങ്ങനെയാണ് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടല്‍ വന്നത്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് ജില്ലാ കമ്മിറ്റിയംഗമായ പി.ഗഗാറിന്റെ പേര് നിര്‍ദ്ദേശിച്ചു. അത് അംഗീകരിക്കേണ്ടി വരുന്നു ശശീന്ദ്രന്.
വയനാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പി കുഞ്ഞിക്കണ്ണന്റെയും മീനാക്ഷിയുടെയും മൂന്നാമത്തെ മകനായി 1962 ഫെബ്രുവരി 14 നാണ് ഗഗാറിന്‍ ജനിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും അന്നത്തെ വയനാട്ടിലെ പൊതു വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം പഠനം തുടരനായില്ല. സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ് പി ഗഗാറിന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാരനാകുന്നത്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ഗഗാറിന്‍ മികച്ച സംഘാടകനായും പാര്‍ലമെന്റേറിയനായും തൊഴിലാളി സംഘടനാ നേതാവായും വയനാടിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ തിളങ്ങി. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് ഗഗാറിന്‍ പൊതുരംഗത്ത് സജീവമായത്. എസ്എഫ്ഐ വൈത്തിരി താലൂക്ക് സെക്രട്ടറി പ്രസിഡണ്ട് ജില്ല ജോ. സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.
1981ല്‍ ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരവെ സിപിഐ എം അംഗത്വം ലഭിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജില്ല വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ച് ജില്ലയില്‍ യുവജനപ്രസ്ഥാനം കെട്ടിപ്പെടുക്കന്‍ നേതൃപരമായ പങ്ക് വഹിച്ചു. സിപിഐ എം വൈത്തിരി ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1988ല്‍ വൈത്തിരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000വരെ വൈത്തിരി ഏരിയ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച് വന്നു. 1988 മുതല്‍ സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. സംഘടനാ രംഗത്ത് മാത്രമല്ല ജനപ്രതിനിധിയായും സഹകാരിയായും ഗഗാറിന്‍ പാര്‍ലമെന്ററി രംഗത്തും തിളങ്ങി. പത്ത് വര്‍ഷം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് നാല് തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി വൈത്തിരി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വര്‍ഷം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. വൈത്തിരി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടായും ജില്ല ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചു.
വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ നടത്തിയ യൂത്ത് മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. 1984ല്‍ വൈദ്യുതി ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് 10 ദിവസം ജയിലില്‍ അടച്ചു. വയനാടിന്റെ ജീവത്പ്രശ്നങ്ങള്‍ ഉന്നയിച്ച് 2003ല്‍ നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴ് ദിവസം തടവ് അനുഭവിച്ചു. തോട്ടം തൊഴിലാളി സമരത്തിലും അങ്കണവാടി ജീവനക്കാര്‍ നടത്തിയ സമരത്തിനുമെല്ലാം അദ്ദേഹം നേതൃത്വം നല്‍കി. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചതിന് പിന്നില്‍ വയനാട്ടില്‍ രൂപപ്പെട്ട പ്രക്ഷോഭമാണ്. ചാരിറ്റി ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 2015ല്‍ ഏഴ് ദിവസം നിരാഹാര സമരം അനുഷ്ടിച്ചു. ഇതിന്റെ ഫലമായാണ് നികുതി സ്വീകരിക്കാന്‍ അന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്.