തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ തൂക്കുകയര്‍ ശിക്ഷ വിധിച്ച ഗ്രീഷ്മയുടെ മുത്ത അമ്മാവന്‍ മരിച്ചത് ഒരു കൊല്ലം മുമ്പ്. ഈ മാനസിക ബുദ്ധിമുട്ടില്‍ നിന്നും കരകയറുന്നതിനിടെയാണ് ഗ്രീഷ്മയുടെ വധശിക്ഷാ വിധിയും രാമവര്‍മന്‍ ചിറയിലെ കുടുംബത്തെ തേടിയെത്തുന്നത്. ഒരു വര്‍ഷത്തിനിടെയാണ് മൂത്ത അമ്മാവനായ വിജയകുമാരന്‍ നായരുടെ മരണം. ഗ്രീഷ്മയുടെ അമ്മയ്ക്ക് മൂന്ന് സഹോദരങ്ങളാണുളളത്. ഒരു ചേച്ചിയും രണ്ട് സഹോദരന്മാരും. ഇതില്‍ മൂത്തയാളായിരുന്നു കുടുംബ കാരണവര്‍. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും നോക്കി നടത്തിയത് ഈ അമ്മാവനായിരുന്നു. വിജയകുമാരന്‍ നായരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഇളയ സഹോദരന്‍ നിര്‍മലകുമാരന്‍ നായരുടെ പോലും പ്രവര്‍ത്തനങ്ങള്‍. ഗ്രീഷ്മയുടെ കേസില്‍ നിര്‍മ്മലകുമാരന്‍ നായരും ശിക്ഷക്കപ്പെട്ടു. മൂന്ന് കൊല്ലം തടവാണ് ശിക്ഷ. അതുകൊണ്ട് തന്നെ നിര്‍മല കുമാരന്‍ നായര്‍ക്ക് കോടതി ജാമ്യം നല്‍കി. ഗ്രീഷ്മയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ ആത്മഹത്യയില്‍ ഏറെ ദുരൂഹതയുണ്ട്. കൊലപാതകമെന്ന് പോലും സംശയിക്കുന്നു. മൂത്ത അമ്മാവന്റെ ദുരഭിമാനത്തിലേക്കായിരുന്നു ഈ മരണവുമായി ബന്ധപ്പെട്ട ആരോപണം വിരല്‍ ചൂണ്ടിയത്. ഈ അമ്മാവനാണ് ഒരു കൊല്ലത്തിനിടെ മരിച്ചത്.

വല്യമ്മയുടെ മകന്റെ മരണവും ദുരൂഹതയുമെല്ലാം ഗ്രീഷ്മയ്ക്കും അറിയാവുന്നതാണ്. ഇത് മനസ്സിലാക്കിയാണോ രണ്ടാമത്തെ അമ്മാവനെ കൂടി കാമുകനെ കൊല്ലാന്‍ കൂടെ കൂട്ടിയതെന്ന സംശയവും സജീവമാണ്. ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ കിട്ടി. അമ്മാവന് മൂന്ന് കൊല്ലം തടവും. വിചാരണ തടവുകാരനായി ഈ അമ്മാവന്‍ ഒരു കൊല്ലം ജയിലില്‍ കിടക്കുകയും ചെയ്തു. ഷാരോണ്‍ രാജിന്റെ മരണത്തിന് പിന്നിലും കുടുംബ ഗൂഡാലോചന സംശയിക്കുന്നവരുണ്ട്. കുടുംബത്തെ പ്രധാനികള്‍ക്ക് എല്ലാം മുന്‍കൂട്ടി സംഭവം അറിയാമായിരുന്നുവെന്ന വിലയിരുത്തലും ഉയര്‍ന്നു. എന്നാല്‍ പോലീസ് അന്വേഷണം ആ തലത്തിലേക്ക് പോയില്ല. ഗ്രീഷ്മയുടെ അമ്മയും കേസില്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. അവര്‍ കേസില്‍ രണ്ടാം പ്രതിയുമായി. എന്നാല്‍ കോടതി അവരെ വെറുതെ വിട്ടു. പ്രത്യക്ഷ തെളിവ് ഇല്ലാത്തതു കൊണ്ടാണ് ഇത്. ഗ്രീഷ്മയുടെ വല്യമ്മാവനെ പോലീസ് പ്രതിപോലുമാക്കിയില്ല. തെളിവുകളുടെ അഭാവം തിരിച്ചറിഞ്ഞായിരുന്നു ഇതെന്ന വിലയിരുത്തല്‍ സജീവമാണ്. പുറത്ത് നിന്നും ഷാരോണ്‍ കേസില്‍ ഗ്രീഷ്മയ്ക്കായി നിയമ യുദ്ധത്തിന് അടക്കം നേതൃത്വം നല്‍കിയ വല്യമ്മാവനാണ് ഒരു കൊല്ലത്തിനിടെ മരിച്ചത്. ഇതിനെല്ലാം കാരണം നേരത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഗ്രീഷ്മയുടെ വല്യമ്മയുടെ മകന്റെ ശാപമാണെന്ന് വിലയിരുത്തുന്നവരും രാമവര്‍മന്‍ ചിറയിലുണ്ട്. ഗ്രീഷ്മയുടെ അമ്മ ഇപ്പോഴും ദുഖിതയാണ്. രാമവര്‍മന്‍ചിറയിലെ അവരുടെ വീട് നേരത്തെ വിറ്റിരുന്നു. ഇപ്പോള്‍ സ്വന്തം അമ്മയ്‌ക്കൊപ്പമാണ് ഗ്രീഷ്മയുടെ മാതാവ് കഴിയുന്നത്. ഈ വീട്ടില്‍ ദുഖം തളംകെട്ടിയ അവസ്ഥയാണുള്ളത്. ഗ്രീഷ്മയ്ക്കായി അപ്പീല്‍ സാധ്യതകള്‍ ആ കുടുംബം തേടുന്നുണ്ട്.

ഗ്രീഷ്മയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍ താഴ്ന്ന ജാതിയില്‍ പെട്ട യുവതിയുമായി പ്രണയത്തിലായി. ഇതിനെ എല്ലാ അര്‍ത്ഥത്തിലും മൂത്ത അമ്മാവന്‍ എതിര്‍ത്തു. ഇതിനെ അവഗണിച്ചാണ് ആ പെണ്‍കുട്ടിയെ യുവാവ് ജീവിത സഖിയാക്കിയത്. മൂന്ന് മക്കളുടെ അച്ഛനുമായി. പക്ഷേ സഹോദരിയുടെ മകന്റെ വിവാഹത്തെ മൂത്ത അമ്മാവന്‍ അംഗീകരിച്ചില്ല. ഭാര്യയേയും മക്കളേയും വീട്ടില്‍ പോലും കയറാന്‍ അനുവദിച്ചില്ല. അവരെ ഉപേക്ഷിക്കാന്‍ യുവാവില്‍ സമ്മര്‍ദ്ദവും ശക്തമാക്കി. ഒടുവില്‍ യുവാവ് മരിച്ചു. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം. അതിനെ ആത്മഹത്യയുടെ ലേബലില്‍ കുടുംബം എത്തിച്ചു. ഈ യുവാവ് പ്രണയിച്ച് വിവാഹം ചെയ്ത യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ അന്വേഷണ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രാപ്തിയും ഇല്ലാതെ പോയി. അങ്ങനെ ആ യുവാവിന്റെ മരണം ആത്മഹത്യയെന്ന് രേഖകളില്‍ കുറിച്ചു. ഷാരോണ്‍ കേസില്‍ ഗ്രീഷ്മയുടെ വിഷം കൊടുക്കല്‍ ചര്‍ച്ചയാകുമ്പോള്‍ ആകേസിലും ദുരൂഹത ശക്തമായിരുന്നു. താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത സഹോദരി പുത്രനെ അമ്മാവന്മാര്‍ തന്ത്രത്തില്‍ വിഷം കൊടുത്ത് കൊന്നതാകാമെന്ന് കരുതുന്നവര്‍ ആ പ്രദേശത്ത് ഇപ്പോഴുമുണ്ട്. ഈ യുവാവിന്റെ ഭാര്യയും പിന്നീട് മരിച്ചു. കാന്‍സറായിരുന്നു കാരണം. മൂന്നു മക്കളില്‍ ഒരാളും രോഗത്താല്‍ മരിച്ചു. മറ്റ് രണ്ടു പേര്‍ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സ്വന്തം ചോരയായിട്ടും ഈ കുട്ടികളെ രാമവര്‍മ്മന്‍ചിറയിലെ കുടുംബം അംഗീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. ഷാരോണിന് സ്ലോ പോയിസന്‍ നല്‍കിയപ്പോഴും ഒടുവില്‍ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊടുത്തപ്പോഴും കേസില്‍പ്പെട്ട് വിചാരണ നടക്കുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും ദുഖമോ പശ്ചാത്താപമോ വന്നിട്ടില്ല. ഒടുവില്‍ തലയ്ക്കു മുകളില്‍ തൂക്കുകയര്‍ എന്ന ശിക്ഷാവിധി കേട്ടപ്പോഴും ഗ്രീഷ്മ കുലുങ്ങിയില്ല. അതേ മനോനിലയില്‍ തന്നെയാണ് ജയിലിലും ഗ്രീഷ്മ. ഇന്നലെ ഗ്രീഷ്മയെ കാണാനായി അച്ഛനും അമ്മയും ജയിലിലെത്തി. മകളുടെ ദുര്‍വിധികണ്ട് പലതവണ വിതുമ്പിക്കരഞ്ഞു, പക്ഷേ ഗ്രീഷ്മയ്ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മറ്റു പ്രതികളെപ്പോലെയല്ല ഗ്രീഷ്മയെന്ന് ജയില്‍ ഉദ്യോഗസ്ഥരും പറയുന്നു. ആ കുട്ടി ഭയങ്കര ബോള്‍ഡാണെന്നാണ് ഇവരുടെ സാക്ഷ്യപ്പെടുത്തല്‍. ഈ തൂക്കുകയര്‍ തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. ആ നിലപാട് പലരോടും പങ്കുവച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചത്രേ. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ലഭിച്ചിട്ടില്ല. അഞ്ചുപേരുള്ള സെല്ലിലാണ് ഗ്രീഷ്മയെയും പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നുപേര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും ഒരാള്‍ പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളുമാണ്. ജയിലും ചുറ്റുപാടും ഗ്രീഷ്മയ്ക്ക് പരിചിതമാണ്. അറസ്റ്റ് കഴിഞ്ഞ് 11 മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അപരിചിതത്വം അനുഭവപ്പെടുന്ന സാഹചര്യവും ഗ്രീഷ്മയ്ക്കില്ല. അന്നും ചിത്രംവരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.