കൊച്ചി: ദേശീയ അവാർഡ് ജേതാവായ നടി അപർണ്ണാ മുരളി ജി.എസ്.ടി വെട്ടിച്ചതായി ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കണ്ടെത്തി. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ജി.എസ്.ടി വെട്ടിച്ചതായാണ് കണ്ടെത്തൽ. 16,49,695 രൂപ വെട്ടിച്ചതായാണ് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയത്.

2017 ൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തെങ്കിലും അതേ വർഷം തന്നെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കി. പിന്നീട് 2020 ജനുവരി 2 നാണ് അപർണ്ണാ മുരളി പുതിയ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തത്. പുതിയ രജിസ്ട്രേഷൻ എടുത്ത സമയത്തിന് മുൻപ് അടയ്ക്കാനുള്ള ജി.എസ്.ടി അടച്ചിരുന്നില്ല. ഇത് മറച്ചു വയ്ക്കുകയായിരുന്നു. ജി.എസ്.ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കാസർഗോഡ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി അപർണ്ണയ്ക്ക് നോട്ടീസ് അയച്ചു ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. അപർണ്ണയ്ക്ക് അസൗകര്യമുള്ളതിനാൽ പിതാവ് ബാലമുരളിയാണ് ഹാജരായത്. 2017 മുതൽ വരുമാനം ഇല്ലാതിരുന്നതിനാലാണ് ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദ ചെയ്തതെന്നും പിന്നീട് വരുമാനം കൂടിയപ്പോഴാണ് 2020 ൽ പുതിയ രജിസ്ട്രേഷൻ എടുത്തതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ബോധിപ്പിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ ഇത് വിശ്വസിച്ചില്ല. തുടർന്ന് അപർണ്ണ അഭിനയിച്ച സിനിമകളുടെ വിവരങ്ങൾ ശേഖരിച്ചു. ഈ കാലയളവിൽ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചതായി ഗൂഗിളിൽ തിരഞ്ഞപ്പോൾ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. ഇതോടെ അപർണ്ണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് പിതാവ് പറഞ്ഞിരിക്കുന്നത് കളവാണെന്ന് സ്ഥിരീകരിച്ചത്.

2017 ജൂലൈ മുതൽ 2022 മാർച്ച് വരെ 91,64,972 രൂപയാണ് വരുമാനം ലഭിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും നോട്ടീസ് അയച്ചപ്പോൾ പിതാവ് ബാല മുരളി ഉദ്യോഗസ്ഥരുടെ മുന്നിൽ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് മൊഴി നൽകി. തുടർന്ന് അടക്കാതിരുന്ന ജി.എസ്.ടി തുക അടക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെ ഇൻസിഡന്റ് റിപ്പോർട്ട് ഉന്നതാധികാരികൾക്ക് അയക്കുകയും അപർണ്ണയ്ക്ക് ഇന്റിമേഷൻ കൊടുക്കുകയും ചെയ്തു. 91,64,972 രൂപയുടെ 18 ശതമാനമായ 16,49,695 രൂപയും പിഴയായ 16,49,695 രൂപയും പലിശ 10,12,233 രൂപയും അടക്കം 43,11,623 രൂപയാണ് അടക്കേണ്ടത്. നോട്ടീസ് പീരിയഡിൽ അടയ്ക്കുകയാണെങ്കിൽ പിഴത്തുക 15 ശതമാനം അടച്ചാൽ മതിയാകും. ഉത്തരവായി ഇറങ്ങിയാൽ മുഴുവൻ തുകയും അടക്കേണ്ടി വരുമെന്നും ജി.എസ്.ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അപർണ്ണയ്ക്കതിരെയുള്ള കൂടുതൽ വിശദാംശങ്ങൾ തേടാൻ ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണർ സാജു നമ്പാടനെ ബന്ധപ്പെട്ടെങ്കിലും അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ വിവരങ്ങൾ പുറത്ത് പറയാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ അപർണ്ണ ജി.എസ്.ടി വെട്ടിച്ചതായും നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ജി.എസ്.ടി വെട്ടിച്ചിട്ടില്ലെന്ന് അപർണ്ണയുടെ പിതാവ് ബാല മുരളി മറുനാടനോട് പ്രതികരിച്ചു.

2017 - 2020 കാലയളവിൽ വരുമാനം ഇല്ലാതിരുന്നതിനാൽ രജിസ്ട്രേഷൻ ഓട്ടോമാറ്റിക്കായി ക്ലോസായതാണെന്നും മനഃപൂർവ്വം തങ്ങൾ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ മകൾക്ക് സിനിമയിൽ നിന്നുള്ള വരുമാനം മാത്രമേയുള്ളൂ എന്നും അല്ലാതെ മറ്റു വരുമാനമില്ലെന്നും അതിനാൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തേണ്ട കാര്യമില്ലെന്നും ബാല മുരളി പറഞ്ഞു. അടക്കാനുള്ള തുക ചാർട്ടേഡ് അക്കൗണ്ടന്റുമായി ചർച്ച ചെയ്ത് ഉടൻ തന്നെ അടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.