- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ മെത്രാന്മാരെ എത്തിച്ച് എന്‍ഡിഎ ഘടക കക്ഷി എന്ന് പറഞ്ഞ് ബീഹാറിലെ പാര്‍ട്ടിക്ക് കേരളത്തില്‍ തുടക്കമിട്ടത് ദുരൂഹ ലക്ഷ്യത്തോടെ; അമിത്ഷായുടെ പേരിലും തട്ടിപ്പ്; കൗമുദി വാരാന്ത്യത്തില്‍ ഒരു പേജ് നിറയെ മുഴുനീള ഫീച്ചര്‍; മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവരുടെ പിന്നിലെ ലക്ഷ്യം എന്ത്? ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് മറുനാടനെ പിടിക്കാനും നീക്കം
മാധ്യമങ്ങള്‍ക്ക് പണം കൊടുത്ത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയവരുടെ പിന്നിലെ ലക്ഷ്യം എന്ത്?
കൊച്ചി: കേരള രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ബിഹാര്‍ പാര്‍ട്ടിയായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ (HAM) തലപ്പത്തുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി ഹം പാര്‍ട്ടിക്ക് 15 സീറ്റുകള്‍ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാക്ക് നല്‍കിയിട്ടുണ്ടെന്ന് ഈ പാര്‍ട്ടിയുടെ സംഘാടകര്‍ പ്രചരിപ്പിക്കുന്നതായാണ് ആക്ഷേപം.
അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ഈ പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്തുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്. അമിത് ഷായുടെ പേര് പറഞ്ഞു ഇവിടെ ചിലര്‍ തട്ടിപ്പ് നടത്തുകയാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സുബീഷ് വാസുദേവും അവകാശവാദവും
എന്‍.ഡി.എയിലെ ഘടക കക്ഷിയായ കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ളതാണ് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച. കഴിഞ്ഞ മാസം 19 നാണ് എറണാകുളത്ത് ലയന സമ്മേളനം നടന്നത്. ജെഎസ്എസ് പ്രഫ. താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് മാത്യു സ്റ്റീഫന്‍ വിഭാഗവുമാണ് ഹം പാര്‍ട്ടിയില്‍ ലയിച്ചത്. ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി സുബീഷ് വാസുദേവിന്റെ സാന്നിധ്യത്തില്‍ ബിഹാര്‍ മന്ത്രി സന്തോഷ് കുമാര്‍ സുമന്‍ ലയന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ഇതിലാണ് കുറേ ബിഷപ്പുമാര്‍ പങ്കെടുത്തത്. ഇവരില്‍ ചിലരാണ് വ്യാജന്മാരാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.മുന്‍ എം.എല്‍.എമാരായ എ.വി. താമരാക്ഷന്‍, മാത്യു സ്റ്റീഫന്‍ എന്നിവര്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച(സെക്യുലര്‍) യില്‍(ഹം) ലയിക്കുന്നതിന് ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വേദി നിറയെ മെത്രാന്മാരായിരുന്നു. ഇതില്‍ പലരും വ്യാജന്മാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
കേരളത്തിലെ ലയന സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനി സുബീഷ് വാസുദേവ് എന്ന വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സംഘാടകര്‍ പ്രമുഖ നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ആയുധം അമിത് ഷായുടെ പേരാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഹം പാര്‍ട്ടിക്ക് എന്‍.ഡി.എയുടെ ഭാഗമായി 15 സീറ്റുകള്‍ അമിത് ഷാ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അവകാശവാദം തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇത്രയധികം സീറ്റുകള്‍ ഒരു പുതിയ പ്രാദേശിക പാര്‍ട്ടിക്ക് അമിത് ഷാ നല്‍കുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. അമിത് ഷായുടെ പേര് ഉപയോഗിച്ച് നടക്കുന്ന ഈ പ്രചാരണങ്ങളെ കേരളത്തിലെ ബി.ജെ.പി നേതൃത്വം പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
ഹം പാര്‍ട്ടി ബീഹാറില്‍ എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ നിലവില്‍ അവര്‍ മുന്നണിയുടെ ഘടകകക്ഷിയല്ല. സീറ്റ് വിഭജനത്തെക്കുറിച്ച് അമിത് ഷാ ഇത്തരമൊരു ഉറപ്പ് നല്‍കാന്‍ സാധ്യതയില്ലെന്നും, പാര്‍ട്ടിയുടെ പേരില്‍ നടക്കുന്നത് പച്ചയായ തട്ടിപ്പാണെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
ആരാണ് സുബീഷ് വാസുദേവ്?
അമിത് ഷായുടെ വിശ്വസ്തന്‍ എന്ന നിലയില്‍ കേരളത്തില്‍ കരുക്കള്‍ നീക്കുന്നത് സുബീഷ് വാസുദേവ് എന്ന സംഘാടകനാണെന്ന് മറുനാടന്‍ അന്വേഷണത്തില്‍ കണ്ടെത്തി. ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ഇല്ലാത്ത രാഷ്ട്രീയ കരുത്ത് കാണിക്കാനും ഇദ്ദേഹം ശ്രമിക്കുന്നതായി ആരോപണമുണ്ട്. അമിത് ഷായെപ്പോലൊരു കരുത്തനായ നേതാവിന്റെ പേര് ദുരുപയോഗം ചെയ്ത് കേരളത്തില്‍ രാഷ്ട്രീയ കച്ചവടം നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ആത്മീയ വേദിയിലെ 'വ്യാജന്മാര്‍'
അമിത് ഷായുടെയും എന്‍.ഡി.എയുടെയും പേരില്‍ ന്യൂനപക്ഷ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ലയനസമ്മേളന വേദിയില്‍ പത്തോളം ബിഷപ്പുമാരെയാണ് ഇവര്‍ അണിനിരത്തിയത്. എന്നാല്‍ ഇവര്‍ വ്യവസ്ഥാപിത സഭകളുടെ ഭാഗമല്ലാത്ത 'വാടക ബിഷപ്പുമാരാണെന്ന്' ഇന്റലിജന്‍സ് വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രീതിപ്പെടുത്താന്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ ഒരു വ്യാജ നാടകമാണിതെന്ന് മറുനാടന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ക്ക് പിന്നില്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണെന്ന് സൂചന. യാതൊരു ദൈവശാസ്ത്ര പശ്ചാത്തലമോ സഭാപരമായ അംഗീകാരമോ ഇല്ലാത്തവരാണ് തട്ടിപ്പിന് പിന്നില്‍. മുന്‍പ് വിവിധ പെന്തക്കോസ്ത് സഭകളില്‍ പാസ്റ്റര്‍മാരായിരുന്ന ചിലരാണ് മെത്രാന്‍ വേഷത്തില്‍ രംഗത്ത് വരുന്നത്. വെല്ലൂര്‍ ആസ്ഥാനമായുള്ള സംഘമാണ് നിശ്ചിത തുക വാങ്ങി ഇത്തരക്കാര്‍ക്ക് മെത്രാന്‍ കുപ്പായവും സഭാചിഹ്നങ്ങളും മറ്റ് ഔദ്യോഗിക രേഖകളും നല്കുന്നതെന്നാണ് വിവരം.
സ്വന്തമായി വിശ്വാസിസമൂഹമോ പള്ളികളോ ഇല്ലാത്ത ഇവര്‍ പദവികള്‍ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. കൊച്ചിയിലെ ചടങ്ങില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കൊല്ലം സ്വദേശി ജയിംസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ മെത്രാന്‍ വേഷത്തില്‍ പങ്കെടുത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇയാള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളിലും മറ്റും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് 'ആത്മീയ പരിവേഷം' നല്‍കാന്‍ ഇത്തരം വ്യാജന്മാരെ വാടകയ്‌ക്കെടുത്തുകൊണ്ടുവരുന്നത് പതിവാകുകയാണ്.
മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനുള്ള നീക്കം
പണം നല്‍കി വാര്‍ത്ത ചെയ്യാന്‍ മറുനാടന്‍ മലയാളിയെ ചിലര്‍ സമീപിച്ചതായി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ വെളിപ്പെടുത്തി. 'ഹമ്മിനെക്കുറിച്ച് ഒരു വാര്‍ത്ത ചെയ്യണം, എത്ര രൂപ വേണമെങ്കിലും നല്‍കാം, പക്ഷേ അത് പരസ്യമാണെന്ന് തോന്നരുത്' എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മറുനാടന്‍ ഇത് നിരസിച്ചു.
കേരള കൗമുദി പത്രത്തിന്റെ വാരാന്ത്യ പതിപ്പില്‍ (സണ്‍ഡേ സപ്ലിമെന്റ്) ഹം പാര്‍ട്ടിയെക്കുറിച്ച് ഒരു മുഴുവന്‍ പേജ് ഫീച്ചര്‍ വന്നിരുന്നു. പരസ്യം എന്ന് നല്‍കാതെ വാര്‍ത്തയായി ഇത് നല്‍കിയത് ലക്ഷങ്ങള്‍ കൈപ്പറ്റിയുള്ള പിആര്‍ തട്ടിപ്പാണെന്ന ആരോപണമുണ്ട്.
നേതാക്കളുടെ പ്രതികരണം
എ.വി. താമരാക്ഷനെയും മാത്യു സ്റ്റീഫനെയും മറുനാടന്‍ നേരിട്ട് വിളിച്ചപ്പോള്‍ തനിക്ക് പാര്‍ട്ടിയുടെ പിന്നിലുള്ളവരെക്കുറിച്ച് അറിയില്ലെന്നും ജിതിന്‍ റാം മഞ്ചിയുടെ മകന്‍ വിളിച്ചതുകൊണ്ടാണ് ചേര്‍ന്നതെന്നും മാത്യു സ്റ്റീഫന്‍ പറഞ്ഞു. താമരാക്ഷനും തനിക്ക് ഇവരുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി.
പാര്‍ട്ടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുബീഷ് വാസുദേവ് എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം അത്യാവശ്യമാണ്. ബിഹാര്‍ മോഡല്‍ ഗുണ്ടാ രാഷ്ട്രീയമാണോ കേരളത്തിലേക്ക് വരുന്നത് എന്ന് സംശയവും ഉയരുന്നു.




