- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിതകർമ സേനയ്ക്കുള്ള യൂസർഫീ കുടിശിക വസ്തു നികുതിക്കൊപ്പം ചേർത്ത് ഈടാക്കാൻ സർക്കാർ ഉത്തരവിറക്കി; ഒരു വർഷം അടയ്ക്കേണ്ടി വരുന്നത് 600 രൂപ; പ്രതിമാസം പാഴ്വസ്തുക്കൾ കൈമാറിയില്ലെങ്കിലും ഫീസ് നിർബന്ധം; വീഴ്ച വരുത്തിയാൽ പിഴ പതിനായിരം മുതൽ അരലക്ഷം വരെ; മാലിന്യ ശേഖരണത്തിന് ക്യൂആർ കോഡ് സംവിധാനവും നിലവിൽ വരും
പത്തനംതിട്ട: ഹരിത കർമ സേനയ്ക്കുള്ള യൂസർ ഫീ നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇന്നലെയാണ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഇതനുസരിച്ച് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൈമാറിയാലും ഇല്ലെങ്കിലും പ്രതിമാസം 50 രൂപ വീതം ഹരിതകർമ സേനയ്ക്ക് അടയ്ക്കേണ്ടി വരും. കുടിശിക വരുത്തിയാൽ അത് വസ്തു നികുതിക്കൊപ്പം ചേർത്ത് ഈടാക്കും. ഇതും അടയ്ക്കാൻ തയാറായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. 10,000 രൂപ മുതൽ അരലക്ഷം രൂപ വരെ പിഴ ഇനത്തിൽ ഈടാക്കും.
മാലിന്യ സംസ്‌കരണം കേന്ദ്രീകൃതവും ശാസ്ത്രീയവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കർമ സേനയെ നിയോഗിച്ചിരിക്കുന്നത്. ചില തദ്ദേശസ്ഥാപനങ്ങളിൽ ഇതിന്റെ പ്രവർത്തനം പരിതാപകരമാണ്. എന്നാൽ, കോട്ടയം പോലെയുള്ള ജില്ലകളിൽ കാര്യക്ഷമമായി മുന്നേറുന്നു. കോട്ടയത്ത് പ്രതിമാസം 5 ലക്ഷം രൂപ വരെയാണ് യൂസർ ഫീ ഇനത്തിൽ ലഭിക്കുന്നത്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്‌വസ്തുക്കളുടെ ശേഖരണത്തിനുള്ള സംവിധാനം ഹരിത കർമ സേന വഴി തദ്ദേശസ്ഥാപനങ്ങൾ ഒരുക്കണമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിശ്ചിത യൂസർ ഫീ ഈടാക്കാം. ഇത് നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾക്ക് നിയമസാധുതയുമുണ്ടാകും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശിക വരുത്തിയവരിൽ നിന്നും ഇത് വസ്തു നികുതി കുടിശികയായി ഈടാക്കണം. ഈ ഉത്തരവ് ഇന്ന് പ്രാബല്യത്തിൽ വന്നു.
ആരോഗ്യസ്ഥാപനങ്ങളിൽ നിന്ന് ഇമേജ് മാലിന്യം സ്വീകരിക്കുന്ന തരത്തിൽ ഹരിത കർമ സേനയുടെ സേവനം ഡിജിറ്റൽ ആക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. 145 പഞ്ചായത്തുകളിൽ പൈലറ്റ് പ്രൊജക്ട് നടപ്പാക്കി വരികയാണ്. ക്യൂ.ആർ കോഡ് ഉപയോഗിച്ചാണ് ഇവിടെ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത്. സേന വന്ന് മാലിന്യം ശേഖരിക്കുന്ന വീട്ടിൽ ക്യ.ആർ കോഡ് പതിപ്പിച്ചിരിക്കും.
അത് സ്‌കാൻ ചെയ്യുമ്പോൾ ശേഖരിച്ച വീടിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യപ്പെടും. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും യൂസർഫീ നൽകുന്നതിൽ വീഴ്ച വരുത്തിയത് കണ്ടെത്തുക. നിലവിൽ മാലിന്യം േശഖരിക്കുന്ന വീട്ടിൽ രസീത് നൽകിയാണ് യൂസർ ഫീ വാങ്ങുക. പിന്നീട് ഇത് പഞ്ചായത്തിന്റെ ബുക്കിൽ രേഖപ്പെടുത്തും.
ഒരു മാസം മാലിന്യം ശേഖരിച്ചില്ലെങ്കിലും സേനാംഗങ്ങൾ വീട്ടിൽ വന്നാൽ 50 രൂപ യൂസർ ഫീ നൽകുക തന്നെ വേണം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിർബന്ധിതമായി യൂസർ ഫീ വാങ്ങുന്നതിലൂടെ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പു വരുത്താനും കഴിയും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്