- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേലുദ്യോഗസ്ഥനെതിരായ പരാതിക്ക് പക വീട്ടിയത് പണാപഹരണ കുറ്റം ചുമത്തി സസ്പെന്‍ഡ് ചെയ്തു കൊണ്ട്; മുലയൂട്ടുന്ന അമ്മയടക്കം ആറു വനിതാ ജീവനക്കാരെ വടക്കോട്ട് പറപ്പിച്ചു; അന്വേഷണത്തില്‍ തെളിഞ്ഞത് അക്കൗണ്ട്സ് ഓഫീസറുടെ പകവീട്ടല്‍; ഹയര്‍ സെക്കന്ററി ചെങ്ങന്നൂര്‍ ആര്‍ഡിഡിയിലെ മുന്‍ വനിതാ സൂപ്രണ്ടിന് ഒടുവില്‍ നീതി
ഹയര്‍ സെക്കന്ററി ചെങ്ങന്നൂര്‍ ആര്‍ഡിഡിയിലെ മുന്‍ വനിതാ സൂപ്രണ്ടിന് ഒടുവില്‍ നീതി
ആലപ്പുഴ: കീഴ്ജീവനക്കാര്‍ പരാതി നല്‍കിയതിന് മേലുദ്യോഗസ്ഥന്‍ നടത്തിയത് സമാനതകളില്ലാത്ത പകവീട്ടല്‍. പണാപഹരണം, വ്യാജ ഉത്തരവ് ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജൂനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ ക്ലാര്‍ക്കിനെയും സസ്പെന്‍ഡ് ചെയ്തു. മുലയൂട്ടുന്ന അമ്മയടക്കം ആറു വനിതാ ജീവനക്കാരെ വടക്കന്‍ ജില്ലകളിലേക്ക് സ്ഥലം മാറ്റി. സര്‍ക്കാര്‍ നടത്തിയ തുടരന്വേഷണത്തില്‍ തെളിഞ്ഞത് ഇതിനൊക്കെ കാരണക്കാരനായ മേലുദ്യോഗസ്ഥന്റെ വീഴ്ച. സസ്പെന്‍ഡ് ചെയ്ത് ജൂനിയര്‍ സൂപ്രണ്ട് കുറ്റക്കാരിയല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം ചെങ്ങന്നൂര്‍ ആര്‍ഡി ഡി ഓഫീസിലാണ് സംഭവം.
ജൂനിയര്‍ സൂപ്രണ്ടായിരുന്ന എം.ജി. മായ രണ്ടര വര്‍ഷത്തിന് ശേഷം കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതിന്റെ ആശ്വാസത്തിലാണ്. മേലുദ്യോഗസ്ഥനായ അക്കൗണ്ട്സ് ഓഫീസറും സെക്രട്ടേറിയറ്റ് സെക്ഷന്‍ ഓഫീസറുമായ റിസ പാര്‍വിസിനെതിരേ മാനസിക പീഡനം ആരോപിച്ച് പരാതി നല്‍കിയതിന്റെ പക വീട്ടലാണ് നടന്നത്. ഒടുവില്‍ മായ കുറ്റവിമുക്തയാകുമ്പോള്‍ റിസ പാര്‍വിസ് നടത്തിയ വഴി വിട്ട നീക്കങ്ങളാണ് പുറത്തു വരുന്നത്. സ്വയം കുഴിച്ച കുഴിയില്‍ ഇയാള്‍ വീഴുകയായിരുന്നു.
2022 ലാണ് മേലുദ്യോഗസ്ഥനായ അക്കൗണ്ട്സ് ഓഫീസറും സെക്രട്ടേറിയറ്റ് സെക്ഷന്‍ ഓഫീസറുമായ എ. റിസ പാര്‍വിസിന്റെ മാനസിക പീഡനത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ചെങ്ങന്നൂര്‍ ആര്‍ഡിഡിയിലെ പത്ത് വനിതാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരാതി നല്‍കിയത്. ഈ വിവരം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ റിസ പാര്‍വിസ് കുറേക്കാലം അടങ്ങിയിരുന്നു. ഇയാള്‍ക്കെതിരേ ഒരു അന്വേഷണം പോലും വന്നില്ല. ഒരു വര്‍ഷത്തിന് ശേഷമാണ് പരാതിക്കാര്‍ക്കെതിരേ ഇയാള്‍ ചരടു വലിച്ചത്.
ഇതേ തുടര്‍ന്ന് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കല്‍, ദുരിതാശ്വാസ നിധിയിലെ പണാപഹരണം എന്നീ കുറ്റങ്ങള്‍ ചുമത്തി ജൂനിയര്‍ സൂപ്രണ്ട് എം.ജി മായയെയും തിരുവനന്തപുരം ആര്‍ഡിഡി ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എ. സതീഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വിവിധ മാധ്യമങ്ങളില്‍ തുടര്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പരാതിക്കാരായ ആറു വനിതാ ജീവനക്കാരെ ഹയര്‍ സെക്കന്‍ഡറി മലബാര്‍ മേഖലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതില്‍ മുലയൂട്ടുന്ന അമ്മ അടക്കം ഉണ്ടായിരുന്നു. ഇവര്‍ ട്രിബ്യൂണലിനെ സമീപിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കി.
2023 മേയ് 20,24,25 തീയതികളില്‍ ചെങ്ങന്നൂര്‍ ആര്‍ഡിഡിയില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ചെങ്ങന്നൂര്‍ റീജനല്‍ ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഉയര്‍ന്നുവെന്ന പേരിലായിരുന്നു പരിശോധന. നിരവധി ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി എന്നാരോപിച്ച്, അക്കൗണ്ട്സ് ഓഫീസര്‍ക്കെതിരെ പരാതിപ്പെട്ട വനിത ഉദ്യോഗസ്ഥരെ മലബാര്‍ മേഖലയിലേക്ക് സ്ഥലംമാറ്റി.
കാവാലം എന്‍എസ് എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ സതീഷ്‌കുമാറിന്റെ സസ്പെന്‍ഷന്‍ ക്രമീകരിക്കുന്നതിനുള്ള ഫയലില്‍ വ്യാജ ഉത്തരവ് തയാറാക്കി ഒപ്പിട്ട് നല്കിയെന്ന പേരില്‍ സൂപ്രണ്ട് എം.ജി മായയെ സസ്പെന്‍ഡ് ചെയ്തു. മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തി എന്നതായിരുന്നു കുറ്റം. ഈ കാലയളവില്‍ ചെങ്ങന്നൂര്‍ ആര്‍ഡിഡിയില്‍ ക്ലാര്‍ക്കായിരുന്ന സതീഷ്‌കുമാര്‍ അധ്യാപകന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് വ്യാജ ഉത്തരവ് തയാറാക്കിയെന്നും ജൂനിയര്‍ സൂപ്രണ്ട് മായ അതില്‍ ഒപ്പു വച്ചുവെന്നുമായിരുന്നു കുറ്റാരോപണം. ആര്‍ഡിഡി ഓഫീസിലെ ഏഴു ജീവനക്കാര്‍ ആര്‍ജിത അവധി സറണ്ടര്‍ ചെയ്തു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അവര്‍ അതിനുള്ള അപേക്ഷയും നല്‍കി. എന്നാല്‍ തുക കൈമാറാതെ അപ്രകാരം ചെയ്തതായി സതീഷ്‌കുമാര്‍ രേഖപ്പെടുത്തി എന്നതായിരുന്നു രണ്ടാമത്തെ കുറ്റം.
സസ്പെന്‍ഡ് ചെയ്യപ്പെട്ട സൂപ്രണ്ടും സെക്ഷന്‍ ക്ലാര്‍ക്കും സര്‍വീസില്‍ തിരിച്ചെടുക്കപ്പെട്ടെങ്കിലും അച്ചടക്കനടപടി നേരിട്ടു വരികയായിരുന്നു. അധ്യാപകന്റെ സസ്പെന്‍ഷന്‍ പീരീഡ് ക്രമീകരിച്ചു നല്കുന്നതിന് അക്കൗണ്ട്സ് ഓഫീസറും ആര്‍ഡിഡിയും അനുമതി നല്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് തയ്യാറാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഹിയറിങ് സമയത്ത് അറിയിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടാകാത്തതിനാല്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ആദ്യം ഇട്ട ഒപ്പ് വെട്ടിക്കളഞ്ഞു കൊണ്ട് ഡയറക്ടറില്‍ നിന്നും സ്പഷ്ടീകരണം ആവശ്യപ്പെടണമെന്ന് അക്കൗണ്ട്സ് ഓഫീസര്‍ പിന്നീട് ഫയലില്‍ കുറിപ്പെഴുതിച്ചേര്‍ത്തതായി കാണുന്നത്. കൂടാതെ ഫയലില്‍ നിന്നും കാണാതായ, അക്കൗണ്ട്സ് ഓഫീസര്‍ ഒപ്പുവച്ച കരട് ഉത്തരവ് അധ്യാപകന്റെ സ്‌കൂളിലുണ്ടെന്ന വിവരം ലഭിച്ചതോടെ വിവരാവകാശ നിയമ പ്രകാരം അതിന്റെ പകര്‍പ്പും ശേഖരിച്ചു.
വിവാദ രേഖയായ കരട് ഉത്തരവ് സര്‍വീസ് വെരിഫിക്കേഷന്‍ നടത്തി അയച്ചു നല്കിയ സര്‍വീസ് ബുക്കില്‍ നിന്നും ലഭിച്ചത് സ്‌കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ആര്‍ഡിഡിയെയും എഓയെയും അന്വേഷണ ഘട്ടത്തില്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരും ആ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഫയല്‍ രേഖ സ്‌കൂളില്‍ നിന്ന് വീണ്ടെടുക്കുകയോ അന്വേഷണ ഉദ്യോഗസ്ഥരെയോ മേലുദ്യോഗസ്ഥരെയോ അറിയിക്കുകയോ ചെയ്യാതെ വിവരം മറച്ചു വച്ചു കൊണ്ട് ഡയറക്ടര്‍ക്കും സര്‍ക്കാരിലേക്കും റിപ്പോര്‍ട്ടുകള്‍ നല്കുകയും ചെയ്തു. സ്‌കൂളില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഈ വിവരങ്ങള്‍ ചേര്‍ത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സൂപ്രണ്ട് പരാതി നല്‍കിയത് അറിഞ്ഞതോടെ ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ഡിഡി യായ വി.കെ അശോക് കുമാര്‍ അതീവ രഹസ്യമായി സ്‌കൂളില്‍ നിന്നും സ്വന്തം മകളെ അയച്ച് ഉത്തരവിന്റെ കരട് എടുപ്പിക്കുകയാണുണ്ടായതെന്നും ബോധ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ കൂടിയായ അക്കൗണ്ട്സ് ഓഫീസര്‍ക്കെതിരെ 2022 ല്‍ വനിതാ ജീവനക്കാര്‍ നല്കിയ പരാതിയിലുള്ള വൈരാഗ്യം നിമിത്തം മനപൂര്‍വം നടത്തിയ ഗൂഢാലോചനയാണെന്ന് വ്യക്തമായി. വിശദ പരിശോധനയില്‍ ഫയലില്‍ സൂപ്രണ്ട് എം.ജി.മായയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വീഴ്ചകളുണ്ടായിട്ടില്ലെന്നും ബോധ്യമായതോടെ അച്ചടക്ക നടപടികള്‍ ഒഴിവാക്കി തീര്‍പ്പാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
അക്കൗണ്ട്സ് ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്താനും അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുമുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 2022 ല്‍ ഇയാള്‍ക്കെതിരേ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. ഇയാള്‍ക്കെതിരായ പരാതി പൂഴ്ത്ത വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഇയാള്‍ക്ക് പിടിപാടുണ്ട്. രാഷ്ട്രീയ സംരക്ഷണം കൂടി ആയതോടെ വനിതാ ജീവനക്കാരെ ബലിയാടാക്കുകയാണ് ചെയ്തത്.




