- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുകെ മലയാളിയുടെ ഹോളി മരിയ ബസിന്റെ പിഴത്തുക നേർ പാതിയായി; നന്ദിയോടെ ബസുടമയായ സീ ഫോർഡിലെ സിബി തോമസ്; ഉദ്യോഗസ്ഥർ തെറ്റ് മനസിലാക്കിയതിൽ സന്തോഷമെന്നും പ്രതികരണം; സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാൻ അനാവശ്യ പിഴകൾ ആവർത്തിച്ചേക്കും
ലണ്ടൻ: ഞായറാഴ്ച മറുനാടൻ മലയാളിയിൽ വിളിക്കുമ്പോൾ കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ബ്രൈറ്റൻ അടുത്തുള്ള സീ ഫോർഡിൽ താമസിക്കുന്ന നവ യുകെ മലയാളി സിബി തോമസ് ഏറെ നിരാശ ബോധത്തോടെയാണ് സംസാരിച്ചത്. കാൽ നൂറ്റാണ്ടായി കേരളത്തിൽ ബസ് സർവീസ് നടത്തുന്ന സിബി ഇക്കാലമത്രയും കേരളത്തിൽ താൻ കണ്ടിട്ടില്ലാത്ത പ്രതിസന്ധികളാണ് വാ തോരാതെ സംസാരിച്ചത്. ഒരു തരത്തിലും സാധാരണക്കാരായവർക്ക് മാത്രമല്ല ബസ് വ്യവസായത്തിലെ വമ്പന്മാർക്ക് പോലും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന ആശങ്കയും സത്യവുമാണ് അദ്ദേഹം പങ്കിട്ടത് മുഴുവൻ.
കോട്ടയത്ത് നിന്നും 486 കിലോമീറ്റർ അകലെയുള്ള കാസർഗോഡുള്ള അതിർത്തി ടൗൺ ആയ തലപ്പടിയിലേക്ക് പത്തു മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന തന്റെ ബസ് മലബാറിലെ ഓരോ കുടുംബവുമായി പുലർത്തുന്ന വൈകാരിക ബന്ധവും പങ്കിട്ടിരുന്നു. ഏതാനും ആഴ്ച മുൻപ് സമാനമായ തരത്തിൽ ഗിരീഷ് എന്നയാളുടെ ഉടമസ്ഥയിൽ ഉള്ള റോബിൻ ബസ് നേരിട്ട പ്രതികാര തുല്യമായ നടപടി സോഷ്യൽ മീഡിയ പേജുകൾ ഏറ്റെടുത്തത് ലോക മലയാളി സമൂഹം മുഴുവൻ ശ്രദ്ധിച്ചെങ്കിലും ഇപ്പോൾ സിബി നേരിട്ട പ്രതിസന്ധി എല്ലാ ദിവസവും എന്ന പോലെ എല്ലാ ബസ് ഉടമകളും നേരിടുന്നതാണ്.
വഴിയിൽ അസമയത്തു തടഞ്ഞു നിർത്തുന്ന പ്രതികാര നടപടി
വഴിയിൽ പാതിരാത്രിയിലും അസമയത്തും തടഞ്ഞു നിർത്തി യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടുന്ന നടപടിക്ക് എതിരെ പല കോണുകളിലും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് അത് തുടരുക ആണെന്നാണ് സിബിയുടെ ഹോളി മരിയ ബസിനു കഴിഞ്ഞ ആഴ്ച ഉണ്ടായ അനുഭവം വ്യക്തമാക്കിയത്.
പുലർച്ചെ അഞ്ചു മണിക്ക് ബസ് തടഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ യാത്രക്കാരോട് പോലും മോശമായി പെരുമാറി എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഇന്നലെ യുകെ മലയാളിയായ സിബിയുടെ ദുരവസ്ഥ മറുനാടൻ ചർച്ചയാക്കിയത്. ഈ വാർത്ത മറുനാടൻ മലയാളി ഏറ്റെടുത്തപ്പോൾ നിമിഷ നേരത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും കാണേണ്ടവർ കാണുകയും ചെയ്തു. ആയിരത്തിലേറെ വായനക്കാരാണ് ഇന്നലെ ഉച്ചയോടെ സിബിയുടെ സങ്കടം സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തു പിന്തുണ പ്രകടിപ്പിച്ചത്.
വായനക്കാരുടെ ഈ നീക്കം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിച്ച സന്തോഷമാണ് ഇന്നലെ വൈകുന്നേരം സിബിക്ക് പങ്കിടാൻ ഉണ്ടായത്. വാർത്ത വന്നതോടെ 15,000 രൂപയായി വകുപ്പിന്റെ വെബ് പേജിൽ കിടന്ന സിബി അടയ്ക്കേണ്ട പിഴ നേർ പാതിയായി താഴ്ന്നു. ഇപ്പോൾ 7500 രൂപ പിഴ അടയ്ക്കാൻ ആണ് പുതിയ ഉത്തരവ്. പിഴ പോലും അകാരണം ആണെങ്കിലും താൻ ബസ് ഉപേക്ഷിക്കാൻ തയ്യാറല്ലാത്തതിനാൽ അടുത്ത ദിവസം തന്നെ പിഴ അടയ്ക്കുമെന്നും സിബി വ്യക്തമാക്കി. പക്ഷെ എങ്ങനെ പിഴ നേർ പാതിയായി എന്നത് ഇപ്പോഴും സിബിക്ക് ഉത്തരം കിട്ടാത്ത കടംകഥയാണ്.
ഏതായാലും വകുപ്പിൽ സ്നേഹം ഉള്ള ഉദ്യോഗസ്ഥർ ഉണ്ട് എന്നതിന് തെളിവാണ് ഈ കുറച്ചു കിട്ടിയ പിഴ. കോട്ടയത്തെ ഉദ്യോഗസ്ഥരിൽ പലരും വാർത്ത തനിക്ക് ഷെയർ ചെയ്യാൻ കാട്ടിയ സന്മനസ്സും സിബി നന്ദിയോടെ ഓർക്കുന്നു. ഞങ്ങളാരും കുഴപ്പക്കാരല്ല എന്നറിയുന്നവരാണ് കോട്ടയത്തെ ഓരോ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും എന്ന് കൂടി സിബി പറയുന്നുണ്ട്.
പിഴയ്ക്കുള്ള കാരണം ഇപ്പോഴും അവ്യക്തം
നികുതി അടയ്ക്കാൻ ഉള്ള ഗ്രേസ് പീരിയഡ് ഇപ്പോഴും തനിക്കൊപ്പം ഉണ്ടെങ്കിലും അതൊന്നും കണക്കാക്കാതെയാണ് പെർമിറ്റിന്റെ പേരിലെന്ന തരത്തിൽ ഉഴവൂർ മോട്ടോർ വാഹന ഓഫിസിലെ ഉദ്യോഗസ്ഥൻ സിബിയുടെ ബസിനു മേൽ കുറ്റം ചാർത്തിയിരിക്കുന്നത്. രണ്ടര പതിറ്റാണ്ടായി ഈ റൂട്ടിൽ ബസ് ഓടിക്കുന്ന തനിക്ക് ഒരു സുപ്രഭാതത്തിൽ പെർമിറ്റ് ഇല്ലെന്നു പറഞ്ഞാൽ എങ്ങനെ അതിനോട് പൊരുത്തപ്പെടും എന്നാണ് സിബി ചോദിക്കുന്നത്. എന്നാൽ സർക്കാർ ഇയ്യിടെ എടുത്ത നിലപാട് നടപ്പാക്കുകയാണ് തങ്ങളുടെ ജോലി എന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. കേരളത്തിൽ മുന്നൂറോളം ബസ് ഉടമകൾ നേരിടുന്ന പ്രതിസന്ധി ആയതിനാൽ സർക്കാർ കണ്ണ് തുറക്കും എന്ന് തന്നെയാണ് സിബിയെപ്പോലുള്ള ബസ് ഉടമകൾ കരുതുന്നതും.
രണ്ടു വർഷം കോവിഡ് കാലത്തു വെളിപ്പറമ്പുകളിലും ഗ്രൗണ്ടിലും കിടന്നു നശിച്ചു പോയ ബസുകൾ ലക്ഷങ്ങൾ ചെലവാക്കി വീണ്ടും റോഡിൽ ഇറക്കിയപ്പോൾ സർക്കാർ എന്തിനാണ് ഈ കൊല്ലാക്കൊല ചെയ്യുന്നത് എന്നാണ് സിബിയെ പോലുള്ള ഉടമകൾ ചോദിക്കുന്നത്. എങ്കിൽ കോവിഡിന് ശേഷം പെർമിറ്റ് റദ്ദാക്കിയിരുന്നെങ്കിൽ ഞങ്ങളൊക്കെ അന്ന് തന്നെ ഈ കച്ചവടം അവസാനിപ്പിക്കുമായിരുന്നല്ലോ എന്ന അവരുടെ സങ്കടവും സർക്കാരിന് മുന്നിൽ എത്തുന്നില്ല. ടയറുകൾ മണ്ണിൽ പുതഞ്ഞും പാർട്സുകൾ തുരുമ്പു എടുത്തും നശിച്ചു കിടന്ന ഓരോ ബസും ലക്ഷങ്ങൾ ചെലവിട്ടാണ് ഉടമകൾ വീണ്ടും റോഡിൽ ഇറക്കിയത്.
ഇതൊന്നും മനസാക്ഷിയോടു പൊരുത്തപ്പെട്ട് ആലോചിച്ചാൽ ഇപ്പോൾ ചെയുന്ന പോലുള്ള ശിക്ഷ നടപടികൾ ഉണ്ടാവുകയില്ല എന്നാണ് സിബി സങ്കടത്തോടെയും വൈകാരികതയോടെയും പങ്കുവയ്ക്കുന്നത്. മാത്രമല്ല ബസുകൾ റോഡിൽ ഇറങ്ങാതെ കിടന്ന കാലത്തു പോലും വായ്പ പലിശ ആയി താൻ ഏഴു ലക്ഷം രൂപയാണ് അടച്ചു തീർത്തത് എന്നും സിബി ചൂണ്ടിക്കാട്ടുന്നു. ബസുകൾ പെർമിട് റദ്ദാക്കാൻ ആയിരുന്നു സർക്കാർ ആലോചിച്ചിരുന്നതെകിൽ വായ്പ അടക്കാതെ ബസുകൾ നഷ്ടപ്പെട്ടാൽ പോലും ഇപ്പോൾ നേരിടുന്ന അവസ്ഥ കാണേണ്ടി വരില്ലായിരുന്നു എന്നാണ് പിഴ ശിക്ഷ കുറച്ചു കിട്ടിയ സിബി കൂട്ടിച്ചേർക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കാൻ വകുപ്പിന് പണം ഇല്ലെങ്കിൽ ബസ് ഉടമകളെ എല്ലാ ദിവസവും തടഞ്ഞു നിർത്തി ആയിരക്കണക്കിന് രൂപയുടെ പിഴ നൽകിയാൽ പ്രശാന പരിഹാരം ആകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.