കണ്ണൂര്‍: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം കണ്ടെത്തിയത് ജയില്‍ വകുപ്പിലെ ട്രെനികളുടെ സംശയം. ജയില്‍ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴിസലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രധാന ഉദ്യോഗസ്ഥന്‍ താമസിക്കുന്നത്. രാവിലെ ജയിലിലേക്ക് വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയില്‍ വകുപ്പിന്റെ ട്രെയിനികളാണ് ചില സംശയം ഇദ്ദേഹത്തോട് പങ്കുവയ്ക്കുന്നത്. ജയില്‍ മതിലില്‍ കയറോ തുണിയോ എന്തോ തൂങ്ങി കിടക്കുന്നുവെന്നാണ് ഉദ്യോഗസ്ഥനെ അവര്‍ അറിയിച്ചത്. ഇതോടെ അകത്തു കയറി ആ ഭാഗം പരിശോധിച്ചു. അപ്പോഴാണ് ജയില്‍ ചാട്ടത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞു. പിന്നാലെ ജയിലിനുള്ളില്‍ പരിശോധന നടത്തി. ഇതോടെയാണ് കാണാനില്ലാത്തത് ഗോവിന്ദചാമിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ അന്വേഷണവും തുടങ്ങി.

ജയിലിലെ മതില്‍ കമ്പി പൊട്ടിച്ചാണ് ചാട്ടം. കുറച്ചു ദിവസമായി ജയിലിനുള്ളില്‍ സൈക്കോയെ പോലെയാണ് ഗോവിന്ദചാമി പെരുമാറിയിരുന്നത്. മലം അടക്കം എടുത്ത് മതിലില്‍ തേയ്ക്കുക, ജനലില്‍ കൂടെ മല പുറത്തേക്ക് എറിയുക തുടങ്ങിയ അസാധാരണ പ്രവര്‍ത്തികള്‍ ചെയ്യുമായിരുന്നു. ഇതെല്ലാം കണ്ട് മാനസിക പ്രശ്നങ്ങളെന്ന് അധികാരികള്‍ വിചാരിച്ചു. പക്ഷേ ഇതെല്ലാം ജയില്‍ ചാട്ടത്തിന്റെ തന്ത്രമൊരുക്കലായിരുന്നു. കണ്ണൂരില്‍ നിന്നും അടുത്ത കാലത്ത് മറ്റൊരു കൊടുംകുറ്റവാളിയ്ക്ക് ജയില്‍ മോചനം കിട്ടിയിരുന്നു. കേരളത്തെ ഞെട്ടിച്ച ആ കൊലപാതകി ജയില്‍ മോചിതയായത് അടക്കം ഗോവിന്ദചാമിയെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ സജീവമാണ്.

കണ്ണൂര്‍ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു.

സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെന്‍സിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചുവെന്നാണ് ഇതു നല്‍കുന്ന സൂചന. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

2011 ഫെബ്രുവരിയില്‍ ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേല്‍പിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബര്‍ 11നു തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിര്‍ത്തുകയുമായിരുന്നു.

ഇയാള്‍ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.