പത്തനംതിട്ട: കട്ട സഖാവ് ആയിരുന്നെങ്കിലും വൈദ്യൻ ഭഗവൽ സിങിന് ഇലന്തൂരിലെ കോൺഗ്രസ് നേതൃത്വത്തിന് പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ആയുർവേദ ഫാക്ടറി നിർമ്മാണത്തിനായി ഭഗവൽ സിങിന് പഞ്ചായത്ത് കമ്മറ്റി നൽകിയത് അഞ്ചു ലക്ഷം രൂപയാണ്. ആയുർവേദ മരുന്നു ചെടികൾ വളർത്തി ഇവയിൽ നിന്ന് മരുന്ന് ഉൽപാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിക്കാണ് സാംസൺ മുക്കരണത്ത് പ്രസിഡന്റായിരുന്ന പഞ്ചായത്ത് കമ്മറ്റി പണം അനുവദിച്ചത്.

പക്ഷേ, ഇവിടെ മരുന്നു കമ്പനിയൊന്നുമുണ്ടായില്ല. പകരം തിരുമ്മു കേന്ദ്രം തുടർന്നു. ഈ ഒരു കാരണത്താൽ ഭഗവൽ സിങിനെതിരേ കടുത്ത് പറയാൻ കോൺഗ്രസിന് കഴിയുകയുമില്ല. ഇയാൾക്കെതിരേ സംസ്ഥാന ഇന്റലിജൻസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഏഴു മാസം മുൻപാണ് ഇതു സംബന്ധിച്ച് അന്വേഷണം നടന്നത്. സംസ്ഥാനമൊട്ടാകെയുള്ള മസാജ് സെന്റർ, തിരുമ്മു കേന്ദ്രങ്ങൾ, ആയുവേദവൈദ്യന്മാർ, മർമാണി വൈദ്യർ തുടങ്ങിയവരെപ്പറ്റിയുള്ള നിരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു അന്വേഷണം. അന്ന് ഭഗവൽ സിങിന്റെ ചുറ്റുപാടുകളിലെ ദുരൂഹത സംബന്ധിച്ച് ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്മേൽ തുടർ നടപടിയൊന്നുമായിട്ടില്ല.

വൈദ്യന്റെ വീട്ടിൽ സംശയാസ്പദമായ ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്ന പരിസരവാസികളുടെ അഭിപ്രായം കൂടി മുഖവിലയ്ക്ക് എടുത്തായിരുന്നു റിപ്പോർട്ട്. ഇതിന്മേൽ നടപടി വൈകിയതുകൊലപാതകത്തിന് കാരണമായി എന്നതാണ് വസ്തുത. ഇന്നലെവരെ നാടിന്റെ അഭിമാനമായിരുന്നു ആഞ്ഞിലിമൂട്ടിലെ വൈദ്യന്മാർ എന്നാൽ കൊലപാതക വാർത്ത കാട്ടുതീപോലെ പടർന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഞെട്ടിവിറച്ചിരിക്കുകയാണ് ഇലന്തൂർ ഗ്രാമം. ഇലന്തൂർ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിലാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ ഭഗവൽസിങ്ങിന്റെ തിരുമ്മുകേന്ദ്രം സ്ഥിതിചെയ്യുന്നത്.

ഭഗവൽസിങ്ങും ഭാര്യ ലൈലയും വർഷങ്ങളായി താമസിച്ചുവന്നത് ഇവിടെയാണ്. നാട്ടുകാരോട് ചിരിച്ചുകൊണ്ട് ഇടപെടുന്ന നാട്ടുകാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന സാമൂഹിക പ്രവർത്തകനാണ് നാട്ടുകാരുടെ മനസ്സിൽ ഭഗവൽ സിങ്. സിപിഎം നേതാവ്. ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുമായിരുന്നു. എന്നാൽ ആഭിചാരക്രിയകളുടെ ഭാഗമായി മനുഷ്യക്കുരുതി നടന്ന ഭഗവത് സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലേക്ക് ഡിവൈഎഫ്ഐ. പ്രതിഷേധ മാർച്ച് നടത്തിയെന്നതും വസ്തുതയാണ്.

മൃതശരീരം കുഴിച്ചെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ വഴിയിൽവെച്ചുതന്നെ മാർച്ച് ആറന്മുള പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ. ജില്ലാ വൈസ് പ്രസിഡന്റ് സജിത് പി.ആനന്ദ് മാർച്ചിന് നേതൃത്വം നൽകി. കേരളത്തിൽ നരബലി ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സജിത് പി.ആനന്ദ് പറഞ്ഞു. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാൻ ദേവീ പ്രീതിക്കായി മനുഷ്യക്കുരുതി നടത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഇലന്തൂർ നരബലിക്കേസിലെ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതിക്രൂരമായാണ് രണ്ടു സ്ത്രീകളേയും പ്രതികൾ കൊലപ്പെടുത്തിയതെന്നും മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നീലച്ചിത്രത്തിൽ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്. കിടപ്പുമുറിയിൽവെച്ച് നീലച്ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ച് കൈകാലുകൾ ബന്ധിച്ച് റോസ്ലിനെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു. ഇതിനുശേഷം ജീവനോടെയിരുന്ന റോസ്ലിന്റെ രഹസ്യഭാഗത്ത് ലൈല കത്തി കയറ്റിയശേഷം അതുവലിച്ചൂരി കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഭഗവൽ സിങ്ങ് റോസ്ലിന്റെ മാറിടം അറുത്തുമാറ്റി പ്രത്യേകം സൂക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം മൂന്നുപ്രതികളും ചേർന്ന് മൃതദേഹത്തിൽനിന്ന് കൈകളും കാലുകളും വെട്ടുകത്തികൊണ്ടും മൂർച്ചയുള്ള മറ്റൊരു കത്തികൊണ്ടും അറുത്തും വെട്ടിയും കഷണങ്ങളാക്കിയ ശേഷം പറമ്പിലെ കുഴിയിൽ മറവുചെയ്യുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഒന്നാം പ്രതിയായ ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിക്കാൻ ഉപയോഗിച്ച സ്‌കോർപ്പിയോ കാറും പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ലൈലയുടെയും ഭഗവൽ സിങ്ങിന്റെയും മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും നരബലി കൂടാതെ മറ്റെന്തെങ്കിലും ഉദ്ദേശം പ്രതികൾക്കുണ്ടോ, കൃത്യത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോ തുടങ്ങിയ കാര്യത്തിലെല്ലാം കൂടുതൽ അന്വേഷണം പുരോഗമിക്കുകയായെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളെയും ഒക്ടോബർ 26 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവൽസിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും മറ്റൊരു പ്രതിയായ ലൈലയെ വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.

അതിനിടെ, വിഷാദരോഗിയാണെന്നും ഉയർന്ന രക്തസമ്മർദമുണ്ടെന്നും ലൈല കോടതിയിൽ പറഞ്ഞു. കോടതിയിൽവെച്ച് പ്രതിഭാഗം അഭിഭാഷകനും പൊലീസും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. പ്രതികളെ നേരിട്ടുകണ്ട് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും അഭിഭാഷകനും തമ്മിൽ തർക്കമുണ്ടായത്. പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് എറണാകുളം സെൻട്രൽ അസി. കമ്മീഷണർ സി.ജയകുമാർ കോടതിയിൽ പരാതിപ്പെട്ടു. ഇതോടെ വിഷയത്തിൽ ഇടപെട്ട കോടതി, പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ പ്രതികളുമായി സംസാരിക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശം നൽകി.