- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭഗവൽ സിങിന്റെ പാർട്ടി ബന്ധം സമ്മതിച്ച ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകൾ മൂടി വച്ചുള്ളത്; എങ്കിലും ഇനി സിപിഎമ്മിന് ശ്വാസം വിടാം; അന്ധ വിശ്വാസത്തിനെതിരേ പോഷക സംഘടനകളെ രംഗത്തിറക്കും; മുന്നിട്ടു നിൽക്കുന്നത് പുകസയും ഡി വൈ എഫ് ഐയും; നരബലി വിവാദത്തിൽ നിന്ന് സിപിഎം തല വലിക്കുമ്പോൾ
പത്തനംതിട്ട: ഭഗവൽ സിങ് സിപിഎമ്മിന്റെ സന്തത സഹചാരിയായിരുന്നു. എന്നാൽ, ഏറെ നാളായി ഇദ്ദേഹം സജീവമല്ല, ഭക്തിമാർഗത്തിലായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ഏരിയാ സെക്രട്ടറി പിആർ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞ വാചകമാണിത്. ഇലന്തൂരിലെ നരബലിക്കേസിൽ നിന്ന് തലവലിക്കാനുള്ള സിപിഎം തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രദീപിന്റെ തുറന്നു പറച്ചിൽ എന്നാണിപ്പോൾ വ്യക്തമാകുന്നത്.
നവോഥാനത്തിന്റെ പതാകാ വാഹകരെന്ന് സ്വയം അഭിമാനിക്കുന്ന സിപിഎമ്മിന്റെ നെറുകുന്തലയ്ക്ക് ഏറ്റ അടിയായിരുന്നു ഭഗവൽ സിങിന്റെ വീട്ടിൽ നടന്ന നരബലി. സിപിഎമ്മിന്റെയും കർഷക സംഘത്തിന്റെയും സജീവ പ്രവർത്തകരായിരുന്നു ഭാര്യയും ഭർത്താവും. തെരഞ്ഞെടുപ്പ് കാലത്തും പാർട്ടി പിരിവിനും റാലികൾക്കും സമരങ്ങൾക്കുമെല്ലാം ഭഗവൽ സിങും ലൈലയും മുൻപന്തിയിലുണ്ടായിരുന്നു. ഈ വിവരം നാട്ടുകാർക്ക് എല്ലാം പകൽ പോലെ വ്യക്തമാണ്. സാമൂഹിക മാധ്യമങ്ങളിലും ഭഗവൽ സിങ് നിറഞ്ഞു നിന്നിരുന്നതിനാൽ ഇതൊന്നും നിഷേധിക്കപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സിപിഎം.
സൈബർ സഖാക്കൾക്ക് ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയാത്ത വിധം പിന്നാക്കം പോകേണ്ടി വന്നു. സിപിഎമ്മിന്റെ മുഖം നഷ്ടപ്പെട്ട സംഭവത്തിൽ നിന്ന് തലയൂരാൻ കണ്ട മാർഗമായിരുന്നു ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന. പക്ഷേ, മാധ്യമങ്ങൾക്ക് മുന്നിൽ ഏരിയാ സെക്രട്ടറി പറഞ്ഞത് പച്ചക്കള്ളമായിരുന്നു. ഭഗവൽ സിങിനെ പാർട്ടിയുടെ സജീവ പ്രവർത്തകൻ എന്നു മാത്രമാണ് വിശേഷിപ്പിച്ചത്. ഏറെ നാളായി പാർട്ടിയിൽ സജീവമായിരുന്നില്ല. ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞതോടെ അദ്ദേഹം കർഷക സംഘത്തിലേക്ക് മാറിയെന്നുമാണ് ഏരിയാ സെക്രട്ടറി പിആർ പ്രദീപ് പറഞ്ഞത്.
എന്നാൽ, നിലവിൽ സിപിഎം ലോക്കൽ കമ്മറ്റിയംഗമാണ് ഭഗവൽ സിങ്. മുൻപ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കേരള കർഷകസംഘത്തിന്റെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. വസ്തുത ഇതായിരിക്കേ എങ്ങും തൊടാതെയുള്ള ഒരു പ്രസ്താവനയുടെ സഹായത്തോടെ സിപിഎം തല വലിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിന് ശേഷം പോഷക സംഘടനകളെ ഓരോന്നായി അന്ധവിശ്വാസത്തിനും നരബലിക്കുമെതിരേ ഇറക്കി വിടാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘമാണ് (പുകസ) ആദ്യം രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് തിരുവല്ലയിലും പത്തനംതിട്ടയിലും നാളെ പുറമറ്റത്തും പുകസ പരിപാടിയുണ്ട്. ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്. പുകസയുടെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ചപ്പോൾ ഒരു നാട്ടുകാരൻ ചോദിച്ചതിങ്ങനെ: നിങ്ങളുടെ താത്വികാചാര്യൻ തന്നെ നരബലി നടത്തി, എന്നിട്ട് നിങ്ങൾ തന്നെ അതിനെതിരേ പ്രതിഷേധവും സംഘടിപ്പിക്കുന്നു. നിങ്ങൾക്ക് ഉളുപ്പ് എന്നൊന്നില്ലേ?
എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ കേസിലെ പ്രതി ഭഗവൽ സിങ് പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ ഇടതുപക്ഷ പ്രവർത്തകനുമെന്ന് നാട്ടുകാർ ഇപ്പോഴും പറയുന്നു. ഇലന്തൂരിലെ പരമ്പരാഗത തിരുമ്മൽ വൈദ്യനും നാട്ടുകാർക്കിടയിൽ വലിയ സ്വീകാര്യനുമായിരുന്നു ഇയാളെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവൽ സിങ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്.
നാട്ടുകാർക്കിയിൽ വലിയ സ്വീകര്യനായിരുന്നു ഭഗവൽ സിങ്. തിരുമ്മൽ ചികിത്സക്ക് വേണ്ടി ആളുകൾ ഇയാളെതേടി നിരന്തരം എത്താറുണ്ടായിരുന്നു. വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്‌കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവൽ സിങ് ആദ്യഭാര്യയിൽ നിന്നും 15 വർഷം മുൻപ് വിവാഹമോചനം നേടി. ഇപ്പോൾ ഭഗവൽ സിങിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയായിരുന്നു. ഹൈക്കു കവിതകളെഴുതുന്ന ഇയാൾ ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.
സെപ്റ്റംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. രണ്ട് സ്ത്രീകളെയാണ് ഭഗവൽ സിങും ഭാര്യയും കൊച്ചി പെരുമ്പാവൂർ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.