പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ പ്രധാന പങ്കാളിയായ ലൈലയെ കുറിച്ച് നാട്ടിൽ അത്ര നല്ല അഭിപ്രായമില്ല. പ്രണയദാഹിയായ ലൈലയ്ക്ക് ഒരു പാട് മജ്നുമാർ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. അൽപ്പസ്വൽപ്പം ചുറ്റിക്കളി കൂടുതലുണ്ടായിരുന്നുവെങ്കിലും അത് ഇത്ര വലിയ ഒരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

അറുപതിനടുത്ത് പ്രായം വരും ലൈലയ്ക്ക്. ആദ്യ വിവാഹം പ്രണയ സാഫല്യമായിരുന്നു. പഠിക്കാൻ പോയ വഴിയുണ്ടായ പ്രണയം. പത്തനംതിട്ട മുസ്ലം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തിൽ കലാശിച്ചു. പ്രണയം കൊടുമ്പിരിക്കൊണ്ട് വിവാഹത്തിലെത്തിയപ്പോൾ ഇലന്തൂർ ഇടപ്പരിയാരത്തെ പേരു കേട്ട പ്ലാവിനാൽ കുടുംബാംഗമായ ലൈല വീട്ടിൽ നിന്ന് പുറത്തായി. രണ്ടു സഹോദരന്മാരുമുണ്ട് ലൈലയ്ക്ക്. ഒരാൾ വിദേശവാസം കഴിഞ്ഞ് കുടുംബവുമായി സസുഖം നാട്ടിൽ ജീവിക്കുന്നു. മറ്റൊരാൾ മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്. അവിവാഹിതൻ. കാഷായവും ധരിച്ച് ഭക്തിയും നിഷ്ഠയുമൊക്കെയായി ഇപ്പോൾ കുടുംബവീട്ടിൽ കഴിയുന്നു.

വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി. മണിക്കൂറുകളോളം പ്രാർത്ഥിക്കുന്ന ശീലമുണ്ടായിരുന്നു. കടുത്ത വിശ്വാസിയുമായിരുന്നു. ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണശേഷമാണ് ഭഗവൽ സിങുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നത്. ആദ്യ വിവാഹത്തിൽ ഭഗവൽ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനും ഉണ്ടായി. പിതാവിന്റെ വഴി പിന്തുടർന്ന് വൈദ്യനാകാൻ മകൻ ശ്രമം നടത്തിയിരുന്നു. ഇതിനായി കുറേക്കാലം ആറന്മുളയിലൊരിടത്ത് കളരി പരിശീലിക്കാൻ പോയിരുന്നു. പിന്നീട് ജോലി തേടി വിദേശത്തേക്ക് പോയി. നിലവിൽ ഭഗവൽ സിങിന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്.

ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നിലധികം ആൾക്കാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. അതു കാരണം തന്നെ ഇവരുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഭഗവൽ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോൾ തന്നെ ഇത്തരം ചുറ്റിക്കളികൾ ഇവർ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവൽ സിങിന് മുന്നിൽ വന്ന് ഷാഫിയും ലൈലയും ലൈംഗിക ബന്ധം പുലർത്തിയിരുന്നതാണ് മൊഴി ലഭിച്ചുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. ആഭിചാര ക്രിയകളും അസാന്മാർഗിക വാദികളും ഒന്നിച്ചപ്പോഴാണ് കേരളം നടുങ്ങിയ നരബലി ഉണ്ടായതെന്ന് വേണം മനസിലാക്കാൻ.

കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിൽ ഒരോ നിമിഷവും കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളം അത്രയൊന്നും കേട്ടിട്ടില്ലാത്ത നരബലി കേസിന്റെ ചുരുളഴിയുമ്പോൾ പ്രതികളുടെ കൊടും ക്രൂരത കൂടിയാണ് വെളിച്ചത്ത് വരുന്നത്. ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ നോട്ടമിട്ട് വാഗ്ദാനം നൽകിയാണ് ഇവർ നരബലിക്ക് ഇരകളാക്കിയത്. ലോട്ടറി വിറ്റു നടന്ന റോസ്‌ലിക്ക് പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവർ കൂടെക്കൂട്ടിയത്. പെരുമ്പാവൂരുകാരനായ ഷാഫിയാണ് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

ഷാഫിയുടെ വാഗ്ദാനമായ 10 ലക്ഷത്തിൽ വീണ റോസ്ലിയായിരുന്നു ഇവരുടെ ആദ്യത്തെ ഇര. ലോട്ടറി വിൽപ്പനക്കാരിയായ റോസ്ലി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഇവരുടെ കൂടെ കൂടിയത്. എന്നാൽ ഇവരുടെ സങ്കേതത്തിൽ കൊടും പീഡനമാണ് റോസ്ലിക്ക് നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ആക്രമണം. ഭഗവത് സിങാണ് റോസ്ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീടാണ് ലൈല കത്തികൊണ്ട് ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആദ്യം റോസ്ലിയുടെ കഴുത്തിൽ ലൈല കത്തി കുത്തിയിറക്കുകായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്.

രാത്രി മുഴുവൻ റോസ്‌ലിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീടിന് മുന്നിൽ തന്നെ കുഴിച്ചിടുകയായിരുന്നു ചെയ്തത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയെങ്കിലും ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും വീണ്ടുമൊരു നരബലി നടത്തിയാലേ ഐശ്വര്യം ലഭിക്കു എന്നു കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയെ തേടിയത്. അങ്ങനെയാണ് പ്രതികൾ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. റോസ്‌ലി നേരിട്ടതിന് സമാനമായ പീഡനം തന്നെയാണ് പത്മയും നേരിട്ടത്.