പത്തനംതിട്ട: പ്രവാസ ജീവിതത്തിൽ സമ്പാദിച്ചത് മുഴുവൻ സർക്കാർ വകുപ്പുകളുടെ വാക്കു കേട്ട് വ്യവസായം തുടങ്ങാൻ ചെലവഴിച്ച പ്രവാസി ആത്മഹത്യയുടെ വക്കിൽ. മകളുടെ വിവാഹത്തിനും മറ്റുമായി കരുതി വച്ച പണമെടുത്ത് മത്സ്യകൃഷി നടത്താൻ പോയ ഇലന്തൂർ പരിയാരം പൂക്കോട് സ്വദേശി മധുസൂദനനാണ് വെള്ളത്തിലായത്. മകളുടെ വിവാഹം അനിശ്ചിതമായി നീണ്ടത് അടക്കമുള്ള ബുദ്ധിമുട്ട് നേരിട്ടു മധുസൂദനൻ. നിരവധിപ്പേർക്ക് തൊഴിൽ നൽകിയ മധു ഇന്ന് ജീവിക്കാൻ വേണ്ടി തൊഴിലാളിയുടെ വേഷം കെട്ടേണ്ട ഗതികേടിലാണ്.

സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രലോഭനത്താലാണ് മധു മൽസ്യ കൃഷി തുടങ്ങാൻ തീരുമാനിച്ചത്. സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും എല്ലാ അനുമതിയും വാങ്ങിയാണ് കൃഷി തുടങ്ങിയത്. സംരംഭം വിജയിക്കുമെന്ന് അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെയാണ് ആസൂത്രിതമായി ഒരു വിഭാഗം നീക്കം തുടങ്ങിയത്. ഇവർ മത്സ്യഫാമിനെതിരേ സർക്കാരിനും പഞ്ചായത്തിനും പരാതി നൽകി. ഇത് അന്വേഷിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടേയിരുന്നു. എല്ലാ അന്വേഷത്തിലും അനുമതി തുടർന്നു. അപ്പോഴേക്കും ഭീഷണിയും ആരംഭിച്ചു. സാമൂഹിക വിരുദ്ധർ ഫാമിന് സമീപം താവളമടിച്ചു. പ്രളയത്തിന്റെ മറവിൽ കുളത്തിലേക്ക് മട വീഴ്‌ത്തി. ഇത് വലിയ നഷ്ടത്തിന് കാരണമായി.

സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേർന്നാണ് മധുസൂദനൻ ജനകീയ മത്സ്യകൃഷി നടത്തിയത് മല്ലപ്പുഴശേരി പഞ്ചായത്തിൽ മുല്ലശേരി ചിറയിലായിരുന്നു കൃഷി. ദീർഘനാൾ വിദേശത്ത് ജോലി ചെയ്ത് കുടുംബം സുരക്ഷിതമാക്കാനുള്ള സമ്പാദ്യവുമായാണ് മധുസുദനൻ തിരികെ എത്തിയത്. പിന്നീട് രണ്ട് പതിറ്റാണ്ടായി കാർഷിക വൃത്തിയിലേർപ്പെടുകയും മികച്ച കർഷകനുള്ള നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. നല്ല നിലയിൽ ജീവിച്ചിരുന്ന ഈ കർഷകൻ ഏതാനും വർഷം മുൻപ് മല്ലപ്പുഴശേരി പഞ്ചായത്ത് 4.5 ഏക്കറോളം വരുന്ന ചിറയിൽ മത്സ്യ കൃഷി ആരംഭിച്ചതോടെയാണ് ശനിദശ ആരംഭിച്ചത്.

മാലിന്യവും മദ്യക്കുപ്പികളും നിറഞ്ഞ്, കാട് പടർന്ന് കിടന്ന ചിറ 30 ലക്ഷത്തോളം രുപ ചെലവിൽ നവീകരിച്ച ശേഷം ഇവിടേക്ക് അരലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. അവ അതിവേഗം വളരുകയും പെറ്റുപെരുകുകയും ചെയ്തു. സംരംഭം നല്ല ലാഭത്തിലാകും എന്ന് വന്നതോടെ, സമീപവാസികളായ ഏതാനും പേർ ഒരു യുക്തിക്കും നിരക്കാത്ത കാരണങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചു. പലപ്പോഴും അധികാരികളും അവർക്കൊപ്പം ചേർന്നതോടെ മധുസുദനൻ ഒറ്റപ്പെട്ടു.

ചിറക്കു ചുറ്റും സംരക്ഷണത്തിനായി സ്ഥാപിച്ച കമ്പിവേലികളുടെ ഉയരം നിർബന്ധിച്ച് കുറച്ചു. 300 മുട് പാഷൻ ഫ്രൂട്ടും പച്ചക്കറി കൃഷികളും നീക്കം ചെയ്യിച്ചും അധികൃതരും പ്രളയത്തിന്റെ മറവിൽ ചിറക്ക് മട വീഴ്‌ത്തി സാമൂഹിക വിരുദ്ധരും തങ്ങളാലാവും വിധം ഉപദ്രവം തുടർന്നു. ചിറയിൽ മട വീഴ്‌ത്തിയതിലൂടെ മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. നിലവിൽ ചിറയിൽ ശേഷിക്കുന്ന മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്താനും ചിലർ തടസം സൃഷ്ടിക്കുന്നു. തങ്ങളുടെ കൂട്ടരല്ലാതെ ആരെയും ഇവിടെ മത്സ്യകൃഷി നടത്താൻ അനുവദിക്കില്ലെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞതായും മധുസൂദനൻ പറഞ്ഞു.

മകളുടെ വിവാഹത്തിന് മാറ്റി വച്ചിരുന്ന പണമാണ് കുളം വൃത്തിയാക്കാൻ എടുത്തത്. ഇത് കാരണം വിവാഹം രണ്ടു വർഷത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നു. നിരവധി തൊഴിലാളികൾക്ക് ജോലി കൊടുത്തിരുന്ന മധു ഇപ്പോൾ ഡിടിഎച്ച് ഫിറ്റ് ചെയ്യുന്ന ജോലിയെടുത്താണ് വരുമാനം കണ്ടെത്തുന്നത്.