- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മൃതദേഹ കച്ചവടവും; അഗതി മന്ദിരങ്ങളില്‍ നിന്ന് അനധികൃതമായി മൃതദേഹങ്ങള്‍ വാങ്ങാന്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍; മരിക്കുന്നതിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ പ്രത്യേക സംഘങ്ങള്‍; അനധികൃത കച്ചവടങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ സാമൂഹികനീതി വകുപ്പ്
സംസ്ഥാനത്ത് മൃതദേഹ കച്ചവടവും
തിരുവനന്തപുരം: സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ മരിക്കുന്ന ബന്ധുക്കളില്ലാത്ത വയോധികരുടെ മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിന് വില്‍ക്കുന്നതായി ആരോപണം. നിലവിലെ നിയമപ്രകാരം മൃതദേഹം വില്‍ക്കാനുള്ള അനുവാദം സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് നല്‍കിയിട്ടുള്ളത്. മൃതദേഹം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ നിയമ വിരുദ്ധമായി അഗതി മന്ദിരങ്ങളെ സമീപിക്കുന്നത്. രോഗബാധിതരായ അന്തേവാസികള്‍ മരിക്കുന്നതിന് മുന്‍പ് സ്വകാര്യ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഉറപ്പിക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം. അനധികൃതമായി മൃതദേഹ കച്ചവടം നടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സാമൂഹ്യനീതി വകുപ്പ്.
സംസ്ഥാനത്ത് 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും 21 സ്വകാര്യ മെഡിക്കല്‍ കോളേജുകളുമാണുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1755 എംബിബിഎസ് സീറ്റുകളും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഏകദേശം 3000 എംബിബിഎസ് സീറ്റുകളുമുണ്ട്. കുറഞ്ഞത് 150 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ഒരു മെഡിക്കല്‍ കോളേജിലുള്ളത്. പത്തുപേര്‍ക്ക് അനാട്ടമി പഠിക്കാന്‍ ഒരു മൃതദേഹം വേണ്ടിവരും. ഒരുവര്‍ഷം ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് 15 മൃതദേഹം പഠിക്കാനായി വേണ്ടിവരും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയില്‍ കഴിയുന്ന അജ്ഞാതരായ രോഗികള്‍ മരിച്ചാല്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി വിട്ടുനല്‍കും. കൂടാതെ, സമ്മതപത്രം ഒപ്പിട്ടു നല്‍കിയവര്‍ മരിച്ചാല്‍ ബന്ധുക്കളുടെകൂടി അനുവാദത്തോടെ മൃതദേഹം ലഭിക്കും. എന്നാല്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ലഭിക്കാറില്ല. സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ അവര്‍ക്ക് മൃതദേഹം കൈപ്പറ്റാനാകൂ.
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ രണ്ടായിരത്തിലേറെ അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലെ അന്തേവാസികളില്‍ ഭൂരിഭാഗവും അനാഥരായ വയോധികരാണ്. ഇവര്‍ മരിച്ചു കഴിഞ്ഞാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കേണ്ടത്. രേഖകളില്‍ തിരിമറി കാട്ടി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് മൃതദേഹം വില്‍ക്കാന്‍ ചില ജീവനക്കാര്‍ സഹായിക്കുന്നതായി സംശയമുണ്ട്. ഇത്തരത്തിലുള്ള സംശയം ചൂണ്ടിക്കാട്ടി സാമൂഹ്യനീതി വകുപ്പിന് ചില പരാതികള്‍ ലഭിച്ചിരുന്നു. അതിന്‍െ്റ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് പോലീസിനോട് ആവശ്യപ്പെടാനാണ് വകുപ്പ് ഒരുങ്ങുന്നത്. ഇതിന്‍െ്റ ഭാഗമായി നിശ്ചിത കാലയളവില്‍ മരിച്ച അന്തേവാസികളുടെ എണ്ണവും അവരുടെ സംസ്‌കാരം നടത്തിയ വിവരങ്ങളും ശേഖരിക്കും.
2008 മുതലാണ് മൃതദേഹം കൈമാറ്റം ചെയ്യാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിനുമുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് എങ്ങനെയാണ് മൃതദേഹങ്ങള്‍ കിട്ടിയെന്നത് ഇന്നും അജ്ഞാതമായ വിഷയമാണ്. അതു പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. രണ്ടായിരത്തോടു കൂടിയാണ് കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ എട്ടുവര്‍ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ച മൃതദേഹങ്ങള്‍ എവിടെ നിന്നു ലഭിച്ചെന്നാണ് ചോദ്യമുയരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്നതാണോ, ബന്ധുക്കള്‍ പഠനത്തിനു വിട്ടുനല്‍കിയതാണോയെന്നതു സംബന്ധിച്ച് വ്യക്തമായ രേഖകളും ലഭ്യമല്ല. ഹൈക്കോടതിയിലെ നീണ്ട നിയമപോരാട്ടവും നിയമസഭയിലടക്കം വിഷയം ഉന്നയിച്ചതിന്റെയും തുടര്‍ച്ചയായാണ് 2008 ല്‍ മൃതദേഹം കൈമാറുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നത്.
2008 മുതല്‍ കഴിഞ്ഞ വര്‍ഷംവരെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങള്‍ നല്‍കിയ വകയില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത് 3.66 കോടി രൂപയാണ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ 1122 അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് നല്‍കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ കൈമാറിയത്, 599 എണ്ണം. പരിയാരം മെഡിക്കല്‍ കോളേജ് (166), തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് (157), കോഴിക്കോട് മെഡിക്കല്‍ കോളേജ് (99) എന്നിവയാണ് പിന്നില്‍.