- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും; ഉരുവച്ചാലിൽ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സിനെതിരെ നടപടി വേണമെന്ന ഓംബുഡ്സ്മാൻ വിധിയും അട്ടിമറിച്ചു; ചെറുമഴ പെയ്താൽ പോലും വെള്ളത്തിൽ മുങ്ങി ഉരുവച്ചാൽ ടൗൺ; ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാതെ യാത്രക്കാർ വലയുന്നു
കണ്ണൂർ: മട്ടന്നൂർ നഗരസഭയിൽ അനധികൃത കൈയേറ്റങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുമ്പോഴും നഗരസഭാ അധികൃതർ കണ്ണടയ്ക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. ഈ വിഷയത്തിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ വിധി പോലും നടപ്പിലാക്കാൻ നഗരസഭാ സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും അമാന്തം കാണിക്കുകയാണെന്നാണ് ആരോപണം.
ഓവുചാലിന് മുകളിൽപ്പോലും അനധികൃതനിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിൽ പ്രത്യക്ഷത്തിൽ തന്നെ ആർക്കും കാണാവുന്ന വിധത്തിലുള്ള നിയമലംഘനമാണ് നടന്നിട്ടുള്ളത്. ഓവുചാലും റോഡും കൈയേറിയതുകാരണം യാത്രക്കാർക്ക് നടന്നുപോകാനോ ബസ് കാത്തുനിൽക്കാനോ ഇവിടെ സ്ഥലമില്ലാതെയായിരിക്കുകയാണ്. കടവരാന്തകളിലും മറ്റുമാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ശിവപുരം, മുഴക്കുന്ന് ഭാഗങ്ങളിൽ പോകുന്നതിന് ബസ് കാത്തുനിൽക്കുന്നത്.
ഓവുചാലും റോഡും കൈയേറിയതുകാരണം ഉരുവച്ചാലിൽ ചെറിയ മഴയിൽ പോലും കനത്ത വെള്ളക്കെട്ടാണുണ്ടായിരിക്കുന്നത്. വാഹനങ്ങളും കാൽനടയാത്രക്കാരും മുട്ടോളം വെള്ളത്തിൽ മുങ്ങി വേണം ഈറോഡിലൂടെ സഞ്ചരിക്കാൻ. മട്ടന്നൂർ നഗരസഭയിലെ പഴശി വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഉരുവച്ചാൽ. ഇവിടെ റീസർവേ നമ്പർ 56-1,56-2 എന്നിവടങ്ങളിൽ ഉൾപ്പെട്ട ഉരുവച്ചാൽ ടൗണിലെ ചില വാണിജ്യകെട്ടിടങ്ങളായ ഷോപ്പിങ് കോംപ്ളക്സുകളിൽ അനധികൃത നിർമ്മാണം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഉരുവച്ചാൽ സ്വദേശിയായ പത്മാനിവാസിൽ പി. പത്മനാഭൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനിൽ കഴിഞ്ഞ 12.04.2023-ൽ പരാതി നൽകിയിരുന്നു.
ജസ്റ്റിസ് പി. എസ് ഗോപിനാഥൻ പരാതി ഫയലിൽ സ്വീകരിക്കുകയും മട്ടന്നൂർ നഗരസഭാ സെക്രട്ടറിയോടും ബിൽഡിങ് ഇൻസ്പെക്ടർ, അിസി. എൻജിനിയർ, കെട്ടിട ഉടമയും സി.പി. എം നേതാവുമായ കാരക്കണ്ടി ഹൗസിൽ പി.സുരേഷ്ബാബു എന്നിവരെ എതിർകക്ഷികളാക്കി കേസെടുക്കുകയും ചെയ്തിരുന്നു. നഗരഭസഭാ സെക്രട്ടറി നൽകിയ റിപ്പോർട്ടിലും അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡു കൈയേറി നിർമ്മിച്ച ഷോപ്പിങ് കോംപ്ളക്സിന്റെ റൂഫുകളും അനധികൃതമായി കൂട്ടിച്ചേർത്ത കെട്ടിടഭാഗങ്ങളും ക്രമവൽക്കരിക്കാൻ( പൊളിച്ചു മാറ്റാൻ) ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു.
പാർക്കിങ് ഏരിയ അടച്ചുകെട്ടിയതുൾപ്പെടെയുള്ള ഗുരുതരമായ കൈയേറ്റങ്ങൾ കെട്ടിടത്തിന്റെ ഭാഗമായി നടത്തിയെന്നു പരാതിക്കാരൻ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാൻ അനുകൂല വിധിപുറപ്പെടുവിപ്പിച്ചത്. എന്നാൽ വിധി നടപ്പാക്കുന്നതിൽ നഗരസഭാ സെക്രട്ടറി നാലുമാസത്തെ സാവകാശം ചോദിച്ചതു അംഗീകരിച്ചുവെങ്കിലും രണ്ടുമാസം പിന്നിട്ടിട്ടും ഇതിന്റെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. മട്ടന്നൂർ നഗരസഭയിലെ സി.പി. എം നേതാക്കളിലൊരാളാണ് പി.സുരേഷ്ബാബു.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ളക്സിലാണ് അനധികൃത നിർമ്മാണവും കൈയേറ്റവും നടന്നത്. രാഷ്ട്രീയ സ്വാധീനം വെച്ചുകൊണ്ടു സി.പി. എംഭരിക്കുന്ന മട്ടന്നൂർ നഗരസഭാ അധികൃതർ അനധികൃത കെട്ടിടനിർമ്മാണങ്ങളെ സാധൂകരിക്കുകയാണെന്ന ആരോപണം ജനങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. സി. പി. എം മട്ടന്നൂർ ഏരിയാ നേതാവായ സുരേഷ്ബാബു മാത്രമല്ല മറ്റു പലരും മട്ടന്നൂർ നഗരത്തിലും ഉരുവച്ചാൽ പോലുള്ള മറ്റു ചിലയിടങ്ങളിലും അനധികൃത കെട്ടിടനിർമ്മാണവും റോഡു കൈയേറ്റവും നടത്തിയിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് റോഡരികിൽ വൻകെട്ടിടസമുച്ചയങ്ങൾ ഉയരുന്നത്.
വിമാനത്താവളം വന്നതോടെ മട്ടന്നൂർ, ഉരുവച്ചാൽടൗണുകൾ ഏറെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഈസാഹചര്യത്തിലാണ് അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റണമെന്ന ഓംബുഡ്സ്മാൻ കോടതി വിധി പോലും അട്ടിമറിക്കപ്പെടുന്നത്.മട്ടന്നൂർ നഗരസഭയിലെ സ്ഥിരം അപകടമേഖലകളിലൊന്നാണ് ഉരുവച്ചാൽ. ഇനിയെങ്കിലും ഇവിടെയുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ വൻ അപകടങ്ങളും ജീവഹാനിയുമുണ്ടായേക്കാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പ്.




