പാലോട്: പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്തത് അഭിജിത്തുമായി വിവാഹം നടന്ന നാല് മാസം തികയുമ്പോള്‍. പെണ്‍കുട്ടിയെ അഭിജിത്ത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോകുകയായിരുന്നു. അതിന് ശേഷം ഇന്ദുജയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്ദുജയും അഭിജിത്തും പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ക്ഷേത്രത്തില്‍ വെച്ച് കല്യാണം കഴിഞ്ഞതായി ബോധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ദുജയുടെ മാതാപിതാക്കള്‍ക്ക് മകള്‍ക്ക് പ്രണയമുണ്ടായിരുന്നതായോ, കല്യാണം കഴിഞ്ഞതായോ അറിവില്ലായിരുന്നു. അതേസമയം ഇവര്‍ തമ്മില്‍ കല്യാണം കഴിഞ്ഞു എന്നതിന് നിയമപരമായ രേഖകള്‍ ഇല്ലെന്നുമാണ് ഇന്ദുജയുടെ ബന്ധുക്കള്‍ ഇപ്പോള്‍ പറയുന്നത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇന്ദുജയെ വീട്ടില്‍ നിന്നും അഭിജിത് കൊണ്ടു പോയത്.

പഠനത്തിലും മിടുക്കിയായിരുന്ന ഇന്ദുജ ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയതും മികച്ച മാര്‍ക്ക് നേടിയാണ്. ജോലി ചെയ്യുന്നതിനിടെ അഭിജിത്തുമായി പരിചയത്തിലാവുകയായിരുന്നു. വിവാഹ ശേഷം ഇന്ദുജയുടെ മാതാപിതാക്കളുമായി അഭിജിത്തിന്റെ വീട്ടുകാര്‍ നല്ല ബന്ധത്തിലായിരുന്നില്ല. ആലങ്കുഴി സ്വദേശിയായ അഭിജിത് നെടുമങ്ങാട് കാര്‍ ഷോറൂമിലെ ജീവനക്കാരനാണ്. പഠനം കഴിഞ്ഞ് ഒന്നര വര്‍ഷം ഇന്ദുജയും നെടുമങ്ങാട് ആണ് ജോലി ചെയ്തിരുന്നത്. ശേഷമാണ് തിരുവനന്തപുരം വഞ്ചിയൂരിലുള്ള ത്രിവേണി ആയുര്‍വേദ ആശുപത്രിയിലേക്ക് മാറിയത്. 2 മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍തൃഗൃഹത്തില്‍ പീഡനം നേരിടുന്നതായി ഇന്ദുജ മാതാപിതാക്കള്‍ക്ക് സൂചന നല്‍കിയിരുന്നു. ഒരാഴ്ച്ച മുന്‍പ് അച്ഛന്റേയും അമ്മയുടേയും വീട്ടില്‍ വന്നപ്പോള്‍ മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം ചോദിച്ചെങ്കിലും ഇന്ദുജ വ്യക്തമായ മറുപടി നല്‍കിയില്ല. ശേഷം ഭര്‍തൃഗൃഹത്തിലേക്ക് മടങ്ങിയ ഇന്ദുജ വിവാഹം നടന്ന് നാല് മാസം തികഞ്ഞ് അടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇത് കുടുംബം അംഗീകരിക്കുന്നില്ല

ഇന്ദുജയെ അഭിജിത്ത് കൊന്നതാണെന്ന് അച്ഛന്‍ ശശിധരന്‍ കാണി പറയുന്നു. മകളെ ഭര്‍തൃമാതാവ് അംഗീകരിച്ചിരുന്നില്ല. കെട്ടിത്തൂക്കി കൊന്നുവെന്ന് അച്ഛന്‍ പറയുന്നു. കൊലപാതകത്തിന് കേസെടുക്കണമെന്നാണ ആവശ്യം. മകള്‍ക്ക് വന്ന കല്യാണാലോചനകളെല്ലാം അഭിജിത് ഫോണിലൂടെ മുടക്കി. അതിന് ശേഷം അവളെ കൊണ്ടു പോകുകയായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്. ചേച്ചി ആത്മഹത്യ ചെയ്യില്ലെന്നും ഇതിലും വലിയ അനുഭവങ്ങള്‍ ചേച്ചി മറികടന്നതാണെന്നും സഹോദരനും പറയുന്നു. കല്യാണം കഴിഞ്ഞ് നാലുമാസമായെങ്കിലും രണ്ടു തവണ മാത്രമാണ് അതിന് ശേഷം വീട്ടില്‍ വന്നത്. രണ്ടാം തവണ മുഖത്ത് നീരടക്കമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെ കുറിച്ച് അന്ന് ചേച്ചി പറഞ്ഞുവെന്ന് സഹോദരനും പറയുന്നു.

ഇന്ദുജയുടേയും അഭിജത്തിന്റേയും വിവാഹത്തിന് ഇരുവീട്ടുകാരും എതിരായിരുന്നു. അമ്പലത്തില്‍ വച്ചു താലിചാര്‍ത്തിയെങ്കിലും ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതേസമയം, അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയില്‍ ബെഡ്‌റൂമിലെ ജനലില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയുടെ മരണം. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് വ്യക്തമായെന്നാണ് പോലീസ് പറയുന്നത്.

ഇതിന് പിന്നാലെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഇന്ദുജ വലിയ പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ദുജയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താന്‍ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.