- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാന്‍ജോയുടെ മരണത്തെ തുടര്‍ന്ന് ഐറിഷ് മലയാളികള്‍ നല്‍കിയത് 30 ലക്ഷത്തോളം രൂപ; നോമിനിയായി പേര് വന്നത് ഭാര്യ ആയതിനാല്‍ ഗോ ഫണ്ട് വഴി സ്വരൂപിച്ച പണത്തെ കുറിച്ചും ആരോപണം; പണം റിലീസ് ചെയ്യരുതെന്ന് ഗോ ഫണ്ടിനും പരാതി; അംഗീകൃത ചാരിറ്റികളുടെയും സംഘടനകളുടെയും ആവശ്യകത വര്‍ധിക്കുന്ന സാഹചര്യം; തര്‍ക്ക സാഹചര്യത്തില്‍ മുഴുവന്‍ പണവും സംഭാവന നല്‍കിയവരിലേക്ക് തന്നെ മടങ്ങി പോയേക്കുമെന്നും സൂചനകള്‍
ഐറിഷ് മലയാളികള്‍ നല്‍കിയത് 30 ലക്ഷത്തോളം രൂപ; നോമിനി ഭാര്യ ആയതിനാല്‍ ഗോ ഫണ്ട് വഴി സ്വരൂപിച്ച പണത്തെ കുറിച്ചും ആരോപണം

ലണ്ടന്‍: അയര്‍ലണ്ടിലെ ഫിന്‍ഗളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സാന്‍ജോയുടെ മരണത്തിനു ഒരു മാസം പ്രായമെത്തുമ്പോഴും, മരണ ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്ക്. ഇന്നലെ സാന്‍ജോയുടെ നാടായ കര്‍ണാടകയിലെ കബടയില്‍ ജനങ്ങള്‍ കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനൊപ്പം ഭാര്യ ലീഷ്മയും ഐറിഷ് മലയാളി സച്ചിന്‍ മണിമല ചെറിയാനും ചേര്‍ന്ന് നടത്തിയ ഗോ ഫണ്ട് അപ്പീലും വിവാദത്തിലേക്ക് നീങ്ങുകയാണ്. ഗോ ഫണ്ട് അപ്പീല്‍ വഴി 20,000 യൂറോയിലേറെയും പള്ളിക്കാരുടെയും മറ്റും ശ്രമഫലമായി മറ്റൊരു 10000 യൂറോയും ലഭിച്ചെന്നാണ് പ്രചാരണം. ഇതില്‍ പള്ളിക്കാരുടെ ഭാഗത്തു ലഭിച്ച തുകയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും ഗോ ഫണ്ട് വഴി ലഭിച്ച തുകയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്. സാന്‍ജോയുടെ മൃതദേഹം എത്തിക്കാന്‍ ഒന്‍പതു ലക്ഷം രൂപ ചിലവായി എന്ന് കുടുബത്തിനു ലഭിച്ച വിവരമാണ് ഇപ്പോള്‍ വിവാദങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കുന്നത്.
സാന്‍ജോയുടെ മരണത്തെ തുടര്‍ന്ന് ഭാര്യ ആരോപണ നിഴലില്‍ ആയതും പബ്ലിക് ഫണ്ട് കളക്ഷനില്‍ ഭാര്യ തന്നെ നോമിനി ആയതുമാണ് വിവാദങ്ങള്‍ ഇപ്പോള്‍ ആളിക്കത്തിക്കുന്നത്. മരണത്തില്‍ ആരോപണം നേരിടുന്നവര്‍ തന്നെ ആ മരണം വഴി സമാഹരിച്ച തുക കൈകാര്യം ചെയ്യുന്നതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്ലോഗര്‍മാരും മറ്റും ആരോപണ വഴിയില്‍ എത്തിച്ചിരിക്കുന്നത്. ഇതേക്കുറിച്ചുള്ള ആശങ്ക കുടുംബം മുന്‍പേ തന്നെ മറുനാടന്‍ മലയാളിയെ അറിയിച്ചിരുന്നെങ്കിലും ഭാര്യയോ ഗോ ഫണ്ടിന് മുന്‍കൈ എടുത്ത സച്ചിന്‍ എന്ന ഐറിഷ് മലയാളിയോ കുടുംബത്തെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ സാവകാശം ലഭിക്കട്ടെ എന്ന ധാരണയിലാണ് ഈ വിവരങ്ങള്‍ പുറത്തു വിടാതിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞതിനാല്‍ ഇപ്പോള്‍ പണ സംബന്ധമായ ആരോപണവും പൊതു സമൂഹം അറിയാന്‍ വൈകരുത് എന്നതിനാലാണ് ആക്ഷേപം മറുനാടന്‍ മലയാളി വായനക്കാരിലേക്കും എത്തുന്നത്.
പരാതികള്‍ എത്തിയതോടെ ഗോ ഫണ്ട് തന്നെ ഡബ്ലിനിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ തയ്യാറാകും എന്നാണ് ഗോ ഫണ്ട് കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് നല്‍കിയ ഇമെയില്‍ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാന്‍ജോയുടെ കുടുംബത്തിനോ പണം നല്‍കിയ ആര്‍ക്കും ഇതേ വിധത്തില്‍ അന്വേഷണ ഏജന്‍സികളുടെ സഹായം തേടാമെന്നും അത് ഇത്തരത്തില്‍ ഉള്ള ഫണ്ട് പിരിവുകളിലെ തിരിമറികള്‍ അവസാനിപ്പിക്കാന്‍ സഹായകമാകും എന്നാണ് ഗോ ഫണ്ട് അധികൃതര്‍ എടുക്കുന്ന നിലപാട്. ആരോപണം വലിയ തര്‍ക്കത്തിലേക്ക് പോയാല്‍ എത്തിയ പണം മുഴുവന്‍ സംഭാവന നല്‍കിയവരിലേക്ക് തിരികെ പോകും എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഗോ ഫണ്ടില്‍ നിന്നും ഇത് സംബന്ധിച്ച് കൃത്യമായ മറുപടി ഈ ഘട്ടത്തില്‍ ലഭ്യമായിട്ടില്ല.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഗോ ഫണ്ട് കൈമാറരുതെന്നും പരാതി
മരണത്തിന്റെ ആദ്യ നാളുകളില്‍ സൃഷ്ടിക്കപ്പെട്ട ഞെട്ടലില്‍ മലയാളി സമൂഹം മനസറിഞ്ഞു നല്‍കിയ 21 ലക്ഷത്തിലേറെ രൂപ സമാഹരിക്കപ്പെട്ടത് ഗോ ഫണ്ട് പ്ലാറ്റ്ഫോമിലൂടെയാണ്. ഇതിനൊപ്പം നാട്ടിലും പള്ളികാര്യങ്ങളില്‍ സജീവമായിരുന്ന സാന്‍ജോയ്ക്ക് വേണ്ടി അയര്‍ലണ്ടിലെ പള്ളി വിശ്വാസികളും കൈകോര്‍ക്കാന്‍ തയ്യാറായി. ഇതോടെ വലിയൊരു തുകയാണ് സാന്‍ജോ മരണ ഫണ്ടിലേക്ക് സമാഹരിക്കപ്പെട്ടത്. എന്നാല്‍ യൂറോപ്പില്‍ എവിടെ നിന്നും നാട്ടില്‍ ഒരു മൃതദേഹം എത്തിക്കാന്‍ ഏകദേശം നാലു ലക്ഷം രൂപ മാത്രമാണ് ചിലവെന്നിരിക്കെ സാന്‍ജോയുടെ വീട്ടുകാര്‍ ധരിപ്പിക്കപ്പെട്ടത് ഒന്‍പതു ലക്ഷം രൂപ അതിനായി ചിലവായി എന്നാണ്. അതായത് ഒറ്റയടിക്ക് അഞ്ചു ലക്ഷം രൂപ ഫണ്ടില്‍ നിന്നും ആവിയായി. എന്നിട്ടും അവശേഷിച്ച തുക ആര്‍ക്ക് കൈമാറും എന്നതിന് യാതൊരു നിശ്ചയവും ഉണ്ടായിട്ടില്ല. സാന്‍ജോയ്ക്ക് നാട്ടിലെ വീട് പണിയുമായി ബന്ധപ്പെട്ട ബാങ്ക് ലോണ്‍ ഇപ്പോഴും ബാക്കി ആയതിനാല്‍ മാതാപിതാക്കള്‍ക്ക് ആ കടം വീട്ടാന്‍ എങ്കിലും ഐറിഷ് മലയാളികളുടെ പിന്തുണ സഹായകമായി മാറണം എന്നാണ് പണം നല്‍കിയവരില്‍ നല്ല പങ്കും ചിന്തിക്കുന്നത്.
എന്നാല്‍ ധന സമാഹരണത്തിനു മുന്നില്‍ നിന്നവരും നോമിനിയായി പേര് ചേര്‍ക്കപ്പെട്ട സാന്‍ജോയുടെ ഭാര്യ ലീഷ്മയും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഗോ ഫണ്ടില്‍ കളക്ട് ചെയ്യപ്പെട്ട പണം നോമിനിയായ ലീഷ്മയ്ക്ക് കൈമാറരുത് എന്നാവശ്യപ്പെട്ട് ഗോ ഫണ്ട് കണ്‍ട്രി മാനേജര്‍ക്ക് അയര്‍ലന്‍ഡ് മലയാളികള്‍ ഇപ്പോള്‍ പരാതികള്‍ നല്‍കിയിരിക്കുകയാണ്. ഈ പരാതികളുടെ കോപ്പി ബ്രിട്ടീഷ് മലയാളിക്കും ലഭ്യമായിട്ടുണ്ട്. ഇതോടെ പണം കൈമാറ്റം തടയപ്പെടാന്‍ സാധ്യതയേറി. ഒരു പക്ഷെ നീണ്ട നിയമ നടപടികളിലേക്കും ഈ ധനസഹായ വിവാദം നീണ്ടു പോയേക്കാനും സാധ്യതയുണ്ട്. സാന്‍ജോയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഭാര്യ ഇപ്പോഴും നാട്ടില്‍ തന്നെയാണ്. എന്നാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് പള്ളിയിലും മറ്റും എത്താനായില്ല എന്നാണ് കബഡയില്‍ നിന്നും ലഭ്യമാകുന്ന വിവരം.
എന്തുകൊണ്ട് ഈ വിവാദം? സ്വകാര്യ ഫണ്ട് പിരിവുകളില്‍ നിയന്ത്രണമില്ലാത്തത് അനാവശ്യ വിവാദങ്ങളിലേക്ക് എത്താന്‍ പ്രധാന കാരണം
ഗോ ഫണ്ടില്‍ ആവശ്യമുള്ളതിന്റെ പല മടങ്ങു പണം എത്താന്‍ കാരണമായത് വളരെ സെന്‍സിറ്റീവ് ആയ സാഹചര്യത്തിലാണ് സാന്‍ജോയുടെ മരണം സംഭവിച്ചത് എന്നത് കൊണ്ടാണ്. ആവശ്യമുള്ളതിന്റെ പല മടങ്ങ് പണം ജനം സഹായമായി നല്‍കിയതിനാല്‍ അധിക പണത്തെ പറ്റി അന്നുമുതല്‍ വിവിധ തലങ്ങളില്‍ അടക്കം പറച്ചിലുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഗോ ഫണ്ട് പോലെയുള്ള പ്ലാറ്റ്ഫോമുകളില്‍ ആവശ്യം കഴിഞ്ഞാല്‍ പൊടുന്നനെ ഫണ്ട് പിരിവ് നിര്‍ത്താന്‍ സാഹചര്യം ഇല്ലാത്തതും അത്തരം അപേക്ഷ നല്‍കാന്‍ ഫണ്ട് പിരിവിന് ഇറങ്ങുന്നവര്‍ തയ്യാറല്ലാത്തതും പ്രധാന പോരായ്മയാണ്.
ഈ സാഹചര്യത്തിലാണ് മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പോലെയുള്ള അംഗീകൃത ചാരിറ്റി സംഘടനകളുടെ ആവശ്യകത പ്രവാസി സമൂഹത്തില്‍ ആവശ്യമായി മാറുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ ഫണ്ട് എത്തിയാല്‍ 24 മണിക്കൂറിനകം അപ്പീല്‍ അവസാനിപ്പിക്കുന്നതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രധാന പോളിസി. ഇതിനൊപ്പം അധികമായി എത്തുന്ന പണം കുടുംബത്തിന്റെ സാഹചര്യം പരിഗണിച്ച് ആശ്രിതരായി മാറുന്നവര്‍ക്ക് അവരവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചു വീതിച്ചു നല്‍കുവാനും പലപ്പോഴും കഴിഞ്ഞിട്ടുണ്ട്.
മലയാളി സംഘടനകള്‍ നടത്തുന്ന ഇത്തരം ധന സമാഹരണത്തിലും ഇതിനു സാധിക്കും. കാരണം പണം കൈകാര്യം ചെയ്യുന്നത് ഒരു വ്യക്തി അല്ല എന്നതിനാല്‍ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇട നല്‍കാത്ത വിധം തീരുമാനം എടുക്കാന്‍ അത്തരം കൂട്ടായ്മകളിലൂടെ എത്തുന്ന തീരുമാനങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഗോ ഫണ്ട് പോലെയുള്ള പ്ലാറ്റ്ഫോമില്‍ സഹായ ധനം ആവശ്യപ്പെടുന്നത് ഒരു വ്യക്തി ആയതിനാല്‍ അവരെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തതും പണം അധികമായി കാണുമ്പോള്‍ സാധാരണ പല മനുഷ്യര്‍ക്കും ഉചിതമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ പോകുന്നതും ഒക്കെ ഇത്തരം പബ്ലിക് ഫണ്ട് റൈസിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രധാന പോരായ്മയാണ്. ഇത്തരം വിവാദങ്ങള്‍ കാണുന്ന ജനം ഭാവിയില്‍ സഹായം നല്‍കുന്നതിന് പോലും മടിച്ചു നില്‍ക്കും എന്നതും അര്‍ഹരായവര്‍ക്ക് സഹായം കിട്ടാനുള്ള തടസമായി മാറുകയും ചെയ്യും.


