- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐഎസിന്റെ പഴയ പ്രതാപം മങ്ങി ആറുവർഷത്തിന് ശേഷവും ആറംഗ കുടുബം അടക്കം എട്ടുപേർ കൂടി യെമനിൽ എത്തിയെന്ന രഹസ്യവിവരം; വടക്കൻ കേരളത്തിൽ നിരീക്ഷണം ശക്തമാക്കുമ്പോൾ ദീർഘനാളായി ഗൾഫിലേക്കും മറ്റും പോയി മടങ്ങാത്തവരെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ അന്വേഷണം; പലരും തിരിച്ചെത്തിയില്ലെന്ന് സൂചന
കണ്ണൂർ: തൃക്കരിപ്പൂരിൽ കാണാതായ കുടുംബമുൾപ്പടെ ഐ എസിലേക്ക് ചേർന്നിട്ടുണ്ടെന്ന തെളിവുലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും ദീർഘകാലമായി ഗൾഫിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും പോയി മടങ്ങിവരാത്തവരെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണമാരംഭിച്ചു. ജില്ലയിലെ പൊലിസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്.
കണ്ണൂർ സിറ്റി, പഴയങ്ങാടി, തലശേരി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം നടത്തുന്നത്്. അഞ്ചോ അതിലധികമോ വർഷമായി വിദേശത്തു കുടുംബമായോ അല്ലാതെയോ കഴിയുന്നവരെ കുറിച്ചുള്ള വിവരവും തനിയെ പോയി മടങ്ങി എത്താത്തവരെ കുറിച്ചുള്ള വിവരങ്ങളുമാണ് തേടുന്നത്. തീവ്രവാദ സംഘടനയായ ഐ. എസിൽ ചേരാൻ തൃക്കരിപ്പൂർ ഉദിനൂരിലെ കുട്ടികൾ ഉൾപ്പെടെയുള്ള ആറംഗകുടുംബവും പടന്ന സ്വദേശികളായ രണ്ടു പേരും യെമനിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് വടക്കൻ കേരളത്തിൽ നിരീക്ഷണം ശക്തമാക്കിയത്.
ദുബായിൽ താമസിക്കുന്നതിനിടെയാണ് കുടുംബത്തെ ദുരൂഹസാഹചര്യത്തിൽ കാണാതാവുന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ആദ്യം ആറംഗ കുടുംബത്തെ കുറിച്ചുള്ള വിവരമായിരുന്നു ലഭിച്ചിരുന്നത്. പിന്നീടാണ് പടന്ന സ്വദേശികളായ രണ്ടു പേരും കൂടി യെമനിൽ എത്തിയതായി വിവരം ലഭിക്കുന്നത്. വർഷങ്ങളായി ദുബൈയിലായിരുന്ന കുടുംബം സൗദി അറേബ്യ വഴിയാണ് യെമനിലെത്തിയതെന്നാണ് വിവരം.
ഇവരെ കൂടാതെ പടന്ന വടക്കേപ്പുറം സ്വദേശികളായ രണ്ടു പേരിൽ ഒരാൾ സൗദിവഴിയും മറ്റൊരാൾ ഒമാനിൽ നിന്നുമാണ് പോയത്. കഴിഞ്ഞ ദിവസം കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ഉദുമയിലും പടന്നയിലുമെത്തി ഇവരുടെ കുടുംബാംഗങ്ങളിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതിനായി ഇവർ വരുംദിനങ്ങളിലും എത്തുമെന്നാണ് സൂചന.
ഇതിനിടെയാണ് വടക്കെ മലബാറിലെ ജില്ലകളായ കണ്ണൂരും കാസർകോട്ടും ഐസ് റിക്രൂട്ട്മെന്റ് കൂടുതൽ സജീവമാകുന്നതായി വിവരം ലഭിച്ചത്. ഈ ജില്ലകളിൽ നിന്നും ദുബൈയിലേക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടു പോകുന്നവരെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ദുബൈയിൽ വച്ചാണെന്നാണ് വിവരം.2016-ൽ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ നിന്നും നാലു കുടുംബങ്ങളുൾപ്പെടെ 21 പേർ തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിരുന്നു.
തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിലാണ് കാബൂൾ വഴി ഭൂരിഭാഗം പേരും യെമനിലേക്ക് പോയത്. ഇവരിൽ ഏഴുപേർ മലയിടിക്കിലുണ്ടായ അക്രമണത്തിൽ കൊല്ലപ്പെട്ടതായി പിന്നീട് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഇതിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒൻപതു പേർ കഴിഞ്ഞ രണ്ടു വർഷമായി അഫ്ഗാൻ ജയിലിലാണെന്ന വിവരവുമുണ്ട്. എന്നാൽ ഇവരിൽ രണ്ടു പേർ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. ആറുവർഷത്തിനു ശേഷം എട്ടുപേർകൂടി യെമനിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ആശങ്കയിലാണ്.




