തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐറില്‍ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതില്‍ പ്രതികരണവുമായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്തു വന്നിരുന്നു. 2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ കാലം മുതല്‍ അല്ല. 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണമെന്നും തന്ത്രിയെ ഉന്നം വെച്ച് പത്മകുമാര്‍ വിമര്‍ശിച്ചു. തിരുവനന്തപുരം കാരേറ്റ് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ആരാണ് ശബരിമലിയലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഗോഡ് ഫാദര്‍ എന്ന ചര്‍ച്ച പല തലത്തില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ജലഹള്ളിയിലേക്ക് പത്മകുമാര്‍ വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്ത്രിയില്‍ വ്യക്തത വരുന്നത്.

ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര് ആണ്. അതായത് രാജീവര് എന്ന തന്ത്രിയ്‌ക്കെതിരെയാണ് പത്മകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്നതാണ് സൂചന. ജലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ വെബ് സൈറ്റില്‍ രാജീവര് ആണ് തന്ത്രിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2007ലും കണ്ഠരര് രാജീവര് ആയിരുന്നു തന്ത്രി എന്നാണ് ലഭ്യമായ വിവരം. ഇക്കാര്യത്തില്‍ രാജീവര് പ്രതികരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ആലപ്പുഴയിലെ കീഴ് ശാന്തിയുടെ സഹായിയായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 2007ല്‍ ശബരിമലയില്‍ എത്തിയത്. ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനാണ് ഉണ്ണികൃഷ്ണ്‍ പോറ്റിയെന്നാണ് പത്മകുമാര്‍ പറയുന്നത്. അങ്ങനെ എങ്കില്‍ സ്വര്‍ണ്ണ കടത്ത് അന്വേഷണം പലതലങ്ങളിലേക്ക് പോകും. തന്ത്രിയെ പ്രതിക്കൂട്ടിലാക്കും വിധം വലിയ ആരോപണമാണ് പത്മകുമാര്‍ ഉന്നയിക്കുന്നത്. ജലഹള്ളിയില്‍ ഉണ്ണികൃഷ്ണ്‍ പോറ്റി ജോലി ചെയ്തിരുന്നോ എന്നതിന് സ്ഥിരീകരണം നല്‍കേണ്ടത് ക്ഷേത്ര ഭരണ സമിതിയും രാജീവരും ആണ്. ഏതായാലും പത്മകുമാര്‍ പറയുന്ന ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി രാജീവര് ആണെന്ന് വ്യക്തം.

നേരത്തെ സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരണവുമായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് രംഗത്തു വന്നിരുന്നു. സ്വര്‍ണം പൊതിഞ്ഞ കവചങ്ങളായിരുന്നു ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നതെന്ന് കണ്ഠരര് രാജീവര് പറഞ്ഞു. വെറും ചെമ്പ് ഒരിടത്തും വെയ്ക്കാറില്ല. സംഭവത്തില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതാണ്. കോടതിയില്‍ വിശ്വാസമുണ്ട്. സത്യം തെളിഞ്ഞുവരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം മറുപടി നല്‍കി. 2019ല്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ല. നവീകരണത്തിന് തന്റെ അനുമതി തേടി കത്തുതന്നിരുന്നു. കേടുപാടുകള്‍ പറ്റിയാല്‍ അറ്റകുറ്റപ്പണികള്‍ നടത്താം. അതിനാല്‍ അനുവാദം കൊടുത്തു. പക്ഷേ, പുറത്തുകൊണ്ടുപോവുന്ന കാര്യത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അവിടെവെച്ച് നവീകരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തേ പരിചയമുണ്ട്. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയുമായിരുന്നില്ല. ശബരിമലയില്‍ ശാന്തിയുടെ കൂടെ അഞ്ചെട്ടുവര്‍ഷം നിന്നിട്ടുള്ള ആളാണ്. ആ പരിചയമുണ്ട്. എല്ലാ മാസവും അവിടെ വരാറും തൊഴാറുമുണ്ട്. അങ്ങനെ വന്നപ്പോള്‍ കല്യാണത്തിന്റെ കാര്യമൊക്കെ ചോദിച്ചപ്പോള്‍ അദ്ദേഹത്തെയും ക്ഷണിച്ചിട്ടുണ്ട്. അതല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ചുള്ള മറ്റു പശ്ചാത്തലങ്ങളൊന്നും അറിയില്ലെന്നാണ് തന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് പത്മകുമാറിന്റെ ഒളിയമ്പ് എത്തുന്നത്.

താന്‍ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ പത്മകുമാര്‍ പറഞ്ഞു. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്റെ കാലത്ത് ശബരിമലയില്‍ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥന്‍ വീട് പൂട്ടിപ്പോയശേഷം വീട്ടില്‍ മോഷണം നടന്നാല്‍ അതിന് വീട്ടുടമസ്ഥന്‍ ഉത്തരം പറയേണ്ട അവസ്ഥപോലെയാണിത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ തന്റെ കാലത്ത് തന്റെ ഭാഗത്തുനിന്നോ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. മാധ്യമങ്ങളല്ലാതെ ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. വീഴ്ചയുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെയെന്നും എഫ്‌ഐആറിനെക്കുറിച്ച് അറിയില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് എന്നാണ് സൂചന. ശബരിമലയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ആരുടെയും പേര് എഫ്‌ഐആറിലില്ല. എ പത്മകുമാര്‍ പ്രസിഡന്റാായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ശങ്കര്‍ ദാസ്, കെ .രാഘവന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

ശബരിമലയിലെ സ്വര്‍ണ തട്ടിപ്പില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസമാണ് ദേവസ്വം നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ദ്വാരപാലക ശില്‍പ പാളികളിലെയും ശ്രീകോവിലിന്റെ വാതില്‍ പടിയിലെയും സ്വര്‍ണ്ണം കവര്‍ന്നതിനാണ് കേസ്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാംപ്രതി. 2019 ലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെടെ ആകെ 10 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് ' അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന വകുപ്പും ഉടന്‍ ചുമത്തും. ആറാഴ്ചയ്ക്കകം അന്വേഷണം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവ്.