- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി പ്രസംഗം തുടങ്ങിയതിന് പിന്നാലെ ആൾക്കാർ ഓരോന്നായി സ്ഥലം വിട്ടു; അഞ്ചു മിനുട്ടു കൊണ്ട് പ്രസംഗം തീർത്ത് അനിഷ്ടം അറിയിച്ച് മുഖ്യമന്ത്രി; കോന്നിയിലെ നവകേരള സദസ് സംഘാടനത്തിനെതിരേ ജനീഷ് കുമാറിനോട് പൊട്ടിത്തെറിച്ചുവെന്നും റിപ്പോർട്ട്; പ്രതിസന്ധിയായത് സിപിഎം വിഭാഗിയതയോ?
കോന്നി: മണ്ഡലത്തിലെ നവകേരള സദസ് സംഘാടനത്തിലെ വീഴ്ചയ്ക്കെതിരേ കെയു ജനീഷ് കുമാർ എംഎൽഎയ്ക്കെതിരേ പിണറായി വിജയൻ പൊട്ടിത്തെറിച്ചുവെന്ന് റിപ്പോർട്ട്.
കെഎസ്ആർടിസി മൈതാനിയിൽ നടന്ന നവകേരള സദസിൽ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതിന് പിന്നാലെ സദസിൽ നിന്നുള്ളവർ കൂട്ടത്തോടെ കൊഴിഞ്ഞു പോകാൻ തുടങ്ങി. സദസ് വേഗം കാലിയാകുന്നത് കണ്ട് ക്ഷുഭിതനായ പിണറായി അഞ്ചു മിനുട്ടിൽ താഴെ പ്രസംഗം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു. ഇതിനിടെയാണ് സ്ഥലം എംഎൽഎ ജനീഷ്‌കുമാറിനെതിരേ അദ്ദേഹം പൊട്ടിത്തെറിച്ചത്. സംഘാടനത്തിലെ പിഴവുകളോടുള്ള അതൃപ്തിയാണ് പിണറായി പ്രകടിപ്പിച്ചത്.
അതേസമയം, കോന്നിയിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് ആളു കുറയാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനീഷ്‌കുമാർ പാർട്ടി സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് ജനീഷ് കുമാർ ഏറെ നാളായി കോന്നിയിൽ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്ക് ജനീഷിന്റെ നടപടികളിൽ അമർഷമുണ്ട്. പക്ഷേ, മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരൻ എന്ന നിലയിൽ ജനീഷ് ഇവരെയെല്ലാം വെല്ലുവിളിച്ച് മുന്നോട്ടു പോവുകയാണ്.
മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച കരിയാട്ടം ജനീഷ് ഷോ മാത്രമായി ചുരുങ്ങി. സിപിഎം ഏരിയാ സെക്രട്ടറിയെ അടക്കം പരിപാടിയിൽ നിന്നൊഴിച്ചു നിർത്തി. ജില്ലാ സെക്രട്ടറിക്കും കൂട്ടർക്കും വേണ്ട പ്രാധാന്യം കൊടുത്തില്ല. ഇതിന് പകരം ഇഎംഎസ് പാലിയേറ്റീവ് കെയറിന്റെ പരിപാടി കോന്നിയിൽ തന്നെ സംഘടിപ്പിക്കുയാണ് സിപിഎം ജില്ലാ നേതൃത്വം ചെയ്തത്. ജനീഷിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുമില്ല. പരിപാടി നടക്കുന്ന ദിവസം എംഎൽഎ വിദേശത്തായിരുന്നു.
പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് ജനീഷിന് ഇപ്പോൾ വിനയായത്. പിണറായിയുടെ അപ്രീതിക്ക് പാത്രമായത് എംഎൽഎയ്ക്ക് തിരിച്ചടിയാകും. എന്നാൽ, കോന്നിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഗവർണർക്കെതിരേ തീപ്പൊരി പ്രസംഗം നടത്തി ശ്രദ്ധ നേടിയിരുന്നു. ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും പദവിയെ മാനിക്കുന്നുവെന്നുമാണ് റിയാസ് പ്രസംഗിച്ചത്. പിണറായിക്ക് അനഭിമതനായ ജനീഷിനെ റിയാസ് രക്ഷിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്