കൊച്ചി: പ്രമുഖ ജൂവലറി സ്ഥാപനമായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ജോയ് ആലുക്കാസ് വർഗീസിന് കൈവിട്ട് പോകുന്നതിൽ അഭിമാനമായി കൊണ്ടു നടന്ന വീടും. പ്രവാസി പദവി നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യയിൽ വർഷത്തിൽ അധികവും ജോയ് ആലുക്കാസ് താമസിക്കാറില്ല. ദിവസങ്ങൾ മാത്രമേ തൃശൂരിൽ ഉണ്ടാകാറുള്ളൂ. അപ്പോൾ താമസിക്കാൻ വേണ്ടിയുണ്ടാക്കിയതാണ് അമ്പതിനായിരം സ്‌ക്വയർ ഫീറ്റുള്ള തൃശൂരിലെ വീട്. ആ വീടാണ് ജോയ് ആലുക്കാസിന് നഷ്ടമാകുന്നത്. ഹവാല ഇടപാടിന്റെ പേരിലാണ് എല്ലാം പോകുന്നത്.

തൃശൂർ ശോഭാ സിറ്റിക്ക് അടുത്തുള്ള കൊട്ടാരമാണ് വീട്. അതിന് അകത്തേക്ക് ആർക്കും അങ്ങനെ പ്രവേശിക്കാനാകില്ല. വലിയ മതിലുണ്ട്. ജീവനക്കാരുടെ എണ്ണം പോലും ആർക്കും അറിയില്ല. ഡൈനിങ് ഹാൾ നടന്നു കാണാൻ തന്നെ മണിക്കൂറുകൾ വേണം. തൃശൂരിലെ സൗരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരു ഏക്കർ സ്ഥലം വാങ്ങിയാണ് കൃഷി നടത്തുന്നത്. പഴയ രാഗം തിയേറ്റർ. 25000 കോടിയുടെ ആസ്തിയുണ്ട്. ഈ ശതകോടീശ്വരന്റെ വീടാണ് ഇഡി കണ്ടുകെട്ടുന്നത്. ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും വാർത്തയാണ്. എന്നാൽ കേരളത്തിലെ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും വാർത്ത മുക്കി. വന്നിടത്തെല്ലാം ചെറിയ വാർത്തയായി. സുപ്രഭാതത്തിലും മെട്രോ വാർത്തയിലും മംഗളത്തിലും മാത്രമാണ് വാർത്തയുള്ളത്. സുപ്രഭാതത്തിൽ ഒന്നാം പേജിലും വാർത്തയുണ്ട്. ഇഡി ഔദ്യോഗികമായി സ്വത്ത് കണ്ടു കെട്ടിയത് പത്രക്കുറിപ്പായി കൊടുത്തു. എന്നിട്ടും ആരും വാർത്തയാക്കിയില്ല.

ഞെട്ടുന്ന വിസ്മയങ്ങളുമായാണ് ജോയ് ആലുക്കാസ് മാൻഷൻ തൃശൂരിൽ തല ഉയർത്തി നിന്നത്. 52,000 സ്‌ക്വയർഫീറ്റ് വിസ്തൃതി, 220 അടി നീളമുള്ള റാംപ്, 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള, 200 പേർക്കിരിക്കാവുന്ന പ്രാർത്ഥനാമുറി,,,,ഒറ്റനോട്ടത്തിൽ വിദേശത്തെ ഏതോ കെട്ടിടമാണെന്ന് തോന്നും. ഗൾഫിലുള്ള ഏതൊരു മലയാളിക്കും തോന്നുന്നതുപോലെ ജോയ് ആലുക്കാസിനും തോന്നി, നാട്ടിലൊരു വീടു വേണമെന്ന്. വീടെന്നോ വില്ലാന്നോ വിളിച്ചാൽ ഉഷാറാവില്ല, അതുകൊണ്ട് പേരിൽ 'മാൻഷൻ' എന്ന് പേരിട്ടു. ഡിസൈനിനെപ്പറ്റി ആലോചിച്ചപ്പോൾ കലക്കനൊരു റാംപ് ആണ് മനസ്സിൽ ആദ്യം വന്നത്. ചില്ലറ റാംപ് ഒന്നുമല്ല. 220 അടിയാണ് നീളം. ഒരു വശത്ത് 400 അടി നീളത്തിലും 40 അടി പൊക്കത്തിലും കനത്തിലൊരു ഭിത്തി. മറുഭാഗത്ത് പല ലെവലിലുള്ള പുൽത്തകിടി. റാംപിലൂടെ വണ്ടികൾക്ക്, മുകളിലെ ഹെലിപാഡ് പോലുള്ള എൻട്രൻസിലെത്താം. വിദേശത്തുനിന്നു പറന്നിറങ്ങിയ കാറുകൾ അവിടെ നിരന്നു കിടക്കും-ഈ വീടാണ് ഇഡി കൊണ്ടു പോയത്.

ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഹവാല വഴി ഇന്ത്യയിൽ നിന്ന് വൻതുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇനി ജോയ് ആലുക്കാസിന് എന്ത് സംഭവിക്കുമെന്നതാണ് നിർണ്ണായകം. 350 കോടി പോയതു കൊണ്ടൊന്നും തകരുന്ന ബിസിനസ്സുകാരനല്ല ജോയ് ആലുക്കാസ്. അതുകൊണ്ടാണ് മലയാള മാധ്യമങ്ങളും ഇഡി റെയ്‌ഡൊന്നും വാർത്തയാക്കാത്തത്.

കണ്ടുകെട്ടിയവയിൽ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. തൃശൂർ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് പത്രക്കുറിപ്പ് പറയുന്നു. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ അടക്കമാണ് മറ്റു കണ്ടുകെട്ടിയ ആസ്തികൾ. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡ് വിവരം പുറത്തെത്തിയത് മറുനാടനിലൂടെയാണ്.

പരിശോധനയിൽ ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു. ഈ ഹവാല ഇടപാടിലൂടെ ലഭിച്ച പണം പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജൂവലറി എൽഎൽസി, ദുബായിൽ നിക്ഷേപിച്ചു. ഇത്തരത്തിൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വർഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷൻ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കണ്ടുകെട്ടിയ ആസ്തികളിൽ ഏറ്റവും മൂല്യമുള്ളത് ആലുക്കാസ് ഗ്രൂപ്പിന്റെ ഓഹരികൾക്കാണ്. ഗ്രൂപ്പിന്റെ 217. 81 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കണ്ടുകെട്ടിയത്. മൊത്തം 1,500 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം. 770.38 കോടി രൂപയാണ് പെയ്ഡ് അപ് ക്യാപിറ്റൽ. ജോയ് ആലുക്കാസ് വർഗീസ്, ജോൺ പോൾ ജോയ് ആലുക്കാസ് എന്നിവരുൾപ്പെടെ ആറ് ഡയറക്ടർമാരാണുള്ളത്.

2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ റിപ്പോർട്ട് പ്രകാരം മുൻ സാമ്പത്തിക വർഷം ജോയ് ആലുലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 500 കോടി രൂപയിൽ കൂടുതലാണ്. കമ്പനിയുടെ ആസ്തി 40.58 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കമ്പനിയുടെ നികുതിക്ക് മുമ്പുള്ള വരുമാനം 28.80 ശതമാനമാണ് വർദ്ധിച്ചത്. കമ്പനിയുടെ മൊത്തം ആസ്തിയിൽ 19.41 ശതമാനം വർധനയുണ്ടായപ്പോൾ കമ്പനിയുടെ ബാധ്യതകൾ 8.85 വർദ്ധിച്ചു. കടം/ഓഹരി അനുപാതം 0.63 ശതമാനമാണ്. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 500 കോടി രൂപയിലധികമാണ്. ഇത്തരമൊരു സ്ഥാപനമാണ് ഇഡിയുടെ കണ്ണിലെ കരടാകുന്നത്.