തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കെ ജയകുമാറിന്റെ പരിഷ്‌കരണ മോഹവമൊന്നും നടക്കില്ല. മുന്‍ പ്രസിഡന്റ് പ്രശാന്തിന്റെ അടുപ്പക്കാര്‍ തന്നെ ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും തുടരും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ജയകുമാറിന് പേഴ്‌സണല്‍ സ്റ്റാഫ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായ പോലെയായി കാര്യങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റിനായി ഒപ്പിട്ട് വാങ്ങേണ്ടത് പേഴ്‌സണല്‍ സെക്രട്ടറിയാണ്. നിലവിലെ സാഹചര്യത്തില്‍ പല വിജിലന്‍സ് റിപ്പോര്‍ട്ടുകളും ഇനി വെളിച്ചെ കാണില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം അനുകൂല സംഘടകനള്‍ എതിര്‍ത്തിട്ടും മന്ത്രി വിഎന്‍ വാസവിന്റെ പിടിവാശിയാണ് വിജയിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള അന്വേഷണം എന്‍ പ്രശാന്തിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് നടപടികള്‍. 2025ലെ ദ്വാരപാലക ശില്‍പ്പ കേസ് അന്വേഷണം അട്ടിമറിക്കാനും ഫയല്‍ നീക്കങ്ങള്‍ അറിയാനും കൂടിയാണ് ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മന്ത്രി ഓഫീസ് ഇടപെടല്‍ നടത്തിയത്. ഏത് പ്രസിഡന്റ് വന്നാലും പേഴ്‌സണല്‍ സ്റ്റാഫ് മാറുന്നത് പതിവാണ.് കെ ജയകുമാറിനെ നിയമിച്ചപ്പോള്‍ അത് അട്ടിമറിക്കപ്പെടുന്നു.

തിരുവല്ലം ക്ഷേത്രത്തിലെ അന്നദാന തട്ടിപ്പ്, അച്ചന്‍ കോവില്‍ അഴിമതി, മലയാലപുഴയിലെ സസ്‌പെന്‍ഷനിടെ ഉയര്‍ന്ന സ്ത്രീ പീഡനം അങ്ങനെ പല വിഷയങ്ങളില്‍ കുടുങ്ങിയവരുണ്ട്. ഈ അന്വേഷണത്തില്‍ പ്രതിയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് ഈ നിയമനങ്ങള്‍. ഏറെ പ്രതീക്ഷയാണ് ജയകുമാറിന്റെ നിയമനം വിശ്വാസികള്‍ക്ക് നല്‍കിയത്. ദേവസ്വം സംവിധാനത്തെ അടിമുടി ഉടച്ചു വാര്‍ക്കുമെന്നും വിലയിരുത്തലുകളെത്തി. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമാകുകയാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനം. ദേവസ്വം ബോര്‍ഡില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ ഇനി പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതി വേണം എന്നും തീരുമാനമുണ്ട്. അതായത് എല്ലാ അര്‍ത്ഥത്തിലും അജണ്ട പ്രസിഡന്റ് നിശ്ചയിക്കും. ഫലത്തില്‍ ഇതെല്ലാം പേഴ്‌സണല്‍ സെക്രട്ടറിയുടെ കൈയ്യിലൂടെയാകും കടന്നു പോവുക. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിലെ ഓരോ നീക്കവും സര്‍ക്കാര്‍ സംവിധാനത്തിന് അറിയാനാകും. സിപിഎം അനുകൂല സംഘടനയുടെ എതിര്‍പ്പുള്ളവര്‍ക്ക് മന്ത്രി ഓഫീസില്‍ സ്വാധീനം ഏറെയാണ്. ഇത് തന്നെയാണ് പുതിയ ഉത്തരവിലും നിറയുന്നത്. അതയാത് പ്രതിസ്ഥാനത്തുള്ളവരുടെ കൈയ്യില്‍ ദേവസ്വം ബോര്‍ഡ് ഭരണം തുടരും. ദേവസ്വം ബോര്‍ഡിലെ നന്തന്‍കോട്ടെ ആസ്ഥാനത്തില്‍ പല അഴിമതിക്കാരുമുണ്ട്. ഇവരാണ് ദേവസ്വം ഭരണം അട്ടിമറിക്കുന്നതെന്ന ആക്ഷേപം സജീവമാണ്. ജയകുമാര്‍ തലപ്പത്ത് എത്തുമ്പോഴും അതിന് മാറ്റമുണ്ടാകുന്നില്ല.

ശബരിമല തീര്‍ത്ഥാടന കാലത്ത് ഉണ്ടായ തിരക്കില്‍ ജയകുമാര്‍ ചില അഭിപ്രായ പ്രകടനം നടത്തിയിരുന്നു. തിരക്കു കൊണ്ട് ഭയന്നുവെന്നതായിരുന്നു ആ നിരീക്ഷണം. ഇത് സര്‍ക്കാരിന് പിടിച്ചിരുന്നില്ല. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതൊന്നും പാടില്ലെന്നും ജയകുമാറിനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ക്രമീകരണം പാളിയില്ലെന്ന് ജയകുമാര്‍ പറയുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളിലോ, തീര്‍ഥാടക നിയന്ത്രണത്തിലോ പാളിച്ചയില്ല. സ്പോട്ട്ബുക്കിങ് മുഖേന കൂടുതലാളുകള്‍ എത്തിയതിനാലാണ് ചൊവ്വാഴ്ച തിരക്കുണ്ടായത്. വ്യാഴാഴ്ച ബുക്കുചെയ്തവരെയും കടത്തിവിട്ടു. ഇത് ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ് നിജപ്പെടുത്തുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനാകും. മികച്ച പ്രതികരണമാണ് ആദ്യഘട്ടത്തില്‍ തീര്‍ഥാടകരില്‍നിന്ന് ലഭിക്കുന്നത്. ജനലക്ഷങ്ങള്‍ക്കായി സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ കാണാത്ത സ്ഥിതിവിശേഷമാണിത്. പതിനെട്ടാംപടി ചവിട്ടുന്നവരുടെ എണ്ണത്തെയും ഇതു ബാധിക്കുന്നു. പതിനെട്ടാംപടിയിലൂടെ കൂടുതല്‍ വേഗത്തില്‍ കയറ്റിവിടണമെന്ന് നിര്‍ദ്ദേശംനല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ എന്‍ഡിആര്‍എഫിന്റെ സാന്നിധ്യം സഹായകമാകും. പമ്പയില്‍നിന്ന് മലകയറുന്നതിനും ക്രമീകരണമുണ്ടാകും. 45 ലക്ഷം ടിന്‍ അരവണ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ടു ലക്ഷം നിര്‍മിക്കുന്നു. അപ്പവും ആവശ്യത്തിനുണ്ട്. തീര്‍ഥാടകര്‍ക്ക് ഇഷ്ടാനുസരണം പ്രസാദം വാങ്ങാന്‍ സൗകര്യമുണ്ടെന്നും ജയകുമാര്‍ വിശദീകരിച്ചിട്ടുണ്ട്.

പഴയ ബോര്‍ഡ് കൂടിയാലോചന നടത്തി തീരുമാനങ്ങളെടുക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഒരുപാളിച്ചയും അക്കാര്യത്തിലില്ല. എന്നാല്‍, തീരുമാനങ്ങളെല്ലാം നടപ്പാക്കാനായില്ലെന്നത് സത്യമാണ്. ഉദ്യോഗസ്ഥ വീഴ്ചയാണതിന് കാരണം. രണ്ടുദിവസത്തില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. സര്‍ക്കാര്‍തലത്തിലുള്ള ക്രമീകരണങ്ങള്‍ക്ക് വീഴ്ചയില്ല. യോഗങ്ങള്‍ ചേര്‍ന്ന് കൃത്യമായ നടപടികളെടുത്തിരുന്നു. സന്നിധാനത്ത് ദേവസ്വംബോര്‍ഡംഗങ്ങളില്‍ ഒരാളെങ്കിലും എപ്പോഴും വേണമെന്നാണ് തീരുമാനം. ഞാനില്ലാത്ത സമയത്ത് ബോര്‍ഡംഗങ്ങളായ കെ രാജുവും പി ഡി സന്തോഷ്‌കുമാറും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും ജയകുമാര്‍ പറയുന്നു. അതായത് പ്രശാന്തിന് ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞു ജയകുമാര്‍.

ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പ്, കൊള്ളരുതായ്മകള്‍ക്കുള്ള വാതില്‍ തുറന്നുകൊടുക്കാനുള്ള മാര്‍ഗമായിരുന്നെങ്കില്‍, ഇനിമുതല്‍ അതനുവദിക്കില്ലെന്ന് ജയകുമാര്‍ പറഞ്ഞിരുന്നു. കൊള്ളരുതാത്ത പ്രവണതകള്‍ നിരോധിക്കണം. ഇവിടെ സ്പോണ്‍സര്‍മാരായി വരുന്നവര്‍ ആരാണെന്നും, അവരുടെ വരുമാനമാര്‍ഗം എന്താണെന്നും അന്വേഷിക്കും. ഇതൊന്നും അറിയാതെ ഭഗവാനുവേണ്ടി എന്തെങ്കിലും കൊണ്ടുവന്നാല്‍ വാങ്ങിക്കേണ്ടതില്ല. ഭക്തരുടെ സംഭാവനയും സ്പോണ്‍സര്‍ഷിപ്പും സ്വീകരിക്കും. എന്നാല്‍, അവര്‍ നേരിട്ട് വരണമെന്നും ഇടനിലക്കാര്‍ വേണ്ടെന്നും ജയകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരേ പാര്‍ട്ടി തിരക്കിട്ട് നടപടിയിലേക്കില്ലെന്നും സൂചനയുണ്ട്.


അറസ്റ്റിനുപിന്നാലെത്തന്നെ നടപടിയുണ്ടായാല്‍ പത്മകുമാറിന്റെ ഭാഗത്തുനിന്ന് തെറ്റുസംഭവിച്ചുവെന്നത് പാര്‍ട്ടി അംഗീകരിക്കുന്നതിന് തുല്യമാകും. ഇത് തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സിപിഎമ്മിന് തിരിച്ചടിയാകും. പത്മകുമാറിനെതിരായ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നശേഷം ആവശ്യമെങ്കില്‍ നടപടികള്‍ ആലോചിക്കാമെന്നതാണ് പാര്‍ട്ടി നിലപാട്. പത്മകുമാര്‍ അറസ്റ്റിലായെങ്കിലും നിലവില്‍ കുറ്റാരോപിതന്‍ മാത്രമാണെന്നാണ് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതേസമയം, പത്മകുമാറിനെയും എന്‍. വാസുവിനെയും നായീകരിച്ച് പ്രതിരോധംതീര്‍ക്കാന്‍ പാര്‍ട്ടി മുതിരില്ല. ഇരുവരെയും ന്യായീകരിക്കുന്ന നിലപാട് കൈക്കൊള്ളുന്നത് പൊതുബോധ്യത്തിന് എതിരായതിനാല്‍ അത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ കുറ്റംചെയ്തവര്‍ ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക.