തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോര്‍ഡ് യോഗത്തിന്റെ പരിഗണനയ്ക്ക് വിടരുതെന്ന പ്രസിഡന്റ് കെ ജയകുമാറിന്റെ ഉത്തരവ് നിയമവിരുദ്ധം തന്നെ. പ്രസിഡന്റ്‌റ് അംഗീകരിച്ച വിഷയങ്ങള്‍ കുറിപ്പായി യോഗത്തിന് മുന്‍പ് അംഗങ്ങള്‍ക്കും നല്‍കണം. ബോര്‍ഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിന്റെ മിനിറ്റ്‌സ് അടുത്ത ബോര്‍ഡ് യോഗത്തില്‍ സ്ഥിരീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. വിഷയങ്ങള്‍ മുന്‍കൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും കെ ജയകുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ബോര്‍ഡ് മിനുട്‌സില്‍ അടക്കം അംഗങ്ങളറിയാതെ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതിലെ നിയമവിരുദ്ധ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ കോപ്പറേറ്റ് കമ്പനികളില്‍ ചെയര്‍മാനാണ് എല്ലാം തീരുമാനിക്കുന്നതെന്നും അജണ്ട ഇനി പ്രസിഡന്റ് തീരുമാനിക്കുമെന്നും വീണ്ടും വിശദീകരണം ഇറക്കി. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് യോഗങ്ങളില്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കുമുള്ള അധികാരങ്ങളില്‍ നിര്‍വ്വചനം കുറുകൃത്യമാണെന്ന വസ്തുത മറുനാടന്‍ വീണ്ടും വിശദീകരിക്കുന്നത്. ഹിന്ദു റിലീജിയസ് അക്ട് അനുസരിച്ചാണ് ദേവസ്വം ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി നിയമപ്രകാരമല്ല. അതുകൊണ്ട് കമ്പനികളിലെ ചെയര്‍മാനുള്ള ഒരു അധികാരവും പ്രസിഡന്റിന് ദേവസ്വം ബോര്‍ഡില്‍ കൂടുതലായില്ല.

ദേവസ്വം ബോര്‍ഡ് ബൈലോയില്‍ എങ്ങനെയാണ് ഒരു വിഷയം ദേവസ്വം ബോര്‍ഡിന്റെ അജണ്ടയാകുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്. ബോര്‍ഡ് സെക്രട്ടറിയ്ക്ക് മുമ്പിലേക്ക് വരുന്ന ഫയലുകള്‍ പരിശോധിച്ച് ബോര്‍ഡ് യോഗത്തിന്റെ പരിഗണനയ്ക്ക് പ്രസിഡന്റും അംഗങ്ങളും ബോര്‍ഡ് യോഗ പരിഗണനയ്ക്ക് എന്ന കുറിപ്പ് ഫയലില്‍ ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ഉള്ളതെല്ലാം ബോര്‍ഡ് യോഗത്തിന്റെ അജണ്ടയ്ക്ക വയ്ക്കണം. ആ വിഷയങ്ങളില്‍ ചര്‍ച്ചകളിലൂടെ ബോര്‍ഡിന് ഭൂരിപക്ഷ അഭിപ്രായം എടുക്കാം. അതായത് പ്രസിഡന്റിന് മാത്രമായി അജണ്ട നിശ്ചയിക്കാന്‍ കഴിയില്ല. പ്രസിഡന്റിന് ഇഷ്ടമില്ലെങ്കിലും ബോര്‍ഡ് യോഗ തീരുമാനത്തിന് കുറിപ്പിട്ടാല്‍ അത് അംഗീകരിച്ചേ മതിയാകൂവെന്ന് സാരം. ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കും തുല്യ പരിഗണനയാണ്. എന്നാല്‍ പ്രസിഡന്റിന് കാസ്റ്റിംഗ് വോട്ടിന് അധികാരമുണ്ടാകും. ഒരു വിഷയത്തില്‍ അംഗങ്ങള്‍ക്കിടയിലെ വോട്ടിംഗ് നില തുല്യമാകുമ്പോഴാണ് കാസ്റ്റിംഗ് വോട്ടിന് അധികാരം. ഇതിനൊപ്പം ബോര്‍ഡിന്റെ ഭരണപരമായ തലവനും പ്രസിഡന്റാണ്. അതിനാല്‍ ജീവനക്കാരുടെ മേലും അധികാര കൂടുതലുണ്ട്. അല്ലാതെ ഫയലുകളിലും ബോര്‍ഡ് മീറ്റിംഗിലും തുല്യാധികാരമാണ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും. ദേവസ്വം ബൈലോയും മാനുവലുമാണ് ഇതെല്ലാം നിശ്ചയിക്കുന്നത്.

കമ്പനികളിലെ ചെയര്‍മാന്മാരെ പോലെ അതുകൊണ്ട് തന്നെ പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റിന് കഴിയില്ല. കാസ്റ്റിംഗ് വോട്ട് അത്യപൂര്‍വ്വമായേ പ്രസിഡന്റ് ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിട്ടുള്ളൂ. വിജികെ മേനോനായിരുന്നു അവസാനമായി അത് ചെയ്തത്. ഒരു ജീവനക്കാരന്റെ സസ്‌പെന്‍ഷന് ശേഷമുള്ള തിരിച്ചെടുക്കലിലായിരുന്നു അത്. അന്ന് മെമ്പറായിരുന്ന ശശിധരന്‍ ഇതിനെ എതിര്‍ത്തു. ചാരുപാറ രവിയായിരുന്നു അന്ന് മൂന്നാമനായ ബോര്‍ഡ് അംഗം. ഈ യോഗത്തില്‍ ചാരുപാറ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ജീവനക്കാരന്റെ തിരച്ചെടുക്കല്‍ തീരുമാനത്തിലെ വോട്ടിംഗ് നില സമമായത്. ഇതേ സമയം പ്രസിഡന്റ് കാസ്റ്റിംഗ് വോട്ട് അധികാരം ഉപയോഗിച്ച് തന്റെ തീരുമാനവുമായി മുമ്പോട്ട് പോകാന്‍ ഫയലില്‍ കുറിച്ചു. അങ്ങനെ ആ തീരുമാനം നടപ്പായി. രണ്ടു തവണ മാത്രമേ കാസ്റ്റിംഗ് വോട്ട് വേണ്ടി വന്നുള്ളൂ. മൂന്നംഗ ബോര്‍ഡ് ആയതു കൊണ്ട് തന്നെ സാധാരണ നിലയില്‍ എല്ലാ തീരുമാനങ്ങളിലും ഭൂരിപക്ഷ അഭിപ്രായം ഉണ്ടാകും. കെ ജയകുമാറിന്റെ ബോര്‍ഡിലും മൂന്ന് പേരുണ്ട്. അതായത് മറ്റ് രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ് ജയകുമാറിനും. അല്ലാതെ ഏകപക്ഷീയമായി മുമ്പോട്ട് പോവുക അസാധ്യം. തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അഴിമതിക്കാരെ പോലും മാറ്റാന്‍ ജയകുമാറിന് കഴിഞ്ഞിട്ടില്ല. അച്ചന്‍കോവില്‍, തിരുവല്ലം, മലയാലപുഴ അഴിമതികളില്‍ പെട്ടയാള്‍ ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ട്. ആലപ്പുഴയിലെ സിപിഎം നേതാവിന്റെ മകനും. എല്ലാ അര്‍ത്ഥത്തിലും ജയകുമാറിനെ ദേവസ്വം ബോര്‍ഡില്‍ തളയ്ക്കാന്‍ തുടക്കത്തിലേ സംവിധാനങ്ങള്‍ക്കായിട്ടുണ്ട്. ഇതു തന്നെയാകും അജണ്ട നിശ്ചയിക്കലിലും തെളിയുക.

സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ജി. ബിനു തന്നെയാണ് കെ. ജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയും. ബിനു സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്. തിരുവല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കേ അന്നദാനത്തില്‍ വെട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓംബുഡ്സ്മാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളോട് പരുഷമായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ദേവസ്വത്തിനു ലഭിച്ചിരുന്നു. ഇയാളെ അടുത്ത കാലം വരെ സംരക്ഷിച്ചത് പി.എസ്. പ്രശാന്താണ്. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി മുഖം രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജി. ബിനുവിനെത്തന്നെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ജയകുമാര്‍ തയാറായത്. രാഷ്ട്രീയാതീതന്‍ എന്ന പ്രതിച്ഛായയുണ്ടെന്ന് കരുതുന്ന പുതിയ പ്രസിഡന്റിനെക്കാണ്ട് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ബിനുവിനെത്തന്നെ വീണ്ടും പ്രൈവറ്റ് സെക്രട്ടറി ആക്കിയത്. സ്വര്‍ണക്കൊള്ളയില്‍ ആരോപണ വിധേയനായ മുന്‍ പ്രസിഡന്റിന്റെ ആരോപണ വിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ തന്നെ നിയമിച്ചതില്‍ ഭക്തര്‍ പ്രതിഷേധത്തിലാണ്. ജയകുമാറിന് ദേവസ്വത്തില്‍ സ്വാധീനക്കുറവുള്ളതിന് തെളിവാണ് ഈ സംഭവവും.


ശബരിമലയിലെ ബോര്‍ഡ് യോഗങ്ങളുടെ നടപടികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ് കെ ജയകുമാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് നിയമവിരുദ്ധമെന്നത് പകല്‍ പോലെ വ്യക്തമാണ്. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ പ്രകാരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ചുമതലകള്‍ വിശദീകരിക്കുന്നുണ്ട്. ഈ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ ഉത്തരവ്. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയാണ് ജയകുമാര്‍. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉന്നത സ്ഥാനങ്ങളും വഹിച്ചു. മലയാള സര്‍വ്വകലാശാലയുടെ വിസിയുമായിരുന്നു. തിരുവനന്തപുരത്തെ ഐഎംജിയുടെ ഡയറക്ടറുമാണ്. ഇങ്ങനെ ഭരണപരിചയമുള്ള ജയകുമാറാന് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ജയകുമാര്‍ ചുമതലയേറ്റിട്ട് ആഴ്ച ഒന്നേ ആയുള്ളു. പഴയ പ്രസിഡന്റായ പി എസ് പ്രശാന്തിന്റെ അതേ പേഴ്സണല്‍ സെക്രട്ടറിയെയാണ് ജയകുമാറിനും അനുവദിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ പ്രസിഡന്റ് മാറുമ്പോള്‍ പേഴ്സണല്‍ സെക്രട്ടറി മാറുന്നതാണ് കീഴ് വഴക്കം. അതിന് പോലും ജയകുമാറിനെ ചില കേന്ദ്രങ്ങള്‍ സമ്മതിച്ചില്ല. ഇതിനൊപ്പമാണ് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയ ജയകുമാറിന്റെ ആദ്യ ഉത്തരവിലെ നിയമ വിരുദ്ധതയും ചര്‍ച്ചയാകുന്നത്.

പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളില്‍ മേലുള്ള വിശദമായ ബോര്‍ഡ് കുറിപ്പുകള്‍ ഏകീകരിച്ച് ഒരു ഫോള്‍ഡറിലാക്കി അജണ്ട ഇനങ്ങള്‍ ബോര്‍ഡ് മീറ്റിങിന് മുന്‍പായി പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കണം. ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട തരുന്ന മാസ്റ്റര്‍ കോപ്പി കണ്‍സോളിഡേറ്റ് ചെയ്യേണ്ടതും അടുത്ത ബോര്‍ഡ് മീറ്റിങില്‍ കഴിഞ്ഞ ബോര്‍ഡ് മീറ്റിങിന്റെ മിനുട്‌സ് സ്ഥിരികരിക്കേണ്ടതുമാണ്. അധികാരം കൈമാറേണ്ടതായ കാര്യങ്ങളില്‍ അതത് ഡിപ്പാര്‍ട്ടുമെന്റ് തന്നെ തീരുമാനം എടുക്കേണ്ടതാണെന്നാണ് ജയകുമാറിന്റെ ഉത്തരവ്. അതായത് പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങള്‍ മാത്രമേ ബോര്‍ഡിന്റെ പരിഗണനയില്‍ വരാവൂ എന്നതാണ് ജയകുമാറിന്റെ ഉത്തരവ്. നിയമവും ചട്ടങ്ങളും അടിസ്ഥാനമായിട്ടാവണം ബോര്‍ഡന്റെ പ്രവര്‍ത്തനം. ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ആക്ട് 1950ന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഇതിന് വേണ്ടി 1953 മേയ് 26ന് വിശദമായ ഗസറ്റ് രേഖയും പുറത്തിറങ്ങി. ഇതില്‍ എങ്ങനെയാണ് ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടതെന്ന് വിശദീകരിക്കുന്നുണ്ട്. ഈ വിശദീകരണത്തിലെ അഞ്ചാം ഭാഗമായാണ് ബോര്‍ഡ് അംഗങ്ങള്‍ക്കും നേരിട്ട് വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാമെന്ന് പറയുന്നത്.

ഇതിനൊപ്പം ഡെലിഗേഷന്‍ ഓഫ് പവേഴ്സിനെ കുറിച്ചും പുതിയ ഉത്തരവ് വിശദീകരിക്കുന്നു. ഇത് അനുസരിച്ച് തീരുമാനിക്കേണ്ട കാര്യങ്ങള്‍ അതാതു ഡിപ്പാര്‍ട്ട്മെന്റ് തെന്നെ തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിലൂടെ വിവാദ വിഷയങ്ങളൊന്നും ദേവസ്വം ബോര്‍ഡിന്റെ അജണ്ടയായി വരുന്നില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമം. ഇവിടേയും നിയമവിരുദ്ധതയുണ്ട്. നിലവിലെ ചട്ട പ്രകാരം ഒരു വിഷയം ബോര്‍ഡ് അംഗത്തിന്റെ അധീനതയില്‍ പെട്ടതാണെങ്കിലും ഫയല്‍ പരിശോധനയ്ക്ക് ശേഷം അത് അനിവാര്യമാണെങ്കില്‍ ബോര്‍ഡിലേക്ക് അയക്കാനും മെമ്പര്‍മാര്‍ക്ക് അവകാശമുണ്ട്. ഈ അവകാശം അടക്കം വേണ്ടെന്ന് വച്ച് അധികാര വികേന്ദ്രീകരണത്തിലൂടെ ബോര്‍ഡ് പ്രധാന ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടുകയാണ്. ഉദാഹരണത്തിന് ശബരിമലയിലെ സ്വര്‍ണ്ണ പാളിയില്‍ മങ്ങല്‍ കണ്ടാല്‍. അത് പരിഹരിക്കാന്‍ ബോര്‍ഡിനെ സമീപിക്കാതെ തന്നെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് സ്വന്തം നിലയില്‍ ഇനി കാര്യങ്ങളെടുക്കാം. അതിന് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ് എന്നും വ്യാഖ്യാനമുണ്ട്. വിവാദങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് ഈ ഉത്തരവെന്നും വാദമുയരുന്നു.

ദേവസ്വം ബോര്‍ഡിലെ ഓരോ വകുപ്പിന്റേയും ചുമതലകള്‍ ഓരോ അംഗങ്ങള്‍ക്കായിരിക്കും. അങ്ങനെ ചുമതലയായി കിട്ടുന്ന വകുപ്പുകളില്‍ ബോര്‍ഡിന്റെ അനുമതി അനിവാര്യമായ വിഷയങ്ങളെ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടാമെന്നാണ് ആ ചട്ടം വിശദീകരിക്കുന്നത്. അതയാത് ഒരു ബോര്‍ഡ് അംഗത്തിന്റെ തന്റെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ പരിശോധിച്ച് നേരിട്ട് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാന്‍ കഴിയും-ഇതാണ് ചട്ടം. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം എല്ലാം ജയകുമാറിന്റെ അനുമതിയോടെ മാത്രം ബോര്‍ഡിലേക്ക് വയ്ക്കാന്‍ കഴിയൂവെന്നാണ് പറയുന്നത്. അതായത് ഗസറ്റ് നോട്ടിഫിക്കേഷന് വിരുദ്ധമാണ് പുതിയ ഉത്തരവ്. ഈ ഗസ്റ്റ് നോട്ടിഫിക്കേഷനില്‍ സര്‍ക്കാര്‍ അനുമതിയോടെ മാറ്റം വരുത്തണം. അങ്ങനെ മാറ്റം വരുത്തിയ ശേഷം ഇറക്കേണ്ടതായിരുന്നു പുതിയ ഉത്തരവ്. അതയാത് ഇത്തരമൊരു താല്‍പ്പര്യം ജയകുമാറിനുണ്ടെങ്കില്‍ അക്കാര്യം ആദ്യം സര്‍ക്കാരിനെ അറിയിക്കണം. അതിന് ശേഷം സര്‍ക്കാര്‍ ബൈലോ ഭേദഗതിയുമായി മുമ്പോട്ട് പോയി. അത് ഗസ്റ്റ് വിജ്ഞാപനമാകണം. അത്തരം നടപടി ക്രമങ്ങളൊന്നും പാലിക്കാത്തതു കൊണ്ട് തന്നെ ഇനിയും അംഗങ്ങള്‍ക്ക് നേരിട്ട് വിഷയങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം. മുന്‍ മന്ത്രി കൂടിയായ കെ രാജുവാണ് ദേവസ്വം ബോര്‍ഡിലെ സിപിഐ അംഗം. മറ്റേത് അഡ്വ പിഡി സന്തോഷ് കുമാര്‍ എന്ന സിപിഎം അംഗവും. ഇവര്‍ രണ്ടു പേരും തല്‍കാലം ജയകുമാറിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. അതുകൊണ്ട് തന്നെ ഈ ഉത്തരവിനെ അവര്‍ ചോദ്യം ചെയ്യാനും സാധ്യതയില്ല. പക്ഷേ വിഷയം കോടതിയ്ക്ക് മുമ്പിലോ സര്‍ക്കാരിന് മുന്നിലോ എത്തിയാല്‍ ദേവസ്വം പ്രസിഡന്റിന് ഉത്തരവ് തിരുത്തേണ്ടി വരും.