തിരുവനന്തപുരം: ഇരട്ട പദവി പരാതിയില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എത്തിയെങ്കിലും പ്രതിസന്ധി അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. തന്നെ നിയമിച്ചത് സര്‍ക്കാരാണെന്നും ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും കെ. ജയകുമാര്‍ പറഞ്ഞു. തദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ജയകുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കാര്‍ഷിക ഉത്പാദക കമ്മീഷണര്‍ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. ഐഎംജിയില്‍ ഡയറക്ടര്‍ എന്ന നിലയില്‍ താത്കാലിക ചുമതലയാണ് നിര്‍വഹിക്കുന്നത്. ആ ചുമതലയിലേക്ക് സ്ഥിരനിയമനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നില്ലെന്നും കെ. ജയകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിശദീകരണത്തോളം അത്ര എളുപ്പമാകില്ല കാര്യങ്ങള്‍. രണ്ടു പദവിയും ജയകുമാറിന് നഷ്ടമാകാനാണ് സാധ്യത. അതിനിടെ നിയമപ്രകാരമാണ് താന്‍ കേസു കൊടുത്തതെന്ന് ബി അശോകും പ്രതികരിച്ചു.

2012ല്‍ ജയകുമാര്‍ ഐഎഎസില്‍ നിന്നും വിരമിച്ചു. എന്നാല്‍ 2018ല്‍ വീണ്ടും സര്‍ക്കാര്‍ സര്‍വ്വീസിലെത്തി. ഐഎംജിയുടെ ഉത്തരവില്‍ തന്നെ കേരള സര്‍ക്കാര്‍ പദവി സൃഷ്ടിച്ച് നിയമിക്കുന്നുവെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പദവി രാജിവച്ചു മാത്രമേ ദേവസ്വം ബോര്‍ഡില്‍ ചുമതലയേല്‍ക്കാന്‍ കഴിയൂ. എന്നാല്‍ അത് ചെയ്യാതെയാണ് സത്യപ്രതിജ്ഞ ചെയ്തത്. അത് നിയമവിരുദ്ധമാണ്. ഐഎംജിയില്‍ നിന്നും രാജിവച്ച് ചുമതല ഏറ്റുവെന്നാണ് കരുതിയത്. പിന്നീട് അങ്ങനെ അല്ല കാര്യങ്ങളെന്ന് മനസ്സിലാക്കി. ഇതോടെ ഐഎംജിയുടെ ഡയറക്ടര്‍ ആരെന്ന് വിവരാവകാശ ചോദ്യം നല്‍കി. ജയകുമാറാണ് പ്രസിഡന്റ് എന്ന് ഉറപ്പിച്ചു. അതിന് ശേഷമാണ് ഹര്‍ജി നല്‍കിയത്. പത്ത് മാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ തീരുമാനം വരും. ഇതോടെ ജയകുമാറിന് സ്ഥാനം ഒഴിയേണ്ടിയും വരും-അശോക് പറയുന്നു. ഐ.എം.ജി ഡയറക്ടറായിരിക്കേ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ കെ.ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം രാജി വയ്ക്കാത്തത് ചട്ടലംഘനമാണെന്ന് ബി.അശോക് പറഞ്ഞു.

ഐഎംജിയില്‍ ജയകുമാറിന് ചീഫ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമായ ആനുകൂല്യം കിട്ടുന്നുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ അത്രയും തുക കിട്ടില്ല. അവിടെ അലവന്‍സും സിറ്റിംഗ് ഫീസുമെല്ലാം ആയി കുറച്ചു തുകയേ കിട്ടൂ. അതുകൊണ്ടാകാം കുറഞ്ഞ വേതനം കിട്ടുന്ന പദവി കൂടി അധികമായി കൈവശം വയ്ക്കാമെന്ന് ജയകുമാര്‍ കരുതിയതെന്നും അശോക് പറയുന്നു. എണ്‍പത് വയസുവരെ മാത്രമേ താന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുവെന്ന് ജയകുമാര്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അശോക് പറയുന്നു. ഇതു സംബന്ധിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് പറയുന്നത് ഇങ്ങനെയാണ്. ആംബുലന്‍സ് ഒരുക്കി തരാം..90 വയസായാലും റിട്ടയര്‍ ചെയ്യരുത് എന്ന് ഞാന്‍ തമാശയായി അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും. അവശതകള്‍ എന്തെങ്കിലും വന്നാല്‍ ഇപ്പോഴത്തെ കാറിന് പകരം ആംബുലന്‍സ് ഏര്‍പ്പാടാക്കി തരാം എന്നും പറഞ്ഞുവെന്നും അശോക് പറയുന്നു. വിരമിച്ചാലും സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരുന്ന റിട്ടേ ഐഎഎസുകാര്‍ക്കെതിരെയുള്ള വിമര്‍ശനം കൂടിയാണ് ഈ പ്രതികരണം.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന് ഹര്‍ജി കൊടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. തൊഴില്‍ പ്രശ്‌നങ്ങളില്‍ കൊടുക്കുന്ന പരാതി പോലും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ്. സര്‍ക്കാരിനെ കക്ഷിയാക്കാതെ ഇത്തരം കേസുകള്‍ കൊടുക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ഏത് പൊതു പ്രശ്‌നത്തിലും പൗരന് പരാതിയുമായി കോടതിയെ സമീപിക്കാമെന്നതാണ് അശോകിന്റെ നിലപാട്. സര്‍ക്കാരില്‍ ഓഫീസുള്ളവര്‍ക്ക് പോലും ദേവസ്വം ബോര്‍ഡ് പ്രസിന്റാകാന്‍ കഴിയില്ല. മന്ത്രിക്കോ എംഎല്‍എയ്‌ക്കോ തദ്ദേശ സ്ഥാപന പ്രതിനിധിക്കോ പോലും പറ്റില്ല. ഇത് തന്നെയാണ് നിയമവും. അതുകൊണ്ട് ഐഎംജി ഡയറക്ടര്‍ക്കും കഴിയില്ല. ഈ നിയമമാണ് ജയകുമാര്‍ ലംഘിച്ചതെന്ന് അശോക് പറയുന്നു. താന്‍ സര്‍ക്കാരിനെതിരെയല്ല ഹര്‍ജി നല്‍കിയത്. ജയകുമാറാണ് വീഴ്ച വരുത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നതിന് മുമ്പ് ഐഎംജിയിലെ സ്ഥാനം രാജിവയ്ക്കണമായിരുന്നു. ഈ വീഴ്ച സംഭവിച്ചത് ജയകുമാറിനാണെന്നും അശോക് പറയുന്നു.

ഐഎംജിയിലെ ഡയറക്ടര്‍ പദവി ഐഎഎസുകാര്‍ക്കുള്ള കേഡര്‍ പോസ്റ്റായിരുന്നു. ഇതില്‍ ജയകുമാറിനെ നിയമിച്ചതിനെതിരെ ഐഎഎസ് അസോസിയേഷന്‍ നിയമ നടപടിക്ക് പോയി. ഈ കേസില്‍ വിധി വരാന്‍ ഇരിക്കെയാണ് ദേവസ്വം ബോര്‍ഡിലേക്ക് ജയകുമാറിനെ നിയോഗിച്ചത്. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ശ്രദ്ധിക്കേണ്ടി വന്നതെന്നും അശോക് പറയുന്നു. ഐഎഎസ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് അശോക്.