- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലം 'അന്നദാന' തട്ടിപ്പുകാരന് ഒന്നും സംഭവിക്കില്ല; നിലയ്ക്കലില്‍ റബ്ബര്‍ ടാപ്പുകാരന്‍ കുത്തിയ പന്ന പണികളില്‍ വ്യഗ്രതയുള്ളവര്ക്കും നല്ല കാലം തുടരും; പുതിയ പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്ക് ഡ്രൈവറായത് പ്രശാന്തിന്റെ സാരഥി; പിഎസ് അടക്കമുള്ളവരേയും നിലനിര്‍ത്തേണ്ടി വരും; മുന്‍മന്ത്രി രാജുവിനെ ബോര്‍ഡിലേക്ക് കൊണ്ടു വന്നത് 'ജയകുമാറിസം' അനുവദിക്കാതിരിക്കാന്‍; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ? ദേവസ്വം ബോര്‍ഡിലെ മാറ്റം വെള്ളപൂശലായേക്കും
തിരുവനന്തപുരം: ശബരിമലയില്‍ താന്‍ ശാന്തനായിരിക്കില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറയുന്നത്. മതിയായ ഭരണ പരിചയം ജയകുമാറിനുണ്ട്. പക്ഷേ സ്വതന്ത്രനായി വിടാന്‍ ജയകുമാറിനെ സര്‍ക്കാര്‍ അനുവദിക്കില്ല. പഴയ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിലനിര്‍ത്താന്‍ ജയകുമാര്‍ നിര്‍ബന്ധിതമാകും. ചുമതലയേറ്റ ശേഷവും പ്രശാന്തിന്റെ പിഎസാണ് ജയകുമാറിന്റെ കാര്യവും നോക്കുന്നത്. ഈ സംവിധാനവുമായി ജയകുമാര്‍ മുമ്പോട്ട് പോകണമെന്നതാണ് സര്‍ക്കാരിന്റെ താല്‍പ്പര്യം. ജയകുമാറിന്റെ കാര്‍ യാത്രയ്ക്ക് ഡ്രൈവറായുള്ളതും പ്രശാന്തിന്റെ സാരഥിയാണ്. സാധാരണ നിലയില്‍ പ്രസിഡന്റായി എത്തുന്നവര്‍ പിഎസിനേയേയും ഡ്രൈവറേയും എല്ലാം മാറ്റാറുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് എല്ലാ കാലത്തും രാഷ്ട്രീയ നിയമനമാണ. എന്നാല്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള വിവാദം കാരണം വിശ്വാസി കൂടിയായ ജയകുമാറിനെ നിയമിക്കുകയായിരുന്നു. അപ്പോഴും കടിഞ്ഞാണ്‍ നഷ്ടമാകാതിരിക്കാനുള്ള മുന്‍ കരുതല്‍ സര്‍ക്കാരെടുത്തിട്ടുണ്ട്. മുന്‍ മന്ത്രിയായ കെ രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയത് ഇതിന് വേണ്ടിയാണ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ വനംമന്ത്രിയായിരുന്നു കെ രാജു. സിപിഐ ആദ്യം വിളപ്പില്‍ രാധാകൃഷ്ണനെ ദേവസ്വം ബോര്‍ഡില്‍ നിയോഗിക്കാനായിരുന്നു തീരുമാനിച്ചത്. ജയകുമാര്‍ നായര്‍ സമുദായ അംഗമാണ്. ഇതോടെ അതേ സമുദായത്തില്‍ നിന്നുള്ള മറ്റൊരാളെ ദേവസ്വം അംഗമാക്കരുതെന്ന നിര്‍ദ്ദേശം സിപിഐയ്ക്ക് മുമ്പില്‍ സിപിഎം വച്ചു. ജയകുമാറിന് മൂലയ്ക്കിരുത്താന്‍ കഴിയുന്ന മെമ്പറാകണം വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. ഇതോടെയാണ് വിളപ്പിലിന് പകരം മുന്‍ മന്ത്രിയായ രാജുവിന് നറുക്കു വീഴുന്നത്. മുമ്പ് മുന്‍മന്ത്രിമാര്‍ ദേവസ്വം പ്രസിഡന്റായിട്ടുണ്ട്. എന്നാല്‍ മുന്‍ മന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് അംഗമായ ചരിത്രമുണ്ടായിരുന്നില്ല. ജയകുമാര്‍ എത്തിയപ്പോള്‍ അതും മാറി. ജയകുമാറിന്റെ ദേവസ്വം തീരുമാനങ്ങള്‍ ഇടതു മുന്നണിയുടെ അനുമതിയോടെയാണ് നടപ്പാകുന്നതെന്ന് രാജു ഉറപ്പിക്കും. ദേവസ്വം ബോര്‍ഡിലെ മൂന്നാം അംഗവും സിപിഎമ്മുകാരനാണ്. അതുകൊണ്ട് തന്നെ മൂന്നംഗ ബോര്‍ഡില്‍ സിപിഎമ്മിന് താല്‍പ്പര്യമില്ലാത്ത തീരുമാനമൊന്നും എടുക്കാന്‍ ജയകുമാറിന് കഴിയില്ല. ജയകുമാറിന്റെ ഡ്രൈവറും പിഎയും അടക്കമുള്ള കാര്യങ്ങളില്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടത്.
നിലയ്ക്കലില്‍ ജോലി ചെയ്യുമ്പോള്‍ റബ്ബര്‍ ടാപ്പുകാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ഉദ്യോഗസ്ഥനും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതന്റെ അടുത്ത അനുയായി ആയിരുന്നു ഇയാള്‍. അതുകൊണ്ടാണ് ഗുരുതര പീഡന ആരോപണം ഉയര്‍ന്നിട്ടു പോലും ഇയാള്‍ക്കെതിരെ നടപടികളുണ്ടാകാത്തത്. പ്രശാന്ത് കളമൊഴിഞ്ഞെങ്കിലും ഈ പരാതി ഏത് തലത്തില്‍ ചര്‍ച്ചയാകുമെന്നതാണ് നിര്‍ണ്ണായകം. ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരിയെ കള്ളക്കേസില്‍ കുടുക്കി സസ്പെന്റ് ചെയ്തായിരുന്നു ഇയാളുടെ പ്രതികാരം. നടപടി എടുത്ത കുറ്റാരോപണ മെമ്മോയ്ക്കുള്ള മറുപടിയില്‍ ക്ഷേത്ര ജീവനക്കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പരാതിയെ തുര്‍ന്ന് നല്‍കിയ വിശദീകരണമാണെങ്കിലും അതില്‍ ഗുരുതര സ്വഭാവമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരിയുടെ ഭാഗത്താണ് ശരിയെന്ന് വിശ്വസിക്കുന്നവരാണ് ജീവനക്കാര്‍ ഏറെയും. പക്ഷേ ഇപ്പോഴും യഥാര്‍ത്ഥ പ്രതി ദേവസ്വം ബോര്‍ഡില്‍ താക്കോല്‍ സ്ഥാനത്തുണ്ട്. ഈ പരാതിയിലും ജയകുമാര്‍ എന്ത് നടപടി എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അദ്ദേഹത്തിന്റെ അവസാന കാലമായപ്പോഴേക്കും 'ചില പന്ന പണികളില്‍' വ്യഗ്രത കണ്ടു തുടങ്ങി. പലതവണ ഞാന്‍ ക്ഷമിച്ചു. പിന്നീട് ചിലതിനോട് എതിര്‍ക്കേണ്ടി വന്നു. ഇത് ടിയാന് ഗുരുതരമായ പ്രത്യാഖ്യാതം ഉണ്ടാക്കുമെന്ന ഭയത്താല്‍ എന്നെ ആരെയോ ഉപയോഗിച്ച് കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി.
തിരുവല്ലം ക്ഷേത്രത്തിലെ അന്നദാന അഴിമതിയില്‍ കുടുങ്ങിയ വ്യക്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ താക്കോല്‍ സ്ഥാനത്തുണ്ട്. ഈ ഉദ്യോഗസ്ഥന്‍ പ്രശാന്തിന്റെ കാലത്ത് ബോര്‍ഡിലെ സ്വാധീന ശക്തിയായിരുന്നു. ഇയാള്‍ക്കെതിരെ പീഡന പരാതിയും ബോര്‍ഡിന് മുന്നിലെത്തി. ഇതേ വ്യക്തിയെ അടക്കം താക്കോല്‍ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന സന്ദേശം ജയകുമാറിന് ബന്ധപ്പെട്ടവര്‍ കൈമാറുമെന്നാണ് സൂചന. ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ അന്വേഷണം പരിധി വിട്ട് മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ജയകുമാര്‍ സംസ്ഥാനത്തും കേന്ദ്രത്തിലുമൊക്കെ സ്വാധീനമുള്ള നേതാവാണ്. അദ്ദേഹം ദീര്‍ഘകാലം ഹോം സെക്രട്ടറിയായിരുന്നു. അറുപതാം വയസില്‍ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മലയാളം സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി നിയമിച്ചിരുന്നു. വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ജയകുമാറിനെ പിണറായി വിജയനെ ഐഎംജി ഡയറക്ടറായി നിയമിക്കുന്നു. ഐഎംജി എന്നത് ഇവിടുത്തെ ഐഎഎസുകാരുടെ ഒരു കേഡര്‍ പോസ്റ്റാണ്. പ്രധാനപ്പെട്ട ഒരു പോസ്റ്റാണ്. ആ പോസ്റ്റില്‍ ഐഎഎസുകാരല്ലാതെ റിട്ടയര്‍ ചെയ്തുവരുന്നവരെ നിയമിക്കുന്ന പതിവില്ല. ജേക്കബ് തോമസ് ഡിജിപി ആയിരുന്നപ്പോള്‍ ആ പദവിയില്‍ സര്‍ക്കാര്‍ നിയോഗിച്ചു എന്നോര്‍ക്കണം. ആ പദവിയിലേക്ക് ചീഫ് സെക്രട്ടറിയുടെ അതേ ശമ്പളത്തില്‍ നിയോഗിക്കുകയാണ് ജയകുമാറിനെ.
ഇതിനെതിരെ ഐഎഎസ് അസോസിയേഷന്‍ കേസ് കൊടുത്തിട്ടുണ്ട്. ഈ കേസ് രണ്ട് വര്‍ഷമായി പരിഗണനയിലാണ്. നവംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. ഡിസംബറില്‍ അതിന്റെ വിധിവരും. അത് കെ ജയകുമാറിനും സര്‍ക്കാരിനും എതിരാകും. അത്രമാത്രം കൃത്യമായി തന്നെ വിവരങ്ങള്‍ ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആകട്ടെ തടിതപ്പാന്‍ വേണ്ടി കോടതിയോട് പറഞ്ഞിരിക്കുന്ന വിശദീകരണം വിചിത്രമാണ്. ഞങ്ങള്‍ ഡയറക്ടര്‍ ജനറല്‍ പദവിയിലല്ല നിയമിച്ചിരിക്കുന്നത്. ഡയറക്ടര്‍ പദവിലാണ്. ഐഎംജിയുടെ ഡയറക്ടര്‍ ജനറല്‍ എന്ന തസ്തിക ഡയറക്ടര്‍ എന്നാക്കി മാറ്റി പുതിയ തസ്തിക എന്ന നിലയിലാണ് ജയകുമാറിനെ നിയമിച്ചിരിക്കുന്നത്. ഈ കേസും ജയകുമാറിനെ ദേവസ്വം ബോര്‍ഡിലേക്ക് മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകമാണ്. മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ജയകുമാറിന്റെ നിയമനം. ജയകുമാറിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ സല്‍പേരിനും ഗുണമുണ്ടാകും. ജയകുമാറിനെ കുറ്റപ്പെടുത്താന്‍ ബി.ജെ.പിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും പോലും കഴിയില്ല. അങ്ങനെ മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഒരു നീക്കത്തിന്റെ ഭാഗമാണ് ഈ നിയമനം. ഇത് ജയകുമാറിനും അറിയാം. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡില്‍ പിന്‍ സീറ്റ് ഡ്രൈവിംഗിന് പലവിധ തന്ത്രങ്ങള്‍ സര്‍ക്കാരും സിപിഎമ്മും എടുക്കുന്നത്.
ശബരിമല തീര്‍ത്ഥാടന വിഷയത്തില്‍ ജയകുമാറിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കും. എന്നാല്‍ ബാക്കി കാര്യങ്ങളിലെല്ലാം നിയന്ത്രണം കൊണ്ടു വരും. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്, കൊള്ളരുതായ്മകള്‍ക്കു വാതില്‍ തുറന്നുകൊടുക്കാനുള്ള മാര്‍ഗമായിരുന്നെങ്കില്‍ ഇനി മുതല്‍ അത് അനുവദിക്കില്ലെന്നു ജയകുമാര്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ, ആറന്മുള ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ്, കെ.ജയകുമാര്‍നയം വ്യക്തമാക്കിയത്. സ്‌പോണ്‍സറായി വരുന്ന ആള്‍ ആരാണെന്നും അയാളുടെ വരുമാന മാര്‍ഗം എന്താണെന്നും അറിയാതെ സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കേണ്ടതില്ല. അങ്ങനെ ഉണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാറാവാം. അത് തിരുത്തുമെന്നാണു തുടക്കം മുതല്‍ പറയുന്നത്. ഭക്തരുടെ സംഭാവന സ്വീകരിക്കാനും, അവരുടെ സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കാനും തടസ്സമില്ല. സ്‌പോണ്‍സര്‍ നേരിട്ട് വരണം. ഇടനിലക്കാര്‍ മുഖാന്തരം വരരുത്. അവരുടെ വരുമാന മാര്‍ഗം, ബാലന്‍സ് ഷീറ്റ്, ആദായനികുതി വിവരങ്ങള്‍ എന്നിവ പരിശോധിച്ച് മാത്രം അനുവാദം നല്‍കുമെന്നതാണ് നിലപാട്.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തോടും അന്വേഷണ സംഘത്തോടും പൂര്‍ണമായും സഹകരിക്കും. തത്വമസി പ്രാവര്‍ത്തികമാക്കി, തീര്‍ഥാടകര്‍ക്കു വേണ്ടി തീര്‍ഥാടകരാല്‍ നടത്തപ്പെടുന്ന സംവിധാനമാക്കി ദേവസ്വം ബോര്‍ഡിനെ മാറ്റും. ഇതുവരെ താന്‍ സൗമ്യനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഈ നിയോഗത്തില്‍ അല്‍പം കാര്‍ക്കശ്യം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര നടയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ വിജയന്‍ നടമംഗലത്ത്, ശശി കണ്ണങ്കേരില്‍, മുരുകന്‍ ആര്‍.ആചാരി എന്നിവരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആര്‍.രേവതിയുടെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം അദ്ദേഹം നടത്തുന്ന ആദ്യത്തെ ശബരിമല യാത്രയുടെ ഭാഗമായുള്ള സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥരെ വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.
എന്നാല്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വിവരം അറിഞ്ഞ് എത്തിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തി. ക്യൂവില്‍ നിന്ന ഭക്തര്‍ക്കിടയിലൂടെ വഴിയൊരുക്കാന്‍ ശ്രമിച്ചവരോട് അവര്‍ മാറിയിട്ട് കയറാം എന്നു പറഞ്ഞു നിന്ന പ്രസിഡന്റ് അത്രയും ഭക്തരുടെ ദര്‍ശനം കഴിഞ്ഞ ശേഷമാണ് നടയ്ക്കു മുന്‍പിലേക്ക് എത്തിയത്.




