കണ്ണൂർ: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസഭാ അഴിച്ചുപണിയുണ്ടായാൽ അഴീക്കോട്ടെ യുവ എംഎൽഎ കെ.വി സുമേഷിന് മന്ത്രിയാകാൻ സാധ്യതയേറി. മുന്മന്ത്രിയായ കെ.കെ ശൈലജ, തലശേരി മണ്ഡലം എംഎൽഎ എ. എൻ ഷംസീർ എന്നിവർക്ക് സാധ്യത മങ്ങിയതോടെയാണ് നവാഗതനായ കെ.വി സുമേഷിന് വഴിതെളിയുന്നത്. ഇതിനകം ജനകീയ എംഎൽഎയെന്ന് പേരെടുത്ത കെ.വി സുമേഷ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ച നേതാവാണ്. അഴീക്കോട് മണ്ഡലം കുത്തകയാക്കിവെച്ച മുസ്ലിം ലീഗിലെ കെ. എം ഷാജിയിൽ നിന്നും പിടിച്ചെടുത്തത് സുമേഷിന്റെ വ്യക്തിപ്രഭാവം കാരണമാണ്.

മുൻ എസ്. എഫ്. ഐ സംസ്ഥാന നേതാവായ കെ.വി സുമേഷ് പാർട്ടിക്കുള്ളിൽ മിതഭാഷിയും സൗമ്യസ്വഭാവിയുമായി നേതാവായാണ് അറിയപ്പെടുന്നത്. സുമേഷിന്റെ മന്ത്രിയാക്കാൻ പാർട്ടി കണ്ണൂർ ജില്ലാനേതൃത്വം ആവശ്യപ്പെടുമെന്നാണ് സൂചന. തളിപ്പറമ്പ് മണ്ഡലം എംഎ‍ൽഎയും മന്ത്രിയുമായ എം.വി ഗോവിന്ദന്റെ ഒഴിവിലേക്കാണ് സുമേഷിനെ പരിഗണിക്കുക. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഭരണപരിചയം തെളിയിച്ച വ്യക്തിയാണ് സുമേഷ്. പൊതുപ്രവർത്തന കാലയളവിൽ യാതൊരു വിധ കളങ്കിത ബന്ധങ്ങളോ ആരോപണങ്ങളോ ഇല്ലതാനും.

പാർട്ടിയിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള തീരുമാനം തത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുക. മുൻ ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനമികവാണ് കെ.കെ ശൈലജയെ പരിഗണിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന് താൽപര്യമുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ അതൃപ്തിയും പഴയമന്ത്രിസഭയിലെ അംഗമായതും തിരിച്ചടിയായി. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ജയിച്ച സ്ഥാനാർത്ഥി കൂടിയാണ് കെ.കെ ശൈലജ.

എന്നാൽ ഒന്നാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെട്ടവരെ പുതിയ മന്ത്രിസഭയിൽ ഭാഗമാക്കേണ്ടെന്ന നയപരമായ തീരുമാനം. മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ചു പാർട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദന്റെ ആദ്യപ്രതികരണത്തിൽ നിന്നും തെളിയുന്നത്. പിന്നെ സാധ്യതയുണ്ടായിരുന്നത് എ. എൻ ഷംസീറിനായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസുമായുള്ള ഉരസലും മുഖ്യമന്ത്രിയുടെ അതൃപ്തിയും തിരിച്ചടിയായി മാറിയെന്നാണ് സൂചന.

കഴിഞ്ഞ മന്ത്രിസഭാ രൂപീകരണം മുതൽ കോടിയേരി തന്റെ അതീവ വിശ്വസ്തനായ യുവനേതാവിനു വേണ്ടി ചരടുവലിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ എതിർപ്പുകാരണം പരിഗണിക്കാതെ പോവുകയായിരുന്നു. തലശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷംസീർ കഴിഞ്ഞ തവണതന്നെ മന്ത്രിസഭയിൽ പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിട്ടും തഴയപ്പെട്ടത് രാഷ്ട്രീയജീവിതത്തിൽ തന്നെ വൻതിരിച്ചടിയായിരുന്നു. ഇതിനുപുറമേ കാസർകോട് ജില്ലയ്ക്ക് ഒരു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.

പുനഃസംഘടനയുടെ ഭാഗമായി ഇതുപരിഗണിക്കുകയാണെങ്കിൽ ഉദുമയെ പ്രതിനിധീകരിക്കുന്ന സി. എച്ച് കുഞ്ഞമ്പു മന്ത്രിസഭയിൽ ഇടം നേടും. രണ്ടരവർഷത്തിനു ശേഷം ഐ. എൻ. എല്ലിലെ അഹമ്മദ് ദേവർകോവിലിനു കോൺഗ്രസ് എസിലെ പകരം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് രണ്ടാംപിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ എൽ.ഡി.എഫ് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും പുനഃസംഘടനയുടെ ഭാഗമായി നേരത്തെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതേസമയം സ്പീക്കർ എം ബി രാജേഷിനെ മന്ത്രിസഭയിലേക്ക് കൊണ്ടു വന്ന് സ്പീക്കർ സ്ഥാനത്തേക്ക് വീണ ജോർജ്ജിനെ കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനം പാർട്ടി കൈക്കൊള്ളുകയുള്ളൂ. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തുവന്ന തദ്ദേശ സ്വയംഭരണം വി ശിവൻകുട്ടിക്കോ കെ രാധാകൃഷ്ണനോ നൽകിയേക്കാം. എക്‌സൈസ് വകുപ്പിൽ മറ്റൊരു മന്ത്രിവരും.

മന്ത്രിസഭയിൽ എം വി ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാൽ മതിയോ സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടന വേണമോ എന്നതാകും ഇനി സിപിഎമ്മിന്റെ മുന്നിലുള്ള ചർച്ചാ വിഷയം. പുനഃസംഘടനയൊക്കെ വരും ചർച്ചകളിലാകും ഉണ്ടാകുകയെന്ന് സെക്രട്ടറി ആയതിന് പിന്നാലെ എം വിഗോവിന്ദൻ പ്രതികരിച്ചു. കാത്തിരിക്കൂവെന്നാണ് ഇ.പി.ജയരാജൻ മറുപടി നൽകിയത്. മന്ത്രിസഭാ പുനഃസംഘടന വരികയാണെങ്കിൽ പുതുമുഖങ്ങളാകുമോ അതോ ഒന്നാം പിണറായി സർക്കാരിലെ ജനകീയ മുഖങ്ങളെ തിരികെ കൊണ്ടുവരുമോ എന്നതാണ് ശ്രദ്ധേയം.