തിരുവല്ല : 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സംരംഭം തുടങ്ങിയ കടപ്ര സ്വദേശിയായ സംരംഭകനെ ഷോക്കടിപ്പിച്ച് കെ എസ് ഇ ബി. തിരുവല്ല കടപ്ര സ്വദേശി ഫിലിപ്പ് ജോർജിനാണ് താമസിക്കുന്ന വീടിനും ഗാർഹിക നിരക്കിൽ വൈദ്യുതി നിരക്ക് ഈടാക്കേണ്ട ഹോംസ്റ്റേക്കും വ്യാവസായിക നിരക്കിലുള്ള വൈദ്യുതി ബിൽ നൽകിയത്.

ഒന്നേ മുക്കാൽ ലക്ഷം രൂപ ഈ മാസം പതിനഞ്ചാം തീയതിക്കകം അടച്ചില്ലെങ്കിൽ വീട്ടിലെ കണക്ഷൻ അടക്കം കട്ട് ചെയ്യുമെന്നാണ് കെഎസ്ഇബി നോട്ടീസ് നൽകിയിരിക്കുന്നത്. 30 വർഷം ഗൾഫ് ജീവിതത്തിൽ അനുഭവിച്ച ആകെ ചൂടിനേക്കാൾ വലിയ ഷോക്കാണ് നാട്ടിലെത്തിയ ഫിലിപ്പ് ജോർജിന് കെഎസ്ഇബി സമ്മാനമായി നൽകിയത്. കോവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടതോടെയാണ് താമസിക്കുന്ന വീടിന് മുകളിലെ മുറികൾ ഹോം സ്റ്റേ ആക്കി മാറ്റാൻ ഫിലിപ് ജോർജ് തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് ടൂറിസം വകുപ്പിൽ അപേക്ഷ നൽകി . കടപ്ര പഞ്ചായത്തിലും ലൈസൻസിന് അപേക്ഷിച്ചു. ടൂറിസം വകുപ്പിലെ ഹോംസ്റ്റയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പരിശോധനയ്ക്ക് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ യാതൊരു പരിഗണനയും നൽകാതെ ഒന്നേ മുക്കാൽ ലക്ഷം രൂപ ബില്ലടക്കണമെന്ന് നോട്ടീസ് നൽകിയത്. വ്യാവസായിക അടിസ്ഥാനത്തിലാണ് വീടിനും ഹോംസ്റ്റേക്കും കെഎസ്ഇബി ബിൽ നൽകിയത്. തന്റെ അപേക്ഷ ടൂറിസം വകുപ്പ് പരിഗണിക്കുന്നുണ്ടെന്നും ഇക്കാര്യം കെഎസ്ഇബിക്ക് നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടുണ്ടെന്നും സംരംഭകൻ പറഞ്ഞിട്ടും കെഎസ്ഇബി അധികൃതർ അത് ചെവിക്കൊണ്ടില്ല.

ഈ മാസം പതിനാലാം തീയതിക്കകം രണ്ടേമുക്കാൽ ലക്ഷം രൂപ അടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ഇതിനിടെ ഫിലിപ്പ് ജോർജിന്റെ ഹോംസ്റ്റേക്ക് ഡയമണ്ട് കാറ്റഗറിയിൽ ഹോം സ്റ്റേ അംഗീകാരവും ലഭിച്ചു. ഇത് കാണിച്ചും കെഎസ്ഇബിയെ സമീപിച്ചിട്ടും കെഎസ്ഇബി കനിഞ്ഞില്ല. ഇക്കാര്യത്തിൽ ടൂറിസം വകുപ്പിനും ജില്ലാ കളക്ടർക്കും അടക്കം പരാതി നൽകിയിട്ടും യാതൊരു സഹായവും സംരംഭകന് ലഭിച്ചില്ല.

ഇതോടെ കെഎസ്ഇബി ക്കെതിരെ കോടതിയെ സമീപിച്ചിരിക്കാൻ ഒരുങ്ങുകയാണ് ഈ സംരംഭകൻ. വിദേശത്ത് ജോലിചെയ്ത് താമസിക്കുന്ന ആളുകളെ നാട്ടിൽ സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ക്ഷണിച്ചു വരുത്തുമ്പോഴാണ് തന്നെപ്പോലെയുള്ള സംരംഭകർക്ക് ഈ ഗതിയാണ് ഉണ്ടാകുന്നതെന്ന് ഫിലിപ് ജോർജ് പറയുന്നു. തന്നെ സഹായിക്കാൻ സർക്കാർ മുന്നോട്ടുവന്നില്ലെങ്കിൽ തുടങ്ങിയ സംരംഭം പൂട്ടുകയല്ലാതെ മാർഗമില്ലെന്നാണ് ഫിലിം ജോർജ് പറയുന്നത്.

അതേ സമയം പരിശോധന നടത്തിയ സമയത്ത് ആവശ്യമായ രേഖകൾ ഉടമ ഹാജരാക്കിയിരുന്നില്ല എന്നതാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.