കണ്ണൂർ: സിപിഎം സൈബർ പോരാളി ആകാശ് തില്ലങ്കേരിക്കെതിരെയുള്ള പൊലിസ് നടപടി പ്രാദേശികമായ പൊട്ടിത്തെറിക്ക് ഇടയാക്കുന്നു. മുഴക്കുന്നിലെ ഒരു വിഭാഗം പാർട്ടി പ്രവർത്തകരും അനുഭാവികളും ആകാശിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ആകാശിനെ നിരന്തരമായി വേട്ടയാടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പൊലിസിനെതിരെ രംഗത്തുവന്നത്. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ പാർട്ടിവിടുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

ഇക്കാര്യം പ്രാദേശിക നേതൃത്വത്തെയും ജില്ലാ നേതാക്കളെയും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. മുഴക്കുന്നിൽ നിന്നും അറുപതോളം പേരാണ് ജില്ലാകമ്മിറ്റി ഓഫീസിലെത്തി ആകാശിനെതിരെയുള്ള നടപടിയിൽ കഴിഞ്ഞ ദിവസം രോഷം പ്രകടിപ്പിച്ചത്. ഇനിയും പൊലിസ് വേട്ട തുടർന്നാൽ പാർട്ടിയുമായുള്ള സകല ബന്ധവും ഒഴിവാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഇതോടെ പാർട്ടി ഗ്രാമമായ മുഴക്കുന്നിൽ സർക്കാരിനെതിരെ ഉയരുന്ന രോഷം സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ മാസം കുട്ടിയുടെ നൂൽകെട്ടൽ ചടങ്ങിനിടെയാണ് ജയിലിൽ നിന്നും ഇറങ്ങിയ ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തു കൊണ്ടു പോയത്. ഇതേ തുടർന്ന് ചടങ്ങ് അലങ്കോലപ്പെട്ടു. ആകാശിന്റെ സൃഹുത്തുക്കളും ബന്ധുക്കളുമായി അൻപതിലേറെപ്പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.വീട്ടിൽ നടക്കുന്ന ചടങ്ങിന്റെ സദ്യയ്ക്കിടെ ആകാശിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചു ഇവർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഒടുവിൽ താൽക്കാലികമായി മണിക്കൂറുകൾ മാത്രം ആകാശിനെ വിട്ടയച്ചുകൊണ്ടാണ് പൊലിസ് പ്രശ്നം പരിഹരിച്ചത്.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ചതു ചോദ്യം ചെയ്ത ജയിൽവാർഡനെ മർദ്ദിച്ച കേസിലാണ് ഏറ്റവും ഒടുവിൽ ആകാശിനെ അറസ്റ്റു ചെയ്തത്. ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണുള്ളത്. നേരത്തെ കാപ്പ ചുമത്തിയും ആകാശിനെ അറസ്റ്റു ചെയ്തിരുന്നു. മട്ടന്നൂരിലെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിനെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിനും ആകാശിനും കൂട്ടാളി ജിജോ തില്ലങ്കേരിക്കുമെതിരെ മുഴക്കുന്ന് പൊലിസ് കേസെടുത്തിട്ടുണ്ട്. ഡി.വൈ. എഫ്. ഐ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ആകാശ് തില്ലങ്കേരിയുമായി സി.പി. എം നേതൃത്വം ഇടയുന്നത്.

ഇതോടെയാണ് ആകാശിനെതിരെ കാപ്പയുൾപ്പെടെ പൊലിസ് ചുമത്തുന്നത്. പാർട്ടി അംഗമായ ആകാശിന്റെ പിതാവ് രവീന്ദ്രൻ ഹൈക്കോടതിയിൽ ഇതിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. എന്നാൽ പാർട്ടിഭരിക്കുമ്പോൾ പാർട്ടിക്കായി വെട്ടാനും ചാവാനും നടന്ന ആകാശിനെ ആസൂത്രിതമായി വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് ആകാശിനെ അനുകൂലിക്കുന്നവരുടെ ആരോപണം.

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെയുള്ള കേസിൽ കൂട്ടുപ്രതികൾ സി. ഐ.ടി.യു, സി.പി. എം പ്രവർത്തകരാണ്. സംഭവത്തിൽ എടയന്നൂർ ലോക്കൽ സെക്രട്ടറിക്കെതിരെ സി.പി. എം സംഘടനാ അച്ചടക്കനടപടിയുമെടുത്തിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിയുമായുള്ള ബന്ധമാണ് ആകാശിനെതിരെ സി.പി. എം ചൂണ്ടിക്കാണിക്കുന്നത്. ഡി.വൈ. എഫ്. ഐ മുൻജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫേസ്‌ബുക്കിൽ പാർട്ടി രഹസ്യങ്ങൾ ചോർത്തുന്നുവെന്ന ആരോപണമുന്നയിച്ചതും വിനയായി.

പാർട്ടി ഗ്രാമമായ മുഴക്കുന്നിൽ സി.പി. എമ്മിലുണ്ടായ ഉരുൾപൊട്ടലിൽ മൗനം പാലിക്കുകയാണ് കോൺഗ്രസും ബിജെപിയും. പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ആകാശിനെയും കൂട്ടരെയും സ്വീകരിക്കില്ലെന്നാണ് ഇരുപാർട്ടികളും പറയുന്നത്. സി.പി. ഐയ്ക്കും ഇതിൽ തീരെതാൽപര്യമില്ല. എന്നാാൽ സി.പി. എം വിട്ടു എങ്ങോട്ടും പോവില്ലെന്നാണ്ആകാശിനെ അനുകൂലിക്കുന്നവരുടെ തീരുമാനം. പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിക്കാതെ വിട്ടുനിൽക്കാനാണ് ഇവരുടെ തീരുമാനം.വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സി.പി. എം പ്രചരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും ഇറങ്ങില്ലെന്നാണ് ഇവരുടെ നിലപാട്.

ആകാശ് തില്ലങ്കേരിക്ക് അനുകൂലമായി ഒരുവിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തുവന്നത് സി.പി. എം കണ്ണൂർ ജില്ലാനേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇലയ്ക്കും മുള്ളിനും കേടുകൂടാതെ പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞുകൊണ്ടു മുഴക്കുന്നിൽ സി.പി. എം ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തിയിരുന്നു. പാർട്ടി നേതാക്കളായ പി.ജയരാജൻ, എം.വി ജയരാജൻ തുടങ്ങിയ നേതാക്കൾ ഈ പൊതുയോഗത്തിൽ ആകാശ് തില്ലങ്കേരിയെയും സൈബർ പോരാളികളെയും പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

ഇതിനു ശേഷമാണ് പാർട്ടി പൊലിസിനെ ഉപയോഗിച്ചു ആകാശിനെതിരെയുള്ള നിയമനടപടികൾ ശക്തമാക്കിയത്. ടി.പി വധക്കേസിലെ പ്രതികൾ ഒളിവിൽ താമസിച്ച മുടക്കോഴി മലയുൾപ്പെടെയുള്ള പ്രദേശമാണ് മുഴക്കുന്ന്.മുന്നൂറിേേലെറകുടുംബങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ആകാശിനെതിരെയുള്ള നടപടികൾ അതൃപ്തരാണ്. പാർട്ടി പാർട്ടി ഗ്രാമമായ ഇവിടെ സി.പി. എമ്മിൽ ഉയർന്നിരിക്കുന്ന ചേരിതിരിവ് ഗൗരവകരമായാണ് കണ്ണൂർ ജില്ലാ നേതൃത്വം വീക്ഷിക്കുന്നത്.