കണ്ണൂർ: സീനിയർ പൊലിസുകാരനും യുവതിയും ചേർന്ന് മറ്റൊരു പൊലിസുകാരനും പട്ടികജാതി വിഭാഗക്കാരനുമായ യുവാവിൽ നിന്നും ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി. പാലക്കാട് ജില്ലയിലെ നെന്മാറ പൊലിസ് പരിധിയിൽ താമസിക്കുന്നഅയിലൂർ കണ്ടുകാട് ദേശത്ത് താമസിക്കുന്ന തൃശൂർ കെ. എ. പി ഡിറ്റാച്ച്മെന്റിലെ കോൺസ്റ്റബിളായ കെ.സി കെ.സി ശ്രീരാജാണ്(33)ണ് പരാതിക്കാരൻ. ഹണിട്രൂപ്പിൽ കുടുങ്ങിയതിനെ തുടർന്ന് ശ്രീരാജ് ഇപ്പോൾ സസ്പെൻഷനിലാണ്. കാസർകോട് സ്വദേശിനിയായ യുവതിയും കണ്ണൂർ ജില്ലയിലെ മലയോരത്തെ ഒരു പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലിസുകാരനും ചേർന്ന് ശ്രീരാജിനെ ഹണിട്രാപ്പിൽ കുടുക്കി പലതവണയായി 14-ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

കാസർകോട് സ്വദേശിനിയായ യുവതിയ ബന്ധുവായ ഒരു പൊലിസ് ഓഫീസറുടെ ഒത്താശയോടെ വിവാഹവാഗ്ദാനം നൽകി ഹണിട്രാപ്പ് നടത്തിയത്. പട്ടിക ജാതി, പട്ടികവർഗത്തിൽപ്പെട്ടയാളും ബി.ടെക് ബിരുദധാരിയുമാണ് ശ്രീരാജ്. യുവതി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്ന് ഇയാൾ അറസ്റ്റു ചെയ്യപ്പെടുകയും 28 ദിവസക്കാലം റിമാൻഡിലായതോടെ സസ്പെൻഷനിലാവുകയും ചെയ്തു യുവതിയും ബന്ധുവായ പൊലിസ് ഉദ്യോഗസ്ഥനും ചേർന്ന് തന്നെ ഹണിട്രാപ്പിൽ കുടുക്കി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് ശ്രീരാജിന്റെ പരാതി.

നിർധന കുടുംബാംഗമായ ശ്രീരാജ് പിതാവ് വരുത്തിവെച്ച കടബാധ്യതകാരണം കുടുംബവുമായി വാടക വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വായ്പയെടുത്ത് പുതിയ വീടിന്റെ നിർമ്മാണം തുടങ്ങിയ സമയത്താണ് 2022-ൽ ഏപ്രിലിൽ ഫെയ്സ് ബുക്കിലൂടെ കണ്ണൂരിൽ ജോലി ചെയ്യുന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥയാണെന്നു സ്വയം പരിചയപ്പെടുത്തി കൊണ്ടു യുവതി രംഗത്തുവരുന്നത്.

പിന്നീട് മെസഞ്ചറിലൂടെ ശ്രീരാജുമായി അടുപ്പമുണ്ടാക്കുകയും ഇയാളോട് വിവാഹ അഭ്യർത്ഥന നടത്തുകയുമായിരുന്നു. തന്റെ മാതാപിതാക്കൾ ഗൾഫിലാണെന്നും സഹോദരൻ കാനഡയിൽ മെഡിക്കൽ വിദ്യാർത്ഥിയാണെന്നും പറഞ്ഞിരുന്നു. കണ്ണൂർ ജില്ലയിലെ ഒരു പൊലിസുകാരനായ അമ്മാവന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും ഇവർ പറഞ്ഞു. ഇതിനുശേഷം യുവതിയുടെ അമ്മയെന്ന പേരിൽ ഒരു സ്ത്രീയും അമ്മാവനും സംസാരിക്കുകയും വിവാഹത്തിന് അവർക്ക് സമ്മതമാണെന്ന് അറിയിക്കുകയുമായിരുന്നു. ജാതകം തമ്മിൽ ചേരുമെന്നും നാൾ പൊരുത്തമാണ് പ്രശ്നമെന്നും അതുശരിയാക്കാമെന്നും പറഞ്ഞിരുന്നു.

താൻ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നയാളാണെന്നും വീടില്ലെന്നും പറഞ്ഞ ശ്രീരാജിനോട് തങ്ങൾ വീടുവയ്ക്കാൻ സഹായിക്കാമെന്നും കൂടുതൽ നല്ല ജോലി നേടിത്തരാൻ സഹായിക്കാമെന്നും ഇവർ വാഗ്ദാനം ചെയ്തു. ഈയൊരാവശ്യത്തിനായി രണ്ടാഴ്ചയ്ക്കുള്ളിൽ യുവതി തൃശൂർ റെയിൽവേസ്റ്റേഷനിൽ വരികയുംശ്രീരാജിനെവിളിച്ചിരുത്തി വീടുവാങ്ങുന്നതിനായി പോകാൻ അവിടെതൊട്ടടുത്ത ഹോട്ടലിൽ തങ്ങാൻ നിർബന്ധിക്കുകയുമായിരുന്നു. ഹോട്ടലിൽ താമസിക്കവെ ഇവർ ശ്രീരാജിനോട് ലൈംഗികാഭിനിവേശം കാണിക്കുകയും നാലുമാസക്കാലം ഇയാളോടൊന്നിച്ചു തൃശൂരിൽ താമസിക്കുകയും ചെയ്തു. പുതിയ വീടുവാങ്ങുന്നതിനായി അഡ്വാൻസ് കൊടുത്തപ്പോഴാണ് യുവതിയെ കുറിച്ചു കൂടുതൽ സംശയങ്ങളുണ്ടാകുന്നത്.

ഇതിനിടെയിൽ വിഷുവിന് ശ്രീരാജിനെ സഹായിക്കാനെന്ന പേരിൽരണ്ടുതവണയായി യുവതിയുടെ അമ്മാവനെന്നു പരിചയപ്പെട്ട പൊലിസുകാരൻ ഏപ്രിൽ 14,19,21 തീയ്യതികളിൽ പതിനായിരം രൂപ വീതം ഗൂഗിൾ പേ ചെയ്തുകൊടുത്തിരുന്നു. പിന്നീട് അമ്മാവനു സാമ്പത്തിക ബുദ്ധിമുട്ടാണെന്നുപറഞ്ഞു യുവതി 2.60.000 രൂപ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും തിരിച്ചു നൽകുമെന്ന ഉറപ്പിൽ ശ്രീരാജ് പണം അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനിടെയിൽ പല അക്കൗണ്ടുകളിലായി ആറുലക്ഷം രൂപയോളം അയച്ചുകൊടുത്തിരുന്നു വീടു നിർമ്മാണത്തിനായി എടുത്ത വായ്പ, സുഹൃത്തുക്കളോട് കടമായി വാങ്ങിയ സംഖ്യ, യുവതിയുമായി നാലുമാസം തൃശൂരിൽ വിവിധയിടങ്ങളിൽ താമസിച്ചതിന്റെ ചെലവ് എന്നിവയുൾപ്പെടെ പതിനാറുലക്ഷത്തോളം രൂപ നഷ്ടമായിരുന്നു.

ഇതിനിടെ യാദൃശ്ചികമായി നാട്ടിൽ ഭർത്താവും രണ്ടുമക്കളുമുള്ളവരാണ് ഇവരെന്നും ഇവർക്ക് ഇൻകം ടാക്സിൽ ജോലിയുണ്ടെന്നു പറഞ്ഞത് തട്ടിപ്പാണെന്നും വിശ്വസീനിയമായ വിവരം ശ്രീരാജിന് ലഭിച്ചത്. ഇവരുടെ അമ്മയെന്നും അമ്മാവനെന്നും പറഞ്ഞു ഫോണിൽ വിളിച്ചുവിവാഹക്കാര്യം സംസാരിച്ചതു കബളിപ്പിക്കലാണെന്നും വ്യക്തമായി. എന്നാൽ ഇതിനിടെ ശ്രീരാജിനെതിരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാണിച്ചു യുവതി തൃശൂർ ഈസ്റ്റ് പൊലിസിൽ പരാതി നൽകുകയും ഇയാൾ റിമാൻഡിലാവുകയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.

പിന്നീട് യുവതിയെ കുറിച്ചു സംശയം തോന്നിയ തൃശൂർ ഈസ്റ്റ് പൊലിസ് കാസർകോട്ടെത്തി ഇവരെ കുറിച്ചു അന്വേഷണം നടത്തിയപ്പോഴാണ് ഇവർ വിവാഹിതയുംരണ്ടു മക്കളുടെ അമ്മയാണെന്നും ഗൾഫിലുള്ള ഭർത്താവിനെതിരെ കേസ് കൊടുത്തിരിക്കുകയാണെന്നും വ്യക്തമായത്. പൊലിസുകാർ ഉൾപ്പെടെയുള്ള വൻഹണിട്രാപ്പ് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നു തെളിഞ്ഞിട്ടുണ്ട്. കാസർകോട്ടുള്ള മറ്റൊരുപൊലിസ് ഉദ്യോഗസ്ഥൻ, ഒരു ബാങ്ക് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ആരോപണ വിധേയനായ പൊലിസ് ഓഫീസർ കണ്ണൂർ ജില്ലയിലെ മലയോരത്തെ ഒരു പൊലിസ് സ്റ്റേഷനിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ഹണിട്രാപ്പു തട്ടിപ്പു നടത്തിയ യുവതി ഇപ്പോൾ കോട്ടയം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

സോഷ്യൽമീഡിയയിലെ മാട്രിമോണിയൽ സൈറ്റുകളിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയാണെന്നു സ്വയം പരിചയപ്പെടുത്തി പ്രൊഫൈലിട്ടാണ് ഇവർ ഇരകളെ വീഴ്‌ത്തുന്നത്. ഇപ്പോഴുംഈ അക്കൗണ്ടു നിലവിലുണ്ട്. ശ്രീരാജ് സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു പൊലിസുകാരനെ മറ്റൊരു സീനിയർഉദ്യോഗസ്ഥനെ മറയാക്കി ഹണിട്രാപ്പിലൂടെ കുടുക്കിയത് സേനയിലും വിവാദമുണ്ടാക്കിയിട്ടുണ്ട്.