തിരുവനന്തപുരം: കസ്റ്റഡിയില്‍ മര്‍ദ്ദിക്കാതെ കേസ് തെളിയിക്കാന്‍ പോലീസിന് കഴിയുമോ? ലോക്കപ്പ് മര്‍ദ്ദനവും പോലീസ് അതിക്രമങ്ങളും എല്ലാം ചര്‍ച്ചയാകുമ്പോള്‍ 'കണ്ണൂര്‍ സ്‌ക്വാഡിന്' പ്രസക്തി ഏറെയാണ്. കുറ്റാന്വേഷണത്തിന് കണ്ണൂര്‍ സ്‌ക്വാഡ് എന്ന ആശയം അവതരിപ്പിച്ചത് കണ്ണൂര്‍ എസ് പിയുടെ കസേരയില്‍ ഇരുന്ന സമയത്ത് എഡിജിപി എസ് ശ്രീജിത്തായിരുന്നു. സലിം ഹാജി കൊലക്കേസിലെ അസാധാരണ അന്വേഷണ ടീമിനെ വെള്ളിത്തരയില്‍ അവതരിപ്പിച്ചതും മലയാളി ഏറ്റെടുത്തു. സലാം ഹാജിയുടെ കേസ് പ്രചോദനമായിരുന്നുവെങ്കിലും ഒട്ടേറെ മാറ്റങ്ങളോടെയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയത് റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നും. ഈ ടീമിന്റേതാണ് സിനിമയിലെ 'കണ്ണൂര്‍ സ്‌ക്വാഡ്'. അതുകൊണ്ടാണ് ശ്രീജിത്തിന്റേയും മുഹമ്മദ് ഷാഫിയുടേയും കൂടിക്കാഴ്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ രണ്ട് അണിയറ ശില്‍പികളുടെ ഒത്തു ചേരലാകുന്നത്. തിരശ്ശീലയെ തീപിടിപ്പിച്ച സിനിമയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്.

എഡിജിപി ശ്രീജിത്തും തിരക്കഥാ കൃത്ത് മുഹമ്മദ് ഷാഫിയും ആ ഓര്‍മ്മകള്‍ പങ്കിട്ടു. ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമാ സെറ്റിലായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിന്റെ യഥാര്‍ത്ഥ ശില്‍പ്പിയും സിനിമയിലെ തിരക്കഥാകൃത്തും ഒരുമിച്ചത്. കൂടെ മമ്മൂട്ടിയുടെ മറ്റൊരു സുപ്പര്‍ഹിറ്റായ ഭീഷ്മപര്‍വ്വത്തിന്റെ അണിയറയിലുണ്ടായിരുന്ന ദേവദത്ത് ഷാജി. ധീരന്‍ എന്ന സിനിമയുടെ സംവിധായകനും രചയിതാവും കൂടിയാണ് ദേവദത്ത് ഷാജി. ഭീഷ്മ പര്‍വ്വത്തില്‍ സഹരചയിതാവ് ആയിരുന്നു് ഷാജി. അങ്ങനെ മുഹമ്മദ് ഷാഫിയും ദേവദത്തും എഡിജിപിമായുമായി ആശയ സംവാദം നടത്തി. കണ്ണൂര്‍ സ്‌ക്വാഡിലെ രൂപീകരണമുള്‍പ്പെടെ അവര്‍ സംസാരിച്ചുവെന്നാണ് സൂചന. ഒരു പോലീസ് കഥ എന്നതിലുപരി പോലീസ് സംവിധാനത്തിനകത്തെ രാഷ്ട്രീയം പറയുന്ന ചിത്രം എന്ന തലത്തിലേക്ക് 'കണ്ണൂര്‍ സ്‌ക്വാഡ്' ഉയര്‍ന്നിരുന്നു. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതു കൊണ്ട് തന്നെ ആ സിനിമ പ്രേക്ഷരേയും സ്വാധീനിച്ചുവെന്നതാണ് വസ്തുത. കണ്ണൂര്‍ സ്‌ക്വാഡിന്റെ സിനിമാ വെര്‍ഷന്റെ രണ്ടാം പതിപ്പ് ചര്‍ച്ചകളിലുണ്ട്. ഇതിനിടെയാണ് എഡിജിപി ശ്രീജിത്തും മുഹമ്മദ് ഷാഫിയും ചര്‍ച്ച ചെയ്യുന്നത്.

കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിയുടെ ജോര്‍ജ്ജ് മാര്‍ട്ടിന്‍, ശബരീഷ് അവതരിപ്പിച്ച ഷാഫി, റോണി ഡേവിഡിന്റെ ജയന്‍, അസീസ് നെടുമങ്ങാടിന്റെ ജോസ് എന്നീ കഥാപാത്രങ്ങള്‍ അതിഭാവുകത്വമില്ലാതെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പോലീസ് സംവിധാനത്തിന്റെ അടിത്തട്ടില്‍ക്കിടക്കുന്നവരാണ് ഈ കഥാപാത്രങ്ങളെല്ലാം. കാക്കിയഴിച്ചുവെച്ചു കഴിഞ്ഞാല്‍ അവരും പ്രാരാബ്ധക്കാരായ സാധാരണക്കാരായിരുന്നു. അടിയും ഇടിയും ഇല്ലാതെ കേസ് തെളിയിച്ചവര്‍. പതിവുരീതികളില്‍നിന്ന് വഴിമാറിനടന്ന ചിത്രമായിരുന്നു 'കണ്ണൂര്‍ സ്‌ക്വാഡ്'. ഒരു പറ്റം പോലീസുകാരുടെ ഒത്തൊരുമയുടേയും വാശിയുടേയും നിരന്തരശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റേയുമെല്ലാം കഥ. ഒരു സീനിയര്‍ ഓഫീസറുടെ കീഴില്‍ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന കുറ്റാന്വേഷണവും മറ്റും പല തവണ മലയാളികള്‍ വിവിധ ഭാഷകളിലായി കണ്ടുകഴിഞ്ഞതാണ്. ഇവിടെയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' വ്യത്യസ്തമാവുന്നതും. ഒന്നിലേറെ സംഭവങ്ങളിലേക്കാണ് ചിത്രം രസച്ചരട് പൊട്ടാതെ പ്രേക്ഷകനെ ഒരു വെളുത്ത പോലീസ് വാഹനത്തിലൂടെ കൂട്ടിക്കൊണ്ടുപോവുന്നത്. പ്രധാന കഥയ്‌ക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിലെ സംഘാംഗങ്ങളുടേയും ജീവിതമെന്താണെന്നും ഏത് സാഹചര്യത്തില്‍നിന്നാണ് അവര്‍ വരുന്നതെന്നും പോലീസ് സംവിധാനത്തിന്റെ ഭാഗമായിരിക്കേ തന്നെ ആ സിസ്റ്റം അവര്‍ക്കെന്താണ് നല്‍കുന്നതെന്നും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

2023ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയ്ക്ക് പിറകിലുള്ളത് ഒരു സംഘം പോലീസുകാരുടെ ജീവിതാനുഭവങ്ങളാണ്. 2007-ലാണ് കണ്ണൂര്‍ സ്‌ക്വാഡ് രൂപവത്കരിച്ചത്. വിസ്മൃതിയിലേക്ക് പോകുമായിരുന്ന നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കൂട്ടായ പരിശ്രമത്തിലൂടെ കഴിഞ്ഞു. കുറ്റാന്വേഷണത്തിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കണ്ണൂര്‍ പോലീസ് സ്‌ക്വാഡിലെ ഒന്‍പതുപേര്‍ ചേര്‍ന്ന് തെളിയിച്ച കുപ്രസിദ്ധമായ കേസാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയിലെ ഇതിവൃത്തം. എ.ഡി.ജി.പി. ശ്രീജിത്ത് 2007-ല്‍ കണ്ണൂര്‍ എസ്.പി.യായ സമയത്താണ് കുറ്റാന്വേഷണത്തിന് കണ്ണൂര്‍ സ്‌ക്വാഡ് രൂപവത്കരിച്ചത്. 13 വര്‍ഷത്തോളം ശ്രീജിത്ത് രൂപീകരിച്ച സംഘത്തിലെ ഒന്‍പതുപേരും സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു. സ്‌ക്വാഡിലെ അംഗങ്ങളുടെ പേര് തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും നല്കിയിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച കുറ്റാന്വേഷണസംഘമായി പേരെടുത്ത കണ്ണൂര്‍ സ്‌ക്വാഡിനും പോലീസിനുമുള്ള അംഗീകാരം കൂടിയായി സിനിമ.

നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകായണ്. ശ്രീഗോകുലം മൂവീസും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് കണ്ണൂര്‍ സ്‌ക്വാഡിലെ അണിയറക്കാര്‍ കണ്ടു മുട്ടിയത്.

യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ

2007 മുതല്‍ 2017 വരെ ഒരു പതിറ്റാണ്ടുകള്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതികളെ അതിസാഹസികമായി പിടികൂടിയ അന്വേഷണ സംഘമാണ് കണ്ണൂര്‍ സ്‌ക്വാഡ്. അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി. വിനോദ് കുമാര്‍, കെ. മനോജ് കുമാര്‍, റാഫി മുഹമ്മദ്, സി.കെ. രാജശേഖരന്‍, സി. സുനില്‍കുമാര്‍, റെജി സ്‌കറിയ, കെ. ജയരാജന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

2013 ആഗസ്റ്റ് നാലിന് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ വ്യവസായി അബ്ദുള്‍ സലാം ഹാജിയുടെ വീട്ടില്‍ അതിദാരുണമായ സംഭവം അരങ്ങേറുന്നു. രാത്രി 11 മണിയോടെ ഹാജിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു സംഘം സലാം ഹാജിയെയും കുടുംബത്തെയും ആക്രമിച്ച് ബന്ധനസ്ഥരാക്കി കൊള്ള ആരംഭിക്കുന്നു. വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കിയിട്ടും അക്രമികള്‍ തൃപ്തരല്ലായിരുന്നു. ഏറെ ശ്രമിച്ചിട്ടും കൂടുതല്‍ പണം ലഭിക്കില്ലെന്ന് മനസ്സിലായപ്പോള്‍ സലാം ഹാജിയെ കൊലപ്പെടുത്തി സംഘം രക്ഷപ്പെട്ടുന്നു.

സലാം ഹാജിയുടെ വീട്ടില്‍ സിസിടിവിയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍, അവയെല്ലാം പ്രവര്‍ത്തനരഹിതമാക്കിയാണ് അക്രമികള്‍ പദ്ധതി നടപ്പാക്കിയത്. സലാം ഹാജിയുടെ കൊലപാതകം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതികളില്‍ ഒരാള്‍ അവശേഷിപ്പിച്ച തെളിവില്‍നിന്ന് ലഭിച്ച ഡി.എന്‍.എ. സാമ്പിളാണ് കേസില്‍ നിര്‍ണായകമായി തീരുന്നത്. തുടര്‍ന്ന് അതിസാഹസിക ദൗത്യത്തില്‍ 6000 കിലോ മീറ്ററുകള്‍ താണ്ടിയാണ് കണ്ണൂര്‍ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്.