- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ താര പുത്രിയുടെ മുന്‍ കാമുകനുമായി വരെ വാലന്റൈന്‍സ് ഡേ കണ്‍സപ്റ്റ് ഫോട്ടോ ഷൂട്ട്! പാവങ്ങളെ പറ്റിച്ചുണ്ടാക്കി പണം ഉപയോഗിച്ചത് ലഹരി ഇടപാടിന്; അന്താരാഷ്ട്ര സലൂണില്‍ മാനേജരായ ഭര്‍ത്താവിനേയും ചോദ്യം ചെയ്യും; തട്ടിപ്പുകാരിയുടെ കൈയ്യിലുള്ള എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനലോ എന്നറിയാന്‍ അന്വേഷണം യുക്രെയിനിലേക്കും; കാര്‍ത്തികാ പ്രദീപിന് നക്ഷത്ര തിളക്കവും; ടേക്ക് ഓഫ് തട്ടിപ്പില്‍ 'സിനിമാ ബന്ധങ്ങളും'!
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ മോഡലും ഡോക്ടറുമായ കാര്‍ത്തിക പ്രദീപ് തട്ടിയെടുത്ത പണം ലഹരി ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തല്‍. കാര്‍ത്തികയുടെ ലഹരി ബന്ധത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ്. തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുന്നതായും കണ്ടെത്തി. സിനിമാക്കാരുമായി കാര്‍ത്തികയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഒരു സിനിമാ താര പുത്രിയുടെ മുന്‍ കാമുകനായി വരെ കാര്‍ത്തിക ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. വാലന്റൈന്‍ ഡേ ഫോട്ടോ ഷൂട്ടാണ് ഇത്. സിനിമാ താര പുത്രിയുടെ പ്രണയം തകര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. തട്ടിപ്പില്‍ കാര്‍ത്തികയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന സംശയത്തില്‍ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അന്താരാഷ്ട്ര ബാര്‍ബര്‍ഷോപ്പ് ബ്രാന്‍ഡില്‍(സലൂണ്‍) മാനേജരാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. ഇയാളുടെ സഹോദരന്റെ സ്‌കോട്‌ലാന്‍ഡിലെ ആത്മഹത്യയും ദുരൂഹമാണ്. ആത്മഹത്യയാണെന്ന് കണ്ടെത്തി വിദേശ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എങ്കിലും ആത്മഹത്യയുടെ കാരണം കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നിലും ജോലി തട്ടിപ്പ് കേസിന് ബന്ധമുണ്ടോ എന്ന സംശയം സജീവമാണ്.
കാര്‍ത്തിക പ്രദീപിന്റെ കണ്‍സള്‍ട്ടന്‍സി കമ്പനി 'ടേക്ക് ഓഫി'നെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികള്‍ നിലവിലുണ്ട്. യുക്രെയ്‌നില്‍ എംബിബിഎസ് പഠിക്കുന്ന കാലം മുതല്‍ തന്നെ തട്ടിപ്പ് ആരംഭിച്ചെന്ന് കണ്ടെത്തല്‍. കേരളത്തില്‍ പലയിടങ്ങളിലായി നൂറോളം വിദ്യാര്‍ഥികളെ ഇവര്‍ പറ്റിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഓരോരുത്തരില്‍ നിന്നും കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും ഇവര്‍ വാങ്ങിയിട്ടുണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. യുക്രെയ്‌നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇവര്‍ ഡോക്ടറാണോ എന്നതിലും സംശയം നിലനില്‍ക്കുന്നുണ്ട്. യുക്രെയ്‌നിലായിരുന്നു ഇവര്‍ പഠനം നടത്തിയിരുന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇവരുടെ കൈയ്യിലുണ്ട്. കൊച്ചിയിലെ പ്രധാന ആശുപത്രിയില്‍ ഡോക്ടര്‍ എന്ന തരത്തിലായിരുന്നു ഫെയ്‌സ് ബുക്കില്‍ അടക്കം അവകാശ വാദം കാര്‍ത്തിക ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നിന്ന് ഇവരെ പൊലീസ് പിടികൂടിയത്. യുകെ, ഓസ്‌ട്രേലിയ, ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പല രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ഫ്‌ലക്സ് ബോര്‍ഡുകളിലും നല്‍കിയിരുന്നു. കോഴിക്കോടായിരുന്നു കാര്‍ത്തികയുടെ ഭര്‍ത്താവിന്റെ വീട്. വാലന്റൈന്‍ ഡേ കണ്‍സെപ്റ്റ് ഷൂട്ട് എന്ന പേരിലാണ് താര പുത്രിയുടെ മുന്‍ കാമുകനുമായുള്ള ഫോട്ടോ ഷൂട്ട്. ഇതടക്കം ഇട്ടാണ് സോഷ്യല്‍ മീഡിയിയല്‍ ആരാധകരെ കാര്‍ത്തിക സൃഷ്ടിച്ചത്. സിനിമയിലെ മട്ടാഞ്ചേരി മാഫിയയിലേക്ക് ബന്ധങ്ങള്‍ നീളുന്നുണ്ടോ എന്നും പരിശോധിക്കും.
കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയെ കുറിച്ച് പോലീസ് അന്വേഷണത്തിലാണ്. ഇതിനൊപ്പമാണ് കാര്‍ത്തികാ പ്രദീപിന്റെ വിഷയവും പോലീസിന് മുന്നിലേക്ക് എത്തുന്നത്. വിദേശജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി' ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാര്‍ത്തിക പ്രദീപിന്റെ എംബിബിഎസ് ബിരുദം സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും. യുക്രെയ്‌നില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്. യുക്രെയിനിലെ മെഡിക്കല്‍ കോളേജുമായി ഈ വിഷയത്തില്‍ പോലീസ് ആശയ വിനിമയം നടത്തും. ഇവര്‍ക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. അതുകൊണ്ടാണ് അന്വേഷണം. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രെയ്‌നിലെ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയതാണ് എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. യുകെയില്‍ ജോലി വാഗ്ദാനം ചെയ്തു തൃശൂര്‍ കാറളം വെള്ളാനി സ്വദേശിനിയില്‍ നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ നൂറിലേറെ പേരെ വഞ്ചിച്ചു കോടികളുടെ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും പ്രതിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ കാര്‍ത്തികയെ, മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി വെള്ളിയാഴ്ചയാണു കോഴിക്കോട് നിന്നു പിടികൂടിയത്.
തൃശൂര്‍ സ്വദേശിനിക്ക് യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി ഗൂഗിള്‍ പേ, നെഫ്റ്റ് എന്നിവ മുഖേന 5.23 ലക്ഷം വാങ്ങുകയായിരുന്നു. മാസങ്ങള്‍ കാത്തിരുന്നിട്ടും വീസ ലഭിക്കാതായതോടെ യുവതി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി.യുകെ, യുക്രെയ്ന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയത്. സമൂഹമാധ്യമങ്ങളിലും, വഴിയോരത്തെ ഫ്‌ലെക്‌സ് ബോര്‍ഡുകളിലും പരസ്യം നല്‍കിയാണ് ഇരകളെ കണ്ടെത്തിയത്. കാര്‍ത്തിക പ്രദീപിന്റെ ഓഡിയോക്ലിപ്പ് മറുനാടന്‍ പുറത്തു വിട്ടിരുന്നു. തട്ടിപ്പ് ചോദ്യംചെയ്തവരോട് കാര്‍ത്തിക രൂക്ഷമായഭാഷയില്‍ പ്രതികരിക്കുന്നതാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോക്ലിപ്പിലുള്ളത്. 'എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ, അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്' എന്നാണ് ഓഡിയോക്ലിപ്പില്‍ യുവതി ചോദിക്കുന്നത്. 'ഞാന്‍ പറ്റിക്കാന്‍ വേണ്ടിയിട്ടാണ്, എന്തേ താന്‍ കൂടൂന്നുണ്ടോ. ഇത്രേംനാളും പ്രതികരിച്ചില്ലെന്ന് കരുതി മെക്കിട്ട് കയറരുത്. എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായി നിങ്ങള്‍ നിന്നുതരുന്നത് എന്തിനാണ്. മേലാല്‍ മെസേജ് അയച്ചാലുണ്ടാലോ...', ഇങ്ങനെ പോകുന്നു ഓഡിയോക്ലിപ്പിലെ വാക്കുകള്‍.
ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് കാര്‍ത്തിക പ്രദീപ് പരിചയം സ്ഥാപിച്ചിരുന്നത്. പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ 'ടേക്ക് ഓഫ് ഓവര്‍സീസ്' എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഡോക്ടര്‍ എന്ന ലേബലില്‍ ചില ആശുപത്രികളിലും യുവതി ജോലിചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്.