- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാകേഷ് പ്രസിഡന്റും വിനയന്‍ സെക്രട്ടറിയുമായേക്കും; സാങ്കേതിക തടസ്സം ഉന്നയിച്ച് സാന്ദ്രയുടെ നോമിനേഷന് തള്ളിയേക്കും; ജോബി ജോര്‍ജും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്: പ്രൊഡ്യൂസഴ്സ് അസോസിയേഷനും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
കൊച്ചി: താര സംഘടനയായ അമ്മയില്‍ ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലവും വരും. ഇതിന് ഒരു ദിവസം മുമ്പ് മലയാള സിനിമയിലെ മറ്റൊരു സംഘടനയിലും തിരഞ്ഞെടുപ്പ് നടക്കും. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും സാന്ദ്ര പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ അംഗ ബലം അനുസരിച്ച് അട്ടിമറിക്ക് സാന്ദ്രയ്ക്ക് കരുത്തില്ല. അതുകൊണ്ട് തന്നെ ബി രാഗേഷ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാകും. വിനയന്‍ സെക്രട്ടറിയും. ഈ തലത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. സാന്ദ്രയുടെ പത്രിക തള്ളാനാണ് സാധ്യത.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താന്‍ പ്രസിഡന്റായാല്‍ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞിരുന്നു. സാന്ദ്ര തോമസ് നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ അപമാനിച്ചുവെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സാന്ദ്ര തോമസിനെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 2023ല്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി ആന്റോ ജോസഫിനെയും സെക്രട്ടറിയായി ബി. രാകേഷിനെയും തിരഞ്ഞെടുത്തിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു അന്ന് ട്രഷറര്‍. സെക്രട്ടറി സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മാത്രമാണ് അന്ന് മത്സരം ഉണ്ടായിരുന്നത്. ഇതാദ്യമായി ഒരു വനിത എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ് ക്യൂബ് ഫിലിംസിന്റെ ഷേര്‍ഗ സന്ദീപാണ് എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ അംഗമായത്. സമാന രീതിയില്‍ ഇത്തവണയും വലിയ മത്സരമില്ലാതെ പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് നീക്കം. മത്സരത്തിനില്ലെന്ന് ആന്റോ ജോസഫ് നിലപാട് എടുത്തതോടെ രാകേഷിനെ പ്രസിഡന്റായി പരിഗണിക്കുകയായിരുന്നു.
എറണാകുളം സബ് കോടതി സാന്ദ്രയെ സംഘടനയില്‍നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലെത്തിയ സാന്ദ്ര നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്നു. ആദ്യമായാണ് ഒരു വനിത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഓഗസ്റ്റ് 14നാണ് കേര ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്ത് രണ്ട് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചെത്തിയാണ് സാന്ദ്ര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഈ പത്രിക തള്ളുമെന്നാണ് ലഭ്യമായ സൂചന.
ഗൗരവകരമായ തന്റെ പരാതിയില്‍ പൊലീസ് കുറ്റപത്രം നല്‍കിയിട്ടും പ്രതികളായ നാലു പേര്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ ഭരണാധികാരികളായി തുടരുകയാണന്ന് സാന്ദ്ര ആരോപിച്ചിരുന്നു. ആരോപണ വിധേയരായ ഇവര്‍തന്നെ വീണ്ടും മത്സരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ പര്‍ദ ധരിച്ചെത്തിയത്. ഇപ്പോഴത്തെ ഭാരവാഹികളുള്ള അസോസിയേഷനില്‍ വരുമ്പോള്‍ ധരിക്കാന്‍ ഏറ്റവും ഉചിതമായ വസ്ത്രം പര്‍ദ തന്നെയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. പതിനാറോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ഒമ്പതു സിനിമകള്‍ തന്റെ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ട്. പക്ഷേ കഴിഞ്ഞ രണ്ട് സിനിമകളെ വെച്ചാണ് തന്റെ അപേക്ഷ തള്ളാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണ താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത തവണ സ്ഥാനത്ത് തുടരില്ല. പുതിയ ആളുകള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കണം. പുതിയ ആളുകള്‍ക്ക് കഴിവുതെളിയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണം. അതിന് സമ്മതിക്കാതെ പത്ത് പതിനഞ്ച് വര്‍ഷമായി ചിലര്‍ ഭരണം തുടരുകയാണെന്നും സാന്ദ്ര വിമര്‍ശിച്ചിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 'പവര്‍ ഗ്രൂപ്പിനെ' പോലെ ചിലര്‍ സംഘടനയെ അടക്കിവാഴുകയാണെന്നും അവര്‍ ആരോപിച്ചു. വോട്ടര്‍മാര്‍ പാനലുകള്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബി. രാകേഷിന് എതിരെ മത്സരിക്കാന്‍ താനല്ലാതെ മറ്റാരുമില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. മത്സരിക്കാന്‍ ആളുകള്‍ മുന്നോട്ട് വരാത്തത് പരിതാപകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ഭാരവാഹികളായ ആന്റോ ജോസഫ്, ബി രാകേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനു പിന്നാലെ സാന്ദ്രയെ സംഘടനയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിനെതിരെ സാന്ദ്രാ തോമസ് നിയമ പോരാട്ടം ആരംഭിച്ചിരുന്നു.