തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. തൃശൂർ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘം ലക്ഷ്യമിട്ടിരിക്കുന്നത് മറുനാട്ടുകാരെ. പിന്നിൽ ലോട്ടറി വകുപ്പിലെ ചിലർക്കും പങ്കെന്ന് സൂചന. തട്ടിപ്പിന് ഇരയായ നാഗ്പൂർ സ്വദേശി താൻ വാങ്ങിയ ടിക്കറ്റ് സഹിതം വിവരാവകാശ നിയമ പ്രകാരം ലോട്ടറി വകുപ്പിന് അപേക്ഷ നൽകി. ടിക്കറ്റ് വ്യാജനാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് മറുപടിയും നൽകി. പക്ഷേ, തട്ടിപ്പ് സംഘത്തെ കണ്ടെത്താനോ ഇതേക്കുറിച്ച് ബോധവൽക്കരണം നടത്താനോ ലോട്ടറി വകുപ്പ് തയാറായിട്ടില്ല. തങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം അയച്ചു കിട്ടിയ ടിക്കറ്റ് വ്യാജനാണെന്ന് ഒറ്റ വാക്കിൽ മറുപടി കൊടുത്ത് തങ്ങളുടെ കടമ നിറവേറ്റുക മാത്രമാണ് അവർ ചെയ്തിരിക്കുന്നത്.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 10 തിരുവോണം ബമ്പർ ടിക്കറ്റുകൾ ഒന്നിച്ചെടുത്ത നാഗ്പൂർ ബോർഗാവ് ഖുർദ് സ്വദേശി എ.ടി പങ്കജ് കുമാറാണ് തട്ടിപ്പിന് ഇരയായത്. രണ്ടു തവണയായി അഞ്ചു വീതം ടിക്കറ്റുകൾ ഓൺലൈൻ മുഖേനെ പണമടച്ച് വാങ്ങുകയായിരുന്നു. തൃശൂർ ഇരവിമംഗലം തണ്ടിക്കൽ വീട്ടിൽ ടി.ജി. രാജൻ എന്നയാളാണ് ടിക്കറ്റ് നൽകിയത്. ഇയാളുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് വിലയും കൊറിയർ ചാർജും സഹിതം 5020 രൂപയാണ് അയച്ചു കൊടുത്തത്. തുടർന്ന് രാജന്റെ അഡ്രസും മൊബൈൽ നമ്പരും സഹിതമുള്ള കവറിൽ രണ്ടു തവണയായി 10 ബമ്പർ ടിക്കറ്റുകൾ ചെന്നു. രണ്ടാമത് ചെന്ന അഞ്ച് എണ്ണത്തിൽ ഒന്ന് സ്‌ക്രാച്ച് ആൻഡ് വിൻ ടിക്കറ്റായിരുന്നു.

കേരള സ്റ്റേറ്റ് ലോട്ടറീസ് ഓൺലൈൻ എന്നാണ് ടിക്കറ്റിലുള്ളത്. ചുരണ്ടാനുള്ള ഭാഗവും ഒരു ടിക്കറ്റ് നമ്പരും ക്യൂ.ആർ കോഡും ടിക്കറ്റിന്റെ വലതു ഭാഗത്തായുണ്ട്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം 10 കോടി, മൂന്നാം സമ്മാനം 75 ലക്ഷം രൂപ, നാലാം സമ്മാനം 25 ലക്ഷം, സമാശ്വാസ സമ്മാനം 5000, 2000, 1000, 500 എന്നിങ്ങനെ ടിക്കറ്റിൽ കാണാം. കേരള സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറുടേതെന്ന് ഒരു ഒപ്പുമുണ്ട്. ടിക്കറ്റിന്റെ സ്‌ക്രാച്ച് ഹിയർ എന്ന ഭാഗം ചുരണ്ടുമ്പോൾ ഒരു നാലക്ക നമ്പരും കിട്ടും. ടിക്കറ്റിനൊപ്പം ടേംസ് ആൻഡ് കണ്ടിഷൻസ് വ്യക്തമാക്കുന്ന ഒരു കത്തും ഉണ്ടാകും. ഇതിൽ ഒരു ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. ഇതിലേക്ക് വിളിച്ചാൽ കിട്ടില്ല. ഒരു സൈറ്റ് അഡ്രസ് ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.

സംശയം തോന്നിയ പങ്കജ് കുമാർ ഈ കേരളാ സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടറേറ്റിൽ വിവരാവകാശം കൊടുത്തു. കിട്ടിയ മറുപടികൾ വ്യക്തമല്ലാതെ വന്നപ്പോൾ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ബി. ജയസൂര്യയെ സമീപിച്ചു. അദ്ദേഹം വ്യാജ ടിക്കറ്റ് സഹിതം ലോട്ടറി ഡയറക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെയാണ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കേരള ലോട്ടറി ഓൺലൈൻ എന്ന പേരിൽ എട്ടക്ക ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്നില്ല. കേരള ലോട്ടറി ടിക്കറ്റുകളുടെ നേരിട്ടുള്ള വിപണനം മാത്രമേ ഭാഗ്യക്കുറി വകുപ്പ് അനുവദിച്ചിട്ടുള്ളൂ. ആയതിനാൽ താങ്കൾ സമർപ്പിച്ചിട്ടുള്ളത് വ്യാജടിക്കറ്റ് ആണെന്ന് അറിയിക്കുന്നു.

ലോട്ടറി ടിക്കറ്റ് അയച്ചു കൊടുത്തിട്ടുള്ള രാജൻ എന്നയാളിനെ അതിൽ പറഞ്ഞിരിക്കുന്ന നമ്പർ പ്രകാരം വിളിച്ചു. താൻ ആർക്കും ഇങ്ങനെ ടിക്കറ്റ് അയയ്ക്കാറില്ല എന്നായിരുന്നു അയാളുടെ മറുപടി. പക്ഷേ, ഇയാളുടെ അക്കൗണ്ടിലേക്കാണ് താൻ പണമിട്ടു കൊടുത്തതെന്ന് പങ്കജ് കുമാർ പറയുന്നു. കേരള ഭാഗ്യക്കുറിയുടെ പേരിൽ ഇത്ര വലിയൊരു ഓൺലൈൻ തട്ടിപ്പ് നടക്കുന്നത് അറിഞ്ഞിട്ടും തെളിവ് സഹിതം ലഭിച്ചിട്ടും കേരളാ ഭാഗ്യക്കുറി വകുപ്പ് അതിനെതിരേ ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വിപണനം മാത്രമാണുള്ളത്. ഭാഗ്യക്കുറി നിരോധിക്കപ്പെട്ടിട്ടുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് കേരള സംസ്ഥാന ഭാഗ്യക്കുറി എന്ന പേരിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്നത്. കേരളാ ലോട്ടറിക്ക് ആവശ്യക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്. അവരെ കബളിപ്പിച്ചാണ് വ്യാജടിക്കറ്റ് വിറ്റ് പണം സമ്പാദിക്കുന്നത്. ബമ്പർ ടിക്കറ്റുകൾ ഒന്നിച്ച് ആവശ്യപ്പെടുന്നവർക്കാണ് വ്യാജടിക്കറ്റുകൾ കൂടി നൽകുന്നത്. വിശ്വാസ്യത വരാൻ വേണ്ടിയാണ് ഫോൺ നമ്പരും സൈറ്റ് അഡ്രസും കൊടുക്കുന്നത്. വ്യാജടിക്കറ്റിലുള്ള ക്യുആർ കോഡും തട്ടിപ്പാണ്. ഇത് സ്‌കാൻ ചെയ്താൽ റിസൾട്ട് കിട്ടില്ല.

നിലവിൽ കേരളത്തിലുള്ള ഇതിന്റെ കണ്ണിയാണ് പണം സ്വന്തം അക്കൗണ്ടിൽ വാങ്ങി തന്റെ ഫ്രം അഡ്രസ് വച്ച് ടിക്കറ്റ് അയച്ചു കൊടുക്കുന്ന രാജൻ എന്നയാൾ. ഇത് ശരിയായ അഡ്രസ് ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. നിലവിൽ വ്യാജടിക്കറ്റ് വിൽപ്പനക്കാരെ കണ്ടെത്താൻ മാർഗങ്ങൾ നിരവധി മുന്നിലുണ്ടായിട്ടും ലോട്ടറി വകുപ്പ് അതിന് ശ്രമിക്കാത്തതാണ് വകുപ്പിലെ ചിലരുടെ അറിവോടെയാണ് കച്ചവടം നടക്കുന്നത് എന്ന് സംശയിക്കാൻ കാരണം.