- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലേക്കും യൂറോപ്പിലേക്കും വിമാനങ്ങള്‍ മൊത്തമായി റദ്ദാക്കിയെന്നു പേടിപ്പിക്കുന്ന യുദ്ധവാര്‍ത്തകളുമായി കേരളത്തിലെ ന്യൂസ് ചാനലുകള്‍; കൂടുതല്‍ ചാനലുകള്‍ ആയതോടെ റേറ്റിംഗ് ലക്ഷ്യമാക്കി തീവ്രതയേറിയ വാര്‍ത്തകള്‍ക്കു മൂത്ത മത്സരം; ഇന്നലെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു വിമാനമൊഴികെ മുഴുവന്‍ എയര്‍ ഇന്ത്യ വിമാനങ്ങളും നിശ്ചിത സമയം തന്നെ ടേക്ക് ഓഫ് നടത്തി; യുദ്ധ ഭീതിയില്‍ ബുക്ക് ചെയ്ത യാത്ര ഒഴിവാക്കിയാല്‍ മുഴുവന്‍ പണവും നഷ്ടമാകും
പേടിപ്പിക്കുന്ന യുദ്ധവാര്‍ത്തകളുമായി കേരളത്തിലെ ന്യൂസ് ചാനലുകള്‍; ബുക്ക് ചെയ്ത യാത്ര ഒഴിവാക്കിയാല്‍ മുഴുവന്‍ പണവും നഷ്ടമാകും

ലണ്ടന്‍: കേരളത്തിലെ വാര്‍ത്ത ചാനലുകളുടെ അമിത മത്സരം ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. യുദ്ധ മേഖലയില്‍ നിന്നും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന മട്ടില്‍ ആക്രോശ മുഖരിതമായ വാര്‍ത്ത ന്യൂസ് സ്റ്റുഡിയോകളില്‍ നിന്നും എത്തുന്നതില്‍ വ്യാജ വാര്‍ത്തകളാണ് ഏറെ എന്നതിന് ഇരകളായി മാറുന്നത് പ്രവാസി സമൂഹങ്ങളാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം തേടി എത്തിയത് യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ മലയാളി സമൂഹത്തെയാണ്. കേരളത്തിലെ പ്രധാന വാര്‍ത്ത ചാനലുകള്‍ ഒക്കെ ബ്രേക്കിംഗ് ന്യൂസ് ആയി നല്‍കിയത് ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്കും യുകെയിലേക്കുമുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി എന്ന വാര്‍ത്തയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ച ഈ വാര്‍ത്ത യുകെ മലയാളികളെയും പരിഭ്രാന്തിയിലാക്കി.
ഇന്നലെ ഒട്ടേറെ ഫോണ്‍ സന്ദേശങ്ങളാണ് സ്ഥിരീകരണം തേടി ബ്രിട്ടീഷ് മലയാളിക്കും ലഭിച്ചത്. എന്നാല്‍ ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ ചാനലുകള്‍ പ്രചരിപ്പിച്ച വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമായി കണ്ടെത്തുക ആയിരുന്നു. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച സൂചനകള്‍ ഇല്ലാതെ പുറത്തു വിട്ട ഈ വാര്‍ത്ത കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പിറന്നതാണ് എന്ന് അനുമാനിക്കേണ്ടി വരും. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും ഇത്തരം സൂചന നല്‍കുന്ന ഒരു അപ്ഡേറ്റും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.
വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കാതെ ബ്രേക്കിംഗ് ന്യൂസ് നല്‍കി പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള തന്ത്രത്തില്‍ അനേകം ആളുകള്‍ പരിഭ്രാന്തരാകുന്നതൊന്നും വാര്‍ത്ത മത്സര ലോകത്തില്‍ പരിഗണിക്കപ്പെടുന്നില്ല എന്നാണ് വ്യാജ വാര്‍ത്തകളുടെ അതിപ്രസരം സൂചിപ്പിക്കുന്നത്. ഗള്‍ഫ് വിമാനങ്ങള്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ ഭാഗികമായി എങ്കിലും ആരംഭിക്കാന്‍ തീരുമാനിച്ച സമയം തന്നെയാണ് തികച്ചും തെറ്റായ വിധത്തില്‍ യൂറോപ്പിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എന്ന വാര്‍ത്തകള്‍ ചാനലുകള്‍ നല്‍കിയത് എന്നും ശ്രദ്ധേയമാണ്.
പച്ചക്കള്ളം പറയാന്‍ വാര്‍ത്ത ചാനലുകള്‍ മത്സരിക്കുമ്പോള്‍ പ്രയാസപ്പെടുന്നത് പ്രവാസി മലയാളികള്‍
മാത്രമല്ല നിരന്തരം വാര്‍ത്തകള്‍ മാറ്റിക്കൊണ്ടിരിക്കാന്‍ ചാനലുകള്‍ക്ക് കഴിയും എന്നതിനാല്‍ മുന്‍പേ നല്‍കിയ വ്യാജ വാര്‍ത്തയ്ക്ക് പകരം പുതിയ അപ്ഡേറ്റ് എന്ന നിലയില്‍ തീര്‍ത്തും കടക വിരുദ്ധമായ പുതിയ വാര്‍ത്ത അവതരിപ്പിക്കാനും കഴിയും എന്ന സാധ്യതയാണ് മലയാളം ചാനലുകള്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ ഇവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ഓണ്‍ലൈന്‍ പേജുകള്‍ എന്നിവിടങ്ങളില്‍ ഒക്കെ തെറ്റായ വാര്‍ത്ത നിറഞ്ഞു നില്‍ക്കുകയും ചെയ്യും. അത്തരം അപ്ഡേറ്റുകള്‍ പിന്‍വലിക്കാന്‍ പോലും ഉള്ള മാനുഷിക പരിഗണന ചാനല്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കാറുമില്ല. യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും തങ്ങളുടെ ഷെഡ്യൂള്‍ ഒരു മാറ്റവും വരുത്താതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വീസുകള്‍ റദ്ദാക്കി എന്ന് വാര്‍ത്ത പ്രചരിച്ച ദിവസം എയര്‍ ഇന്ത്യ തങ്ങളുടെ യുകെയില്‍ നിന്നുള്ള എട്ടു സര്‍വീസുകള്‍ നടത്തി എന്നതും ശ്രദ്ധേയമാണ്.
ലണ്ടനില്‍ നിന്നുമുള്ള സര്‍വീസുകള്‍ ആയിരുന്നു ഇവയെല്ലാം. ബര്‍മിങാമില്‍ നിന്നും ഡെല്‍ഹിക്കുള്ള ഒരു വിമാനം മാത്രമാണ് റദ്ദായത്. ഗള്‍ഫ് റൂട്ടില്‍ സാധ്യമായ വിമാനങ്ങള്‍ എല്ലാം പറക്കാനും ജിസിസി യോഗം ചേര്‍ന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് കുടുങ്ങി പോയ യാത്രക്കാരെ ആദ്യം ലക്ഷ്യത്തില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയ സമയത്തു തന്നെയാണ് കേരളത്തില്‍ ചാനലുകള്‍ അതൊന്നും ശ്രദ്ധിക്കാതെ യൂറോപ്യന്‍ റൂട്ടില്‍ വിമാനങ്ങള്‍ റദ്ദാക്കി എന്ന പച്ചക്കള്ളം അടിച്ചു വിട്ടത്. ഒമാനില്‍ നിന്നും അബുദാബിയില്‍ നിന്നും സൗദിയില്‍ നിന്നുമുള്ള വിമാനങ്ങളും ഇന്നലെ ലണ്ടനില്‍ ലാന്‍ഡ് ചെയ്തവയില്‍ ഉള്‍പ്പെടുന്നു. പ്രധാനമായും ദുബൈയില്‍ നിന്നും എമിറേറ്റ്‌സ് വിമാനങ്ങളാണ് ക്യാന്‍സല്‍ ചെയ്യപ്പെട്ടതില്‍ കൂടുതല്‍ ഉള്ളത്. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ സജ്ജമല്ലാത്തതിനാലാണ് ഇവിടെ നിന്നുള്ള വിമാനങ്ങള്‍ എത്താത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ചു യാത്ര ചെയ്യാതിരുന്നാല്‍ മുഴുവന്‍ തുകയും നഷ്ടമാകും.
അതേസമയം തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ചു യാത്ര ചെയ്യാതിരുന്നാല്‍ വിമാനങ്ങള്‍ നഷ്ടമായി എന്ന് കാണിച്ചു ടിക്കറ്റ് എടുക്കാന്‍ ചിലവാക്കിയ പണം തിരികെ ലഭിക്കില്ല എന്നാണു പ്രധാന ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ അറിയിക്കുന്നത്. ഇന്നലെ ഒമാന്‍ എയര്‍വെയ്‌സില്‍ ടിക്കറ്റ് എടുത്തിരുന്ന ഒരു മലയാളി കുടുംബം യാത്ര ചെയ്യാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അവരുടെ ടിക്കറ്റിന്റെ മുഴുവന്‍ പണവും നഷ്ടമായി. യുദ്ധ സാഹചര്യം കണക്കിലെടുത്തു യാത്ര ഒഴിവാക്കുക ആയിരുന്നു ഈ കുടുംബം. ടിക്കറ്റ് മുന്‍കൂര്‍ കാന്‍സല്‍ ചെയ്യാതിരുന്നത് വിനയാകുക ആയിരുന്നു. ലാഭം നോക്കി കാന്‍സലേഷന്‍ സൗകര്യം ഇല്ലാത്ത ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്കും ഈ സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കാനാകില്ല എന്നതും പ്രധാനമാണ്. വിമാനങ്ങള്‍ പറക്കുന്ന സാഹചര്യത്തില്‍ യാത്ര നടത്തിയേ മതിയാകൂ എന്നതാണ് ഇത്തരം ടിക്കറ്റുകള്‍ കൈയില്‍ ഉള്ളവര്‍ നേരിടുന്ന പ്രതിസന്ധി.
ഗള്‍ഫില്‍ നിന്നുള്ള കൂടുതല്‍ വിമാനങ്ങള്‍ ജിസിസി തീരുമാനം അനുസരിച്ച് ഇന്ന് മുതല്‍ ലണ്ടനിലേക്ക് എത്തി തുടങ്ങും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വിവിധ എയര്‍ പോര്‍ട്ടുകളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെയും കൊണ്ടാകും ഈ വിമാനങ്ങള്‍ ആദ്യമെത്തുക. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും യുകെയിലേക്കുള്ള വിമാനങ്ങള്‍ എപ്പോള്‍ മുതല്‍ പറന്നു തുടങ്ങും എന്ന കാര്യത്തിലാണ് ഇപ്പോള്‍ അവ്യക്തത നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ വിമാനത്താവളം ഏറെക്കുറെ പ്രവര്‍ത്തന സജ്ജം ആയതോടെ ഭാഗികമായി പറന്നു തുടങ്ങാന്‍ എമിറ്ററേറ്റ്‌സ് തീരുമാനിച്ച വിവരവും പുറത്തു വന്നത് ഏറ്റവും അധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വലിയ വിമാനക്കമ്പനികള്‍ ഒന്നായതിനാല്‍ ഏറെ ആശ്വാസത്തിലാണ് യാത്രക്കാര്‍. മിഡില്‍ ഈസ്റ്റില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍ കുടുങ്ങി കിടക്കുന്നു എന്നതിനാല്‍ എമിറേറ്റ്‌സ് പറന്നു തുടങ്ങുമ്പോള്‍ ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് മുന്‍ഗണന ലഭിക്കാനും സാധ്യത ഏറെയാണ്.


