- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ അതിവിശ്വസ്തനായ പുരോഹിതിന് കേരളത്തിലേക്ക് മടങ്ങണം; ഫെബ്രുവരിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷന് അവസാനിപ്പിച്ചാല്‍ പണിയാകുക പിണറായിയുടെ സ്വന്തം അജിത് കുമാറിനും; നിഥിന്‍ അഗര്‍വാളിന്റെ മടക്കം എല്ലാം സങ്കീര്‍ണ്ണമാക്കി; ആരാകും ഷെയ്ക് ദര്‍വേശ് സാഹിബിന്റെ പിന്‍ഗാമി? സങ്കീര്‍ണ്ണത കൂട്ടി നാല് ഓപ്ഷനുകള്‍
തിരുവനന്തപുരം: 2025ല്‍ ഡിജിപി റാങ്ക് കിട്ടാന്‍ എംആര്‍ അജിത് കുമാറിന് കേന്ദ്രത്തിന്റേയും കേരളത്തിന്റേയും പിന്തുണ അനിവാര്യമാകുമെന്ന് സൂചനകള്‍. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതയലയിലെ പ്രധാനിയായ എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തേക്കു മടങ്ങുന്നത് അജിത് കുമാറിന്റെ 2025ലെ ഡിജിപി ഗ്രേഡ് മോഹത്തിന് തിരിച്ചടിയാണ്. സുരേഷ് രാജ് പുരോഹിത് ഫെബ്രുവരിയില്‍ കേന്ദ്ര ഡൈപ്യൂട്ടേഷന്‍ പൂര്‍ത്തിയായി സംസ്ഥാനത്തെത്തിയാല്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ് വിരമിക്കുമ്പോള്‍ ഡി.ജി.പി. റാങ്ക് സ്വാഭാവികമായി പുരോഹിതിന് കിട്ടും. ഈ സമയം പോലീസ് മേധാവിയായി മാറാന്‍ അജിത് കുമാറിന് കഴിഞ്ഞാല്‍ സുരേഷ് രാജ് പുരോഹിതിന് ആ പദവി കിട്ടുകയുമില്ല. അങ്ങനെ വന്നാല്‍ അജിത് കുമാര്‍ ഡിജിപി റാങ്കില്‍ പോലീസ് മേധാവിയാകും. ഇതോടെ സുരേഷ് രാജ് പുരോഹിത് മടങ്ങി വരുമോ എന്ന ചര്‍ച്ച പോലീസില്‍ സജീവമാകുകയാണ്.
ഈ മാസം അവസാനത്തോടെ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിക്കുന്നുണ്ട്. എന്നാല്‍, പ്രത്യേക അനുമതിയോടെ നിഥിന്‍ അഗര്‍വാളിന് ഡി.ജി.പി. തസ്തിക നല്‍കിയിട്ടുള്ളതിനാല്‍ ഡി.ജി.പി. സ്ഥാനക്കയറ്റവും ഉണ്ടാകില്ല. ബി എസ് എഫ് തലവനായിരുന്ന നിഥിന്‍ അഗര്‍വാളിനെ കേരളത്തിലേക്ക് കേന്ദ്രം മടക്കുകയായിരുന്നു. ഇതോടെയാണ് കേരളാ പോലീസിലെ ഐപിഎസിലെ സീനിയോറിട്ടിയില്‍ അടിമുടി പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇതെല്ലാം അജിത് കുമാറിന് അതിവേഗ ഡിജിപി പദം അകലെയാക്കി. വിജിലന്‍സ് ഡയറക്ടറായിരുന്ന ടി.കെ. വിനോദ് കുമാര്‍ വിരമിച്ച ഒഴിവില്‍ യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. അതു കഴിഞ്ഞാണ് ബി.എസ്.എഫില്‍നിന്ന് നിഥിന്‍അഗര്‍വാള്‍ സംസ്ഥാനത്തേക്ക് എത്തിയത്. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹത്തിനും പ്രത്യേക അനുമതിയോടെ ആറുമാസത്തേക്ക് ഡി.ജി.പി. സ്ഥാനം നല്‍കി. അടുത്ത ഏപ്രില്‍ മൂന്നിന് ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുന്നതോടെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പി.യാകും. ഇതോടെ സംസ്ഥാനത്തെ ഡി.ജി.പി.മാരുടെ എണ്ണം കേന്ദ്രം അനുവദിച്ച നാലാകും. അതു കഴിഞ്ഞ് വിരമിക്കുന്നത് പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബാണ്. ഈ ഒഴിവില്‍ സുരേഷ് രാജ് പുരോഹിതോ അജിത് കുമാറോ എന്നതാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല നോക്കുന്ന സുരേഷ് രാജ് പുരോഹിത് നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്താനാണ് അജിത് കുമാര്‍.
2025ല്‍ പോലീസ് മേധാവിയുടെ മുന്നംഗ ചുരുക്ക പട്ടികയ്ക്കുള്ള സാധ്യത ഇങ്ങനെ
സാധ്യത ഒന്ന്
നിലവിലെ സീനിയോറിട്ടി പ്രകാരം നിഥിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും കേന്ദ്ര പട്ടികയിലെ മൂന്ന് പേരാകും. അതിലൊരാളെ പിണറായിയ്ക്ക് ഡിജിപിയാകും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവഡാ ചന്ദ്രശേഖറും 2026ലാണ് വിരമിക്കുന്നത്. ചന്ദ്രശേഖര്‍ മടങ്ങിയെത്തുമോ എന്നതും നിര്‍ണ്ണായകമാണ്.
സാധ്യത രണ്ട്
ഡിജിപിയാകാന്‍ നിഥിന്‍ അഗര്‍വാള്‍ വിസമതം അറിയിക്കുകയും സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ തുടരുകയും ചെയ്താല്‍ സീനിയോറിട്ടി പ്രകാരം യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും എം ആര്‍ അജിത് കുമാറും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തും.
സാധ്യത മൂന്ന്
ഡിജിപിയാകാന്‍ നിഥിന്‍ അഗര്‍വാള്‍ വിസമതം അറിയിക്കുകയും സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നും തിരിച്ചത്തുകയും ചെയ്താല്‍ സീനിയോറിട്ടി പ്രകാരം യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും ആദ്യ സ്ഥാനങ്ങളിലെത്തും.
സാധ്യത നാല്
കേരളം കൊടുക്കുന്ന പത്ത് പേരുടെ പട്ടികയില്‍ നിന്നും ഇഷ്ടമുള്ള ആരേയും മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ യുപിഎസ് സി ഉള്‍പ്പെടുത്താം. അങ്ങനെ വന്നാല്‍ ആ തീരുമാനമാകും അതിനിര്‍ണ്ണായകം.
ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ പുതിയ പോലീസ് മേധാവിയെ കണ്ടെത്തണം. ഇതിനായി പത്തംഗ പാനല്‍ കേന്ദ്രത്തിലെ യുപിഎസ് സിയ്ക്ക് കേരളം കൈമാറും. ഈ പട്ടികയില്‍ നിഥിന്‍ അഗര്‍വാളും സുരേഷ് രാജ് പുരോഹിതും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും അജിത് കുമാറും എല്ലാം ഉള്‍പ്പെടും. ഈ പത്തു പേരുടെ പട്ടികയില്‍ നിന്നും യുപിഎസ് സി മൂന്ന് പേരുടെ ചുരക്കപ്പട്ടികയുണ്ടാക്കും. അതില്‍ നിന്നൊരാള്‍ക്ക് പോലീസ് മേധാവിയാകന്‍ കഴിയും. മുകളില്‍ പറഞ്ഞ പേരുകാരെല്ലാം അതിസമര്‍ത്ഥരാണ്. അതുകൊണ്ട് തന്നെ ഈ ആളുകളില്‍ നിന്നും മൂന്നു പേരെ കേന്ദ്രം എങ്ങനെ തിരഞ്ഞെടുക്കുമെന്നതാണ് നിര്‍ണ്ണായകം. സീനിയോറിട്ടി നോക്കിയാല്‍ നിഥിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും ആകും ആ പട്ടികയിലുണ്ടാവുക. അതിലൊരാളെ കേരളത്തിന് തിരഞ്ഞെടുക്കേണ്ടി വരും. എന്നാല്‍ അപ്രതീക്ഷിതമായി സുരേഷ് രാജ് പുരോഹിതും എം ആര്‍ അജിത് കുമാറും പട്ടികയില്‍ ഇടം നേടുമോ എന്നത് നിര്‍ണ്ണായകമാണ്. അതിനിടെ പോലീസ് മേധാവിയാകാന്‍ നിഥിന്‍ അഗര്‍വാള്‍ ശ്രമിക്കില്ലെന്നും സൂചനകളുണ്ട്. ബി എസ് എഫിനെ നയിച്ച നിഥിന്‍ അഗര്‍വാളിന് കേരളാ പോലീസിലെ താക്കോല്‍ സ്ഥാനത്തോടെ താല്‍പ്പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അങ്ങനെ നിഥിന്‍ അഗര്‍വാള്‍ മാറി നിന്നാല്‍ സീനിയോറിട്ടിയില്‍ യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തും. സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്തിയാല്‍ മൂന്നാം സീനിയറായി ഈ ഐപിഎസുകാരന്‍ മാറും. എന്നാല്‍ സുരേഷ് രാജ് പുരോഹിത് ഡല്‍ഹിയില്‍ തുടരുകയും നിഥിന്‍ അഗര്‍വാള്‍ പദവിയോട് താല്‍പ്പര്യക്കുറവ് കാട്ടുകയും ചെയ്താല്‍ സീനിയോറിട്ടി ലിസറ്റിലെ മൂന്നാമനായി അജിത് കുമാര്‍ മാറും. അല്ലാത്ത പക്ഷം സീനിയോറിട്ട് മറികടന്ന് യു പി എസ് സി അജിത് കുമാറിന് അനുകൂലമാകും വിധം മൂന്നംഗ ചുരുക്കപ്പെട്ടിക തയ്യാറാക്കണം. എങ്കില്‍ മാത്രമേ 2025ല്‍ പോലീസ് മേധാവിയായി ഡിജിപി പദത്തിലേക്ക് എത്താന്‍ അജിത് കുമാറിന് കഴിയൂ. സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്തിയില്ലെങ്കില്‍ പോലീസ് മേധാവായിയായില്ലെങ്കിലും അജിത് കുമാറിന് 2025ല്‍ ഡിജിപിയാകാം. ഇതുകൊണ്ടെല്ലാമാണ് സുരേഷ് രാജ് പുരോഹിതിന്റെ കേന്ദ്ര ഡെപ്യൂട്ടേഷനിലെ തീരുമാനം അജിത് കുമാറിന് നിര്‍ണ്ണായകമാകുന്നത്. നിഥിന്‍ അഗര്‍വാള്‍ 2026 ഏഴാം മാസാണ് വിരമിക്കുന്നത്. അതുകൊണ്ട് തന്നെ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ നിഥിന്‍ അഗര്‍വാളിന് പിന്നേയും ഒരു കൊല്ലത്തോളം സര്‍വ്വീസുണ്ട്. അതിനാല്‍ പോലീസ് മേധാവിയായി പരിഗണിക്കപ്പെടാനുള്ള യോഗ്യതയും ഉണ്ടെന്നതാണ് വസ്തുത. എന്നാല്‍ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ വന്നാലും സര്‍ക്കാര്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു തവണയും സീനിയോറിട്ടി അട്ടിമറിച്ചാണ് പോലീസ് മേധാവിയെ പിണറായി സര്‍ക്കാര്‍ നിശ്ചയിച്ചത്.
2027ലാണ് സുരേഷ് രാജ് പുരോഹിത് വിരമിക്കുക. യോഗേഷ് ഗുപ്ത 2030ലും മനോജ് എബ്രഹാമിന് 2031വരെ സര്‍വ്വീസുണ്ട്. 2028 ജനുവരി വരെയാണ് എം.ആര്‍. അജിത്കുമാറിന്റെ സേവന കാലാവധി. അതുകൊണ്ട് തന്നെ കേരളാ പോലീസിലേക്ക് സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്തിയാല്‍ അജിത് കുമാറിന് ഡിജിപി പദവി കിട്ടാന്‍ നിഥിന്‍ അഗര്‍വാളിന്റെ വിരമിക്കല്‍ വരെ കാത്തിരിക്കണം. 2025ല്‍ നിഥിന്‍ അഗര്‍വാള്‍ പോലീസ് മേധാവിയായാല്‍ രണ്ടു കൊല്ലം ആ പദവിയില്‍ തുടരാം. അങ്ങനെ വന്നാല്‍ ഡിജിപി റാങ്കിലെ ഒഴിവിന് അജിത് കുമാര്‍ 2027വരെ കാത്തിരിക്കേണ്ട സാഹചര്യവും വരും. വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയാകാന്‍ തടസ്സമില്ലെന്നതാണ് വസ്തുത. ഈ വിജിലന്‍സ് അന്വേഷണവും അതിവേഗം തീരും. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് സുരേഷ് രാജ് പുരോഹിതിന്റെ മടങ്ങി വരവ് ചര്‍ച്ചയാകുന്നത്.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. ഇതെല്ലാം അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന തരത്തിലേക്ക് എത്താനാണ് സാധ്യത. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ പങ്കിന് വ്യക്തമായ തെളിവൊന്നുമില്ല. ആര്‍ എസ് എസ് കൂടിക്കാഴ്ച വ്യക്തിപരവും. അതുകൊണ്ട് തന്നെ അതിലും നടപടി എടുക്കാന്‍ സാങ്കേതികമായി സര്‍ക്കാരിന് കഴിയില്ല. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി. വരുന്ന ജൂലൈയിലുണ്ടാകുന്ന ഒഴിവില്‍ അജിത്കുമാര്‍ ഡിജിപി റാങ്കിലെത്തുമെന്നും വിലയിരുത്തലെത്തി. ഇതിനെ അട്ടിമറിക്കുന്നതാണ് സുരേഷ് രാജ് പുരോഹിത് ഇഫക്ട്. വിജിലന്‍സ് കേസില്‍ അജിത് കുമാറില്‍ നിന്നും കഴിഞ്ഞയാഴ്ച വിജിലന്‍സ് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിലപാട് എടുത്തിട്ടുണ്ട്. കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും വിശദീകരിച്ചു. വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു.
അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. അതേസമയം, ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളി പരോക്ഷ കുറ്റപ്പെടുത്തലുമായി ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അട്ടിമറിക്കു വേണ്ടിയാണ് ആര്‍ എസ് എസ് നേതാക്കളെ കണ്ടതെന്നതിന് തെളിവും ഉണ്ടായില്ല. രണ്ടു പേര്‍ തമ്മില്‍ രഹസ്യമായി ചര്‍ച്ച ചെയ്തത് എന്തെന്ന് കണ്ടു പിടിക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഡിജിപി റാങ്കിന് അര്‍ഹനായ അജിത് കുമാറിന് സ്വാഭാവികമായി പോലീസ് മേധാവിയാകാനും സാധിക്കും. ദര്‍വേശ് സാഹിബ് സ്ഥാനമൊഴിയുമ്പോള്‍ പോലീസ് മേധാവിയാകാനുള്ള സാധ്യതയില്‍ കേരളം നല്‍കുന്ന പത്ത് പേരുടെ പട്ടികയില്‍ അജിത് കുമാര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.