- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീസലിന് പിന്നാലെ ഫോണുമില്ല; കേരളാ പൊലീസിന് പ്രതിസന്ധിക്കാലം
തിരുവനന്തപുരം: കേരളാ പൊലീസിനെ പ്രതിസന്ധിയിലാക്കി ഡീസൽ ക്ഷാമത്തിനൊപ്പം ഫോണില്ലായ്മയും. ബി എസ് എൻ എല്ലിന് ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തെ പൊലീസ് സ്‌റ്റേഷനിലെ ലാൻഡ് ഫോണുകൾ പലതും നിശ്ചലമായി. സ്റ്റേഷനുകളിൽ നിന്നും സ്റ്റേഷനുകളിലേക്ക് ലാൻഡ് ഫോണിലൂടെ വിളിക്കാൻ കഴിയാത്ത അവസ്ഥ. ഉദ്യോഗസ്ഥരുടെ കൈയിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സ്‌റ്റേഷനിലേക്കുള്ള ആശയ വിനിമയം. അതീവ രഹസ്യ സ്വഭാമുള്ള സന്ദേശങ്ങൾ സ്‌റ്റേഷനുകളിലേക്ക് കൈമാറുന്നതിന് ഇടത് തടസ്സമായിട്ടുണ്ട്.
തിരുവനന്തപുരത്ത് പൊലീസിനെ വലച്ച് ഡീസൽ ക്ഷാമം തുടരുകയാണ്. പൊലീസുകാർ കൈയിൽ നിന്നും പണമെടുത്താണ് ഡീസൽ അടിക്കുന്നത്. ഇതിന് പിന്നാലെയാണ് ഫോൺ കണക്ഷനുകളും വിച്ഛേദിക്കപ്പെടുന്നത്. തിരുവനന്തപുരത്തെ നഗര ഹൃദയത്തിലെ പല സ്റ്റേഷനുകളിലും ലാൻഡ് നമ്പർ നിശ്ചലമാണ്. ഇതോടെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിലൂടെ സന്ദേശം നൽകുന്ന കൺട്രോൾ റൂമിലെ സംവിധാനവും പാളി. ഇതിനൊപ്പം പൊതുജനങ്ങൾക്കും ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ച് പരാതി പറയാൻ കഴിയാത്ത സാഹചര്യം നിലവിൽ വന്നു. പൊലീസിന്റെ ചരിത്രത്തിൽ തന്നെയാണ് ഇത്രയും രൂക്ഷമായ പ്രതിസന്ധിയുണ്ടാകുന്നത്.
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് അധിക ഇന്ധന ക്വാട്ട നിർത്തിയിരുന്നു. ഉത്തരവിറക്കാതെ ഇതുസംബന്ധിച്ച നിർദ്ദേശം വാക്കാൽ താഴേത്തലങ്ങളിലേക്ക് നൽകുകയായിരുന്നു. പൊലീസ് ഡ്രൈവർമാരുടെ വാട്‌സാപ്പ് കൂട്ടായ്മകൾ വഴിയും ഇത് പ്രചരിപ്പിച്ചതായാണ് വിവരം. പൊലീസ് വാഹനങ്ങൾക്ക് എണ്ണയടിച്ച ഇനത്തിൽ, സംസ്ഥാനത്തെ പല പെട്രോൾ പമ്പുകൾക്ക് കോടികൾ സർക്കാർ നൽകാനുണ്ട്.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് 250 ലിറ്റർ ഡീസലാണ് പ്രതിമാസ ക്വാട്ട. ക്രമസമാധാന പ്രശ്നങ്ങൾ, പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടി, പ്രത്യേക പരിശോധനകൾ എന്നിവയാകുമ്പോൾ ഈ ഡീസൽ തികയാതെവരും. ആവശ്യത്തിന് എണ്ണയടിച്ച് വാഹനം ഓടിച്ചശേഷം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ജില്ലാ പൊലീസ് മേധാവിമാർക്ക് അപേക്ഷ നൽകി, അധിക ക്വാട്ട വാങ്ങുകയായിരുന്നു പതിവ്. പണപ്രതിസന്ധി കടുത്തപ്പോൾ, അധിക ക്വാട്ട അനുവദിക്കേണ്ടെന്ന് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ പെട്രോൾ പമ്പുകൾക്ക് നാലുലക്ഷം രൂപമുതൽ 15 ലക്ഷംവരെ സർക്കാർ നൽകാനുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. തിരുവനന്തപുരം ജില്ലയാണ് കുടിശ്ശികയിൽ മുമ്പിൽ. കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും വൻ തുകയാണ് പമ്പുടമകൾക്ക് നൽകാനുള്ളത്.