- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഎഡ് പരീക്ഷയെഴുതാൻ രാവിലെ ഒൻപത് മുതൽ കുട്ടികൾ കാത്തിരുന്നു; ഉച്ചയ്ക്ക് 12ആയിട്ടും ചോദ്യപേപ്പർ വന്നില്ല; പിന്നാലെ പരീക്ഷ റദ്ദാക്കി; 3000കുട്ടികൾക്ക് ഓൺലൈൻ പരീക്ഷ നടത്താൻ കഴിവില്ലാത്ത യൂണിവേഴ്സിറ്റി; കുട്ടികളേക്കാൾ മുഖ്യം ഗവർണർക്കെതിരേ കേസിന് തന്ത്രങ്ങൾ മെനയുന്നതും; പരീക്ഷാ നടത്തിപ്പ് അവഗണിച്ച് കേരള സർവകലാശാല വിവാദത്തിൽ
തിരുവനന്തപുരം: ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിനൊപ്പം പോയിന്റു നേടി സംസ്ഥാനത്ത് ആദ്യമായി ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയ കേരള സർവകലാശാല നിലവാരത്തിൽ എത്രത്തോളം താഴ്ന്നു പോവുന്നു എന്നറിയണമെങ്കിൽ ഇന്നലെ നടത്തിയ ബി.എഡ് പരീക്ഷയുടെ കഥ അറിയണം. 52 സെന്ററുകളിൽ മൂവായിരത്തിലേറെ കുട്ടികളാണ് ബി.എഡ് പരീക്ഷയെഴുതുന്നത്. അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ രീതിയിലാണ് പരീക്ഷ. രാവിലെ 9.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് 9നുതന്നെ കുട്ടികളെല്ലാം പരീക്ഷാ കേന്ദ്രങ്ങളിലെത്തി. എന്നാൽ ഓൺലൈനിൽ ലോഗിൻ ചെയ്യാനോ ചോദ്യപേപ്പർ കാണാനോ സാധിച്ചില്ല.
മൂന്നു മണിക്കൂർ കാത്തിരുന്നിട്ടും ചോദ്യപേപ്പർ കിട്ടാതിരുന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നു. 52സെന്ററുകളിൽ പിഴവില്ലാതെ പരീക്ഷ നടത്താൻ തക്കവണ്ണം കമ്പ്യൂട്ടർ സംവിധാനമൊരുക്കാൻ പോലും സർവകലാശാലയ്ക്ക് കഴിഞ്ഞില്ല. ഇന്ന് നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചു. രീക്ഷാ സോഫ്‌റ്റ്‌വെയറിലെ തകരാർ പരിഹരിച്ചെന്നും ഒരുവട്ടം കൂടി ട്രയൽ നടത്തിയ ശേഷം റദ്ദാക്കിയ പരീക്ഷകൾ നടത്തുമെന്നാണ് സർവകലാശാല പറയുന്നത്.
കേരള സർവകലാശാലയടക്കം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂല്യച്യുതിയാണെന്ന ഗവർണറുടെ വിമർശനം ശരിവയ്ക്കുന്നതാണ് പരീക്ഷാ നടത്തിപ്പിലെ ഈ ഗുരുതര വീഴ്ച. പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളിൽ താത്പര്യമില്ലാത്ത യൂണിവേഴ്സിറ്റി ഗവർണർക്കെതിരേ കേസുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ഏതാനും ദിവസങ്ങളായി. സെനറ്റിൽ നിന്ന് 15പേരെ ഗവർണർ പുറത്താക്കിയതിനെതിരേയാണ് കേസ്.
സംസ്ഥാനത്താദ്യമായി ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയ സർവകലാശാലയാണ് കേരളസർവകലാശാല. ഏഴിൽ 3.67ഗ്രേഡ് പോയിന്റോടെയാണ് നേട്ടം. കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ ഒമ്പതെണ്ണത്തിനേ ഈ ഗ്രേഡുള്ളൂ. ഇതിൽപെട്ട ആറ് സംസ്ഥാന സർവകലാശാലകളിൽ ഏറ്റവുമധികം സ്‌കോർ കേരളയ്ക്കാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾക്കാണ് ഏറ്റവുമധികം സ്‌കോർ. പഠനവകുപ്പുകളിലും കോളേജുകളിലും യുജിസി ഫെലോഷിപ്പ് ലഭിക്കാത്ത മുഴുവൻ ഗവേഷകർക്കും തനതുഫണ്ടിൽ നിന്ന് ഫെലോഷിപ്പ് നൽകിയതും അർഹരായവർക്കെല്ലാം സ്‌കോളർഷിപ്പ് നൽകിയതും പരിഗണിക്കപ്പെട്ടു.
കരകുളം, വിതുര എന്നിവിടങ്ങളിലെ ഗ്രാമങ്ങൾ ദത്തെടുത്ത് പരിസ്ഥിതിസംരക്ഷണ, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയതും കോവിഡ് കാലത്ത് നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകളടക്കം നൽകിയതുമെല്ലാം ഗ്രേഡിംഗിൽ പ്രതിഫലിച്ചു. കൊവിഡിനിടയിലും ഒരു പരീക്ഷപോലും മുടങ്ങാതെ നടത്തിയതും പരിഗണിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയായിരുന്നു കോവിഡ് കാലത്തെ പരീക്ഷകൾ നടത്തിയത്. ഈ നേട്ടമെല്ലാം കളഞ്ഞുകുളിക്കുന്നതാണ് പരീക്ഷാ നടത്തിപ്പിലുണ്ടാവുന്ന ക്രമക്കേടുകൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്